മരത്തംകോട് പള്ളി കൂദാശ ബുധനും വ്യാഴവും

മരത്തംകോട് ∙ പുനർനിർമിച്ച സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ബുധൻ, വ്യാഴം ദിവസങ്ങളിലായി കൂദാശ ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനാകും. ബാവായെയും കൂദാശയ്ക്കു സഹകാർമികരാകുന്ന തോമസ് മാർ അത്താനാസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവരെയും ബുധനാഴ്ച മൂന്നിന് ആർത്താറ്റ് അരമനയിൽനിന്നു വാഹന ഘോഷയാത്രയായി പള്ളിയിലേക്കു വരവേൽക്കും.

നാലിനു ചേരുന്ന പൊതുസമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ.ബിജു എം.പി മുഖ്യപ്രഭാഷണം നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സഹായവിതരണവും ഉണ്ടാകും. ആറിനു കൊടിമര, കൽക്കുരിശ് കൂദാശ. തുടർന്നു സന്ധ്യാനമസ്കാരത്തിനു ദേവാലയ കൂദാശയുടെ ഒന്നാംഘട്ട ശുശ്രൂഷ നടത്തും. സ്നേഹവിരുന്നും ഉണ്ട്. വ്യാഴാഴ്ച ആറിനു പ്രഭാത നമസ്കാരം.

കൂദാശയുടെ രണ്ടാം ഘട്ടത്തെത്തുടർന്നു ബാവാ മുഖ്യകാർമികനായും ദിയസ്കോറസ്, യൂലിയോസ് മെത്രാപ്പൊലീത്തമാർ സഹകാർമികരായും മൂന്നിന്മേൽ കുർബാന. തിരുശേഷിപ്പ് സ്ഥാപനം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയും നടത്തുമെന്നു വികാരി ഫാ. ജോൺ ഐസക്ക്, കൈസ്ഥാനി വി.പി.സക്കറിയ, ജനറൽ കൺവീനർ സി.സി.ജോയ് എന്നിവർ അറിയിച്ചു. ‍വ്യാഴാഴ്ച ആറിനു സന്ധ്യാനമസ്കാരവും രാത്രി ക്രിസ്ത്യൻ ഗാനമേളയും ഉണ്ട്.

കൂദാശയോടനുബന്ധിച്ചു നാളെ രാവിലെ എട്ടിനു കുർബാന. പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ് കൂദാശ ഒരുക്കധ്യാനം നയിക്കും. 1890-ൽ പരുമല തിരുമേനി തുടക്കമിട്ട പ്രൈമറി സ്കൂളിന്‍റെ ഓലഷെഡ് 1896-ൽ പള്ളിയായി രൂപാന്തരപ്പെടുത്തി മേശയിട്ടാണു കുർബാന അർപ്പിച്ചിരുന്നത്. ഏറെക്കാലം ഈ മേശയിലായിരുന്നു കുർബാന നടത്തിയിരുന്നതും. 1951-ൽ കാതോലിക്കാ ദിനാചരണത്തിനു കുന്നംകുളത്ത് എത്തിയ പുത്തൻകാവിൽ കൊച്ചുതിരുമേനി മരത്തംകോട് പള്ളി സന്ദർശനത്തിനിടെ രോഗാതുരനായി കാലം ചെയ്‍തതും ഇവിടെയാണ്.

അദ്ദേഹം അന്ത്യനാളിൽ വിശ്രമിച്ച മുറിയും കട്ടിലും പരിപാവനമായി ഇന്നും സൂക്ഷിക്കുന്നു. 2001-ൽ പുത്തൻകാവിൽ തിരുമേനിയുടെ തിരുശേഷിപ്പ് മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ പള്ളിയിൽ സ്ഥാപിച്ചു. പള്ളിയും കീഴിലുള്ള നാലു കുരിശുപള്ളികളും പരുമല തിരുമേനിയുടെ നാമത്തിൽ പണികഴിപ്പിച്ചതാണ്.

2013 ഡിസംബർ 25-നു പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പുനർ നിർമാണത്തിനു തറക്കല്ലിട്ടു. 2014 നവംബർ രണ്ടിനു ഡോ. ഗീവർഗീസ് മാർ യൂലിയോസ് നിർമാണ പ്രവൃത്തിക്കു തുടക്കമിട്ടു. 2015 മേയ് പത്തിനായിരുന്നു കട്ടിളവയ്പ്. സി.എസ്.തോമസ്, കെ.എം.വർഗീസ്, ജിയോ കെ.വിൽസൻ, സി.കെ.ഗീവർ, സി.കെ.സാംസൺ എന്നിവരടങ്ങുന്ന സമിതിയാണു കൂദാശ ശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നത്.

error: Thank you for visiting : www.ovsonline.in