EditorialOVS - Latest News

മലങ്കര നസ്രാണി ഉണരൂ .. മലങ്കര സഭയ്ക്കായി തീയാകുക.

വി.യോഹന്നാൻ 11 :16 – ദിദിമോസ് എന്ന പേരുള്ള തോമസ് സഹശിഷ്യന്മാരോട് : “അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക എന്ന് പറഞ്ഞു “.

മലങ്കര സഭയുടെ മേൽ വെള്ളിടിയോടെ കൂടിയ പേമാരി പെയ്ത് ഒഴിഞ്ഞു, മരവും തോർന്നു തുടങ്ങി, ഇപ്പോൾ പതിക്കുന്നത് കൃതിമ മഴയും, മരം പിടിച്ചു കുലുക്കലും മാത്രം. ശാന്തമായും പ്രൗഡമായും പോയിക്കൊണ്ടിരുന്നു മലങ്കര സഭയുടെ മേൽ അപ്രതക്ഷീതമായി എങ്കിലും, അനിവാര്യമായി വന്ന് ഭവിച്ച പുരോഹിതരുടെ കളങ്കിത സംഭവ പരമ്പരകളുടെ ഫലമായി ഉയര്‍ന്നു വന്ന് പൊതുസമൂഹ വിമർശനങ്ങളുടെയും, ഏകപക്ഷീയമായ മാധ്യമ വിചാരണയുടെയും, അവസരം മുതലെടുത്ത മലങ്കര സഭയുടെ നാശത്തിന് വേണ്ടി കരുക്കൾ നീക്കിയ ഗൂഢ ലോബിയുടെയും കടന്നാക്രമണം മൂലം തുടക്കത്തിൽ അല്പം ഇടറി പോയ നസ്രാണി സഭാ നേതൃത്വവും, ആത്മവിശ്വാസം നഷ്ട്ടപെട്ട പുരോഹിത വർഗ്ഗവും, പ്രതിരോധത്തിലായ വിശ്വാസി സമൂഹവും ആലസ്യം വിട്ടു ഉണര്‍ന്നു കഴിഞ്ഞു . മാർത്തോമൻ നസ്രാണികൾ തങ്ങൾക്കും, തങ്ങളുടെ ക്രിസ്തീയ സമുദായത്തിനും അതിന്‍റെ പരിശുദ്ധ പിതാവിനും എതിരെ ബോധപൂർവം ഉയർത്തി വിടുന്ന ബഹുതല ആക്രമണത്തിനു പിന്നിലെ തലകളെയും, അവരുടെ ലക്ഷ്യങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞു മുറിവേറ്റ വീര്യത്തോടെ കൂടി തിരിച്ചടിക്കാൻ ഒരുങ്ങി കഴിഞ്ഞു. മലങ്കര സഭയിലെ സകല കളങ്കിത പുരോഹിത വർഗ്ഗത്തെയും ഈ പെയ്യത്തിൽ ഒറ്റയടിക്ക് നീക്കി സഭയെ ശുദ്ധിക്കരിക്കണമേ എന്നാണ് ഒരോ നസ്രാണിയുടെയും നെഞ്ചിലെ പ്രാർത്ഥന. മലങ്കര സഭയ്ക്ക് മേൽ കളങ്കം വീഴ്ത്തിയ ഒരു പുരോഹിതിനെയും മലങ്കര സഭയുടെ ഓഹരിയുടമകളായ നസ്രാണികൾ അംഗീകരിക്കില്ല, സംരക്ഷിക്കില്ല എന്ന് സംശയമേന്യ വ്യക്തമാണ്. അതു കൊണ്ട് തന്നെ ഇത്തരക്കാർക്ക് നാളെ എന്ത് സംഭവിച്ചാലും നസ്രാണിക്കു തൃണസമം.

