EditorialOVS - Latest News

മലങ്കരസഭയിലെ കളകളെ പറിച്ചെറിയണം… നിർബാധം, നിർദയം, നിരന്തരം

മലങ്കര സഭയിലെ അഞ്ചു വൈദികർക്ക് എതിരെ ഉയര്‍ന്നു വന്നു ഗുരുതര ലൈംഗിക ആരോപണങ്ങളുടെ മറവു പിടിച്ചു ബോധപൂർവം മലങ്കര സഭയ്ക്കും അതിലെ പൗരോഹത്യ നിരയ്ക്കും എതിരെ കൃത്യമായ ലക്ഷ്യങ്ങളോട് കൂടെ നടത്തുന്നു വ്യാപക സൈബർ ആക്രമണങ്ങളുടെയും, പൗരാണിക എപ്പിസ്കോപ്പൽ ക്രിസ്തിയ സഭകളിലെ വി . കൂദാശകളിൽ ഒന്നായ വി.കുമ്പസാരത്തിനു എതിരെയും നടത്തുന്ന ബോധപൂർവം ബഹുതല ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ മലങ്കര സഭയ്ക്ക് സർവ തലത്തിലും ഒരു ആത്മ പരിശോധനയ്ക്കും, ആവശ്യമായ തിരുത്തൽ നടപടികൾക്കും, ഭാവിയിൽ വേണ്ട ജാഗ്രതയ്ക്കുമായി “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ “ കൃത്യമായ നിലപാട് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു .

ചാനൽ റേറ്റിംഗിന് വേണ്ടി വാർത്താ ജഡ്ജിമാർ നടത്തുന്ന വിധി പ്രഖ്യാപനങ്ങളും, ഓൺലൈൻ മാധ്യമങ്ങളും, യാക്കോബായ ഒറ്റക്കണ്ണൻ കുതിരയും ഓരോ ദിവസവും പ്രചരിപ്പിക്കുന്ന മലയാളികളുടെ ഇക്കിളി സ്വഭാവത്തിന് തക്ക നിറംപിടിപ്പിച്ച പൈങ്കിളി കഥകളും, ഫോള്ലോ അപ്പ് സ്റ്റോറികളും പോരാതെ, കഥാ നായികയുടെ നിറം കറുപ്പായതു കൊണ്ട് സ്വപനത്തിൽ രമിക്കുമ്പോൾ വേണ്ടത്ര തൃപ്‍തി കിട്ടില്ല എന്ന് കരുതിയാവും ഇപ്പോൾ മനോരോഗികൾ ഏതോ വെളുത്ത നിരപരാധിയുടെ ചിത്രം പ്രചരിപ്പിക്കുന്നത്. സ്ക്കൂൾ അധ്യാപികയും, 2 കുട്ടികളുടെ മാതാവുമായ സ്ത്രീയെ ചില വൈദികർ വർഷങ്ങൾ ചൂഷണം ചെയ്തിട്ടും ഈ രാജ്യത്തെ നിയമസംവിധാനങ്ങളിൽ വിശ്വാസം അര്പ്പിച്ചു മുന്നോട്ടു വരുവാനോ, കുടുംബത്തിലോ, മലങ്കര സഭയുടെ വ്യസ്ഥപിത തലങ്ങളിലോ വിഷയം ഗൗരവതരമായി ഉന്നയിക്കാതെ പോയതും നിർഭാഗ്യം എന്ന് മാത്രം പറയുന്നു. ദൃശ്യ മാധ്യമങ്ങൾ തങ്ങൾക്കു ഒരു ചാകര കിട്ടിയ സന്തോഷത്തിൽ ആഘോഷിക്കുന്നു ഈ വിഷയത്തിൽ ബഹു. കോടതിയുടെ തീർപ്പു വരെ മനുഷ്യരുടെ യുക്തിക്കും സംശയങ്ങൾക്കും തീരെ പ്രസ്കതിയില്ല. മലങ്കര സഭയുടെ സമിതികളുടെ അന്വേഷണത്തിൽ പരാതിക്കാരനായ ഭർത്താവിന് തൃപ്‍തി വരുന്നില്ല എങ്കിൽ അദ്ദേഹത്തിന് ആർജവത്തോടെ നിയമാനുസൃതം വേണ്ട നടപടികൾ സ്വീകരിക്കാം. മലങ്കര സഭയിലെ ഒരു വിശ്വാസി എന്ന് നിലയ്ക്ക് നിങ്ങളുടെ ന്യായവും,  യുകതവുമായ എല്ലാ അവകാശത്തെയും ഞങ്ങൾ പിന്തുണയ്ക്കും. പരാതിക്കാർ പോലീസിൽ പരാതി പെടാത്തതും, മലങ്കര സഭ ഈ വിഷയത്തെ വളരെ ഗൗരവമായി കണ്ടു ആരോപിതരായ വൈദികരെ സസ്‌പെൻഡ് ചെയ്തു അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ വെളിച്ചത്തിൽ കർശനമായ നടപടികൾ സ്വീകരിക്കും എന്ന് പരസ്യമായി നിലപാട് എടുത്തിരിക്കുന്ന ഘട്ടത്തിൽ ഈ വിഷയം ഇഴ കീറി പരിശോധിച്ചു നെല്ലും പതിരും വേർതിരിക്കാൻ കൂടുതൽ മുതിരുന്നില്ല. ഇപ്പോൾ ദേശീയ വനിതാ കമ്മീഷനും, ക്രൈം ബ്രാഞ്ചും ഒക്കെ സ്വമധേയേ നടത്തുന്നു അന്വേഷണത്തെ സ്വാഗതം ചെയുന്നു. പക്ഷെ സ്ത്രീയുടെ മൊഴിയും, തെളിവുകളുടെ വിശ്വാസതയും പോലെ ഇരിക്കും ക്രിമിനൽ ചട്ടം അനുസരിച്ചുള്ള അന്വേഷണം, വിചാരണ, കുറ്റം തെളിയിക്കൽ എന്നിവ. ഇവിടെയാണ് മലങ്കര സഭ നടത്തുന്നു അന്വേഷങ്ങളുടെ പ്രസ്കതിയും പ്രതീക്ഷീയും. കുറ്റാരോപിതർ തെറ്റുകാർ എന്ന് സഭയ്ക്ക് ബോധ്യപ്പെട്ടാൽ ഇവരെ ആജീവാനാനന്തം പട്ടത്തിനു അടുത്ത് സകല കർമ്മങ്ങളിൽ നിന്നും വിലക്കി നസ്രാണി സഭയുടെ പൗരാഹത്യത്തിന്‍റെ ശുഭ്രത തിരിക്കെ കൊണ്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു. വിഷയം രാജ്യത്തിന്‍റെ നിയങ്ങൾക്കു വിധേയമായി സൂക്ഷമായി പരിശോധിക്കപെടുന്ന സ്ഥിതിക്ക് വൈദികർ കുറ്റവിമുക്തരാക്കപ്പെടുന്ന കാലം വരെ അവരുടെ സസ്പെന്ഷന് തുടരണം. ഒരു തരത്തിലും മലങ്കര സഭ ഇവരുടെ നീതിക്കരിക്കാനാകാത്ത കാര്യങ്ങളെ പിന്തുണയ്ക്കരുത് .

ഇപ്പോൾ വ്യാപകമായി പറഞ്ഞു കേൾക്കുന്ന പൗരോഹത്യ നിരയിലെ കളങ്കിത സംഭവങ്ങളുടെ വെളിച്ചത്തിൽ മലങ്കര സഭ അടിമുതൽ മുടിവരെ ഒരു സ്വയം വിമർശനത്തിനും, ശക്തമായ തിരുത്തൽ നടപടികൾക്കും തയാറാകണം. ഏതെങ്കിലും ഒരു വിഷയം വിവാദമാക്കുമ്പോൾ അതിനെ പരിഹരിക്കാൻ ബദ്ധപ്പെട്ടു പായാതെ മലങ്കര സഭയുടെ പൗരോഹിത്യത്തെ ബാധിച്ചിരിക്കുന്നു എല്ലാ തരം പുഴുക്കുത്തുക്കളെയും നീക്കാൻ ആവശ്യമായ സത്വര നടപടികൾ ഉണ്ടാവണം. നാൾ ഇതുവരെ തങ്ങളുടെ ഉത്തമ പൗരോഹത്യത്തിന്‍റെ ഗുണമേന്മയിലും, വിശ്വാസ തീക്ഷണതിയിലും അഭിമാനിച്ചിരുന്ന നസ്രാണികളുടെ മാനം പൊതു സമൂഹത്തിൽ പിച്ചിചീന്തപ്പെടുന്ന അവസ്ഥ ഇനിമേൽ ഉണ്ടാവരുത്. ചില കളങ്കിത വൈദികരുടെ പേരിൽ മലങ്കര സഭയിലെ ഉത്തമ വൈദിക സമൂഹം മുഴുവനും അപമാനിക്കപ്പെടരുത്. മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ്, സഭയുടെ വൈദികർ, സഭാ വിശ്വാസികൾ, ക്രൈസ്തവരും അക്രൈസ്തവരും അടങ്ങുന്ന പൊതു സമൂഹം എന്നി നാല് തലങ്ങളിൽ കൂടെയും വിവാദ വിഷയത്തെ വിലയിരുത്തി ഇത്തരം മൂല്യച്യുതികൾ മലങ്കര സഭയിൽ ആവർത്തിക്കാതിരിക്കാനും, അത് വഴി പൗരോഹത്യം പുച്ഛിക്കപ്പെടാതിരിക്കാനും സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ മലങ്കര സഭ എപ്പിസ്കോപ്പൽ സിനഡിന്‍റെ അടിയന്തിര പരിഗണനയ്ക്കും നസ്രാണി സമൂഹത്തിന്‍റെ പൊതു ബോധത്തിനുമായി സമര്‍പ്പിക്കുന്നു .

പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് :
വിശ്വാസം, പട്ടത്വം, ഡിസ്‌സിപ്ലിൻ എന്നീ മൂന്ന് അടിസ്ഥാന ശിലകളും അടങ്ങിയിരിക്കുന്ന പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് തന്നെയാണ് മലങ്കര സഭയെ മുന്നോട്ടു നയിക്കുന്നത്. മലങ്കര സഭയുടെ പരിശുദ്ധ സിനഡ് അംഗങ്ങളായ എല്ലാ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരും മലങ്കര സഭയ്ക്കും, അതിന്‍റെ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കും കീഴ്പെട്ടു സ്വാർഥ താല്പര്യങ്ങൾ ഇല്ലാതെ മലങ്കര സഭയെ ആത്മീയമായും, ബൗദ്ധികമായി മുന്നോട്ടു നയിക്കും എന്ന് ഓരോ വിശ്വാസിയും ഉറച്ചു പ്രതീക്ഷിക്കുന്നു. ഇനിയും ഒരു പരിശുദ്ധ പരുമല തിരുമേനിയോ, പാമ്പാടി തിരുമേനിയോ ഒന്നും മലങ്കര സഭയിൽ ഉടനെ ഉണ്ടായില്ല എങ്കിലും ലോകം അറിഞ്ഞ മഹത്വ ഗുരുവായിരുന്ന പുണ്യശ്ലോകനായ പൗലോസ് മാർ ഗ്രീഗോറിയോസ്, ലാളിത്യത്തിന്‍റെ ഉത്തമ പ്രതീകമായിരുന്ന പുണ്യശ്ലോകനായ മാർ ബർണബാസ്‌, മാർത്തോമാ സഭയിൽ ജനിച്ചു വളര്‍ന്നു മലങ്കര സഭയിലെ ഓർത്തോഡോക്സിയുടെ ശക്തനായ അപോസ്തലനായിരുന്ന പുണ്യശ്ലോകനായ ഗീവര്‍ഗീസ് മാർ ഇവാനിയോസ്, മലങ്കര സഭയിൽ ഉടനീളം അനാഥാലയങ്ങളും, കാരുണ്യ പ്രസ്ഥാനങ്ങളും സ്ഥാപിച്ച പുണ്യശ്ലോകഃനായ മാർ ഒസ്താത്തിയോസ്, നിരാലംബരുടെ ആശ്രയവും അത്താണിയുമായിരുന്ന പുണ്യശ്ലോകനായ മാർ തെയോഫിലിയോസ്‌, മലങ്കര സഭയെ പ്രാണൻ തുല്യം സ്നേഹിച്ചിരുന്ന, വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന പുണ്യശ്ലോക്കരായ മാർ യൗസബിയോസും മാർ പക്കോമിയോസിനെയും പോലെയുള്ള മഹത്വ വ്യക്തിത്വങ്ങൾ ഒക്കെയും ഇനിയും മലങ്കര സഭയിൽ ഉണ്ടാകണം എന്ന് ഓരോ വിശ്വാസിയും തീവൃമായി ആഗ്രഹിക്കുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരോട് എല്ലാ സ്നേഹവും, ആദരവും വെച്ച് കൊണ്ട് തന്നെ മലങ്കര സഭയിൽ അടിയന്തിരമായി വരുത്തേണ്ട മാറ്റങ്ങളെ പറ്റി ചില അഭിപ്രായങ്ങൾ വിനയപൂര്‍വ്വം പങ്ക്‌ വെയ്ക്കുന്നു .

