EditorialOVS - Latest News

മലങ്കര സഭ – തിരിച്ചറിവുകളും തിരുത്തലുകളും വിശ്വാസിതലത്തിൽ

എഡിറ്റോറിയൽ :
മലങ്കര സഭയിലെ സമീപകാല വിവാദങ്ങളുടെയും പ്രതിസന്ധികളുടെയും കാരണങ്ങളും, അതിന്‍റെ പരിഹാര നിർദ്ദേശങ്ങളും നിലപാടുകളും “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” മലങ്കര സഭാ വിശ്വാസികളോട് കൃത്യമായി പറയുകയും, പത്ര – ഓൺലൈൻ മാധ്യമങ്ങൾ വഴി പൊതു സമൂഹവും ആ നിലപാട് ബോധ്യപെടുകയും ചെയ്‌തിട്ടുള്ള സ്ഥിതിയിൽ, കുറ്റമാരോപിക്കപെട്ട വൈദികർ പൂർണ്ണമായും രാജ്യത്തിന്‍റെ നിയമത്തിനു വിധേയമായി സ്വന്തം നിലയിൽ വിചാരണ നേരിടണം എന്നതിന് അപ്പുറം പ്രസ്തുത വിവാദ വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ഇപ്പോൾ പറയുന്നില്ല. മലങ്കര സഭയെ ആകമാനം പിടിച്ചുലച്ച വിവാദ കൊടുക്കാറ്റിലും, ശത്രുക്കളുടെ കടന്നാക്രമണങ്ങളിലും, ഏകപക്ഷീയ മാധ്യമ വിചാരണയിലും, സ്വന്തം പാളയത്തിൽ നിന്നുള്ള വഞ്ചനാപരമായ നീക്കങ്ങളിലും ഒന്നും വീഴാതെ മലങ്കര സഭയും, അതിന്‍റെ കാതോലിക്കറ്റും, മാർത്തോമാ ശ്ലീഹായുടെ സ്ലൈഹീക സിംഹാസനത്തിൽ ശോഭയോടെ വാഴുന്ന നമ്മളുടെ പരിശുദ്ധ കാതോലിക്ക ബാവയും, സഭാ നേതൃത്വവും ഇന്നും ശക്തമായി നിലനിന്നു പോരുന്നതിൽ സർവ്വശക്തനായ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. copyright-ovsonline.in

അപ്രതീക്ഷിതമെങ്കിലും, പല കാരണങ്ങൾ കൊണ്ടും മലങ്കര സഭയ്ക്ക് അനിവാര്യമായിരുന്ന ഈ ശക്തമായ ഉലച്ചിൽ മലങ്കര സഭയിലെ ഉന്നത നേതൃത്വം മുതൽ താഴെ തട്ടിലുള്ള സാധാരണ വിശ്വാസികൾ വരെയുള്ളവരുടെ കണ്ണ് തുറുപ്പിച്ചു, നിരവധി തിരിച്ചറിവകൾ പകര്‍ന്നു. മലങ്കര സഭയുടെയും, നസ്രാണി സമുദായത്തിന്‍റെയും സ്നേഹിതർ ആരൊക്കെ, ശത്രുക്കൾ ആരൊക്കെ, സഭയിലെ കള്ളനാണയങ്ങൾ, അവരുടെ വ്യാപ്‌തിയും, ലക്ഷ്യവും, മാർഗവും ഒക്കെ പകൽ പോലെ ദൃശ്യമാക്കിയ വർത്തമാനസംഭവ പരമ്പരകളുടെ വെളിച്ചത്തിൽ “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” മലങ്കര സഭയുടെ സുരക്ഷതിമായ ഭാവിക്കും, സഭയുടെ ക്രൈസ്തവ സാക്ഷീകരണത്തിനും, നസ്രാണിജനതയുടെ ജാത്യാഭിമാനത്തിനുമായി അഭി. എപ്പിസ്കോപ്പൽ സിനഡ്, മലങ്കര സഭയുടെ വൈദികർ, മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റി/ ആത്മീയ – അൽമായ പ്രസ്ഥാനങ്ങൾ, നസ്രാണി വിശ്വാസിസമൂഹം എന്നീ നാല്‌ തലത്തിൽ ആഴത്തിൽ ചിന്തിക്കേണ്ടതും, തിരുത്തേണ്ടതുമായ വിഷയങ്ങളെ നാല്‌ ഭാഗങ്ങളായി അവതരിപ്പിക്കുന്നു.

