OVS - ArticlesOVS - Latest News

അന്ത്യോഖ്യാ പാത്രിയര്‍ക്കീസു വന്നാല്‍…? : ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ 2018 മെയ് 22 മുതല്‍ 26 വരെ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ കേരളസമൂഹം ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍നിന്നാണ് വീക്ഷിക്കുന്നത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ തന്‍റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനം 140 വര്‍ഷം നീണ്ട മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത വിരാമമിടുമോ എന്ന ആകാംക്ഷയിലാണ് വിശ്വാസികളും ഭരണനേതൃത്വവും മാദ്ധ്യമങ്ങളും. സമീപകാലത്തു വീണ്ടും തെരുവുയുദ്ധത്തിന്‍റെ നിലയിലേയ്ക്കു നീങ്ങിയ സഭാ തര്‍ക്കത്തിനു പര്യവസാനം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വസത്തിലാണ് കേരളത്തിലെ പൊതു സമൂഹംപോലും.

വര്‍ത്തമാനകാല സംഭവങ്ങളുടെ തുടക്കം കോലഞ്ചേരി തുടങ്ങിയ പള്ളികളെ സംബന്ധിച്ച് 2017 ജൂലൈ 3-നു ഉണ്ടായ സുപ്രീം കോടതി വിധിയോടെയാണ്. പ്രസ്തുത വിധിയില്‍ 1934-ലെ മലങ്കരസഭാ ഭരണഘടന ഇടവകപള്ളികള്‍ക്കു ബാധകമാണന്നും യാക്കോബായ വിഭാഗത്തിന്‍റെ 2002-ലെ ഭരണഘടന നിലനില്‍ക്കില്ലന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അതോടൊപ്പം മലങ്കര മെത്രാപ്പോലീത്താ കൂടിയായ കാതോലിക്കാ മലങ്കരസഭയുടെ അത്മീയവും ലൗകീകവും കൗദാശികവുമായ പ്രധാന മേലദ്ധ്യക്ഷനാണന്നും, മലങ്കരയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരം ശൂന്യമാകുന്ന ബിന്ദുവിലെത്തി എന്ന മുന്‍കോടതി നിരീക്ഷണത്തിനു ഊന്നല്‍ നല്‍കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മലങ്കരസഭയില്‍ സമാന്തരഭരണം അനുവദിക്കാനാവില്ലെന്നും 1934-ലെ ഭരണഘടന എല്ലാവര്‍ക്കും ബാധകമാണന്നും കോടതി വ്യക്തമാക്കി. ഇരുവിഭാഗവും ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഒന്നാകണമെന്ന സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി നല്‍കിയത്.

പിന്നീടുവന്ന തുടര്‍വിധികള്‍ ഈ വിധിയുടെ ആവര്‍ത്തനമായിരുന്നു. 2018 ഏപ്രില്‍ 19-ന് പിറവം പള്ളിക്കേസില്‍, 2017 വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണന്നും കോടതിവിധി നടപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ ഭരണഘടനാപരമായ ബാദ്ധ്യതയാണെന്നുംകൂടി സുപ്രീംകോടതി സൂചിപ്പിച്ചതോടെ കേരള സര്‍ക്കാരും വെട്ടിലായി.

അതേസമയം പ്രതീക്ഷയുടെ രജതരേഖകള്‍ പ്രകടമാക്കുന്ന ചില സംഭവങ്ങളും അരങ്ങേറി. 2017-ലെ ബഹു സുപ്രീം കോടതി വിധി വന്ന അതേ ദിവസം തന്നെ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അതിനെ സഹര്‍ഷം സ്വാഗതം ചെയ്തു. അതിനെ തുടര്‍ന്നു നടന്ന എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും മാനേജിംഗ് കമ്മറ്റിയും ആ തീരുമാനത്തെ അനുകൂലിച്ചു.

