OVS - Latest NewsOVS-Kerala News

വെട്ടിത്തറ ചെറിയപള്ളിയില്‍ വിഘടിത നാടകത്തിനു പോലീസ് സഹായം

വെട്ടിത്തറ: കഴിഞ്ഞ ദിവസം നിര്യാതനായ വെട്ടിത്തറ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ഇടവകാംഗം ശ്രീ.സി.ജെ പൈലിയുടെ മൃതദേഹം സംസ്കരിക്കാന്‍ എത്തിയ ബന്ധുക്കളെയും വികാരിയെയും പോലീസും വിഘടിത വിഭാഗവും ചേര്‍ന്നു തടയുകയും അപമാനിച്ചു തിരിച്ചയക്കുകയും ചെയ്തു.

സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയെ സംബന്ധിച്ച് പരിശുദ്ധ ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായി മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതി തിങ്കളാഴ്ച ഇന്‍ജങ്ക്ഷന്‍ പുറപ്പെടുവിച്ചിരുന്നു. വിഘടിത വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതും നിരോധനം ഏർപ്പെടുത്തി കൊണ്ടായിരുന്നു വിധി. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘടിത വിഭാഗം ഹൈക്കോടതിയിലും സബ് കോടതിയിലും അപ്പീൽ സമർപ്പിച്ചു എങ്കിലും അതനുവദിച്ചില്ല. ഈ വിധി നടപ്പിൽ വരുത്തുന്നതിനായി ഇന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി പുത്തൻകുരിശ് പോലീസിന് നിർദേശം നൽകുകയും ചെയ്തു.

ഇതിനിടെ കഴിഞ്ഞ ദിവസം നിര്യാതനായ ഇടവകാംഗം ശ്രീ. സി.ജെ പൈലിയുടെ സംസ്കാരത്തിന് തടസ്സങ്ങള്‍ ഉണ്ടാകും എന്ന് ആശങ്കകള്‍ ഉയര്‍ന്നു. പക്ഷെ പള്ളി കയ്യടക്കി വച്ചിരിക്കുന്ന വിഘടിത വിഭാഗത്തിന്‍റെ ട്രസ്റ്റി ശവസംസ്കാരത്തിന് എല്ലാ സഹകരണവും വീട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്യുകയും കോടതിവിധി അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന ഉറപ്പു കൊടുക്കുകയും ചെയ്‌തിരുന്നു. അതനുസരിച്ച് ഇന്ന് അടക്കം നടത്താനുള്ള തയ്യാറെടുപ്പുകളുമായി ബന്ധുക്കള്‍ മുന്നോട്ടു പോയി.

പക്ഷെ ഇരുട്ടി വെളുത്തപ്പോഴേക്കും വിഘടിതര്‍ തനിരൂപം പുറത്തെടുത്തു. എന്നാൽ ഇന്ന് രാവിലെ മുതൽ വിഘടിത നേതാവും സംഘവും പള്ളിയിൽ നിരോധനം ലംഘിച്ച് കയറുകയും സംസ്കാര ശുശ്രൂഷകൾ തടയും എന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ഇടവക വികാരി ഫാ. ബിനോയ്‌ ജോണിന് മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതിയില്‍ നിന്നു പോലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് സമ്പാദിക്കേണ്ടി വന്നു. അതനുസരിച്ച് അടക്കം നടത്താന്‍ പള്ളിയില്‍ എത്തിയ ബന്ധുക്കള്‍ കണ്ടത് കോടതി ഉത്തരവ് അനുസരിക്കുന്നതിനു പകരം വിഘടിതരോടു ചേര്‍ന്നു പള്ളി പൂട്ടി വിലാപയാത്രയെ തടയുന്ന പോലീസിനെയാണ്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന നിലപാടാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പോലീസ് എടുത്തത്. പളളി തുറക്കാൻ ഉത്തരവിലില്ല എന്നും താക്കോൽ കൈവശത്തിലില്ലാ എന്നുള്ള തൊടുന്യായവും നിരത്തി വികാരി ഫാ ബിനോയി ജോണിനെ പള്ളിയകത്ത് നടത്തേണ്ട സംസ്കാര ശുശ്രൂഷകളിൽ നിന്ന് തടയുകയും കോടതി ഉത്തരവ് ലംഘിക്കുകയും ചെയ്തു. എന്നാല്‍ വിഘടിത സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സത്യവിശ്വാസികളായ കുടുംബം തയാറല്ലായിരുന്നു. “എനിക്ക് ഒരു സഭയെ ഉള്ളൂ. അത് മലങ്കര ഓര്‍ത്തഡോക്സ് സഭയാണ്. ആ സഭയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നത് കൊണ്ട്‌ പള്ളിയില്‍ കയറ്റി അടക്കം നടത്തിയാൽ മതി” എന്നാണ് മരിച്ചയാളുടെ മകന്‍ പറഞ്ഞത്. കോടതിയില്‍ നിന്നു പോലീസിനു വീണ്ടും കര്‍ശന നിര്‍ദേശം വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കുടുംബം തീരുമാനിച്ചു.

കോടതി ഉത്തരവ് നേരിട്ട് കൈപ്പറ്റി മൃതദേഹത്തോടും കോടതിയോടും അനാദരവ് കാണിച്ച പുത്തൻകുരിശു സർക്കിളും മൂവാറ്റുപുഴ DYSP യും ഈ സ്ഥാനത്ത് തുടരാൻ അർഹതയില്ല എന്ന് തെളിയിച്ചിരിക്കുന്നു. വ്യക്തമായ കോടതി ഉത്തരവ് ലഭിച്ചിട്ടും മൃതദേഹത്തോട് അനാദരവ് കാണിക്കുകയും അടക്കാന്‍ സമ്മതിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ന്യായമായ ശിക്ഷാനടപടികള്‍ ഇക്കാര്യത്തില്‍ എടുക്കുകയും നീതിന്യായകോടതിയുടെ നിര്‍ദേശപ്രകാരം പള്ളി ഓര്‍ത്തഡോക്സ് സഭയുടെ വികാരിയെ ഏല്‍പ്പിക്കാനും വേണ്ടത് ചെയ്യണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

 

വെട്ടിത്തറ പള്ളി – ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സബ് കോടതി തള്ളി