  • മലങ്കര സഭയിലെ പുരോഹിതർക്ക് ഒരു പൊതു “Code of Conduct ” നടപ്പിൽ വരുത്താനും, അത് വിശ്വാസികൾക്ക് വേണ്ടി പരസ്യപ്പെടുത്താനും പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് തയാറാകണം.
  • ഇടവക കുമ്പസാരങ്ങൾക്കു പുറമെ സഭയുടെ പരുമല പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ വി.കുമ്പസാരത്തിനും, കൗൺസിലിങ്ങിനും മുതിര്‍ന്ന വൈദികരുടെ നേതൃത്വത്തിൽ ആവശ്യമായ സ്ഥിരം ക്രമീകരണങ്ങൾ ഉണ്ടാകണം.
  • പരിശുദ്ധ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ ഒരു സ്ഥിര അച്ചടക്ക സമിതി ഉണ്ടാവുകയും, സഭയുടെ ഏതെങ്കിലും വൈദികരെ പറ്റി ആരോപണങ്ങൾ ഉണ്ടാവുമ്പോൾ, കൃത്യമായ അത് പരിശോധിച്ചു, കുറ്റക്കാരെ നിർദാക്ഷണ്യം ശിക്ഷിക്കണം .
  • മലങ്കര സഭയിൽ നിലനിൽക്കുന്ന “പ്രീ സെമിനാരി” രീതി നിർത്തലാക്കിയിട്ടു സെമിനാരിയിൽ നിന്നും പഠിച്ചിറങ്ങുന്ന ശെമ്മാശന്മാർക്കു 2 വർഷത്തെ നിർബന്ധിത “പോസ്റ്റ് സെമിനാരി ” ചട്ടം വരുത്തണം . 25 -26 വയ്സുള്ള പാകതയില്ലാതെ അച്ചന്മാരെ ഇടവകയിലേക്കു അയക്കാതെ സഭയുടെ മിഷൻ ഫീൽഡ് , ദയറാ പ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലയിൽ ഉപയോഗിക്കണം.
  • അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർ ആജീവനാന്തം ഒരു ഭദ്രാസനത്തിനു മാത്രമായി അവരുടെ സേവനങ്ങളെ വിട്ടു കൊടുക്കാതെ 5 വര്‍ഷം കൂടുമ്പോൾ ട്രാൻസ്ഫർ എന്ന് വിശ്വാസികളുടെ നിരന്തര ആവശ്യത്തിന് തയാറാകണം .
  • വിവാഹം, മരണം, മാമോദീസ, വീട് കൂദാശ തുടങ്ങിയ സമ്പന്ന വിശ്വാസികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ കേരളത്തിൽ തെക്കു വടക്കു പായാതെ ഭദ്രാസനത്തിലെ വൈദികർ, വിശ്വാസികൾ തുടങ്ങിയവരുടെ ക്ഷേമത്തിനും, ആത്മീയ പുരോഗതിക്കും വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കണം .
  • എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളായ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്കളുടെ പേരിൽ നടത്തുന്നു പിരിവുകൾ നിർത്തി അത് മലങ്കര സഭയുടെ പൊതു സ്വത്താക്കി മാറ്റാൻ തയാറാക്കണം.
  • ഗൾഫ്, അമേരിക്ക -യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സംഭാവനകൾ കൊണ്ട് ഭദ്രാസനം നടത്താൻ ശ്രമിക്കാതെ, ഓരോ ഭദ്രാസനത്തിനും സ്വയം പരിയാപ്തതയ്ക്കു ആവശ്യമായ ദീർഘകാല നടപടികൾ കൈ കൊള്ളണം.
  • മലങ്കര സഭാ വൈദികരുടെ നിയമനങ്ങൾ ആദ്യത്തെ 10 കൊല്ലം എങ്കിലും നിർബന്ധമായും അവരുടെ ഭദ്രാസനത്തിനു പുറത്തു കൊടുക്കാനും , ഗൾഫ് – യൂറോപ് – അമേരിക്ക മുതലായ മേച്ചിൽ പുറങ്ങളിലെ വൈദികർക്ക് ഇ സ്ഥലങ്ങളിൽ പരമാവധി 2 ടേൺ എന്ന് സംവിധാനം കർശനമായും നടപ്പിൽ വരുത്താനും തയാറാകണം .
  • മലങ്കര സഭയുടെ വൈദിക സെമിനാരികളിലെ അച്ചടക്ക വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനും, കളകളെ നിർദ്ദയം പറിച്ചു ഏറിയാനും ഇനിമേൽ മടിക്കരുത് .
  • സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങിയാൽ പിന്നെ ഒരു തുടർ വിദ്യാഭ്യാസത്തിന്‍റെയും, അറിവ് പുതുക്കലിന്‍റെയും ആവശ്യമില്ല എന്ന് സ്ഥിതി മാറ്റി, 3 വർഷത്തിൽ ഒരിക്കൽ കോട്ടയം സെമിനാരി, നാഗ്പുർ സെമിനാരി എന്നിവിടങ്ങളിൽ വൈദികർക്കു കുറഞ്ഞത് 2 ദിവസമെങ്കിലുമുള്ള “നിർബന്ധിത” വൈദിക ക്യാമ്പും , കൗൺസിലിങ്ങും ഉണ്ടാകണം .
  • ഭദ്രാസന മെത്രാപ്പോലീത്തന്മാർ തങ്ങളുടെ കീഴിൽ വരുന്നു എല്ലാ ഇടവകകളിലും വർഷത്തിൽ ഒരിക്കിൽ എങ്കിലും മുൻകൂട്ടി അറിയിച്ചു വി.കുർബാന അർപ്പിച്ചു ജനത്തോട് സംവദിച്ചിരുന്നു പഴയ നന്മയുള്ള കാലഘട്ടങ്ങൾ തിരികെ വരണം .
  • സെമിനാരി വിദ്യാഭ്യാസം ഇല്ലാതെ ഒരു വ്യകതിക്കു അഭിവന്ദ്യ മെത്രാപ്പോലീത്തമാർ പട്ടം കൊടുക്കും മുൻപ് തങ്ങളുടെ മാതൃ ഇടവകയിൽ നിന്നും നിർബന്ധമായും ഒരു സമ്മത പത്രം സമർപ്പിക്കേണ്ടേ സാഹചര്യം ഉണ്ടാകണം .
  • മലങ്കര സഭയുടെ വിദ്യാഭ്യാസ -ആതുര രംഗത്ത് വരുന്നു തൊഴിൽ നിയമനങ്ങൾ സുതാര്യമാക്കി, അഭ്യസ്ത വിദ്യരായ സഭ വിശ്വാസികൾക്ക് പ്രഥമ പരിഗണന കൊടുക്കണം .
  • മലങ്കര സഭയ്ക്കു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടപെടാൻ പ്രാപ്തരായ ജേർണലിസം കഴിഞ്ഞ സമർഥരായ സഭാ യുവാക്കളെ നിയമിച്ചു കൊണ്ട് ശക്തമായ ഒരു പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് അടിയന്തിരമായി ഉണ്ടാകണം. സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർക്കുള്ള നേരം പോക്കാകരുത് സഭയുടെ പി.ആർ .
  • മെത്രാപ്പോലീത്തന്മാരുടെ ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ വേണ്ടത്ര ജാഗ്രത പുലര്‍ത്താനും സഭയുടെ ആചാര അനുഷ്ട്ടാനങ്ങളിൽ തല്പരരായ വിശ്വാസികളെ മാത്രം പരിഗണിക്കാൻ കഴിയണം .
  • ഏതെങ്കിലും ഘട്ടത്തിലെ അഭിവന്ദ്യ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളിൽ ആർക്കെങ്കിലും എതിരെ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ അതിൽ കൃത്യമായി അച്ചടക്ക നടപടികൾ സ്വീകരിച്ചു എപ്പിസ്കോപ്പൽ സിനഡ് മാതൃക കാട്ടണം.

എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തനു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തിൽ താഴ്ത്തി കളയുന്നത് അവന്നു നന്ന്. ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം . നിന്‍റെ കൈയോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞു കളയുക. രണ്ടു കൈയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗ ഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്” .(വി.മത്തായി 18 : 6 – 8)

മലങ്കര സഭയിലെ ബഹു .വൈദികർ –
നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു ( വി.മത്തായി 18 :18 )

ഓരോ നസ്രാണി ക്രിസ്തിയാനിയുടെയും അഭിമാനമാണ് അവരുടെ വൈദികരുടെ ഗുണമേന്മ . ക്രിസ്തുവിന്‍റെ പ്രതിപുരുഷരായി കാണപ്പെടുന്ന വൈദികർ അവരുടെ പ്രവർത്തനങ്ങളെയും, ജീവിത രീതികളെയും സ്വയം വിലയിരുത്തി ആവശ്യമെങ്കിൽ വേണ്ട തിരുത്തലക്കൾ വരുത്തി മുന്നോട്ടു പോകണം എന്ന് സമീപകാല സംഭവങ്ങൾ വിളിച്ചു പറയുന്നു. മലങ്കര സഭയുടെ നട്ടെല്ലും, ഭാവിയും ഒക്കെ ഞങ്ങളുടെ നൂറു കണക്കിന് വരുന്ന കാര്യപ്രാപിതയും ക്രിസ്തീയ മൂല്യങ്ങളുമുള്ള വൈദികരിലാണ് . ആയിരക്കണക്കിനു ഗുരുതുല്യരരായ വൈദികരെ സംഭാവന ചെയ്തു മലങ്കര സഭ ഇപ്പോൾ ചില കളങ്കിത വൈദികരുടെ പേരിൽ നിരന്തരം അപമാനിക്കപെടുന്നു. ഇത് തീർത്തും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു തള്ളാൻ കഴിയില്ല. ഇത്തരം പുഴുക്കുത്തുക്കൾ വൈദികർക്ക് ഇടയിൽ ഇനിയും ഉണ്ട് എങ്കിൽ നിങ്ങൾ വൈദികർ തന്നെ അവരെ തിരുത്തി സന്മാർഗത്തിൽ നയിക്കണം. കുറഞ്ഞത് 5 % വൈദികർ എങ്കിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വൈദിക വൃത്തിക്ക് കൊള്ളരുതാത്തവരാണ് എന്ന് ആരെക്കാളും നന്നായി വൈദികർക്ക് അറിയാം. ഇത്തരം മൂല്യശോഷണത്തിനും, ധാർമിക വീഴ്ചയ്ക്കും ഉത്തരവാദിത്വം വൈദിക സംഘത്തിനും, ഭദ്രാസന നേതൃതത്തിനും ഒരേപോലെ ഉണ്ട് .

പരുമല പദയാത്രയ്ക്ക്കിടയിൽ ഒരു മുതിര്‍ന്ന വൈദികൻ അലക്ഷ്യമായും അച്ചടക്കമില്ലാതെയും പോയിരുന്നു യുവാക്കളായ ഞങ്ങളോട് പറഞ്ഞതാണ് മലങ്കര സഭയിലെ ഗുണമേന്മ ഇല്ലാത്ത വൈദികരോടും ഇപ്പോൾ പറയാനുള്ളത് . “നിങ്ങള്‍ക്ക് ഇത് ഒരു ശക്തി പ്രകടനമോ, തമാശയോ ആയിരിക്കും, പക്ഷെ നിങ്ങൾ പോകുന്ന വഴികളിൽ നിങ്ങളെ ആദരപൂർവം വീക്ഷിക്കുന്ന ഈശ്വര വിശ്വാസികളായ നാനാ ജാതിമതസ്ഥരുടെ ദൈവ വിശ്വാസത്തിനും, പരുമല തിരുമേനിയോടുമുള്ള ആദരവിനും കോട്ടം വരുത്താതെ ഇരിക്കാനുള്ള വലിയൊരു ബാധ്യത നിങ്ങൾക്കുണ്ട് എന്ന് വിസ്മരിക്കരുത് “. നിങ്ങളുടെ പ്രവർത്തി ദോഷം മൂലം ഒരു വിശ്വാസിയുടെയും ദൈവ വിശ്വാസവും, സഭാ വിശ്വാസവും നഷ്ടപെടരുത് എന്ന് ഞങ്ങൾ ഓർമിപ്പിക്കുന്നു. സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങുന്ന ചില ശെമ്മാശന്മാരുടെ വിവാഹ ധൂർത്തും, ഫോട്ടോ ഷൂട്ടും, ആഡംബര ഭ്രമവും ഒക്കെ ഇവർ നാളെ സഭയ്ക്കും, സമുദായത്തിനും ഒരു ബാധ്യതയാകും എന്ന് വിളിച്ചു ഓതുന്നു. വി.ത്രോണോസിന്‍റെ മുൻപിൽ കാപ്പായമിട്ട് സെൽഫി എടുത്തു പോസ്റ്റി അതിന്‍റെ ലൈക്കും കമെന്റും നോക്കിയിരിക്കുന്ന “ഫ്രീക്കൻ” വൈദികർ ഒക്കെ കുറെ മിത്വത്തം പാലിക്കേണ്ടതുണ്ട്. ചില വൈദികരുടെയെങ്കിലും കുടുംബ ജീവിത്തിൽ ഗാർഹിക പീഡനം, ആഡംബര മോഹം, സംശയ രോഗം മുതൽ സദാചാര പ്രശ്നങ്ങൾ വരെ നിലനിൽക്കുന്നു. വൈദികന്‍റെ ഭാര്യ എന്ന നിലയ്ക്ക് ചിന്തിക്കാനും, പെരുമാറാനും അറിയാത്ത സ്വൈര്യം കൊടുക്കാത്ത കൊച്ചമ്മമാരുമുണ്ട്. ഭര്ത്താവായ വൈദികന്‍റെ വി.കുർബാന കാണുവാൻ പോലും തയാറാക്കാത്ത വൈദിക സഹധർമ്മണിമാർ ഉണ്ട്. ഇടവകയിലെ കലുഷിത പ്രശനങ്ങളും, വ്യകതിപരമായ സാമ്പത്തിക പ്രശനങ്ങൾ, കുടുംബ പ്രശ്നങ്ങളും ഒക്കെ നേരിടുന്ന വൈദികർക്കു വൈദിക സംഘം, ഭദ്രാസനം എന്നീ തലങ്ങളിൽ ആവശ്യമായ പിന്തുണയും, സഹായവും, ഉപദേശങ്ങളും ഉണ്ടാകണം .

ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ ; അവയിൽ ഒന്ന് തെറ്റി ഉഴന്നു പോയാൽ തൊണ്ണൂറ്റി ഒൻപതിനേയും വിട്ടേച്ചു തെറ്റിപോയതിനെ മലകളിൽ ചെന്ന് തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപോകാത്ത തൊണ്ണൂറ്റി ഒമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” . (വി.മത്തായി 18 : 12 -13 ))

മലങ്കര സഭയുടെ പ്രശ്നബാധ്യത മേഖലകളിലെ കഷ്ടപ്പെടുന്ന വൈദികർക്ക് സംഭവിക്കാത്ത ധാർമ്മിക ഇടർച്ചയാണ് സ്വസ്ഥമായ ഭദ്രാസനങ്ങളിലും ബാഹ്യ കേരളത്തിലും ഒക്കെ ഉണ്ടാകുന്നത് . വൈദികവൃത്തി മെച്ചപ്പെട്ട ഉപജീവനത്തിനും, സ്വത്തു ശേഖരണതിനുമായി കരുതുന്ന കുറച്ചു ഗുണകെട്ട വൈദികർ എല്ലായിടവും ഉണ്ട്. പല വൈദികർക്കും ഇടവക ജനത്തെ കരുതാനും, അവരെ ഓർത്തഡോൿസ് വിശ്വാസത്തിൽ പ്രബോധിപ്പിക്കാനുമൊന്നും താല്പര്യം ഇല്ലെങ്കിലും പള്ളികൾ പൊളിച്ചു പണിയാനും ആഡിറ്റോറിയം പണിയാനും ഒക്കെ വലിയ ഉത്സാഹമാണ്. തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ പൊളിച്ചു പണിത മനോഹര പള്ളി സൗധങ്ങളുടെ കണക്ക് അഭിമാനപൂർവം പറയുന്നു വൈദികർ തങ്ങളുടെ സേവന കാലത്തു തങ്ങളുടെ പ്രവർത്തന ശൈലികൾ കൊണ്ട് എത്ര പേര് സഭ /ഇടവക വിട്ടു എന്നും നാൾ ഇതുവരെയുള്ള തങ്ങളുടെ ഇടവക ശ്രുഷൂശ കൊണ്ട് എത്രെ പേരെ ക്രിസ്തുവിലേക്കും, സഭയുടെ വിശ്വാസ സത്യങ്ങളിലേക്കും മടക്കി കൊണ്ട് വരാൻ കഴിഞ്ഞു എന്നും സ്വയം പരിശോധിക്കണം. നാൾ ഇതുവരെയുള്ള തങ്ങളുടെ ഇടവക അജപാലനം കൊണ്ട് മലങ്കര സഭയുടെ ഉത്തമ പൗരാഹിത്യ തലത്തിലേക്കും, സന്യാസ സമൂഹത്തിലേക്കും ഉചിതരായ ഒരു വ്യകതിയെ എങ്കിലും കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഇതുവരെയുള്ള പ്രയത്‌നം വ്യർത്ഥമല്ലേ? നിങ്ങളുടെ പ്രവർത്തികൾ, ജീവിത ശൈലികൾ, തൻ പ്രമാണിത്തം, പക്ഷപാതിത്വ നിലപാടുകൾ ഒക്കെ ക്രിസ്തീയതെയ്ക്കും, മലങ്കര സഭയ്ക്കും എന്ത് സംഭാവനകൾ ചെയ്തിട്ടുണ്ട് എന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ കൂട്ടത്തിലെ കളകളെ നിർബാധം, നിർദ്ദയം നീക്കുക വേഗത്തിൽ . ഏതു ഇടവക എടുത്താലും അടക്കവും ഒതുക്കവുമില്ലാതെ, വൈദികൻ എന്ന് ബഹുമാനമില്ലാതെ അച്ചന്മാരുടെ വട്ടം കറങ്ങുന്ന ചില സ്ത്രീകൾ കാണും, ഇവരെ നിയന്ത്രിക്കുക, അകറ്റി നിർത്തുക . വൈദികർ എപ്പോഴും പൊതു സമൂഹത്തിന്‍റെ സൂക്ഷമ നീരിക്ഷണത്തിനു വിധേയരാണ് എന്ന് ബോധ്യത്തിൽ ആവശ്യമായ ജാഗ്രതയും, സൂക്ഷ്മതയും, സുതാര്യതയും, ലാളിത്യവും വേണം പെരുമാറ്റങ്ങളിലും, ജീവിത ശൈലിയിലും .