അപ്പോസ്തോലിക പൗരോഹത്യത്തെ നെഞ്ചേറ്റിയ നസ്രാണി സമൂഹം മലങ്കര സഭയിൽ ഒരിക്കലും എന്ത് നടക്കരുതേ എന്ന് ആഗ്രഹിച്ചോ, അത് ഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇതില്പരം ഒന്നും തങ്ങളുടെ മാനത്തിനു നേരെ വരാനില്ല എന്ന് തിരിച്ചറിഞ്ഞു സഭയ്ക്കു അകത്തും പുറത്തും നിന്ന് നസ്രാണി കുലത്തെ തകർക്കാൻ ശ്രമിക്കുന്ന സകല സർപ്പത്തിന്‍റെയും പത്തി തകർക്കാൻ. നിശ്ചയിച്ചു കഴിഞ്ഞു. ഒരു ലൈംഗിക അപവാദം, അതും ക്രിസ്തീയ പുരോഹിതർക്ക് നേരെ ഉയര്‍ന്നു വന്നാൽ ഉണ്ടാകുന്ന സ്വഭാവിക സെൻസേഷന് കാതങ്ങൾ അപ്പുറം ഇത് വി.കുമ്പസാരത്തിനു എതിരായും, മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവയെ വ്യകതിപരമായി അപഹസിക്കാനും, അത് വഴി മലങ്കര സഭയുടെ നീതിയുടെ മുന്നേറ്റത്തെ തകര്‍ക്കാനും കേരളത്തിലെ ഒരു പ്രമുഖ വാർത്ത ചാനൽ ജഡ്‌ജിന്‍റെ കെട്ടു പൊട്ടിയ നാക്കു വാടയ്ക്കു എടുത്ത് നടത്തിയ ബഹുതല പ്രചണ്ഡ കുപ്രചാരണത്തിനു പിന്നിൽ “ഒരേ ലക്ഷ്യമുള്ള വ്യത്യസ്‍ത സംഘങ്ങളുടെ സംയുക്ത നീക്കമാണ്” . മലങ്കര സഭാ വിശ്വാസികളുടെ സ്വതന്ത്ര നിലപാട് മൂലം ചെങ്ങന്നൂർ ഇലക്ഷനിൽ സൂര്യാഘാതമേറ്റ പ്രമുഖ പാർട്ടിയിലെ പ്രമുഖ വിഭാഗവും, മലങ്കര സഭയിലെ കൊതികുത്തികളായ ഏഴര കമ്പിനിയുടെ നവ കടലാസ് പ്രസ്ഥാനവും, ബഹു. സുപ്രീം കോടതിവിധികൾ മൂലം അസ്ഥിതം നഷ്ടപെട്ട മേരിദാസ് സമൂഹത്തിലെ പ്രമുഖ തലകളുമാണ് ഇതിനു പിന്നിൽ എന്ന ബോധ്യം മലങ്കര വിശ്വാസികളിൽ പരക്കെ വന്നു കഴിഞ്ഞു. 2019 ലോകസഭാ ഇലക്ഷന് മുൻപേയുള്ള ഒരു കളം ഒരുക്കലായോ, ഡ്രസ്സ് റിഹേഴ്സലായോ ഇതിനെ ആരെങ്കിലും കണ്ടാൽ അവരുടെ നീരിക്ഷണത്തെ പൂർണമായും തള്ളാൻ കഴിയില്ല .

യിരമ്യാവ് 23 : 1 – 3 , “എന്‍റെ മേച്ചിൽ പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം എന്ന് യഹോവയുടെ അരുളപ്പാടു. അത് കൊണ്ട് തന്‍റെ ജനത്തെ മേയ്ക്കുന്ന ഇടയന്മാരെക്കുറിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു : നിങ്ങൾ എന്‍റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചു ഓടിച്ചു കളഞ്ഞിരിക്കുന്നു. ഇതാ ഞാൻ നിങ്ങളുടെ പ്രവർത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്ന് യഹോവയുടെ അരുളപ്പാടു “.

