കുമ്പസാരം.

കുമ്പസാരം എന്ന അപ്പോസ്തോലിക ക്രിസ്ത്യന്‍ സഭകളിലെ അനുഷ്ഠാനം ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുകയാണ്.  അഭിപ്രായങ്ങള്‍ പറയുന്നതിന് മുന്‍പ് അപ്പോസ്തോലിക സഭകളുടെ ക്രിസ്തീയ കാഴ്ചപ്പാടില്‍ എന്താണ് കുമ്പസാരം എന്ന് ആദ്യം മനസിലാക്കുന്നത് നന്നായിരിക്കും.

വിശുദ്ധ വേദപുസ്തകത്തില്‍ വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം അദ്ധ്യായം 20, വാക്യങ്ങള്‍ 21, 22, 23 എന്നിവയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു;

21- “യേശു പിന്നെയും അവരോടു; നിങ്ങള്‍ക്ക് സമാധാനം, പിതാവ് എന്നെ അയച്ചത് പോലെ ഞാനും നിങ്ങളെ അയക്കുന്നു എന്ന് പറഞ്ഞു.
22- “ഇങ്ങനെ പറഞ്ഞതിനുശേഷം അവന്‍ അവരുടെ മേല്‍ ഊതി അവരോട്, പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍, ”
23- “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു, ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞു. “

ക്രിസ്തുവിന്‍റെ ശിഷ്യന്മാരാണ് അപ്പോസ്തോലന്മാര്‍ എന്ന് അറിയപ്പെടുന്നത്. ക്രിസ്തു ശിഷ്യന്മാരുടെ കൈവെപ്പു ലഭിച്ചവരും അവരുടെ പിന്‍ഗാമികളും ആയാണ് വൈദികര്‍/ പട്ടക്കാര്‍ അല്ലെങ്കില്‍ പുരോഹിതന്മാരെ അപ്പോസ്തോലിക സഭകള്‍ കണക്കാക്കുന്നത്. പാപമോചനത്തിനുള്ള അധികാരം ക്രിസ്തു തന്‍റെ അപ്പോസ്തോലന്മാര്‍ക്കും അവരുടെ പിന്‍ഗാമികളായ പട്ടക്കാര്‍ക്കും നല്‍കിയിരിക്കുന്നു എന്ന വിശ്വാസത്തില്‍ അധിഷ്ടിതമായാണ് കുമ്പസാരം എന്ന കൂദാശാനുഷ്ടാനം അപ്പോസ്തോലിക സഭകളില്‍ നിലനിന്നു പോരുന്നത്.

പാപ ബോധത്താല്‍ പശ്ചാത്താപ വിവശരായ അനുതാപികള്‍ക്ക് യേശുവിന്‍റെ കരുണാപരമായ സാമീപ്യത്തില്‍ നിന്നുള്ള സമാശ്വാസവും കുറ്റബോധത്തില്‍ നിന്നുള്ള വിടുതലും നല്‍കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ കുമ്പസാരം എന്ന കൌദാശികമായ അനുഷ്ടാനത്തിന്‍റെ ലക്ഷ്യം. ഇതാണ് അപ്പോസ്തോലിക സഭകളില്‍ അനുവര്‍ത്തിച്ചു വരുന്ന പുരോഹിതന്മാരുടെ പാപമോചനാധികാരം.

വിശുദ്ധ വേദപുസ്തകത്തില്‍ പഴയനിയമത്തില്‍ മലാഖി അദ്ധ്യായം 2, വാക്യം 7-ല്‍ ഇപ്രകാരം വായ്ക്കാം, “പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതന്‍ ആകയാല്‍ അവന്‍റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചു വെക്കേണ്ടതും , ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതുമല്ലോ “.

വിശുദ്ധ വേദപുസ്തകത്തില്‍ മത്തായിയുടെ സുവിശേഷം അദ്ധ്യായം 3 വാക്യം 6-ല്‍ ഇപ്രകാരം വായ്ക്കുന്നു, യോഹന്നാന്‍ മാബ്ദാനായുടെ യഹൂദ്യാ മരുഭൂമിയിലെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടവര്‍ “തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു. “

വിശ്വസിച്ചവരില്‍ പലരും വന്ന് അവര്‍ ചെയ്ത കുറ്റങ്ങള്‍ വിവരമായി അറിയിക്കുകയും ഏറ്റു പറയുകയും ചെയ്തിരുന്നു “ എന്ന് പുതിയ നിയമത്തില്‍ അപ്പോസ്തോല പ്രവര്‍ത്തികള്‍ അദ്ധ്യായം 19 വാക്യം 18 -ല്‍ പറഞ്ഞിരിക്കുന്നു. (വിശുദ്ധ ഗ്രന്ഥം- ഡോ. കുര്യന്‍ കോര്‍ എപ്പിസ്കോപ്പ, കണിയാംപറമ്പില്‍.)