മലങ്കര സഭാ വിശ്വാസികൾ :
മലങ്കര സഭാ മെത്രാന്‍റെയോ, വൈദികരുടെയോ മാത്രമല്ല, അതിനു നാം ഓരോരുത്തർക്കും തുല്യ ഓഹരി അവകാശമുണ്ട് എന്ന് മനസിലാക്കി മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങളിൽ അടിയുറച്ചു നിൽക്കുന്ന നാം ഓരോരുത്തരുമാണ് കർത്താവിന്‍റെ മണവാട്ടിയായ പരിശുദ്ധ സഭയുടെ ശക്തി. മലങ്കര സഭ പിതാക്കൻമ്മാരുടെ പോരാട്ടങ്ങളാലും, പ്രാര്‍ഥനയാലും, പൂർവികരുടെ കഠിന പ്രയത്നത്താലും വളര്‍ന്ന ദൈവ നിയോഗമുള്ള ക്രിസ്തീയ സമൂഹമാണ്. പൊതുവെയുള്ള മൂല്യ ശോഷണങ്ങളും, ധാർമിക ഇടർച്ചകളും ഒക്കെയും ഇവിടെയും ഉണ്ടായിട്ടു എങ്കിലും മലങ്കര സഭ കാലാകാലങ്ങളിൽ പ്രശനങ്ങളെയും പ്രതിബന്ധങ്ങളെയും തകര്ത്തു മുന്നോട്ട് പോകാൻ പ്രാപ്തമായ ഉൾക്കരുത്തും ദൈവ പരിപാലനവുമുള്ള സഭയാണ് എന്ന് പിന്നോട്ടു നോക്കിയാൽ ബോധ്യപ്പെടും. തീച്ചൂളയിൽ പിറവിയെടുത്ത മലങ്കര സഭ ദൈവ കൃപയാൽ ഏതു മഹാമേരുവിനെയും അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിക്കുക. മലങ്കര സഭയ്‌ക്ക്‌ വേണ്ടിയും, അതിന്‍റെ പൗരോഹിത്യത്തിനു വേണ്ടിയും മുടങ്ങാതെ ദൈവ സന്നിധ്യയിൽ പ്രാർഥിക്കാനുള്ള കടമ ഓരോ സത്യവിശ്വാസിക്കുമുണ്ട്‌. മലങ്കര സഭയുടെ വി.കൂദാശകളെ, വിശ്വാസ സംഹിതയെ, ആരാധനകളെ ഒക്കെയും ആംഗ്ഗീക്കരിക്കാനും അത് ജീവത്തിൽ പ്രയോഗത്തിൽ വരുത്താനും നമ്മുക്ക് ബാധ്യത ഉണ്ട്. മലങ്കര സഭയിലെ ഓരോ മേല്പട്ടക്കാരെയും പട്ടക്കാരെയും ആദരിക്കാനും, അനുസരിക്കാനും, അവരെ കരുതാനുമുള്ള കടമ ഒരു നസ്രാണി കുടുംബത്തിനുമുണ്ട് .

എതെങ്കിലും മെത്രാനെയോ, വൈദികനെയോ കണ്ടിട്ടാവരുത് നമ്മുടെ ക്രിസ്തിയ വിശ്വാസവും സഭ സ്നേഹവും. എന്തിനും ഏതിനും വിമർശനങ്ങൾ മാത്രം പറയുകയും, ക്രിയാത്മകമായി പ്രതികരിക്കാതെയും ഇരിക്കുന്ന വിശ്വാസികളായ നാം മലങ്കര സഭയുടെ തളർച്ചയ്ക്കും, നിലവാര തകര്‍ച്ചയ്ക്കും കാരണക്കാരാണ്. മെത്രാപ്പോലീത്തമാർ ആഡംബര മോഹികളാണ് എന്ന് പരിതപിക്കുന്ന വിശ്വാസികൾ തന്നെ അവരുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങൾക്കും, അന്തസ്സിന്‍റെ ഭാഗമായി കുറഞ്ഞത് ഒരു മെത്രാപ്പോലീത്തയെങ്കിലും വേണം എന്ന് നിര്‍ബന്ധ ബുദ്ധിക്കാരാണ്. നമ്മുടെ മെത്രാപ്പോലീത്തമാർ മലങ്കര സഭ അവർക്കു ഏല്പിച്ചിരിക്കുന്നു ഉത്തരവാദിത്തങ്ങൾ ചെയ്യാൻ സമയം കൊടുക്കാത്ത നമ്മുടെ സ്വകാര്യ ആവശ്യങ്ങൾക്ക് നിരന്തരം തെക്കു വടക്കു വിളിച്ചു വരുത്തുന്ന പ്രവണത അവസാനിപ്പിക്കണം. പലപ്പോഴും നമ്മൾ മെത്രാപ്പോലീത്തമാർക്കു കൈമുത്തായി കൊടുക്കുന്ന പണം സഭയുടെ ഒരു കണക്കിലും പെടാത്ത സ്വകാര്യ സ്വത്തായി മാറുകയും, അത്തരം സമ്പത്തുക്കൾ മലങ്കര സഭയെയും, അതിന്‍റെ പരിശുദ്ധ കാതോലിക്ക ബാവായേയും ഒക്കെ ധിക്കരിക്കാൻ ഇവരെ ഭാവിയിൽ പ്രാപ്തർ ആക്കിയേക്കാം എന്ന് നാം മനസിലാക്കണം. പരിശുദ്ധ കാതോലിക്ക ബാവായുടെ നിയത്രണത്തിൽ മലങ്കര സഭയുടെ ചുമതലയിലല്ലാത്ത ഒറ്റ ചാരിറ്റി പ്രോജെക്ടസിനും ഇനി മേൽ സംഭാവനകൾ കൊടുക്കില്ല എന്ന് വിശ്വാസികൾ തീരുമാനിക്കണം. ഇടവകകൾ കോടികൾ മുടക്കി പുതുക്കി പണിയുമ്പോൾ തങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും ഭവനരഹിതർ ഉണ്ടെങ്കിൽ അവർക്കു ആദ്യം ഒരു വീട് എന്ന് മാതൃക നിലപാട് സ്വീകരിക്കുക. മലങ്കര സഭയുടെ പൊതു നിലപാടിനും, ക്രിസ്തീയ ശൈലിക്കും, ഓർത്തഡോൿസ് വിശ്വാസത്തിനും യോജിക്കാത്ത വൈദികരുടെ പ്രവർത്തികൾ ഭദ്രാസന അധികാരികളുടെ ശ്രദ്ധയിൽ തെളിവ് സഹിതം കൊണ്ട് വന്ന് നടപടിക്കായി സമ്മർദ്ദം ചെലുത്തണം . ഇടവകകളിലെ ഗ്രൂപിസത്തിന്‍റെ മറവിൽ എതെങ്കിലും ഒരു പക്ഷം പിടിച്ചു തന്‍റെ വ്യകതിപരമായ അജണ്ടകൾ നടപ്പാക്കുന്ന പുരോഹിതരെ ഇടവകൾ ഒറ്റകെട്ടായി എതിർക്കുക .

