OVS - ArticlesOVS - Latest NewsTrue Faith

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും

സ്വതന്ത്ര്യം നേടി എന്നതല്ല, നേടിയ സ്വാതന്ത്ര്യം പ്രകടമാക്കുന്നതിലും ഉപയോഗിക്കുന്നതിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-ന് മലങ്കരസഭ നടത്തുന്ന വി. മൂറോന്‍ കൂദാശ, സഭയുടെ ആത്മീയസ്വാതന്ത്ര്യലബ്ദിയുടെ പുനഃപ്രഖ്യാപനമാണ്.

ഇതു മനസിലാക്കണമെങ്കില്‍ എങ്ങിനെ മലങ്കരസഭയുടെ ആത്മീയ അധികാരം കൈമോശം വന്നെന്നും എങ്ങിനെ അതു തിരിച്ചുകിട്ടി എന്നും മനസിലാക്കണം. മലങ്കരസഭ, പതിനേഴാം നൂറ്റാണ്ടില്‍ കൂനന്‍കുരിശു സത്യത്തെത്തുടര്‍ന്നുണ്ടായ പട്ടത്വ പ്രതിസന്ധി പരിഹരിക്കാനാണ് അന്ത്യോഖ്യന്‍ സഭയുമായി ബന്ധപ്പെടുന്നത്. ആ നൂറ്റാണ്ടില്‍ സഹായത്തിന്‍റെ  ദൗത്യം എന്ന നിലയില്‍ ക്രിസ്തീയമായി മാത്രമാണ് തങ്ങളുടെ മലങ്കരയിലെ സാന്നിദ്ധ്യത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് കണ്ടത്.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അന്ത്യോഖ്യയുടെ ഗീവര്‍ഗീസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് കളംമാറ്റിചവിട്ടി. മലങ്കരയുടെ ആത്മീയവും ലൗകീകവുമായ അധികാരം തനിക്കാണന്നും, താന്‍ അയയ്ക്കുന്ന ശീമക്കാരനായ മെത്രാന്മാര്‍ വഴി അതു നടപ്പാക്കണമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. പക്ഷേ അടുത്ത ഒരു നൂറ്റാണ്ടുകാലം ഇതു വകവെച്ചുകൊടുക്കവാന്‍ മലങ്കരസഭ തയാറായില്ല.

എന്നാല്‍ 1842-ല്‍ പാലക്കുന്നത്ത് സ്വേഷ്ടപ്രകാരം മര്‍ദ്ദീനിലെത്തി അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നും പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് എന്ന പേരില്‍ മേല്പട്ടസ്ഥാനം സ്വീകരിച്ചു. മലങ്കരസഭയുടെ തിരഞ്ഞെടുപ്പോ സമ്മതമോ കൂടാതെ മേല്പട്ടസ്ഥാനം സ്വീകരിച്ച അദ്ദേഹം മടങ്ങിയെത്തി മലങ്കര മെത്രാന്‍സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ചു. മറ്റൊരു ന്യായവും ഇതിനു പറയാനില്ലാത്തതിനാല്‍ തന്നെ അന്ത്യോഖ്യാ പാത്രിയര്‍തക്കീസ് മലങ്കര മെത്രാനായി വാഴിച്ചിട്ടുണ്ടെന്നും മലങ്കര മെത്രാനെ വാഴിച്ചാക്കാനുള്ള അധികാരം പാത്രിയര്‍ക്കീസിനാണന്നും മാര്‍ അത്താനാസ്യോസ് വാദിച്ചു. മാര്‍ മാത്യൂസ് അത്താനാസ്യോസിനെ മലങ്കര മെത്രാനായി അംഗീകരിച്ച കൊല്ലം പഞ്ചായത്തു കോടതിയില്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇതിനു എതിര്‍വാദം ഉണ്ടായില്ല. സാങ്കേതികമായി ഈ വാദം നിലനിന്നതിനാല്‍ അദ്ദേഹത്തിന്‍റെ എതിര്‍ശക്തിയായി ഉയര്‍ന്നുവന്ന പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കയ്യില്‍നിന്നും മേല്പട്ടം വാങ്ങേണ്ടിവന്നു.

പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനും മാര്‍ത്തോമ്മാ സഭാ സ്ഥാപകന്‍ പാലക്കുന്നത്ത് മാര്‍ തോമസ് അത്താനാസ്യോസും തമ്മില്‍ നടന്ന വ്യവഹാരത്തിന്‍റെ 1889-ല്‍ പ്രഖ്യാപിച്ച അന്തിമവിധിയില്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ ലൗകീകാധികാരം ഇല്ലന്നു വിധിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ ആത്മീയ അധികാരം – മെത്രാന്മാരെ പട്ടം കെട്ടുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനും – നിലനില്‍ക്കുമെന്നും ആ വിധി വ്യക്തമാക്കി.

