സഭതൻ നിലമതിലുളവായ് വളരും കളപോക്കണമേ ധാർമ്മികമാകും സൽഫലജാലം പെരുകീടണമെ
മലങ്കര സഭയെ പോലെ പ്രതിസന്ധികളുടെ തീച്ചൂളയിലൂടെ കടന്നു വന്ന അധികം സഭകൾ ലോക ക്രൈസ്‌തവ ചരിത്രത്തിൽ ഉണ്ടാകില്ലാ. ”അവർ തകർന്നു പോയി” എന്ന് ശത്രു പറഞ്ഞിടത്തുനിന്ന് അഗ്നിശുദ്ധിവരുത്തി നാഥന്റെ കൈപിടിച്ച് ഈ സഭ എന്നും ഉയർത്തയെഴുന്നേറ്റ് വന്നിട്ടുണ്ട്. അതുപോലെ ഒരു പ്രതിസന്ധിയിലൂടെ പരിശുദ്ധ സഭ വീണ്ടും നടന്നു നീങ്ങുകയാണ്. ആരോപണങ്ങൾ, അപവാദങ്ങൾ, അപമാനങ്ങൾ, കടന്നാക്രമണങ്ങൾ എല്ലാം നിറഞ്ഞ വഴിയിലൂടെ ഒരു യാത്ര. നടപടികളിലെ നിലപാടുകളിലെ കൃത്യതയെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ഈ കൊടുംകാറ്റൊന്നും സഭയെ ഭയപ്പെടുത്താൻ പോകുന്നില്ലാ എന്നത് സത്യം .
5 വൈദീകർക്ക് നേരെ ഉയരുന്ന ആരോപണം വളരെ ഗൗരവകരമാണ് എന്ന് മറ്റ് ആരെക്കാളും നന്നായി സഭക്ക് അറിയാം. ഒരു ആരോപണം വന്നാൽ ഉടനെ അതിൽ ഉൾപ്പെടുന്നവരെ പുറത്താക്കുവാൻ തുടങ്ങിയാൽ പൊതുജനങ്ങളോടും പൊതുസ്ഥാപനങ്ങളോടും ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന നമ്മുടെ പല വൈദീകസ്ഥാനികളും പൊതുപ്രവർത്തകരും ഇന്ന് അവരുടെ സ്ഥാനങ്ങളിൽ ഉണ്ടാവുമായിരുന്നില്ല എന്നാൽ അത് നീതിയല്ല എന്നും കുറ്റക്കാർ രക്ഷപെടാൻ ഒരു പഴുതുമില്ലാതെ ശിക്ഷിക്കപ്പെടണം എന്നുമുള്ള കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ റിപ്പോർട്ട് വരുമ്പോൾ അവരോ അതിൽ കൂടുതൽ പേരോ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ ഈ സഭയുടെ സ്ഥാനങ്ങളിൽ അവർ പിന്നെ ഉണ്ടാകില്ല എന്നതിൽ ആർക്കാണ് സംശയം. അങ്ങനെ ഉള്ളവരെ സംരക്ഷിച്ചാൽ ഭാവിയിൽ അത് സഭയെയും ഇടവകകളേയും വിശ്വാസികളെയും എത്രമാത്രം ദോഷകരമായി ബാധിക്കും എന്ന് ഈ സഭക്ക് നന്നായി അറിയാം.
സഭയുടെ അന്വേഷണം നടക്കുമ്പോൾ തന്നെ ആരോപണ വിധേയായ യുവതിയുടെ ഭർത്താവിന് കോടതിയെ സമീപിക്കാമായിരുന്നു. അദ്ദേഹം ഈ നിമിഷം വരെ അതിന് തയ്യാറായില്ല. അഭിമുഖങ്ങളും വോയിസ് ക്ലിപ്പും കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. മാധ്യമങ്ങളെ കാണുമ്പോൾ ഓർത്തഡോൿസ് ഓർത്തഡോൿസ്
എന്ന് പറഞ്ഞിട്ട് കാര്യമില്ല തെളിവുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണം അല്ലാതെ സഭയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കരുത്. അത് സഭയുടെ നേതൃത്വവും അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് എന്ന് മനസിലാക്കുന്നു. വൈദീകർ തെറ്റുകാരാണ് എന്ന് തെളിഞ്ഞാൽ സഭയും നിങ്ങളുടെ പോരാട്ടത്തിന് ഒപ്പം ചേരും, മറിച്ചാണെങ്കിൽ നിങ്ങൾ ചെയ്യുന്ന നീതികേടിന് കാലം നിങ്ങൾക്ക് മാപ്പ് തരില്ല.