ക്രൈസ്തവ -അക്രൈസ്തവ പൊതു സമൂഹത്തോട് ;
മലങ്കര സഭയിലെ 5 വൈദികർക്കു എതിരെ വന്ന ഈ ഒറ്റപ്പെട്ട ആരോപണത്തെ സാമാന്യവൽക്കരിച്ചു ഒരു “പൊതു ആഘോഷമാക്കി” മാറ്റുന്നതിന് വിഘിടിത യാക്കോബയ തീവ്രവാദികൾ , ഇതര സഭാ – മത വിഭാങ്ങളിലെ കുമ്പസാര അനുകൂലികൾ , കുമ്പസാര വിരോധികൾ, കുരിശ് വിരോധികൾ, ക്രിസ്തു വിരോധികൾ, ക്രിസ്ത്യാനി വിരോധികൾ, ഈശ്വര വിരോധികൾ ഒക്കെയും അവരുടെ അജണ്ടകൾക്കും, താല്പര്യ സംരക്ഷണത്തിനും വേണ്ടി ഈ വിഷയം സമർഥമായി ഉപയോഗിച്ചു. ഒരു രാത്രി കൊണ്ട് ലോകം അവസാനിക്കുന്നില്ല എന്ന് ഓർമിപ്പിക്കുന്നു. ഏകെപക്ഷീയമായി തങ്ങൾ പ്രതിധാനം ചെയുന്ന മത /സഭാ/സമുദായ /ജാതി വിഭാഗങ്ങൾ ഒക്കെയും ഇത്തരം ധാർമിക മൂല്യ ശോഷണത്തിനും, മ്ലേച്ചതയ്ക്കും, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും അധീനർ എന്ന് രണ്ടു ദിവസത്തേക്ക് സ്വയം വിശ്വസിപ്പിച്ചു സ്മാർത്ത വിചാരകരായി അഴിഞ്ഞാടി . നിങ്ങളിൽ ആരു എങ്കിലും നിങ്ങൾ വിശ്വസിക്കുന്ന മത / ജാതി / സഭാ / സമുദായ/ രാഷ്ട്രീയ സംവിധാനങ്ങൾ ഒക്കെയും തീർത്തും ശുദ്ധം എന്ന് കരുതുന്ന ഉണ്ടെങ്കിൽ കഴിഞ്ഞ 5 വർഷത്തെ നിങ്ങളുടെ ചരിത്രം ഒന്ന് സൂക്ഷമായി തിരിഞ്ഞു നോക്കിയാൽ മാത്രം മതി, നിങ്ങളുടെ നഗ്‌നത സ്വയം ബോധ്യപ്പെടാൻ. ഇതിനു പ്രതിരോധം തീർക്കാൻ ഇതര സമുദായങ്ങളിലെ മറഞ്ഞു കിടക്കന്നുതും, മറന്നു കിടക്കുന്നതുമായ വിഷയങ്ങൾ ഉയർത്തി വിട്ടു മലയാളി സമൂഹത്തിന്‍റെ ഈശ്വര വിശ്വാസത്തെ ദുര്ബലപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാം കണ്ടു നേരെ ചൊവ്വേ ബോധ്യപ്പെട്ട സ്ഥിതിക്ക് നാളെ മറ്റൊരു വിഷയത്തിൽ നിങ്ങൾ എകെപക്ഷീയമായ അക്രമിക്കെപ്പെടുമ്പോൾ ഞങ്ങൾ നിസ്സംഗരായി മാറി നിന്നേക്കാം, എങ്കിലും ഇത് കേരളത്തിലെ മത പുരോഹിതരെ പറ്റിയുള്ള അവസാനത്തെ ആരോപണം ആകട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു, പ്രാർത്ഥിക്കുന്നു .

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ

” ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും” വേണ്ടത് കേവലം സഭാ വിശ്വാസികൾക്കു മാത്രമോ ?