ഈ വിധി ഞെട്ടിച്ചത് പാത്രിയര്‍ക്കീസിനെയാണ്. മലങ്കരയിലെ സ്വത്തും പണവും പള്ളികളും തന്‍റെ തനതു വകയെന്നു കരുതിയിരുന്ന പാത്രിക്കീസിനുണ്ടായ ഇഛാഭംഗം വിവരണാതീതമാണ്. പോരങ്കില്‍ മലങ്കര മെത്രാപ്പോലീത്താ സ്വദേശി ആയിരിക്കണെമന്ന കൊല്ലം പഞ്ചായത്തുവിധി നിലനില്‍ക്കുമെന്നും, ആ സ്ഥാനിക്കു മലങ്കരയുടെ തിരഞ്ഞെടുപ്പ് അനിവാര്യമാണന്നും റോയല്‍ കോടതി വ്യക്തമാക്കിയതോടെ ഒരു ശീമ ബാവായെ വെച്ചു മലങ്കരയെ മേഞ്ഞു ഭരിക്കാമെന്നുള്ള മോഹവും അസ്തമിച്ചു. റിശീസാ പാത്രിയര്‍ക്കീസിനോ ഭരിക്കുന്ന മെത്രാനോ അവകാശപ്പെട്ടതെന്നു ഖണ്ഡിതമായി പറയാനാവില്ല എന്നുകൂടി കോടതി വ്യക്തമാക്കിയതോടെ മലങ്കരയില്‍നിന്നും ജസിയാ പിരിക്കാനുള്ള സാദ്ധ്യതയും അവസാനിച്ചു. പാത്രിയര്‍ക്കീസിനു സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു അത്.

ഈ പ്രതിസന്ധി നിയമപരമായി മറികടക്കാനുള്ള മാര്‍ഗ്ഗമായി പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായോടും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയോടും തന്‍റെ ലൗകീകാധീകാരം സമ്മതിച്ച് രജിസ്റ്റര്‍ ചെയ്ത ഉടമ്പടികള്‍ നല്‍കാന്‍ പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. പക്ഷേ മലങ്കര മെത്രാപ്പോലീത്തായും മാനേജിംഗ് കമ്മറ്റിയും അപ്രകാരം ചെയ്യുവാന്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ തന്‍റെ കൈവശമുള്ള ആത്മീയ അധികാരം വെച്ച് ലൗകീകാധികാരത്തിനു അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാര്‍ വിലപറയുമെന്നു കുസാഗ്രബുദ്ധിയായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും കോനാട്ടു മല്പാന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍ തുടങ്ങിയ സമുദായ പ്രമാണികളും ഭയപ്പെട്ടതില്‍ അസ്വഭാവികതയില്ല.

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ ഭയം അസ്ഥാനത്തല്ല എന്നു വസ്തുനിഷ്ഠമായി തെളിയിച്ചത് പിന്‍ഗാമിയുടെ മേല്പട്ട വാഴ്ചയാണ്. ദീവന്നാസ്യോസ് എന്ന സ്ഥാനനാമത്തോടെ തന്‍റെ അസിസ്റ്റന്റും പിന്‍ഗാമിയുമായി തിരഞ്ഞെടുത്ത മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെ രജിസ്റ്റര്‍ ഉടമ്പടി നല്‍കാതെ ആ സ്ഥാനത്തു വാഴിക്കുവാനോ സ്ഥാത്തിക്കോന്‍ നല്‍കാനോ 1908-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് വിസമ്മതിച്ചു. വളരെ ബുദ്ധിമുട്ടിയാണ് മലങ്കരസഭ ഈ പ്രതിസന്ധി ഒഴിവാക്കിയത്.

ഈ പ്രതിസന്ധി ഏകപക്ഷീയമായി മലങ്കരസഭയ്ക്ക് മറകടക്കുവാന്‍ സാദ്ധ്യമല്ലായിരുന്നു. കാരണം ഒരിക്കല്‍ പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് അടിയറവെച്ചതും പിന്നീട് കോടതിവിധികളാല്‍ സ്ഥാപിക്കപ്പെട്ടതുമായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ അധികാരം ഏകപക്ഷിയമായി മറികടക്കുക നിയമപരമായി അസാദ്ധ്യമായിരുന്നു. പാത്രിയര്‍ക്കീസ് സ്വമേധയാ ഈ അധികാരം മലങ്കരയ്ക്കു തിരിച്ചു നല്‍കുക എന്നതുമാത്രമായിരുന്നു പ്രായോഗിക പ്രതിവിധി.

1900-നു മുമ്പുതന്നെ മലങ്കരസഭ ഇതിന് അന്ത്യോഖ്യന്‍ സഭാവിജ്ഞാനിയത്തിനുള്ളില്‍നിന്നുകൊണ്ടുള്ള ഒരു പ്രതിവിധി കണ്ടെത്തിയിരുന്നു. ഹൂദായ കാനോനും, അന്ന് നിലവിലുള്ള അന്ത്യോഖ്യന്‍ സഭാ വിജ്ഞാനീയവും അനുസരിച്ചു പാത്രിയര്‍ക്കീസ് ഒഴികെ മേല്പട്ടം നല്‍കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനും അധികാരമുള്ളതും തല്‍ക്കാലം മെസപ്പട്ടോമ്യായില്‍ നിലവിലില്ലാത്തതുമായ മഫ്രിയാനാ സ്ഥാനം പാത്രിയര്‍ക്കീസിന്‍റെ സഹകരണത്തോടെ മലങ്കരയില്‍ പുനര്‍ജ്ജീവിപ്പിക്കുക. പക്ഷേ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, കോനാട്ടു മല്പാന്‍ മുതലായവരുടെ ഈ ആവശ്യം പാത്രിയര്‍ക്കീസ് അംഗീകരിച്ചില്ല. അത് തങ്ങളുടെ വയറ്റത്തടിക്കും എന്നതുതന്നെ കാരണം. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ആരംഭമിട്ട ഈ ശ്രമമാണ് പിന്‍ഗാമിയായ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ കാലത്ത് സാധിതപ്രായമായത്. അല്ലാതെ 1912-ലെ കാതോലിക്കേറ്റ് സ്ഥാപനം പെട്ടന്നുണ്ടായ ഒരു എടുത്തുചാട്ടം ഒന്നുമായിരുന്നില്ല.