ഏതു ഒരു പ്രസ്ഥാനവും, മത സംഘടനയും ആ സമൂഹത്തിൽ നിന്നും ഉയര്‍ന്നു വരുന്ന നിഷ്പക്ഷ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആത്മ പരിശോധനയും, ക്രിയാത്‌മകമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ വരുത്തേണ്ട തിരുത്തൽ നടപടിയും തുടങ്ങേണ്ടത് അതിന്‍റെ മുകൾ തട്ടിൽ നിന്നാണ് എന്ന് വ്യകത്മാണ്. ആ നിലയിൽ ഞങ്ങൾ ആദ്യം നോക്കേണ്ടത് മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡിലേക്കാണ് എന്ന് അറിയാം എങ്കിലും മലങ്കര സഭയുടെ നടന്നു കൊണ്ടിരിക്കുന്ന വിഷമഘട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടും, വേദനയും, പരിഹാസവും അനുഭവിച്ചത്‌, സഭയ്ക്ക് വേണ്ടി പ്രാർത്ഥനകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും സംരക്ഷണം തീർത്തതും നസ്രാണി വിശ്വാസ സമൂഹമാണ് എന്ന് ഉത്തമ ബോധ്യത്തിൽ “പുറകിൽ നിന്നും മുന്നിലേക്ക്” എന്ന് നിലയിൽ മലങ്കര സഭാ വിശ്വാസികളെയാണ് ഞങ്ങൾ ആദ്യം അഭിസംബോധന ചെയുന്നത്.

ആപ്പിളിന്‍റെ ഗുണം അറിയാത്തവരും, ആപ്പിൾ കഴിക്കാത്തവരും നസ്രാണികളുടെ ഇടയിൽ തീരെ കാണില്ല. വര്‍ഷങ്ങളായി നല്ല ആപ്പിളുകളിൽ നിന്നും അനുഭവിച്ചറിഞ്ഞ രുചിയും, ഗുണവുമൊന്നും ഒരു വലിയ കൂടയിലെ ഒറ്റപ്പെട്ട ചില പുഴുകുത്തേറ്റ ആപ്പിളുകളിൽ കടിച്ചു പോയതിന്‍റെ പേരിൽ ആരും മറക്കില്ല. അതിന്‍റെ പേരിൽ ആരും ഇനിമേൽ ആപ്പിൾ കഴിക്കില്ല എന്ന് പറയില്ല. പക്ഷെ ശ്രദ്ധയോടെ കൂടി നല്ല ഗുണമേന്മയുള്ള ആപ്പിളുകൾ ഉത്പാദിപ്പിക്കാനും, അതിനെ കൃത്യമായി വിപണയിൽ എത്തിക്കാനും ഉല്പാദന – വിതരണക്കാർ ശ്രദ്ധിക്കണം. അത് പോലെ വില്പനയ്ക്ക് നിരത്തി വെച്ചിരിക്കുന്ന ആപ്പിൾ കൂട്ടത്തിൽ നിന്നും ചീഞ്ഞതും, പുഴു കയറിയതുമായ ആപ്പിളുകൾ കണ്ടെത്തി സമയാസമയം നീക്കും ചെയ്യാൻ പ്രാദേശിക കച്ചവടക്കാർക്കും ഉത്തരവാദിതമുണ്ട്. ഇങ്ങനെയുള്ള പല തലത്തിലുള്ള ശുദ്ധീകരണ പ്രക്രീയ കൊണ്ടാണ് ഓരോ ഫലത്തിന്‍റെയും വിശ്വാസ്യതയും സ്വീകാരിതയും നിലനിർത്തേണ്ടത് . അത് ചെയ്യാത്ത പക്ഷം ആപ്പിൾ വിപണി കൃത്യമായി ലക്ഷ്യമിട്ടു അവസരം മുതലെടുത്തു കുപ്രചാരണങ്ങളും, കുല്സിത പ്രവർത്തികളുമായി ചിലർ രംഗത്തു വരും. അതിനെ ഉണര്‍ന്നു പ്രതിരോധിച്ചില്ലെക്കിൽ ചില ഉപഭോക്താക്കൾ എങ്കിലും മറ്റു ഫലങ്ങളിലെക്കു പോയേക്കാം. ഇവർ ജനങ്ങളിൽ ആശങ്ക നിറച്ചു ആപ്പിൾ വിരോധികളാക്കാൻ ശ്രമിക്കുന്നത് ഇവർക്ക് ആപ്പിളിന്‍റെ ഗുണവും, നന്മയും അറിയാത്തതു കൊണ്ടല്ല, മറിച്ചു അവരും നല്ല കച്ചവടക്കാരായതാണ്‌ എന്ന് മാത്രം. പേരയ്ക്കയും, ചക്കകുരവും, ഓമയ്ക്കായുമൊക്കെ അവർ ആപ്പിളിന് മീതെ അവസരം മുതലെടുത്തു സമർഥമായി പ്രതിഷ്ഠിക്കും. മലങ്കര സഭയിലെ ഒറ്റപ്പെട്ട ചില പുരോഹിതരുടെ സമീപകാല ദുർനടപ്പു വിഷയവും, അത് മൂലം നൂറ്റാണ്ടുകളുടെ പഴക്കവും വിശുദ്ധിയുമുള്ള വി.കുമ്പസാരത്തിനു എതിരെയുള്ള ബോധപൂർവമായ ആക്രമണവുമൊക്കെ ഈ സാചര്യവുമായി മലങ്കര വിശ്വാസികൾ തുലനം ചെയ്തു സ്വയം ബോധ്യപ്പെട്ടു കൊള്ളുക. copyright-ovsonline.in

ഒരു ക്രിസ്തീയ അപ്പോസ്തലിക സഭയ്ക്കും അതിന്‍റെ ക്രൈസ്തവ സഭ എന്ന മുഖത്തിന് ഒപ്പും, അതിന്‍റെ സാമുദായികമായ ഒരു ഭാവം കൂടെയുണ്ട്. ആ സാമുദായിക തലത്തിലാണ് മലങ്കര സഭയിലെ നസ്രാണികളുടെ പങ്കളിത്വവും, പ്രവർത്തനവസരവും. മലങ്കര സഭാ കേവലം മെത്രാന്‍റെയോ, വൈദികരുടെയോ മാത്രമല്ല, കർത്താവിന്‍റെ ശീരരമാക്കുന്ന പരിശുദ്ധ സഭയിൽ നാം ഓരോരുത്തർക്കും തുല്യ ഓഹരി അവകാശമുണ്ട് എന്ന് മനസിലാക്കി മലങ്കര സഭയുടെ വിശ്വാസാചാരങ്ങളിൽ അടിയുറച്ചു നിൽക്കുന്ന നാം ഓരോരുത്തരുമാണ് മാർത്തോമയുടെ മലങ്കര സഭയുടെ യഥാർഥ ശക്തീ. മലങ്കര