ഇതേസമയംതന്നെ പ. ഇഗാനാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ സഭാ സമാധാനത്തിനുള്ള തന്‍റെ ആഗ്രഹം വ്യക്തമാക്കി. വീണ്ടും 2018 ഫെബ്രുവരിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പ. എപ്പസ്‌ക്കോപ്പല്‍ സുന്നഹദോസ് സഭൈക്യത്തെ അനുകൂലിച്ചു ഔദ്യോഗിക പ്രസ്താവന പ്രസിദ്ധീകരിച്ചു. ഇരുവിഭാഗത്തിലേയും പ്രമുഖ വൈദീകരും അവൈദീകരും ഐക്യത്തിനു ആഹ്വാനം ചെയ്തു. പക്ഷേ ക്രിയാത്മകമായി ഒന്നും സംഭവിച്ചില്ല. അര്‍മ്മീനിയയിലും ജര്‍മ്മനിയിലും രണ്ട് അന്താരാഷ്ട്ര പരിപാടികളില്‍വെച്ച് അപ്രേം ദ്വിതീയനും പൗലൂസ് ദ്വിതീയനും കൂടിക്കണ്ടതോടെ മഞ്ഞുരുകുമെന്ന പ്രതീക്ഷയും സഫലമായില്ല. മറിച്ച് അന്തിമ വിധിപ്രഖ്യാപനം വന്ന പല പള്ളികളും സംഘര്‍ഷഭൂമിയായി മാറി.

ഈ സാഹചര്യം നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് തന്‍റെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അതിനു മുമ്പുതന്നെ സമാധാനത്തിനും ഐക്യത്തിനുമുള്ള തന്‍റെ താല്‍പര്യം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. സിംഹാസനപ്പള്ളികളുടെ മെത്രാന്മാരുടെ ക്ഷണപ്രകാരം മെയ് 22-ന് ആരംഭിക്കുന്ന തന്‍റെ കേരള പര്യടനത്തിനു മുന്നോടിയായി പ. കാതോലിക്കാ ബാവായ്ക്കയച്ച കത്തില്‍, തന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പരസ്പരം കാണാമെന്നും, മലങ്കര സഭാ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ആദ്ദേഹം വ്യക്തമാക്കി. ഇതേ വസ്തുത വ്യക്തമാക്കി അദ്ദേഹം കേരളാ മുഖ്യമന്ത്രിക്കും കത്തയച്ചു. വളരെ ആശാവഹമായി ആണ് ഈ നീക്കത്തെ ഇരുപക്ഷത്തെയും സമാധാനകാംക്ഷികളായ ബഹുഭൂരിപക്ഷവും കണ്ടത്. പ്രമുഖ ദിനപ്പത്രങ്ങള്‍ മുഖപ്രസംഗം വരെയെഴുതി സഭാസമാധാനത്തിന് ആഹ്വാനം ചെയ്യുന്ന നിലയിലെത്തി കാര്യങ്ങള്‍. സാമൂഹ്യമാദ്ധ്യമങ്ങളും മുഖ്യധാരാ ദേശീയ മദ്ധ്യമങ്ങളും വരെ ഈ പ്രത്യാശ പ്രകടിപ്പിക്കുന്നു. പത്രവാര്‍ത്തകള്‍ അനുസരിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് സഭാ സമാധാനത്തില്‍ പ്രമുഖപങ്ക് വഹിക്കാനാവുമെന്ന ശുഭപ്രതീക്ഷ കേരള സര്‍ക്കാരും വെച്ചുപുലര്‍ത്തുന്നുണ്ട്.

പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ സന്ദര്‍ശനവാര്‍ത്ത ഇരുവിഭാഗത്തിലും ഉണ്ടാക്കിയത്. ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു അതിന്യൂനപക്ഷം തീവ്രവാദികള്‍ പാത്രിയര്‍ക്കീസിന്‍റെ ഇന്ത്യാ സന്ദര്‍ശനം നിയമവിരുദ്ധമാണന്നും അതു നിയമപരമായി തടയണമെന്നും ആവശ്യപ്പെടുന്നു. ഇക്കാര്യം കാണിച്ച് കേരള സര്‍ക്കാരിനു കത്തയച്ചതായും ചിലര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത്തരമൊരു വാദം തികച്ചും ബാലിശമാണ്. ഒന്നാമതായി അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ഇന്ത്യയ്ക്കു അനഭിമതനോ കരിമ്പട്ടികയില്‍ പെടുന്ന രാജ്യത്തുനിന്നും വരുന്ന വ്യക്തിയോ അല്ല. രണ്ടാമതായി, അദ്ദേഹം ഇന്ത്യയില്‍ ഒരു വ്യവഹാരത്തിലും നേരിട്ടു കക്ഷിയല്ല. മൂന്നാമതായി, 1995 -ലെ സുപ്രീം കോടതി വിധിയനുസരിച്ച് മലങ്കര സഭയുടെ ഭാഗമല്ലാത്ത ക്‌നാനായ ഭദ്രാസനം, പൗരസ്ത്യ സുവിശേഷ സമാജം, സിംഹാസന പള്ളികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനോ കര്‍മ്മങ്ങള്‍ നടത്തുന്നതിനോ പാത്രിയര്‍ക്കീസിനു നിയമതടസമില്ല. ഈ സാഹചര്യത്തില്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേയ്ക്കു പാത്രിയര്‍ക്കീസിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. വിദേശികള്‍ക്ക് വിസാ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണന്ന യാഥാര്‍ത്ഥ്യം അറിവില്ലാത്തവരോ മാദ്ധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരോ ആണ് കേരള സര്‍ക്കാരിനു സന്ദര്‍ശനം തടയാന്‍ കത്തെഴുതിയതെന്നു വ്യക്തം. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല.

മറിച്ച് മലങ്കരസഭയിലെ ഇടവകപ്പള്ളികളില്‍ പ്രവേശിക്കാനോ കര്‍മ്മം നടത്താനോ സമാന്തര ഭരണത്തിനു കളമൊരുക്കാനോ പാത്രിയര്‍ക്കീസ് ശ്രമിച്ചാല്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അവ വിവിധ സുപ്രീംകോടതി വിധികള്‍പ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരസീമയ്ക്ക് പുറത്താണ്. അങ്ങിനെ സംഭവിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം വിസാ ചട്ടലംഘനത്തിനു നടപടികള്‍ നേരിടേണ്ടിവരും. ഇന്ത്യന്‍ ഭരണഘടനയെ ധിക്കരിക്കുകയോ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയോ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാവുകയോ ചെയ്താലും സ്ഥിതി വ്യത്യസ്ഥമല്ല. അത്തരമൊരു സാഹചര്യത്തില്‍ തീര്‍ച്ചയായും കേന്ദ്ര ആഭ്യന്തരവകുപ്പിനും വിദേശകാര്യവകുപ്പിനും ഇടപടേണ്ടിവരും. പക്ഷേ അപ്രേം ദ്വിതീയന്‍ ബാവ അത്തരം മണ്ടത്തരങ്ങള്‍ കാട്ടുമെന്നു ഈ ലേഖകനു തരിമ്പും വിശ്വാസമില്ല. വിദ്യാസമ്പന്നനും ലോകപരിചയമുള്ളവനുമായ അദ്ദേഹത്തില്‍നിന്നും അപ്രകാരമൊരു നിയമവിരുദ്ധ നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