പ. മൂറോന്‍റെ ക്ഷാമം പത്തൊമ്പതാം നൂറ്റാണ്ടില്‍ മലങ്കരസഭയില്‍ ഗുരുതരമായ ഒരു പ്രശ്‌നമായിരുന്നു. പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ്, 1877 മകരം 15-ന് കൊച്ചികോട്ടപ്പള്ളിയില്‍ നിന്നും അയച്ച കല്പനയിലെ …നാം മലയാളത്തില്‍ എത്തിയപ്പോള്‍, ചൊവ്വുള്ളവരും ചൊവ്വില്ലാത്തവരുമായ കശ്ശീശന്മാര്‍, മൂറോന്‍ ഒഴിഞ്ഞ കുപ്പിയില്‍ ചെറിയ കോലിട്ടെടുത്ത് മൂറോന്‍ എന്ന പേരു പറഞ്ഞ് മാമ്മൊദീസാ മുക്കുന്ന പൈതലിന്‍റെ മുഖത്ത് സ്ലീബാ വരച്ചുകൊണ്ട് പൈതങ്ങളെ മാമ്മൊദീസാ മുക്കുന്നതായി നാം കണ്ടു… എന്ന ഭാഗം ഈ രൂക്ഷമായ ക്ഷാമത്തിന്‍റെ സ്ഥിതി വ്യക്തമാക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് 1876-ല്‍ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മുളന്തുരുത്തിയില്‍വെച്ചു വി. മൂറോന്‍ കൂദാശ ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ മൂറോനാണ് മലങ്കരസഭ ഉപയോഗിച്ചുവന്നത്. 1911-ല്‍ മുളന്തുരുത്തിയില്‍വെച്ചുതന്നെ വീണ്ടും വി. മൂറോന്‍ കൂദാശ നടത്തിയിരുന്നു. പക്ഷേ അത് അനാവശ്യമായിരുന്നെന്നും പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത വി. മൂറോന്‍ ആവശ്യത്തിനു അന്നും ലഭ്യമായിരുന്നെന്നും ചില സമകാലിക രേഖകള്‍ സാക്ഷിക്കുന്നു.

ഇതിനെത്തുടര്‍ന്ന് നടന്ന അപ്രതീക്ഷിത സംഭവമായിരുന്നു മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം. 1912-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹാ ദ്വിതീയന്‍ കേരളത്തിലെത്തുകയും മലങ്കരസഭ തിരഞ്ഞെടുത്ത കണ്ടനാടിന്‍റെ പൗലൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തില്‍ ബസേലിയോസ് എന്ന പേരില്‍ കാതോലിക്കാ ആയി വാഴിക്കുകയും ചെയ്തു. അതോടെ പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് ഏകപക്ഷിയമായി തീറെഴുതിക്കൊടുത്ത മലങ്കരയുടെ ആത്മീയ സ്വാതന്ത്ര്യം നിരുപാധികം ദാനാധാരമായി മടക്കി നല്‍കി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ബസേലിയോസ് പൗലൂസ് പ്രഥമന് സ്ഥാത്തിക്കോന്‍ നല്‍കി. അങ്ങിനെ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, കോനാട്ടു മല്പാന്‍ മുതലായവര്‍ പ്രാരംഭമിട്ട മലങ്കരയുടെ ആത്മീയസ്വാതന്ത്ര്യ പ്രസ്ഥാനം യാഥാര്‍ത്ഥ്യമായി. 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍കോടതി ലൗകീകാധികാരത്തിലെ സ്വാതന്ത്ര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചതിനു പുറമേ ഈ സംഭവത്തോടെ മലങ്കരസഭ ആത്മീയമായും സ്വതന്ത്രമായി.

1947-ല്‍ ഇന്ത്യ സ്വതന്ത്രയായി എന്ന കേവല യാഥാര്‍ത്ഥ്യം ഇന്ത്യ എന്നും പാരതന്ത്ര്യത്തിലായിരുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല. പതിനാറാം നൂറ്റാണ്ടുമുതല്‍ യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെ ആയുധബലത്തിനും തന്ത്രങ്ങള്‍ക്കും ഇന്ത്യ അധീനയാവുകയായിരുന്നു. ഒരു പരിധിയിലധികം ഇന്ത്യാക്കാരുടെ കൈയ്യിലിരിപ്പും തമ്മില്‍ത്തല്ലും ഇതിനു ത്വരകമായി. നസ്രാണികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതും ഏതാണ്ട് പൂര്‍ണ്ണമായും സ്വന്തം അന്തഛിദ്രം മൂലമാണ്. ആ ആത്മീയ സ്വാതന്ത്ര്യമാണ് 1912-ല്‍ തിരികെ ലഭിച്ചത്.