സഭ, ഭാഗ്യ സ്മരണാർഹരായ പൂർവിക പിതാക്കന്മാരുടെ വിശ്വാസ – സ്വാന്ത്ര്യ പോരാട്ടങ്ങളാലും, കണ്ണുനീരണിഞ്ഞ പ്രാര്‍ഥനയാലും, അൽമായ പൂർവികരുടെ കഠിന പ്രയത്നത്താലും വളര്‍ന്ന ദൈവ നിയോഗമുള്ള ക്രിസ്തീയ സമൂഹമാണ്. പൊതുവെയുള്ള മൂല്യ ശോഷണങ്ങളും, ധാർമിക ഇടർച്ചകളും ഒക്കെയും ഇവിടെയും ഉണ്ടായിട്ടു എങ്കിലും മലങ്കര സഭ കാലാകാലങ്ങളിൽ പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും ഭേദിച്ചു മുന്നോട്ട് പോകാൻ പ്രാപ്തമായ ഉൾക്കരുത്തും ദൈവ പരിപാലനവുമുള്ള സ്വർഗീയ സഭയാണ് എന്ന് പിന്നോട്ടു ഒന്ന് നോക്കിയാൽ ബോധ്യപ്പെടും. തീച്ചൂളയിൽ പിറവിയെടുത്ത മലങ്കര സഭ ദൈവ കൃപയാൽ ഏതു മഹാമേരുവിനെയും അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിക്കുക. പകൽ മേഘ സ്തംഭവും, രാത്രി അഗ്നി തൂണുമായി ദൈവംതമ്പുരാൻ സദാ തുണ ചെയ്യാൻ മലങ്കര സഭയ്‌ക്ക്‌ വേണ്ടിയും, അതിന്‍റെ പൗരോഹത്യത്തിന്‍റെ വെൺമയ്ക്കു വേണ്ടിയും മുടങ്ങാതെ ദൈവ സന്നിധ്യയിൽ പ്രാർഥിക്കാനുള്ള കടമ ഓരോ സത്യവിശ്വാസിക്കുമുണ്ട്‌. മലങ്കര സഭയുടെ വി.കൂദാശകളെ, വിശ്വാസ സംഹിതയെ, പൗരസ്ത്യ ഓർത്തഡോൿസ് വേദ ശാസ്ത്രത്തെ ഒക്കെയും അംഗീകരിക്കാനും അത് ജീവത്തിൽ പ്രയോഗത്തിൽ വരുത്താനും നമ്മൾക്ക് ബാധ്യത ഉണ്ട്. മലങ്കര സഭയിലെ ഓരോ മേല്പട്ടക്കാരെയും പട്ടക്കാരെയും ആദരിക്കാനും, അനുസരിക്കാനും, അവരെ കരുതാനുമുള്ള കടമ ഓരോ നസ്രാണി കുടുംബത്തിനുമുണ്ട് .

എതെങ്കിലും മെത്രാനെയോ, വൈദികനെയോ കണ്ടിട്ടാവരുത് നമ്മുടെ ക്രിസ്തിയ വിശ്വാസവും സഭ സ്നേഹവും. എന്തിനും ഏതിനും വിമർശനങ്ങൾ മാത്രം പറയുകയും, ക്രിയാത്മകമായി പ്രതികരിക്കാതെയും ഇരിക്കുന്ന വിശ്വാസികളായ നാം മലങ്കര സഭയുടെ തളർച്ചയ്ക്കും, നിലവാര തകര്‍ച്ചയ്ക്കും കാരണക്കാരാണ്. മെത്രാപ്പോലീത്തമാർ ആഡംബര മോഹികളാണ് എന്ന് പരിതപിക്കുന്ന വിശ്വാസികൾ തന്നെ അവരുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങൾക്കും, അന്തസ്സിന്‍റെ ഭാഗമായി കുറഞ്ഞത് ഒരു മെത്രാപ്പോലീത്തയെങ്കിലും വേണം എന്ന് നിര്ബന്ധ ബുദ്ധിക്കാരാണ്. നമ്മുടെ മെത്രാപ്പോലീത്തമാർ മലങ്കര സഭ അവർക്കു ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ ചെയ്യാൻ സമയം കൊടുക്കാത്ത നമ്മുടെ സ്വകാര്യ ആവശ്യങ്ങൾക്ക് നിരന്തരം തെക്കു വടക്കു വിളിച്ചു വരുത്തുന്ന പ്രവണത അവസാനിപ്പിക്കണം. നമ്മൾ മെത്രാപ്പോലീത്തമാർക്കു കൈമുത്തായി കൊടുക്കുന്ന പണം സഭയുടെ ഒരു കണക്കിലും പെടാത്ത സ്വകാര്യ സ്വത്തായി തീരുകെയും, അത്തരം സമ്പത്തുക്കൾ മലങ്കര സഭയെയും, അതിന്‍റെ പരിശുദ്ധ കാതോലിക്ക ബാവായേയ്യും ഒക്കെ ധിക്കരിക്കാൻ ഇവരെ ഭാവിയിൽ പ്രാപ്തർ ആക്കിയേക്കാം എന്നും നാം മനസിലാക്കണം. പരിശുദ്ധ കാതോലിക്ക ബാവായുടെ നിയന്ത്രണത്തിൽ മലങ്കര സഭയുടെ ചുമതലയിലല്ലാത്ത ഒറ്റ ചാരിറ്റി പ്രോജെക്ടസിനും ഇനി മേൽ സംഭാവനകൾ കൊടുക്കില്ല എന്ന് വിശ്വാസികൾ തീരുമാനിക്കണം. നമ്മളെ ജീവിതത്തിൽ ഒരു പരിചയവുമില്ലാത്ത, നമ്മളോട് യാതൊരു ആത്മാർത്ഥതയുമില്ലാത്ത, നമ്മുടെ പേര് പോലും അറിയാത്ത ഏതെങ്കിലും മെത്രാന്മാരെ വിളിച്ചു നാട്ടുകാരുടെ മുന്നിൽ പത്രാസ് കാണിക്കാതെ കുടുംബത്തിലെ കല്യാണം, മാമോദീസ എന്നീ സ്വകാര്യ കർമങ്ങൾ ഇടവക വികാരിയോ കൊണ്ടോ, ഏതു ആള്‍ക്കൂട്ടത്തിൽ നിന്നും നമ്മളെ തിരിച്ചറിയുന്ന ദേശത്തെ ഗുരുതുല്യരായ മുതിർന്ന വൈദികരെ കൊണ്ട് നടത്തിക്കണം, ഇവരുടെ ആത്മാർത്ഥമായ അനുഗ്രഹത്തിനും , ആശിർവാദത്തിനും മേൽ വരില്ല മറ്റൊന്നും.

