OVS - Latest NewsOVS-Kerala News

ആത്മീയാചാര്യന് സ്നേഹാഞ്ജലി

ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഭദ്രാസനം 1985 മാർച്ച് 10-നു രൂപീകൃതമായപ്പോൾ പ്രഥമ മെത്രാപ്പൊലീത്തയായി ചുമതലയേറ്റ തോമസ് മാർ അത്തനാസിയോസ് മലങ്കര സഭയിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആത്മീയാചാര്യനാണ്. സഭയിൽ സമാധാനവും ഐക്യവും കൈവരുംവരെ നോമ്പ് അനുഷ്ഠിക്കാൻ തീരുമാനിച്ച അദ്ദേഹം അവസാനം വരെയും ആ പ്രതിജ്ഞ നിറവേറ്റി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 1958-ലേതു പോലെ യോജിച്ച സഭയുടെ മലങ്കര അസോസിയേഷൻ പുത്തൻകാവു കൂടണമെന്ന് ആഗ്രഹിച്ചിരുന്നു. കാലംചെയ്‌ത പുത്തൻകാവ് കൊച്ചുതിരുമേനി എന്ന ഗീവർഗീസ് മാർ പീലക്‌സിനോസിൻ്റെ സഹോദരൻ കെ.ടി. തോമസിൻ്റെയും കോഴഞ്ചേരി തേവർവേലിൽ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനായിരുന്നു ജനനം.

ചങ്ങനാശേരി എസ്എസ്എസ്, എസ്ബി കോളജുകളിലെ പഠനം കൂടാതെ കൽക്കട്ട സെറാംപൂർ സർവകലാശാലയിൽനിന്നു വേദശാസ്ത്രത്തിൽ ബിഡി ബിരുദവും ബറോഡ എം.എസ് സർവകലാശാലയിൽ നിന്നു യു.ജി.സി സ്കോളർഷിപ്പോടെ എം.എഡും കരസ്ഥമാക്കി. മികച്ച അധ്യാപകനും വാഗ്മിയുമായി പേരെടുത്തു. പരിശുദ്ധ ബസേലിയോസ് ഒൗഗേൻ പ്രഥമൻ ബാവായിൽ നിന്ന് 1970 മേയ് ഏഴിനു ശെമ്മാശപട്ടവും മേയ് 26-നു ദാനിയേൽ മാർ പീലക്സിനോസിൽനിന്നു വൈദികപട്ടവും സ്വീകരിച്ചു. 1983 മേയ് 14-നു പരുമല സെമിനാരിയിൽവച്ചു റമ്പാൻസ്ഥാനം സ്വീകരിച്ചു.

1985 മേയ് 15-നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. ഇപ്പോഴത്തെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായും അദ്ദേഹത്തോടൊപ്പമാണു മേൽപ്പട്ടസ്ഥാനമേറ്റത്. സഭയുടെ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ്, അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്റ്, സഭവക സ്കൂളുകളുടെ മാനേജർ, എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി എന്നിങ്ങനെ ഒട്ടേറെ പദവികൾ വഹിച്ചു.

സഭയുടെയും അംഗങ്ങളുടെയും ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കു നൂതന പദ്ധതികൾ നടപ്പാക്കി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രഥമ പരിഗണന നൽകി. കേരളത്തിനകത്തും പുറത്തും സ്കൂളുകളും ആരാധനാലയങ്ങളും സ്ഥാപിച്ചു. ഇടവകകളിൽ സേവനം ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഭയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വളർത്തിയ അമരക്കാരനാണ്.

വ്യക്ബന്ധങ്ങൾ ഏറെ കാത്തു സൂക്ഷിച്ച് അദ്ദേഹം മുൻ മന്ത്രി അന്തരിച്ച് ടി.എം ജേക്കബിനു വേണ്ടി ഹൈക്കോടതിയിൽ സാക്ഷിമൊഴി നൽകിയ സംഭവമുണ്ടായിട്ടുണ്ട്. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മാർത്തോമ്മാ സഭയിലെ ഡോ. യൂയാക്കിം മാർ കൂറിലോസ് എന്നിവരുടെ ബന്ധുകൂടിയാണ് മാർ അത്തനാസിയോസ്.