മൂന്നു വ്യക്തമായ അവകാശങ്ങളാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹാ ദ്വിതീയന്‍ നല്‍കിയ സ്ഥാത്തിക്കോനില്‍ ഉള്ളത്. അവ;

1. മലങ്കരയിലെ പൗരസ്ത്യ കാതോലിയ്ക്കയ്ക്ക് സഭ ആവശ്യപ്പെടുന്നതനുസരിച്ച് മെത്രാന്മാരെ വാഴിക്കാം.
2. മലങ്കര സഭയ്ക്ക് ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തിനു വി. മൂറോന്‍ കൂദാശ ചെയ്യാം.
3. പൗരസ്ത്യ കാതോലിയ്ക്കായുടെ പിന്‍ഗാമികളെ മലങ്കരസഭയ്ക്ക് തിരഞ്ഞെടുത്തു വാഴിക്കാം.

ചുരുക്കത്തില്‍, ഈ വാഴ്ചയോടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ മലങ്കരസഭ തങ്ങള്‍ക്ക് അടിയറവെച്ച ആത്മീയ സ്വാതന്ത്ര്യം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നിരുപാധികം മടക്കില്‍കി.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹാ ദ്വിതീയന്‍ നല്‍കിയ സ്ഥാത്തിക്കോന്‍ കൂടാതെ ഇതു സംബന്ധിച്ച് ആരും ശ്രദ്ധിക്കാത്ത വ്യക്തമായ ഒരു രേഖകൂടി നിലവിലുണ്ട്. അത് തന്‍റെ വാഴ്ചയുടെ ദിനത്തില്‍ത്തന്നെ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ സ്വകൈപ്പടയില്‍ തന്‍റെ തക്‌സായില്‍ സുറിയാനിയില്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ്. ഫാ. മാത്യു വര്‍ഗ്ഗീസ്, അടൂര്‍ പരിഭാഷപ്പെടുത്തിയ അതിന്‍റെ പൂര്‍ണ്ണരൂപം താഴെ രേഖപ്പെടുത്തുന്നതാണ്.

എന്നാല്‍ വീണ്ടും ജീവദായകനും കാരുണ്യവാനായ ദൈവത്തിനു സ്തുതി

കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്ത മാര്‍ ഈവാനിയോസ് പൗലോസ് ഇപ്രകാരം എഴുതുന്നു.

വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹീക സിംഹാസനത്തില്‍ കാതോലിക്കാ ബസേലിയോസ് എന്ന് വിളിക്കപ്പെടുകയും അറിയപ്പെടുകയും (ചെയ്യുന്നു). മാര്‍തോമ്മാശ്ലീഹായുടെ കൈകളാല്‍ സ്ഥാപിക്കപ്പെട്ട മലബാറിലെ എഴരപള്ളികളില്‍ ഒന്നായ നിരണത്തുള്ള ദൈവമാതാവായ വി. കന്യകമറിയാമിന്‍റെ ദേവാലയത്തിലെ വി. മദ്ബഹായില്‍ വച്ച് ഇന്ന് അവന്‍റെ പേര് പൗരസ്ത്യ ശ്ലൈഹിക സിംഹാസനത്തിന്‍റെ ബസേലിയോസ് കാതോലിക്കോസ് എന്ന് മാറ്റപ്പെട്ടു. കാര്‍മ്മികന്‍ അന്ത്യോഖ്യായുടെ ശ്ലൈഹികസിംഹാസനത്തിലെ നമ്മുടെ പ്രധാന മഹാപുരോഹിതന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ആയിരുന്നു. ദൈവത്താല്‍, മിശിഹായുടെ ദാസന്‍മാരും, നിറവുള്ളവരും, ബഹുമാന്യരുമായ രണ്ട് മെത്രാപ്പോലീത്തന്മാരും സംബന്ധിച്ചു. ഈ (കാതോലിക്കായുടെ) അധികാരത്താല്‍ ഒന്നാമതായി മെത്രാന്‍മാരെ പട്ടം കെട്ടുവാനും, മൂറോന്‍ കൂദാശ ചെയ്യുവാനും കഴിയും. ഇതു കൂടാതെ ഇനിയും മേല്‍പ്പട്ടക്കാരെ മുടക്കുവാനും, നീക്കുവാനും കഴിയും. നമ്മുടെ സത്യ അനുതാപം ദൈവം സ്വീകരിക്കട്ടെ. മഹത്വമുള്ളവളും, വിശുദ്ധിയുള്ളവളും ദൈവമാതാവുമായ കന്യകമറിയാമിന്‍റെയും, തോമ്മാശ്ലീഹായുടെയും എല്ലാ പരിശുദ്ധന്മാരുടേയും പ്രാര്‍ത്ഥനയും ഓര്‍മ്മയും സത്യമായും നമ്മുക്ക് കോട്ടയായിരിക്കും.
ഇന്ന് ഈലൂല്‍ മാസത്തെ രണ്ടാമത്തെ ഞായറാഴ്ച 1912 മിശിഹാക്കാലം.