ഇടവകളുടെ വി.കൂദാശ, പെരുന്നാൾ, എന്നീ ആഘോഷങ്ങളിൽ ഇടവകയിലെയും, ദേശത്തെയും ബുദ്ധിമുട്ടു അനുഭവിക്കുന്ന അർഹരായ വ്യകതിക്കൾക്കു കാര്യമായ ഒച്ചപ്പാടും, പരസ്യങ്ങളും ഒഴിവാക്കി സാമൂഹിക പ്രതിബന്ധതയോടെ കൂടി കഴിയുന്ന സഹായങ്ങൾ ചെയ്യണം. വി.ആരാധനയിൽ മുഴുവൻ സമയത്തും സംബധിക്കാനും, സഭ നിശ്ചയിച്ചിട്ടുള്ള വി.നോയമ്പുകൾ, കൂദാശകൾ ഒക്കെ കൂടുതൽ ഗൗരവത്തിൽ വിശ്വാസികൾ ഏറ്റു എടുക്കണം. കൃത്യമായ കുടുംബ ആരാധനകൾ നടത്താനും സാധുജന സംരക്ഷണ വീക്ഷണം പുലർത്താനും വിശ്വാസികൾ തയാറാക്കണം. ഇടവകളിലെ ആത്മീയ സംഘടനകൾ, സൺ‌ഡേ സ്കൂൾ ഒക്കെയും കൃത്യമായി നടത്തി ഇടവക വിശ്വാസികളെ സഭയുടെയും , ക്രിസ്‌തുവിന്‍റെയും ഒപ്പും നടത്തുക. മലങ്കര സഭയുടെ പൊതു നിലപാടിനും, ക്രിസ്തീയ ശൈലിക്കും, ഓർത്തഡോൿസ് വിശ്വാസത്തിനും യോജിക്കാത്ത വൈദികരുടെ പ്രവർത്തികൾ, ദുർനടപ്പു, ധനാർത്തി എന്നിവ ഭദ്രാസന/സഭാ അധികാരികളുടെ ശ്രദ്ധയിൽ തെളിവ് സഹിതം കൊണ്ട് വന്ന് നടപടിക്കായി സമ്മർദ്ദം ചെലുത്തണം. ഒരു വൈദികനോട് എങ്ങനെ, ഏതു തരത്തിൽ ഇടപെടണം എന്നറിയാത്ത ഇടവകയിലെ കാമാക്ഷിമാരെ നിലയ്ക്കുനിർത്തി മലങ്കര സഭയുടെയും, ഇടവകയുടെയും, വൈദികരുടെ കുടുംബത്തിന്‍റെയും മാനം രക്ഷിക്കണം. ഇടവക എന്ന് സങ്കുചിത താൽപര്യങ്ങൾക്കു അപ്പുറത്തു മലങ്കര സഭാ എന്ന വിശാല കാഴ്ചപ്പാടും അതിന്‍റെ വളർച്ചയ്ക്കും, ഉയർച്ചയ്ക്കുമായുള്ള നിലപാടുകളും ഓരോ ഇടവകയിലും ഉണ്ടാകണും. വർഷാവർഷം ഇടവക വികാരിമാർ ഇടവകളിലെ മുഴുവൻ വീടുകളും ഇടവക ഭരണ സമതികളുടെ സഹകരണത്തോടെ സന്ദർശിച്ച അവരെ മലങ്കര സഭയോടും, ക്രിസ്‌തുവിനോടും ചേർത്ത് നിർത്തുന്ന ക്രമീകരണങ്ങൾ ഇടവകകളിൽ ഉണ്ടാകണം. ഇടവകകളിലെ ഗ്രൂപിസത്തിന്‍റെ മറവിൽ എതെങ്കിലും ഒരു പക്ഷം പിടിച്ചു തന്‍റെ വ്യകതിപരമായ അജണ്ടകൾ നടപ്പാക്കുന്ന പുരോഹിതരെ ഇടവകൾ ഒറ്റകെട്ടായി എതിർക്കുക. ഒരു വ്യകതി പോലും സഭയ്ക്കും, ഇടവക്കയ്ക്കും നഷ്ടപെടുന്ന അവസ്ഥ ഉണ്ടാക്കരുത്.