കണിശക്കാരൻ, വാക്കിലും സമയത്തിലും
വരവു ചെലവു കണക്കുകൾ സ്വന്തം കൈപ്പടയിൽ എഴുതിസൂക്ഷിക്കുന്നതിൽ കൃത്യത പുലർത്തിയിരുന്നു, തോമസ് മാർ അത്തനാസിയോസ്. ചെന്നൈയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോൾ സ്വന്തം കൈപ്പടയിൽ വിൽപത്രം തയാറാക്കി മുദ്രവച്ചു പെട്ടിയിൽ സൂക്ഷിച്ചു. പ്രസംഗങ്ങൾ കൃത്യമായി തയാറാക്കി നിശ്ചിത സമയത്തിനുള്ളിൽ മനോഹരമായി അവതരിപ്പിക്കും. സെമിത്തേരിയിൽ തിരി വയ്ക്കുന്നതു മുതൽ ശുശ്രൂഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ വരെ അടുക്കും ചിട്ടയും.

അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ നട്ടുപിടിച്ച തെങ്ങും കമുകുംപോലും കൃത്യമായ അകലവ്യത്യാസം കൊണ്ടും അടുക്കും ചിട്ടയും കൊണ്ടും കണ്ടുപിടിക്കാമെന്നു സഹപ്രവർത്തകർ പറയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ അദ്ദേഹവുമായി അടുപ്പം സൂക്ഷിച്ചു. പിന്നീടു പ്രധാനമന്ത്രിയായി അദ്ദേഹം കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ ചെന്നതും ഇൗ ബന്ധത്തിൻ്റെ തെളിവായിരുന്നു.

അജപാലകൻ്റെ വേർപാടിൽ വിതുമ്പി നാട്
മാവേലിക്കര ∙ അജപാലകന്റെ വിയോഗത്തിൽ നൊമ്പരത്തോടെ പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്ത കാലം ചെയ്ത തോമസ് മാർ അത്തനാസിയോസിനെ മേൽപ്പട്ട സ്ഥാനത്തേക്കു വാഴിച്ചതു പുതിയകാവ് കത്തീഡ്രലിൽ വച്ചാണ്. 1985 മേയ് 15നു നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ തോമസ് മാർ അത്തനാസിയോസ് ഉൾപ്പെടെ അഞ്ചു പേരെയാണു മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തിയത്.

ഇപ്പോഴത്തെ കാതോലിക്കാ ബാവാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ, കാലം ചെയ്തവരായ മാത്യൂസ് മാർ എപ്പിഫാനിയോസ് (കൊല്ലം ഭദ്രാസനം), ഗീവർഗീസ് മാർ ഈവാനിയോസ് (കോട്ടയം), ഫിലിപ്പോസ് മാർ യൗസേബിയോസ് (തുമ്പമൺ) എന്നിവരാണു അന്നു മേൽപ്പട്ട സ്ഥാനത്തേക്കു ഉയർത്തിയ മറ്റു നാലുപേർ. ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് അന്നു കുന്നംകുളം ഭദ്രാസനത്തിന്റെ ചുമതലയാണു നൽകിയത്.

മറ്റു നാലു പേർക്കും നിലവിലുണ്ടായിരുന്ന ഭദ്രാസനത്തിൻ്റെ ചുമതല നൽകിയപ്പോൾ തോമസ് മാർ അത്തനാസിയോസിനു ചെങ്ങന്നൂർ എന്ന പുതിയ ഭദ്രാസനം രൂപീകരിച്ചു സാരഥ്യം കൈമാറുകയായിരുന്നു. മേൽപ്പട്ട സ്ഥാനാരോഹണ ചടങ്ങിനായി പുതിയകാവ് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകമായ വേദി തയാറാക്കി. ചരിത്രമുഹൂർത്തത്തിൻ്റെ വേദി കത്തീഡ്രൽ അങ്കണത്തിൽ മാർ തോമാ ദിവന്നാസിയോസ് സ്മാരക ഓഡിറ്റോറിയം എന്ന പേരിൽ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.