ഇത് ഇപ്രകാരം ഈ പദവി സ്വീകരിച്ചതിനുശേഷം എഴുതി.

വ്യക്തമായ ഈ സ്വാതന്ത്ര്യരേഖകള്‍ നിലവിലുണ്ടെങ്കിലും മലങ്കരസഭ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും നേടി എന്ന വസ്തുത വ്യക്തമാക്കിയത് ഘട്ടംഘട്ടമായാണ്. അധികാരം കൈയ്യിലുള്ളപ്പോള്‍ അതിന്‍റെ വെറും പ്രകടനത്തിനു പകരം ആവശ്യാനുസൃതം മാത്രം അതുപയോഗിക്കുക എന്നതായിരുന്നു മലങ്കര സഭയുടെ ഇക്കാര്യത്തിലെ നിലപാട്. അതിനാല്‍ കാതോലിക്കോറ്റുമൂലം സിദ്ധമായ അധികാര പ്രകടനങ്ങളൊന്നും ഉടന്‍ നടത്താന്‍ മലങ്കരസഭ തുനിഞ്ഞില്ല. ആവശ്യാനുസൃതമാണ് തങ്ങളുടെ സ്വയം ശീര്‍ഷകത്വം മലങ്കരസഭ പുറത്തെടുത്തത്.

1925-ല്‍ കോട്ടയത്തിന്‍റെ വാകത്താനം കാരുചിറ ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായെ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ആയി വാഴിച്ചുകൊണ്ട് സഭാദ്ധ്യക്ഷന് പിന്‍ഗാമിയെ വാഴിക്കാനുള്ള മലങ്കര സഭയുടെ അവകാശം യാഥാര്‍ത്ഥ്യമാക്കി. അദ്ദേഹം പണിക്കരുവീട്ടില്‍ ഗീവര്‍ഗീസ് കത്തനാരെ ബഥനിയുടെ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എപ്പസ്‌ക്കോപ്പാ ആയി വാഴിച്ചതോടെ മേല്പട്ടക്കാരെ വാഴിക്കാനുള്ള മലങ്കരയിലെ കാതോലിക്കാമാരുടെ അധികാരവും സഭ ഉപയോഗിച്ചു. 1929-ല്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയനെ തിരഞ്ഞെടുത്തു സിംഹാസനാരോഹണം ചെയ്യുകയും പിറ്റന്ന് അദ്ദേഹം രണ്ടു മേല്പട്ടക്കാരെ വാഴിക്കുകയും ചെയ്തതോടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു.

1929-നു ശേഷം നടപ്പാക്കാതെ ശേഷിച്ച ഏക സ്വയം ശീര്‍ഷകത്വ അവകാശം വി. മൂറോന്‍ കൂദാശ ആയിരുന്നു. അതും 1932-ല്‍ യാഥാര്‍ത്ഥ്യമാക്കി. മിശിഹാകാലം 1932-ന് കൊല്ലം 1107-മാണ്ടു മീനമാസം 10-ാം തീയതി കോട്ടയം സുറിയാനി സെമിനാരിയില്‍ നിന്നും 465-ാം നമ്പര്‍ കല്പനയായി വി. മാര്‍ത്തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഡനായി ബലഹീനനായ രണ്ടാമത്തെ ഗീവര്‍ഗീസ് എന്ന അഭീധാനമുള്ള ബസേലിയോസ് കാതോലിക്കാ, താന്‍ വി. മൂറോന്‍ കൂദാശ ചെയ്യുന്ന വിവരം പരസ്യപ്പടുത്തി. കല്പനയുടെ പ്രസക്ത ഭാഗം.;

...അനുഗ്രഹിക്കപ്പെട്ടവരും, സ്‌നേഹിക്കപ്പെട്ടവരും, വാത്സല്യഭാജനങ്ങളുമായ റൂഹായ്ക്കടുത്ത നമ്മുടെ മക്കളെ, നമ്മുടെ പല ഇടവകകളിലും വി. മൂറോന്‍ ആവശ്യത്തിനു മതിയാകുന്നിടത്തോളം കിട്ടുവാന്‍ പ്രയാസമാണന്നറിയുന്നതു നിമിത്തം എത്രയും വേഗത്തില്‍ ഈ കുറവിനെ പരിഹരിക്കുന്നതിലേക്കായി സുറിയാനിക്കണക്കണക്കിന് 1107 മേടമാസം 10-ാം നു വെള്ളിയാഴ്ച (നാല്പതാം വെള്ളിയാഴ്ച) ഈ സെമിനാരി ചാപ്പലില്‍ വെച്ചു വി. മൂറോന്‍ കൂദാശ നടത്തണമെന്നു കര്‍ത്താവില്‍ നാം ആശിക്കുന്നു. മൂറോന്‍ കൂദാശ നടത്തുക എന്നതു സാധാരണമല്ലാത്തതിനാല്‍ നമ്മുടെ സഭയുടെ നിലയ്ക്കും മഹിമയ്ക്കും ഒത്തവണ്ണം നടത്തേണ്ടതാകയാല്‍ കഴിവുള്ള എല്ലാ വൈദീകരും, ജനങ്ങളും അതില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുമന്നു നാം വിശ്വസിക്കുന്നു. പ്രത്യേകിച്ചു വന്നു ചേരുന്ന പട്ടക്കാര്‍ക്ക് അവരുടെ അംശവസ്ത്രങ്ങളും ഉണ്ടായിരിക്കണം…