മലങ്കര അസോസിസേഷൻ പ്രതിനിധി, ഭദ്രാസന പ്രതിനിധി തുടങ്ങിയ സ്ഥാനത്തേക്ക് രാഷ്ട്രീയ മോഹങ്ങൾക്കും, അധികാര ധ്വരയ്ക്കും അപ്പുറം മലങ്കര സഭയെ സ്നേഹിക്കുന്ന ആർജവമുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തു അയക്കണം. ഇടവക മെത്രാപ്പോലീത്തമാർ വർഷത്തിൽ ഒരിക്കൽ എങ്കിലും തങ്ങളുടെ ഭദ്രാസന ഇടവകകൾ സ്വമനസാലെ സന്ദർശിച്ച വി.കുർബാന അർപ്പിച്ച ഇടവക ജനത്തോടൊപ്പം ചിലവഴിക്കാൻ ഇടവകകൾ ശക്തമായി ആവശ്യപ്പെടണം. മലങ്കര സഭയിലെ പ്രശ്ന കലുക്ഷിത മേഖലയിൽ വിശ്വാസികളുടെ നീതിക്കായുള്ള പോരാട്ടത്തിൽ കൃത്യമായി ഇടപെടാതെ ഒഴിഞ്ഞു നടക്കുന്ന സഭയുടെ മെത്രാപ്പോലീത്തന്മാർ, ഭരണ സ്ഥാനികൾ, നെറ്റിപ്പട്ടം കെട്ടിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ നോമിനികളായ ഭദ്രാസന പ്രതിനിധികൾ എന്നിവരെ വിശ്വാസികൾ കിട്ടുന്ന വഴിയിൽ കണ്ടം വഴി ഓടിക്കുക. മലങ്കര സഭയ്ക്കുള്ളിൽ നിന്ന് കൊണ്ട് മലങ്കര സഭയുടെ പരിശുദ്ധ പിതാവിനെ ദുര്‍ബലപ്പെടുത്താൻ നിരന്തരം ബഹുതല ഗൂഢാലോചനകൾ നടത്തി, “മൊയ്തീനെ…ഇതൊക്കെ ഒന്ന് വെളിച്ചത്തിൽ വരുത്തണം” എന്ന് വാറോല വിദഗ്‌ധരെ നേരിട്ട് പരിശീലിപ്പിക്കുന്ന മലങ്കരയിലെ പ്രിതുശൂന്യ പ്രസ്ഥാനത്തിന്‍റെ അപ്പോസ്തലന്മാരെ വിശ്വാസികൾ തിരിച്ചറിഞ്ഞു അവരെ പ്രതിരോധിക്കണം. മലങ്കര സഭയിലെ മെത്രാൻ ട്രാൻസ്ഫർ, വൈദികരുടെ ജനറൽ ട്രാൻസ്ഫർ, വിദേശ ഇടവക നിയമനങ്ങൾ, വൈദിക സെമിനാരി പ്രവേശനം, പ്രീ -സെമിനാരി സമ്പ്രദായം നിർത്തലാക്കൽ, വൈദികർക്ക് നിർബന്ധമായും ഉണ്ടാക്കേണ്ട തുടർ പരിശീലനങ്ങളും പെരുമാറ്റ ചട്ടങ്ങളും, മലങ്കര സഭയ്ക്ക് ആവശ്യമായ ലീഗൽ സെൽ, മാധ്യമ സെൽ, പൊളിറ്റിക്കൽ സെൽ, അച്ചടക്ക സമിതി മുതലായ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ ഇടവകളിൽ നടത്തി അതിന്‍റെ നിർദ്ദേശങ്ങൾ സഭാ കേന്ദ്രങ്ങളിൽ രേഖാമൂലം സമര്പ്പിക്കണം. മലങ്കര സഭയുടെ വിദ്യാഭ്യാസ – ആതുര സ്ഥാപനങ്ങളിൽ നടക്കുന്നു തൊഴിൽ നിയമനങ്ങളിലും, അക്കാഡമിക് അഡ്മിഷനുകളിലും ഓരോ സഭാ വിശ്വാസികൾക്കും അർഹമായി ലഭിക്കേണ്ട പരിഗണനയും, അവകാശവും ലഭിക്കുന്നുണ്ടന്നും അത് അരമന കോക്കസുകൾ തങ്ങളുടെ പാർശ്വവർത്തികൾക്കും, കുടുംബക്കാർക്കുമായി വിഴുങ്ങുന്നില്ലെന്നും വിശ്വാസികൾ ഉറപ്പു വരുത്തണം. വി.