ഒരു നല്ലിടയന്‍റെ ലക്ഷണങ്ങളെ പറ്റി വി.യോഹന്നാന്‍റെ സുവിശേഷം 10 :1 -18, വിശദമായ പറയുന്നു, “ഒരു നല്ലിടയൻ അവന്‍റെ ആടുകൾക്ക് വേണ്ടി ജീവനെ കൊടുക്കുന്നു” . ചില കളങ്കിത പുരോഹിതരുടെയും, കഴിവുകെട്ടതും, ഉത്തരവാദിത്ത ബോധമില്ലാത്തതുമായ ചില മെത്രാപോലിത്തമാരുടെയും മഹനീയ സേവനം മൂലം മലങ്കര സഭാ പൊതു സമൂഹത്തിന്‍റെ രൂക്ഷമായ വിമർശനങ്ങളിലും, മാധ്യമ വിചാരണയിലും പെട്ട് ഉഴറി നിന്നപ്പോൾ എവിടെ പോയി മലങ്കര സഭയുടെ മുപ്പതിൽ പരം മെത്രാൻമാർ? സ്വയം ചിന്തിക്കുക, നിങ്ങൾ ഏതു തരം ഇടയൻ എന്ന്? നസ്രാണി വിശ്വാസിസമൂഹം ചോരയും, വിയര്‍പ്പും ഒഴുക്കി കെട്ടു പണിത്, ഇന്നും കൈയ്യും മെയ്യും മറന്നു സംരക്ഷിക്കുന്ന ഒരു കെട്ടുറപ്പുള്ള സഭയുടെ എല്ലാ പ്രൗഡിയും, സൗഭാഗ്യങ്ങളും നുണഞ്ഞ കുറു മുന്നണിയും, സ്വകാര്യ സ്വത്തു സമ്പാദനവും, വിദേശ യാത്രയുമായി നടക്കുന്ന അഭിവന്ദ്യ മെത്രാന്മാർ മലങ്കര സഭയ്ക്ക് നേരെ ഒരു സംഘിടത ആക്രമണം ഉണ്ടായപ്പോൾ എവിടെ പോയി ഒളിച്ചു? മലങ്കര സഭയുടെ വലിയ ഇടയനെ അഭിനവ പരീശന്മാരും, ശാസ്‍ത്രിമാരും, ചാനൽ കോട്ടുധാരികളും ചേര്‍ന്നു നിർദയം ആക്രമിച്ചപ്പോൾ നിങ്ങൾ എന്തെ ചിതറി ഓടി? ചോര വാർന്ന ക്ഷീണിത മുഖവുമായി മലങ്കര സഭയിലെ നൂറ്കണക്കിന് ഉത്തമ വൈദികർ വി.ബലിപീഠത്തിൽ മലങ്കര സഭയ്ക്കും, വഴി പിഴച്ചു പോയ സഹ വൈദികർക്കും, വൈദികരാൽ അപമാനിക്കപ്പെട്ട കുടുംബങ്ങൾക്കും വേണ്ടിയും ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചപ്പോൾ, അഭിവന്ദ്യ മെത്രാപ്പോലീത്തമാർ ഈ വൈദികരുടെ, വിശ്വാസി സമൂഹത്തിന്‍റെ മനോബലത്തിനായി എന്ത് നിലപാട് സ്വീകരിച്ചു? നിങ്ങളുടെ വരുമാന സ്രോസ്തസിൽ വിശ്വാസികൾ പിടിമുറുക്കും വരെ, പാൽ കഞ്ഞിയിൽ മണ്ണ് വീഴും വരെ നിങ്ങളിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട? ദന്ത ഗോപുരങ്ങളിൽ നിന്നും ഇറങ്ങി വിശ്വാസികൾക്ക് ഒപ്പും, മലങ്കര സഭയ്ക്ക് ഒപ്പും ധീരമായി നിൽക്കാൻ തയാറായില്ല എങ്കിൽ നസ്രാണികൾ നിങ്ങൾക്ക് ചിലതു താമസംവിനാ ബോധ്യപ്പെടുത്തും, കാത്തിരിക്കുക. നിങ്ങളുടെ മൗനം, ഭയം, കഴിവ് കേടു, നിസഹായത ഒക്കെ വിശ്വാസികൾക്ക് മേൽ കാർമേഘംപോലെ ഭയാനകവും, ദുരുഹവുമായി നിറഞ്ഞപ്പോൾ ഞങ്ങൾ നസ്രാണി സിംഹങ്ങൾ ഒരിക്കൽ കൂടി ഞങ്ങളുടെ നസ്രാണി സഭയ്ക്കും അതിന്‍റെ ജാതിയ്ക്കു കർത്യവ്യനായി ഞങ്ങളുടെ മലങ്കര മെത്രാപ്പോലീത്തയ്ക്കുമായി സംരക്ഷണം തീർക്കും.