നമ്മുടെ വൈദീകർ എല്ലാവരും മോശക്കാരാണോ? എല്ലാ മേഖലയിലും പുഴുക്കുത്തുകൾ ഉണ്ടാവുന്നത് പോലെ തന്നെ ഈ മേഖലയിലും ഒരു ചെറിയ ശതമാനം തെറ്റുകാർ ഉണ്ടാവും. എന്നാൽ ഈ സഭയിലെ മഹാഭൂരിപക്ഷം വൈദീകരും അവർക്ക് ലഭിച്ച ദൈവവിളിയോട് ചേർന്ന് നിന്ന് മാതൃകാപരമായി പരിശുദ്ധ സഭയെയും അവരുടെ ഇടവകകളെയും ശുശ്രുഷിക്കുന്ന പുരോഹിതരാണ്. ഇന്നത്തെ പല കടന്നാക്രമണങ്ങളും അവരെയും അവരുടെ കുടുംബങ്ങളെയും ഏറെ വേദനിപ്പിക്കാൻ പോകുന്നതാണ് എന്ന് തിരിച്ചറിയുക തന്നെ വേണം.
പെന്തിക്കോസ്തിക്ക് ശേഷമുള്ള അഞ്ചാം ഞായറായ്ച്ച ഹൂത്തോമ്മാ ഈ സമയത്തു ഏറെ പ്രാധാന്യം അർഹിക്കുന്നു.
പാരിതിലെങ്ങും പെരുകും സഭയുടെ പരിപൂർത്തിക്കായ്
പിതൃസവിധത്തിൽ പൂകിയ പുത്രൻ പ്രാർത്ഥിക്കുന്നു
സഭതൻ പുഷ്ടികുതകും ശക്തിപരം കൈവരുവാൻ
കൃപചെയ്യണമേ സൈന്യങ്ങളിലും സുതരിലുമൊരുപോൽ
സഭതൻ സേവനമരുളാനേവനുമേകുക വീര്യം
അലസത ചെറ്റും പണിയുന്നോരിൽ പറ്റീടരുതേ
തരിശാം നിലമതിലുളവായ് വളരും കള പോക്കണമേ
ധാർമ്മികമാകും സൽഫലജാലം പെരുകീടണമെ.
നിർമ്മലതയെ പരിലാളിക്കുകയും അനീതിക്ക് നേരെ ചാട്ടവാർ എടുക്കുകയൂം ചെയ്‌ത ക്രിസ്തുവാണ് ഈ സഭയുടെ നാഥൻ. ആ നാഥന്റെ സഭ അനീതിക്കും മ്ലേച്ഛതതക്കും നേരെ കണ്ണടച്ച് നിൽക്കില്ല. ഒരു വലിയ തെറ്റ് എന്ന നിലയിൽ ഇതിനെ വിമർശിക്കുന്നവരുടെ വിമർശനങ്ങളെ സ്വീകരിക്കുന്നു. എന്നാൽ ഈ വിഷയത്തിന്റെ മറപിടിച്ചു പരിശുദ്ധ സഭയെയും പരിശുദ്ധ കാതോലിക്കാ ബാവയെയും തകർക്കാൻ ശ്രമിക്കുന്ന യാക്കോ സഹോദരങ്ങൾ വലിയ വില ഇതിന് കൊടുക്കേണ്ടി വരും; തീർച്ച. ഓർത്തഡോൿസ് സഭക്ക് ഇതൊരു പാഠമാണ്, ഭാവിയിൽ വീഴ്ച്ച സംഭവിക്കാതിരിക്കാൻ ഈ പാഠം നമ്മൾ സഹിഷ്‌ണതയോടെ പഠിക്കണം.
അബി എബ്രഹാം കോശി, കാർത്തികപ്പള്ളി