ളോഹയിട്ടു രാഷ്ട്രീയം കളിക്കുന്ന കത്തനാര്‍മാരെ സത്യാവിശ്വാസികൾ നിലയ്ക്ക് നിർത്തണം. മലങ്കര സഭയുടെ വക്താക്കൾ എന്ന് സ്വയം ചമഞ്ഞ, പുര കത്തുമ്പോൾ കഴുകോൽ ഊരുന്ന വാഴപ്പിണ്ടി കത്തനാര്‍മാരെ വിശ്വാസി സമൂഹം അവരുടെ ഇഷ്ട രാഷ്ട്രീയ പാർട്ടികൾക്ക് പൂർണമായി തിരികെ കൊടുക്കണം. ഓരോ നസ്രാണിയും മലങ്കര സഭയുടെ മുഖമാകണം, നാവാകണം. മലങ്കര സഭയിലെ കളകളെ പറിച്ചെറിയാനും, സർവ്വ തല ശുദ്ധീകരണത്തിനും, സഭയ്ക്ക് നേരെ ബോധപൂർവം നടത്തുന്ന ആഭ്യന്തര – ബാഹ്യ ആക്രമണങ്ങളെ പ്രതിരോധിക്കാനും, മലങ്കര സഭയുടെ നീതിക്കായുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനും നസ്രാണി സമൂഹം ആലസ്യം വിട്ട വീറോടെ ഉയിർത്തെഴുന്നേൽക്കണം . copyright-ovsonline.in
(തുടരും)

അദ്ധ്യായം 2 : മലങ്കര സഭ – തിരിച്ചറിവകളും തിരുത്തലുകളും സഭാ സമിതികൾ, ആത്മീയ സംഘടനകൾ, അൽമായ പ്രസ്ഥാനങ്ങൾ എന്നീ തലത്തിൽ .

അടിക്കുറിപ്പ് : മലങ്കര സഭയിലെ അല്മായരെ വെറും കറവ പശുക്കൾ മാത്രമാക്കി, സഭയുടെ പല സമതികളിലും നിർഗുണരെയും, നിർജീവരെയും ഉൾപ്പെടുത്തി, ഈ ജനാധിപത്യ മലങ്കര സഭയിൽ സമർഥമായി നടത്തി കൊണ്ടിരുന്ന പുരോഹിത വർഗ്ഗത്തിന്‍റെ ലാറ്റിൻ വൽക്കരണ ശൈലിക്ക് എതിരെ നസ്രാണി സമൂഹം ക്രിയാത്മകമായി പ്രതികരിക്കണം. അത് പക്ഷെ തലയിൽ ചെന്നി ബാധിച്ച ഇടവകയിലെ വിപ്ലവകാരിയുടെ ശൈലിയിൽ ആവാതെ മലങ്കര സഭയെ എല്ലാ അർഥത്തിലും പൂർണമായി സംരക്ഷിച്ചു, മലങ്കര നസ്രാണി ജാതിക്കു കർത്യവനായ പരിശുദ്ധ കാതോലിക്ക ബാവായ്ക്കു കരുത്തായി അണി നിരന്ന്, ഒരു രാഷ്ട്രീയ ചെന്നായുടെയും കളികളിൽ വീണു പോകാതെ വിശ്വാസികളുടെ ന്യായമായ അവകാശങ്ങൾക്കും, മലങ്കര സഭയുടെ ശാക്തീകരണത്തിനും, ശുദ്ധീകരണത്തിനുമായി ഒന്നിച്ചു മുന്നേറാം. കാരണം ഇത് എന്‍റെ സഭയാണ് …എന്‍റെ പൂർവികർ രക്തം ചിന്തി എനിക്കായി കരുതിയ ക്രിസ്തുവിന്‍റെ സഭ …. ഞാൻ എന്‍റെ വരും തലമുറക്കൾക്കു വേണ്ടി സംരക്ഷിക്കേണ്ട സ്വർഗീയ സഭ.

മലങ്കര സഭ: തിരിച്ചറിവുകളും തിരുത്തലുകളും അൽമായ – ആത്മീയ സംഘടന തലത്തിൽ.

മലങ്കര സഭ: തിരച്ചറിവുകളും തിരുത്തലുകളും പൗരോഹത്യ തലത്തിൽ