ദീര്‍ഘമായ മുന്നൊരുക്കങ്ങളോട അന്നു നടത്തിയ വി. മൂറോന്‍ കൂദാശയെപ്പറ്റിയുള്ള അന്നത്തെ പത്രറിപ്പോര്‍ട്ടിലെ ഒരുഭാഗം തികച്ചും പ്രസക്തമാണ്. …കൂദാശ നടത്തുന്ന ആള്‍ വളരെ മുമ്പെ തന്നെ ചില പ്രത്യേക വൃതങ്ങള്‍ അനുഷ്ടിക്കണം. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിച്ചുകൂട്ടുകയും മിക്കവാറും മൗനവൃതം അവലംബിക്കുകയും വേണം. ഈ സമയത്തു പ്രത്യേക പ്രാര്‍ത്ഥനകളോടുകൂടി ഔഷധങ്ങള്‍ ഒലിവെണ്ണയിലിട്ടു കുപ്പികള്‍ക്കകത്താക്കി അടച്ചു കുപ്പികള്‍ വെള്ളത്തിലിട്ടു തിളപ്പിക്കും. ഈ കര്‍മ്മം കാതോലിയ്ക്കാ ബാവായാണു നടത്തുന്നത്… (മലയാള മനോരമ, 23 ഏപ്രില്‍ 1932)

ക്രമപ്പെടുത്തിയിരുന്നതുപോലെ 1932 ഏപ്രില്‍ 22-നു പഴയ സെമിനാരിയില്‍വെച്ചു പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ പ. മൂറോന്‍ കൂദാശ നടത്തി. മലങ്കര സഭയുടെ സ്വയംശീര്‍ഷകത്വം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഈ കര്‍മ്മം അന്നത്തെ പാത്രിയര്‍ക്കീസ് വിഭാഗത്തെ തികച്ചും അസ്വസ്ഥരാക്കി എന്നല്ല ഞെട്ടിച്ചു എന്നുതന്നെ പറയാം. അതിന്‍റെ പാര്‍ശ്വഫലമായി അന്ന് കൂദാശ ചെയ്ത പ. മൂറോന് അവര്‍ ഒരു പരിഹാസപ്പേരു നല്‍കി; ഖദര്‍ മൂറോന്‍.

ഈ പരിഹാസനാമത്തിനു ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്‍റെ ഭാഗമായി 1905-ല്‍ ബ്രിട്ടീഷ് അധകാരികള്‍ ബംഗാള്‍ വിഭഝിച്ചു. അതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഉയര്‍ന്നുവന്ന ഒരു ആശയമാണ് സ്വദേശി പ്രസ്ഥാനം. 1918-ല്‍ മഹാത്മാ ഗാന്ധി സ്വദേശി പ്രസ്ഥാനത്തിനു വ്യക്തമായ ഒരു താത്വിക- പ്രായോഗിക രൂപം നല്‍കി ദേശീയ സ്‌നതന്ത്ര്യസമരത്തിന്‍റെ ഭാഗമാക്കി. നമ്മള്‍ നൂറ്റ നൂലുകൊണ്ട് നമ്മള്‍ നെയ്ത നമ്മുടെ വസ്ത്രം എന്ന നിലയില്‍ അദ്ദേഹം ഖാദിയെ അവതരിപ്പിച്ചത് കേവലം ചിലവുകുറഞ്ഞ ഒരു വസ്ത്രവിശേഷം എന്ന നിലയിലല്ല, മറിച്ച് വിദേശ വസ്തുക്കളെയും അതുവഴി വിദേശ ഭരണത്തേയും ആശ്രയിക്കുന്ന അവസ്ഥയ്ക്ക് എതിരായി പ്രതീകാത്മകമായി സ്വാതന്ത്ര്യം എന്തെന്നു ഇന്ത്യന്‍ ജനതയ്ക്ക് സരളമായി അദ്ദേഹം കാട്ടിക്കൊടുക്കുയായിരുന്നു. തന്‍റെ മരണംവരെ സ്വയാശ്രയത്വവും സ്വയംഭരണവും വളര്‍ത്താനുള്ള ഒരു ഉപാധീയായി കണ്ടാണ് മഹാത്മാ ഗാന്ധി ഖദറിനെ പ്രോല്‍സാഹിപ്പിച്ചത്. അധിനിവേശ ശക്തികള്‍ക്കാകെട്ടെ, ഖാദി, താഴ്ന്ന നിലവാരത്തിലുള്ള ഒരു പരിഹാസവസ്തുവും.