യാക്കോബായ വിഭാഗത്തിലെ തീവ്രവാദികള്‍ പാത്രിയര്‍ക്കീസിന്‍റെ ആഗമനത്തെ അത്തരമൊരു സംഘര്‍ഷത്തിന്‍റെ വേദിയാക്കാമെന്നു കണക്കാക്കി എന്ന ആരോപണം നിലവിലുണ്ട്. അന്തിമവിധി വന്നവയും അല്ലാത്തവയുമായി 1934 ഭരണഘടനയ്ക്ക് വിധേയമായ ഇടവകപ്പള്ളികളില്‍ പാത്രിയര്‍ക്കീസിനെ പ്രവേശിപ്പിച്ച് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയേയും കേരളത്തിലെ നിയമവാഴ്ചയേയും ഭീഷണിപ്പടുത്താമെന്നു അവരില്‍ ചിലരെങ്കിലും കണക്കുകൂട്ടി. പാത്രിയര്‍ക്കീസിന്‍റെ ലഭ്യമായ കേരള സന്ദര്‍ശനപരിപാടി പ്രകാരം അത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അദ്ദേഹം അവസരമൊരുക്കുന്നില്ല. ഇതില്‍ അക്കൂട്ടരില്‍ ഒരു വിഭാഗം തികച്ചും ഖിന്നരാണ്. പ്രകോപനോപകരണമായി പാത്രിയര്‍ക്കീസിനെ ഉപയോഗിക്കാനുള്ള ശ്രമം ഇവര്‍ ഇപ്പോഴും തുടരുന്നു എന്നാണറിവ്.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ഇന്നാരംഭിക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തെപ്പറ്റി മൂന്നു വ്യത്യസ്ത അഭിപ്രായഗതികള്‍ യാക്കോബായ വിഭാഗത്തില്‍ നിലനില്‍ക്കുന്നുണ്ട്. സമാധാനത്തിന്‍റെ സന്ദേശവുമായി കേരളത്തിലെത്തുന്ന പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നവരാണ് ന്യൂനപക്ഷമായ ഒരു വിഭാഗം. പാത്രിയര്‍ക്കീസിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായാല്‍ തങ്ങളുടെ സ്വേച്ഛാധിപത്യം അവസാനിക്കുമെന്നും 1934-ലെ ഭരണഘടന പ്രകാരമുള്ള ഒരു നിയമവിധേയ സമൂഹമായി മാറാന്‍ നിര്‍ബന്ധിതരാകുമെന്നും ഇവര്‍ ഭയപ്പെടുന്നു. പാത്രിയര്‍ക്കീസിന്‍റെ ആഗമനത്തെ ആദിമുതല്‍ ഇവര്‍ എതിര്‍ക്കുന്നു.

യഥാര്‍ത്ഥ പാത്രിയര്‍ക്കീസ് ഭക്തരാണ് രണ്ടാമത്തെ കൂട്ടര്‍. 2015-ല്‍ രാജകീയ പ്രതാപത്തോടെ കേരളം സന്ദര്‍ശിച്ച അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്, അതീവ പരിമിതികള്‍ക്കുള്ളില്‍ ഇപ്രകാരമൊരു സന്ദര്‍ശനം നടത്തുന്നതില്‍ അവര്‍ ദുഃഖിതരാണ്. എന്നാല്‍ കാലത്തിന്‍റെ ചുവരെഴുത്തുകളുടെ യാഥാര്‍ത്ഥ്യം സുപ്രീംകോടതി വിധിയിലൂടെ മനസിലാക്കിയ അവര്‍ നിശബ്ദരാണ്.

മലങ്കരസഭയില്‍ ഐക്യവും സമാധാനവും യാഥാര്‍ത്ഥ്യമാകണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം. അവരും ദുഃഖിതരാണ്. ഐക്യത്തിനും സമാധാനത്തിനുംവേണ്ടി പാത്രിയര്‍ക്കീസ് നടത്തുന്ന ശ്രമങ്ങളെ അവര്‍ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും വേണ്ടത്ര മുന്നൊരുക്കം കൂടാതെയാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശന പരിപാടി പ്രഖ്യാപിച്ചത് എന്നവര്‍ വിലയിരുത്തുന്നു. ഇത്രയും ദീര്‍ഘവും സങ്കീര്‍ണ്ണവും ഗഹനവുമായ ഒരു വിഷയത്തെപ്പറ്റി ഒരു ചര്‍ച്ച നടത്താനുള്ള ഗൃഹപാഠം ചെയ്യുവാനുള്ള സമയം ഇരു വിഭാഗത്തിനും ലഭിച്ചില്ല എന്നതിനാല്‍ ഈ ശ്രമം പരാജയപ്പെടുമെന്നു അവര്‍ ഭയക്കുന്നു.