മലങ്കര സഭയിലെ പ്രശ്നകലുഷിതമായ മേഖലകളാണ് മലങ്കര സഭയുടെ തളർച്ചയ്ക്കു കാരണം എന്ന് അവസരത്തിലും അനവസരത്തിലും മൊഴിഞ്ഞിരുന്ന സുഖിമാന്മാരായ വൈദികര്‍ക്കും, നസ്രാണി പ്രാഞ്ചികൾക്കും ഇപ്പോൾ മനസിലായി കാണുമെല്ലോ, ധാർമികതയും, ക്രിസ്തീയ വിശ്വാസവും, സഭയോടുള്ള പ്രതിബന്ധിയും ഒക്കെ തങ്ങളുടെ വിശ്വാസത്തെ പ്രതി അനുദിനം കഷ്ടപ്പെടുന്ന മേഖലയിലാണ് താരതമ്യനേയ ഭദ്രം എന്ന്. മലങ്കര സഭയിലെ സമീപകാല ഇടർച്ചകളുടെയും, സദാചാരമൂല്യ ഇടിവകളുടെയും മേഖലകൾ നോക്കിയാൽ അതിൽ 90 % മലങ്കര സഭയിലെ പച്ചയായ, സ്വസ്ഥമായ മേച്ചിൽ പുറങ്ങളിലാണ് എന്ന് വ്യക്തം. ഓരോ വൈദികനും സ്വയം പരിശോധിക്കട്ടെ തങ്ങളുടെ കർമ്മ വഴികൾ. തങ്ങളുടെ ക്രൈസ്തവ സേവനം മൂലം എത്ര വിശ്വാസികളെ ദൈവത്തിനായി സഭയുടെ വിശ്വാസങ്ങളോട് ചേർത്ത് എന്ന് വിലയിരുത്തട്ടെ. മലങ്കര മെത്രാപോലിത്ത മുതലുള്ള ഓരോ സ്ഥാനിയും, അഭിവന്ദ്യ മെത്രാന്മാരും, വൈദികരും തങ്ങൾക്കു ഒപ്പും നടക്കുന്ന, തങ്ങൾ ഇടപെടുന്ന വ്യകതികൾ മലങ്കര സഭയ്ക്കും, തനിക്കും തന്നെ അപമാനവും അനർഥവും വരുത്തുന്നില്ല എന്ന് നിത്യേന പരിശോധിക്കണം. മലങ്കര സഭയുടെ സഹോദര സഭാ വിഭാഗമായ സിറോ മലബാർ സഭാ സമൂഹത്തിൽ അഭിവന്ദ്യ . കർദിനാൾ ആലഞ്ചേരി പിതാവിനെ സ്വന്തം മെത്രാൻ കൂട്ടം തന്നെ അരക്കലത്തിൽ പെടുത്തി നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ വിശ്വാസി സമൂഹം സഭാ പിതാവിന്‍റെ രക്ഷക്കായി പട നയിച്ച വിജയിച്ച സമീപകാല പോരാട്ടം പോലെ മലങ്കര നസ്രാണികൾ പരിശുദ്ധ സഭയ്ക്ക് ഒപ്പും, ഞങ്ങളുടെ പരിശുദ്ധ പിതാവിന് പിന്നിൽ തീ പോലെ ജ്വലിച്ചു നിൽക്കും ഇനിയുള്ള നാളുകൾ. ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ വലിയഇടയന്‍റെ നിഷ്ങ്കളങ്ക മനസ് , അതിന്‍റെ കർമ്മ വഴിയിലെ ശുദ്ധി, അതിൽ നുള്ളി നോവിക്കാൻ ഒരുവനെയും നസ്രാണി സമൂഹം അനുവദിക്കില്ല .