എപ്പിസ്കോപ്പല്‍ സഭാവിശ്വാസപ്രകാരം പാപഭാരങ്ങള്‍ ഇറക്കി വെയ്ക്കാനും സമാധാനം സംഭരിക്കുവാനും ജീവിതം പുതുക്കുവാനുമുള്ള ഉത്തമ അവസരമാണ് കുമ്പസാരം.

വിശുദ്ധ വേദപുസ്തകത്തില്‍ യാക്കോബിന്‍റെ ലേഖനത്തില്‍ അദ്ധ്യായം 5 വാക്യം 16ല്‍ പറയുന്നു “എന്നാല്‍ നിങ്ങള്‍ക്ക് രോഗശാന്തി വരേണ്ടതിന് തമ്മില്‍ പാപങ്ങളെ ഏറ്റു പറഞ്ഞ് ഒരുവനുവേണ്ടി ഒരുവന്‍ പ്രാര്‍ഥിപ്പീന്‍. നീതിമാന്‍റെ ശ്രദ്ധയോട് കൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു. “

മാനസാന്തരത്തോടും ആത്മാര്‍ത്ഥതയോടും സത്യസന്ധമായും വേണം കുമ്പസാരത്തിന് ഒരുങ്ങേണ്ടത് എന്ന് അപ്പോസ്തോലിക സഭകള്‍ പഠിപ്പിക്കുന്നു. പാപങ്ങള്‍ എന്നാല്‍ ലൈംഗികതയാണ് എന്ന രീതിയിലാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുന്നത്. സഭാവിശ്വാസ പ്രകാരം പാപങ്ങള്‍ നാല് വിധമാണ്;

1. വിചാരം മൂലമുള്ള പാപം.
2. വാക്കുകൊണ്ടുള്ള പാപം.
3. പ്രവര്‍ത്തി നിമിത്തമുള്ള പാപം.
4. കര്‍ത്തവ്യ വിലോപം നിമിത്തമുള്ള പാപം.

ഒരുവന്‍ നിമിത്തം മറ്റൊരുവന് സംഭവിക്കുന്ന പ്രയാസങ്ങളും ഹാനികളുമാണ് പാപങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുമ്പസാര രഹസ്യങ്ങള്‍ മരണത്തോളം പീഡകള്‍ ഉണ്ടായാലും പരസ്യമാക്കരുത് എന്നതാണ് പുരോഹിതര്‍ക്ക് സഭകള്‍ നല്‍കിയിരിക്കുന്ന കല്‍പ്പന. കേള്‍ക്കുന്ന പാപങ്ങള്‍ ഓര്‍ക്കുന്നതിനു പോലും പുരോഹിതര്‍ക്ക് സഭാനിയമപ്രകാരം അനുവാദമില്ല.

പാപബോധവും മാനസാന്തരവും വ്യക്തികളെയും സമൂഹത്തെയും നന്മയിലേക്കും സമാധാന വഴികളിലേക്കും നയിക്കുന്നു എന്നാണ് വിശ്വാസം. ദൈവസന്നിധിയില്‍ എന്ന് വിശ്വസിപ്പിച്ചു നടത്തുന്ന കുമ്പസാരം ചൂഷണത്തിനുള്ള ഉപാധി ആക്കുന്നത് പരിശുദ്ധാത്മാവിനും ദൈവത്തിനും എതിരായ കഠിനപാപമാണ് എന്നാണ് സഭകള്‍ പഠിപ്പിക്കുന്നത്.

(വിശ്വാസവഴികളില്‍ ഞാന്‍ മനസിലാക്കിയ കുമ്പസാരം എന്ന കൂദാശ ഇപ്രകാരമാണ് എന്ന അറിവിലേക്ക് ഇത് ഇവിടെ കുറിക്കുന്നു. ഇക്കാര്യത്തില്‍ ഇത് എഴുതിയ അഡ്വ. ബിജോയ്‌ കെ ഏലിയാസ് എന്ന എനിക്ക് യാതൊരു വാശികളും ഇല്ല. നിര്‍ബന്ധമായും അനുഷ്ടിക്കേണ്ടതാണ് കുമ്പസാരം എന്ന അഭിപ്രായവും വ്യക്തിപരമായി എനിക്ക് ഇല്ല. യഥാര്‍ത്ഥത്തില്‍ കുമ്പസാരമെന്ന കൂദാശാനുഷ്ടാനം എന്താണെന്ന് മനസിലാക്കാതെ ചര്‍ച്ചകളും പ്രതിക്ഷേധങ്ങളും വെല്ലുവിളികളും ഉയരുന്നത് കണ്ട് എഴുതിപ്പോയതാണ്.)

Courtesy : അഡ്വ. ബിജോയ്‌. കെ. ഏലിയാസ്, കോഴിക്കോട്.

കുമ്പസാരത്തെ ക്രൂശിക്കരുത് : ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in