ഇതേ ആശങ്കയാണ് ഓര്‍ത്തഡോക്‌സ് സഭയും പങ്കുവെക്കുന്നത്. മെയ് 22-നു ആരംഭിക്കുന്ന അപ്രേം ദ്വിതീയന്‍റെ പര്യടനം കേവലം മൂന്നു ദിവസം മാത്രമാണ് കേരളത്തിലുള്ളത്. അതിനിടയില്‍ ഒരു ചര്‍ച്ചയ്ക്കുള്ള ക്ഷണവുമായി പൗലൂസ് ദ്വിതീയന് കത്ത് നല്‍കിയത് മെയ് 17-നു മാത്രം. ഈ സമയച്ചുരുക്കംതന്നെ സംശയാസ്പദമാണന്നു ഒരു വിഭാഗം വിലയിരുത്തുന്നു. 1970-കളില്‍ സഭാ പ്രശ്‌നങ്ങള്‍ പുനരാരംഭിക്കാന്‍ വഴിമരുന്നിട്ട വിഷയങ്ങളില്‍ ഒന്ന്, കാതോലിക്കാ ‘ഹിസ് ഹോളിനസ്‘ (പരിശുദ്ധ) എന്നു ഉപയോഗിക്കുന്നത് തെറ്റാണന്ന യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ആരോപണം ആയിരുന്നു. പകരം ഹിസ് ബിയാറ്റിറ്റ്യൂഡ് (ശ്രേഷ്ഠന്‍) എന്നാണ് പാത്രിയര്‍ക്കീസുമാര്‍ കാതോലിക്കാമാരെ സംബോധന ചെയ്തിരുന്നത്. ഇതിനു പകരം ഹിസ് ഹോളിനസ് എന്നുതന്നെ പ്രസ്തുത കത്തില്‍ കാതോലിക്കായെ സംബോധന ചെയ്തു എന്നത് ശുഭോദര്‍ക്കമാണങ്കിലും ആ കത്ത് നേരിട്ട് അയയ്ക്കാതെ മലങ്കര സഭയുടെ അന്തര്‍സഭാബന്ധ കമ്മറ്റിവഴി അയച്ചതിന്‍റെ ഉദ്ദേശശുദ്ധിയെ ഇവര്‍ സംശയദൃഷ്ട്യായാണ് വീക്ഷിക്കുന്നത്.

കേവലം അഞ്ചു ദിവസത്തെ കാലാവധിയോടെ ഇത്തരം ഗൗരവമായ ഒരു വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ അതിനോട് ഏകപക്ഷീയമായി പ്രതികരിക്കുവാന്‍ കാതോലിക്കായ്ക്ക് പരിമിതികളുണ്ടെന്നു മാത്രമല്ല, സഭാഭരണഘടനാപരമായി അസാദ്ധ്യവുമാണ്. കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഇത്തരം ഗഹനമായ ഒരു വിഷയത്തില്‍ നയപരമായ ഒരു തീരുമാനം എടുക്കാന്‍ ഏറ്റവും കുറഞ്ഞത് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി, സഭാ വര്‍ക്കിംഗ് കമ്മറ്റി ഇവയുടെ കൂടിയാലോചനാഫലം കൂടി പരിഗണിക്കണം. നടപടി ചട്ടങ്ങള്‍പ്രകാരം അവ നിയമപ്രകാരം വിളിച്ചുകൂട്ടുവാന്‍ അഞ്ചു ദിവസത്തെ നോട്ടീസ് മതിയാവില്ല. നിയമപ്രകാരമല്ലാതെ എടുക്കുന്ന ഒരു തീരമാനവും മലങ്കര സഭയില്‍ നിലനില്‍ക്കുകയുമില്ല.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേറേയും പരിമിതികളുണ്ട്. 1934-ലെ ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനോ വിവിധ സുപ്രീം കോടതി വിധികള്‍ ലംഘിച്ച് കരാറുകള്‍ ഉണ്ടാക്കാനോ അവര്‍ക്ക് സാദ്ധ്യമല്ല. സുപ്രീം കോടതി വിധിപ്രകാരം എതിര്‍വിഭാഗത്തില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസു മാത്രമാണ് കക്ഷി. ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തിനു സ്വന്തമായി എന്തു തീരുമാനവും എടുക്കാം. പക്ഷേ കാതോലിക്കായുടെ സ്ഥിതി അതല്ല. അദ്ദേഹം സഭാഭരണഘടനയ്ക്കു വിധേയനാണ്. അതനുസരിച്ചുള്ള സമതികളില്‍ ആലോചിച്ചും നടപടിക്രമങ്ങള്‍ പാലിച്ചും മാത്രമേ അദ്ദേഹത്തിനു പ്രവര്‍ത്തിക്കാനാവു. ഈ സാഹചര്യത്തിലാണ് സഭാ സമാധാനം സുപ്രീംകോടതി വിധിപ്രകാരം മാത്രമായിരിക്കുമെന്നും, അപ്രേം പാത്രിയര്‍ക്കീസിന്‍റെ കത്തിന് എപ്പോള്‍ എന്തു മറുപടി കൊടുക്കാനാവുമെന്നു പറയാനാവില്ലന്നും സഭാ കേന്ദ്രം അറിയിച്ചത്.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ പൊടുന്നനെയുള്ള സന്ദര്‍ശനത്തിലും സമാധാന ആഹ്വാനത്തിലും പല ദുരൂഹതകളും ഇരുവിഭാഗത്തിലേയും ചിലരെങ്കിലും സന്ദേഹിക്കുന്നുണ്ട്.