മലങ്കര സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സമയോചിതമായ മാധ്യമ വിശദീകരണങ്ങൾ കൊണ്ടും, സഭയുടെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്നത് കൊണ്ടും പ്രതിസന്ധിയുടെ ആഴം കുറയ്‌ക്കേണ്ടിയിരുന്ന മലങ്കര സഭയുടെ മാധ്യമ വിഭാഗ തലവൻ, പി.ആർ .ഡി , അടക്കമുള്ള സ്ഥാനികൾ ആ സ്ഥാനത്തു തുടരുന്നതു ആത്മ നിന്ദയാണ് എന്ന് ബോധ്യത്തിൽ സ്ഥാനം ഒഴിഞ്ഞു പോകുവാനുള്ള മര്യാദ കാണിക്കണം. മലങ്കര സഭയ്ക്ക് കഴിവുറ്റ യുവാക്കളെ ഉൾപ്പെടുത്തി പ്രൊഫഷണലായി പ്രവർത്തിക്കേണ്ട ഒരു പി.ആർ ഡിപ്പാർട്മെൻറ് തന്നെ ഉണ്ടാവേണ്ടത് വെല്ലിവിളികൾ നിറഞ്ഞ ഇ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. നല്ലതു ചെയ്‌താൽ മാത്രം പോരാ, ചെയ്തത്, ചെയ്യാൻ പോകുന്നത് നല്ലതാണ് എന്ന് ലോകത്തിനെ ബോധ്യപ്പെടുത്തേണ്ട വലിയ ബാധ്യത ഒരു അധികാര സ്ഥാനത്തിനുമുണ്ട് എന്ന് തിരിച്ചറിവ് ഉണ്ടാകണം. ഓരോ മെത്രാനും, ഓരോ വൈദികനും, ഓരോ നസ്രാണിയും മലങ്കര സഭയുടെ മുഖമാകണം, നാവാകണം. മലങ്കര സഭയിലെ കളകളെ പറിച്ചെറിയാനും, സഭയ്ക്ക് നേരെ ബോധപൂർവം നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും, മലങ്കര സഭയുടെ നീതിക്കായുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനും നസ്രാണി സമൂഹം ഉയിർത്തെഴുനേൽക്കണം. മലങ്കര സഭയിലെ അൽമായ വേദി, യുവജനപ്രസ്ഥാനം , മർത്തമറിയം സമാജം, സുവിശേഷ സംഘം പോലെയുള്ള എല്ലാ അൽമായ പ്രസ്ഥാനങ്ങളും പ്രതാപകാലത്തേക്കു മടങ്ങി, കാലാനുസൃതമായി ശക്തിപ്പെട്ടു മലങ്കര സഭയുടെ ക്രൈസ്തവ സാക്ഷ്യം നിലനിർത്താനും, നസ്രാണി സമൂഹത്തിന്‍റെ ആത്മീയവും, ബൗദ്ധികവുമായ തലം ഉയർത്താനുമായുള്ള പരിശ്രമത്തിൽ ജാഗ്രതയയോടെ ദൈവാശ്രയത്തിൽ പങ്ക്‌ ചേരാം .

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