ഈ പശ്ചാത്തലത്തിലാണ് തദ്ദേശീയമായി കൂദാശ ചെയ്യപ്പെട്ട വി. മൂറോനെ മലങ്കരയിലെ അധിനിവേശ ശക്തികളും അവരുടെ പിണിയാളുകളും ഖദര്‍ മൂറോന്‍ എന്നു വിശേഷിപ്പിച്ചത്. പക്ഷേ നസ്രാണികള്‍ക്കിടയില്‍ അത്തരം പ്രചരണം വിപരീത ഫലമാണുണ്ടാക്കിയത്. പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കൂദാശ ചെയ്ത പ. മൂറോനെ ദേശീയതയുടെയും തങ്ങളുടെ സ്വയം ശീര്‍ഷകത്വത്തിന്‍റെയും പ്രതീകം കൂടെയായി അവര്‍ കൈക്കൊണ്ടു. അടിമ മനഃസ്ഥിതിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഒരു പ്രഹരമായിരുന്നു ഇത്.

1934-ല്‍ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ കാലം ചെയ്തു. അതേവര്‍ഷം മലങ്കര അസോസിയേഷന്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ കൂടിയായി തിരഞ്ഞെടുത്തു. ഇത് പാത്രിയര്‍ക്കീസിനും പിണിയാളുകള്‍ക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നു. പാത്രിയര്‍ക്കീസിനു സമമായ ആത്മീയ അധികാരം കൈയ്യാളുന്ന പൗരസ്ത്യ കാതോലിക്കാ, മലങ്കര സഭയുടെ ലൗകീക ഭരണത്തിലെ ചോദ്യം ചെയ്യപ്പെടാത്ത അധികാരി എന്നു കോടതികള്‍ അസന്നിഗ്ദമാംവിധം വ്യക്തമാക്കിയ മലങ്കര മെത്രാപ്പോലീത്തായുടെ ചുമതലകള്‍കൂടി വഹിക്കുന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു. കോടതി വ്യവഹാരങ്ങള്‍ക്കു പുറമെ അദ്ദേഹത്തിന്‍റെ പട്ടത്വത്തെക്കൂടി ചോദ്യം ചെയ്താണ് പാത്രിയര്‍ക്കീസ് വിഭാഗം പ്രതികരിച്ചത്. പ. പരുമല തിരുമേനിയില്‍നിന്നും കത്തനാരു പട്ടവും റമ്പാന്‍ സ്ഥാനവും സ്വീകരിച്ച വ്യക്തിയാണ് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍. അദ്ദേഹം മുടക്കപ്പെട്ടു എന്നു തങ്ങള്‍ അവകാശപ്പെടുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹാ ദ്വിതീയനില്‍നിന്നും മേല്പട്ടസ്ഥാനം സ്വീകരിച്ചു എന്നതിനാലും, മലങ്കരയുടെ ലൗകീകാധികാരം അടിയറ വെച്ചില്ല എന്ന മഹാപരാധത്തിനു നിയമവിരുദ്ധമായി മുടക്കപ്പെട്ട പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായുമായി സഹകരിച്ചു എന്നതിനാലും പട്ടമില്ലാത്തവനായി ചിത്രീകരിക്കപ്പെട്ടു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്ക് നിയമവിരുദ്ധവും അകാനോനികവുമാണെന്നു കോടതി കണ്ടെത്തിയതും പ. അബ്ദല്‍ മ്ശീഹായുടെ മുടക്കിനെപ്പറ്റിയുള്ള വാദങ്ങള്‍ വട്ടിപ്പണക്കേസില്‍ കോടതി പൊളിച്ചടുക്കിയതും അവര്‍ക്കു വിഷയമായിരുന്നില്ല. കൂട്ടത്തില്‍ കിഴക്കിന്‍റെ മഹാചാര്യനെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മുതല്‍ കപ്യാരു വരെയുള്ള ചില സ്ഥാനികള്‍ പട്ടമില്ലാത്ത കിഴവന്‍ എന്ന അര്‍ത്ഥത്തില്‍ വൃദ്ധന്‍ പന്നൂസ് എന്നു പരോക്ഷമായി സംബോധന ചെയ്തു. ഇവര്‍ക്കാര്‍ക്കും മഹാപണ്ഡിതനായ അദ്ദേഹത്തിന്‍റെ മുഖത്തുനോക്കി പറയുവാന്‍ ധൈര്യമില്ലായിരുന്നെങ്കിലും.

ഇതൊന്നും പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കൂട്ടക്കിയില്ല. അദ്ദേഹം പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും എന്ന നിലയില്‍ ഉള്ള തന്‍റെ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് കൂസലന്യേ അദ്ദേഹം മുമ്പോട്ടുപോയി. മലങ്കരസഭയ്ക്ക് ആവശ്യം വന്നപ്പോഴൊക്കെ അദ്ദേഹം മെത്രാന്മാരെ വാഴിച്ചു. അതിനു മകുടം ചാര്‍ത്തിക്കൊണ്ട് 1951-ല്‍ വീണ്ടും വി. മൂറോന്‍ കൂദാശ നടത്തുവാന്‍ നിശ്ചയിച്ചു. കാനോന്‍ വിധിപ്രകാരവും ക്രിയാസംഹിതയില്‍നിന്നും അണുവിടെ തെറ്റാതയും കഠിനവൃതനിഷ്ഠയോടെയും അദ്ദേഹം വി. മൂറോന്‍ കൂദാശയ്ക്ക് ഒരുങ്ങി. പഴയ സെമിനാരിയില്‍നിന്നും ശുബ്‌ക്കോനോ മുതല്‍ പുറത്തുപോകാതെ നോമ്പും ഉപവാസവുമായി കഴിഞ്ഞ അദ്ദേഹം തന്‍റെ പ്രിയനായ പുത്തന്‍കാവില്‍ കൊച്ചു തിരുമേനിയുടെ ഭൗതീക ശരീരം വി. മൂറോന്‍ കൂദാശയ്ക്ക് ഒരുക്കി ഇട്ടിരുന്ന പഴയ സെമിനാരി ചാപ്പലില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചില്ല. എന്നു മാത്രമാല്ല, പുത്തന്‍കാവില്‍ നടന്ന ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തുമില്ല. മുന്‍ നിശ്ചയപ്രകാരം 1951 ഏപ്രില്‍ 22-നു നാല്പതാം വെള്ളിയാഴ്ച വി. മൂറോന്‍ കൂദാശ നടത്തി മലങ്കരയിലെ കാതോലിക്കേറ്റ് അജയ്യമാണന്നു തെളിയിച്ചു. ഇതിനിടെ ഇന്ത്യ സ്വാതന്ത്ര്യയായതിനാലാവാം, ഖദര്‍ മൂറോന്‍ പ്രചരണം അധികം ഉയര്‍ന്നില്ല.