യാക്കോബായ വിഭാഗത്തിലെ പടലപിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. സമീപകാലത്ത് ആ വിഭാഗത്തിലെ ചില നേതാക്കള്‍ മംഗലാപുരത്തുവെച്ച് ഉണ്ടാക്കിയ നവരാഷ്ട്രീയ ബാന്ധവം അരക്കിട്ടുറപ്പിക്കാന്‍ ആണ് അദ്ദേഹം എത്തുന്നതെന്ന് ചിലര്‍ ഊഹിക്കുന്നു. ഇങ്ങേയറ്റം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കളിയാണ് ഈ സന്ദര്‍ശനവും ഐക്യ ആഹ്വാനവും എന്ന് മറ്റു ചിലര്‍ ആരോപിക്കുന്നു. സത്യം എന്തെന്നു ആര്‍ക്കുമറിയില്ല. പക്ഷേ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ഉദ്ദേശശുദ്ധിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഈ ലേഖകന്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സന്ദര്‍ശന വേളയില്‍ പാത്രിയര്‍ക്കീസ്- കാതോലിക്കാ കൂടിക്കാഴ്ച ഏതാണ്ട് അസാദ്ധ്യമാണ്. പ്രധാന കാരണം പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനപരിപാടിയില്‍ പത്തു മിനിട്ടുപോലും അതിനായി മാറ്റിവെച്ചിട്ടില്ല എന്നതാണ്. പക്ഷേ ശുഭപ്രതീക്ഷ കൈവിടാനുള്ള സമയമായിട്ടില്ല. അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ഐക്യ ആഹ്വാനം ആത്മാര്‍ത്ഥമാണങ്കില്‍ അതിനുള്ള അവസരം ഇനിയുമുണ്ട്. യാദൃശ്ചികമായാണെങ്കിലും മെയ് 23-ന് ഓര്‍ത്തഡോക്‌സ് സഭയുടെ പ. എപ്പസ്‌ക്കോപ്പല്‍ സുന്നഹദോസ് വിളിച്ചു കൂട്ടിയിട്ടുണ്ട്. അവിടെ അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുകയാണങ്കില്‍ ഒരു ഉന്നതതല സമതി പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കുകയും ഐക്യചര്‍ച്ചകള്‍ തുടങ്ങിവെക്കുകയും ആകാം. പാത്രിയര്‍ക്കീസ് – കാതോലിക്കാ കൂടിക്കാഴ്ച നടന്നാലും ഇതിലപ്പുറമൊന്നും സംഭവിക്കാനില്ല.

(OVS Online, 21 May 2018)

പരിശുദ്ധ പാത്രിയാർക്കിസ് ബാവയ്ക്ക് ഹൃദയപൂർവ്വം ഒരു കത്ത്