മേൽപ്പട്ട സ്ഥാനത്തേക്കു ഉയർത്തപ്പെട്ട ദേവാലയത്തോടു പ്രത്യേകമായി അടുപ്പം പുലർത്തിയിരുന്ന തോമസ് മാർ അത്തനാസിയോസ് തൻ്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെല്ലാം പുതിയകാവ് പള്ളിയിൽ എത്തുമായിരുന്നു. മാവേലിക്കര വടക്കേതലയ്ക്കൽ മഹാകുടുംബത്തിൻ്റെ ശാഖയായ പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ കുടുംബത്തിലാണു മാർ അത്തനാസിയോസ് ജനിച്ചത്. നിലവിൽ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ സഹായ മെത്രാപ്പൊലീത്ത ആയി പ്രവർത്തിക്കുന്ന ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അംഗം ആണ്.

ഒരു ചതുരശ്ര അടി മണ്ണ് പദ്ധതി
ബഥേൽ ആസ്ഥാനമാക്കി ചെങ്ങന്നൂർ ഭദ്രാസനം എന്ന സ്വപ്നം വിശ്വാസികളുടെ സഹായത്തോടെ യാഥാർഥ്യമാക്കുന്നതിനു തോമസ് മാർ അത്തനാസിയോസ് ആവിഷ്കരിച്ച പദ്ധതിയാണ് “ഒരു ചതുരശ്ര അടി മണ്ണ്” മാർ അത്തനാസിയോസിനെ മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തി ചുമതല ഏൽപ്പിച്ചതു പുതുതായി രൂപീകരിച്ച ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെതാണ്. തുമ്പമൺ, നിരണം, കൊല്ലം എന്നീ ഭദ്രാസനങ്ങളിലെ പള്ളികൾ ചേർത്തു രൂപീകരിച്ച പുതിയ ഭദ്രാസനത്തിൻ്റെ ആസ്ഥാനമായി മാർ അത്തനാസിയോസ് കണ്ടെത്തിയതു പിതൃസഹോദരനായ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ശ്രമത്താൽ ഉയർന്ന ബഥേൽ ആയിരുന്നു.

ബഥേൽ അരമന പള്ളിയോടു ചേർന്നുള്ള ചാർത്തിൽ തൻ്റെ ഓഫിസും കിടപ്പുമുറിയും ക്രമീകരിച്ചു പ്രവർത്തനം തുടങ്ങി. ഫാ.പി.ജി.ജോർജ് ബഥേൽ അരമനയോടു ചേർന്നു വാങ്ങിയ സ്ഥലത്തു ഭദ്രാസന ആസ്ഥാനം നിർമിക്കുന്നതിനായി സ്ഥലം ഒരുക്കിയെടുക്കാൻ വിശ്വാസികളുടെ സഹായം ലഭിച്ച പദ്ധതി ഏറെ വിജയമായി. വലിയ ദൗത്യം ചെറിയ ചെറിയ ദൗത്യങ്ങളാക്കിയപ്പോൾ സ്ഥലം ഒരുങ്ങി. തുടർന്നു അരമന മന്ദിരത്തിന്റെ നിർമാണത്തിനു സമാനമായ ചതുരശ്ര അടി പദ്ധതി നടപ്പിലാക്കി മാർ അത്തനാസിയോസ് വിജയം നേടി.

യിസ്രായേലില്‍ ഒരു വലിയ രാജാവ് ഇന്നു വീണിരിക്കുന്നു…