1958-ല്‍ സ്ഥിതിഗതികള്‍ക്ക് പൊടുന്നനവേ മാറ്റം വന്നു. ആ വര്‍ഷം സെപ്റ്റംബര്‍ 12-ന് സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ബഞ്ച് 1934-ലെ മലങ്കര സഭാ ഭരണഘടന സാധുവാണന്നും, പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആണന്നും വിധിച്ചു. ഇതിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി അതേവര്‍ഷം ഒക്‌ടോബര്‍ 28-നി സുപ്രീം കോടതി തള്ളി. അതോടെ പൊടുന്നനവെ വൃദ്ധന്‍ പുന്നൂസ്, പ. മാര്‍ത്തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തില്‍ ആരുഡനായിരിക്കുന്ന മോറാന്‍ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയായി! അദ്ദേഹം കൂദാശ ചെയ്ത ഖദര്‍ മൂറോന്‍ ഇരുണ്ടുവളുത്തപ്പോഴേയ്ക്കും സുഗന്ധവും പരിശുദ്ധാത്മാവാസവും പ്രാപിച്ച് വിശുദ്ധ മൂറോനായി!

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ആകട്ടെ, ആട്ടിന്‍തൊഴുത്തിലേയ്ക്കു മടങ്ങിവന്ന തന്‍റെ കുഞ്ഞാടുകളെ പിതൃതുല്യ സ്‌നേഹത്തോടെ ഉപാധികളില്ലാതെ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. താന്‍ കൂദാശ ചെയ്ത ഖദര്‍ മൂറോന്‍ അവര്‍ക്കും പങ്കുവെച്ചു. എന്നു മാത്രമല്ല, 1958 ഡിസംബര്‍ 16-ന് വി. മാര്‍ത്തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഡനായിരുന്ന് പൗരസ്ത കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും എന്ന നിലയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ഭരണഘടനയ്ക്കു വിധേമായി അംഗീകരിക്കുവാന്‍ പ്രസാദിക്കുകയും ചെയ്തു!

യഥാര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-നു ദേവലോകം അരമനയില്‍ കൂദാശ ചെയ്യപ്പെടുന്നതും ഖദര്‍ മൂറോന്‍ ആണ്. അതില്‍ യഥാര്‍ത്ഥ നസ്രാണിക്ക് അഭിമാനിക്കാം. രാജ്യനിയമത്തിനു വിധേയമായി നസ്രാണികളാല്‍ തിരഞ്ഞെടുത്തു വാഴിക്കപ്പെട്ട തദ്ദേശീയനായ പൗരസ്ത്യ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ സഭാ വിജ്ഞാനീയത്തിനും കാനോന്‍ നിയമത്തിനും ക്രിയാസംഹിതയ്ക്കും അനുസൃതമായി കൂദാശ ചെയ്യുന്ന വി. മൂറോനെ ഖദര്‍ മൂറോന്‍ എന്നു സംബോധന ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിന്‍റെ മാഹാത്മ്യം ദേശസ്‌നേഹികള്‍ക്കേ മനസിലാവു.

1947 ഓഗസ്റ്റ് 15-നു ഡല്‍ഹിയലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ദൃശ്യവല്‍ക്കരിച്ചത്. ഇന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതും, ജനുവരി 26-നു റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് രാജ്പഥില്‍ സല്യൂട്ട് സ്വീകരിക്കുന്നതും ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യത്തിന്‍റെ വര്‍ഷാവര്‍ഷമുള്ള പ്രതീകവല്‍ക്കരണമാണ്. അതേപോലെതന്നെ മലങ്കരസഭയ്ക്കു ലഭിച്ച ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകാത്മക പ്രകടനം കൂടിയാണ് ദശവര്‍ഷത്തില്‍ ഒരിക്കല്‍ പൗരസ്ത്യ കാതോലിക്കാമാര്‍ നടത്തുന്ന വി. മൂറോന്‍ കൂദാശ.

: ഡോ. എം. കുര്യന്‍ തോമസ്

വി. മൂറോന്‍ തൈലവും കൂദാശയും : ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്