ചരിത്ര വഴികളിലൂടെ പിറവം മര്‍ത്തമറിയം ഓര്‍ത്തഡോക്സ് കത്തീഡ്രല്‍
മലങ്കര ഓര്‍ത്തഡോക്‍സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പിറവം മര്‍ത്തമറിയം കത്തീഡ്രല്‍ പള്ളിയെ പറ്റി പറഞ്ഞു കേള്‍ക്കുന്ന ഐതിഹ്യം സത്യം എങ്കില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്തിയ ദേവാലയങ്ങളില്‍ ഒന്നാണ് ഈ ദേവാലയം. ഒരു ദേശത്തിന്‍റെ ചരിത്രം മുഴുവൻ ഉറങ്ങി കിടക്കുന്ന പിറവം വലിയ പള്ളിക്ക് 1600 വര്‍ഷങ്ങള്‍ക്കു മുകളിൽ പഴക്കം പറയപ്പെടുന്നുണ്ട്.
പിറവം പള്ളി മൂവാറ്റുപുഴയാറിന്‍റെ കിഴക്കേതീരത്ത് ഒരു ചെറിയ കുന്നിന്‍പുറത്തു നാടിനു വഴിവിളക്കായി ശോഭിക്കുന്നു. സാധാരണ ഈ പള്ളിയെ കന്യകാമറിയാമിന്‍റെ പള്ളി, രാജാക്കളുടെ പള്ളി, രാജാക്കളുടെ നട എന്നൊക്കെ ഭക്ത്യാദരപൂര്‍വ്വം വിളിച്ചുപോരുന്നു. പിറവം പള്ളിയുടെ പാരമ്പര്യംതന്നെ ക്രിസ്തുജനനത്തിന്‍റെ കാലത്തോളം നീണ്ടുകിടക്കുന്നു. യേശുക്രിസ്തുവിന്‍റെ ജന്മസമയത്ത് ആകാശത്തു പ്രത്യക്ഷപ്പെട്ട ദിവ്യനക്ഷത്രത്തെ പിന്തുടര്‍ന്നുചെന്ന് പൊന്നും, മീറയും, കുന്തിരക്കവും, കാഴ്ചവച്ച മൂന്നു ജ്ഞാനികളിലൊരാള്‍ ഭാരതീയനായിരുന്നുവെന്ന് പ്രസിദ്ധമാണല്ലോ. ആ ആള്‍ പിറവത്ത് പാഴൂര്‍ പടിപ്പുരയിലെ അംഗമായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. യേശുവിന്‍റെ ജനനത്തെ സൂചിപ്പിക്കുന്ന ‘പിറവി’ കണ്ട രാജാക്കളുടെ നാട് ലോപിച്ചാണ് ‘പിറവം’ ആയതെന് വിശ്വാസിക്കുന്നു . പിറവി കണ്ട് ഇന്ത്യയിലേക്ക് മടങ്ങിയ രാജാവാകട്ടെ ഇവിടെയൊരു പള്ളി സ്ഥാപിച്ചു, അതത്രേ പിറവം പള്ളി എന്നറിയപ്പെടുന്നത്. ആ രാജാവ് വെച്ച് ആരാദിച്ചു എന്ന് കരുതപ്പെടുന്ന തിരുപ്പിറവിയുടെ ഒരു ചിത്രം ഇന്നും പള്ളി മേൻപ്പൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ല വർഷവും ഒക്ടോബര്‍ 8-നു കല്ലിട്ട് പെരുന്നാളിന് അത് വണക്കത്തിനായി പുറത്തെടുക്കും.
പള്ളിയോടു ചേര്‍ന്നു തന്നയാണ് പിഷാരുകോവില്‍ ദേവിക്ഷേത്രവും. ഒരേപുരയിടത്തില്‍ തന്നെ പള്ളിയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത് അത്യപൂര്‍വ്വമാണ്. ഐതിഹ്യം സത്യമെങ്കില്‍ ലോകത്തിലെ ആദ്യക്രൈസ്തവദേവാലയങ്ങളില്‍ ഒന്ന് പിറവം വലിയ പള്ളിയത്രെ! നാട്ടിലെ പ്രമുഖ ഹൈന്ദവ കുടുംബാംഗമായിരുന്ന ചാലശ്ശേരി പണിക്കരാണ് പള്ളി നിര്‍മ്മിക്കാന്‍ 40 സെന്റ് സ്ഥലം നല്‍കിയതെന്നു കരുതപ്പെടുന്നു. പള്ളി സ്ഥാപിച്ച രാജാക്കന്‍മാരുടെ പടത്തലവന്മാരായിരുന്നു ചാലശ്ശേരി കുടുംബക്കാരെന്നാണ് വിശ്വാസം.
ആദ്യം സ്ഥാപിച്ച പള്ളി ഒരു ഹൈന്ദവ മാതൃകയിലുളളതായിരുന്നു എന്നു കരുതുന്നു. ഭാരതീയമായ പൂജാശൈലിയും അനുഷ്ഠാനവിധികളുമായിരുന്നു ദേവാലയത്തിന്‍റെ ആദ്യ കാലഘട്ടങ്ങ ളിലുണ്ടായിരുന്നത്. ഇത് പിന്നീട് അഞ്ചാംശതകത്തില്‍ പുതുക്കിപ്പണിതു എന്നും കണക്കാക്കുന്നു. അതാണ് ഇന്ന് കാണുന്ന പള്ളി. പൂര്‍വിക സഭാ പാരമ്പര്യപ്രകാരം പരിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തിലാണ് ഈ പള്ളി സ്ഥാപിതമായത്. പള്ളിയുടെ ബാലിപീഠത്തിന്‍റെ പിന്നിലെ രവുത്തളില്‍ (മേശക്കു പുറകില്‍ ഉള്ളത് – റിയോ ടബൂലം, റാത്തല്‍, എറത്തല്‍, ഏർത്താഴ് എന്നൊക്കെ രൂപ പരിണാമം) പ്രധാനമായി നടുവില്‍ ചിത്രീകരിച്ചിരിക്കുന്നത് യേശുകുഞ്ഞിനെ കയ്യില്‍ വഹിച്ചിരിക്കുന്ന ദൈവമാതാവിന്‍റെ ചിത്രമാണ്.
ഈ പള്ളിയുടെ നിര്‍മ്മാണമാതൃകയും (നാലടി കനത്തില്‍ ഭിത്തി പണിത്, ചിലപ്പോള്‍ ഉള്ളില്‍ മണല്‍ നിറച്ചുള്ള നിര്‍മ്മാണശൈലി) വളരെ അപൂര്‍വ്വവും, പഴക്കമേറിയതുമാണ്. പുരാതന ലിപിയായ വട്ടെഴുത്തിലും, മലയാളഭാഷയുടെ തുടക്കത്തില്‍ എഴുതപ്പെട്ട (തമിള്‍ കലര്‍ന്നുള്ള) ലിപികളും ഇവിടെ സ്ഥാപിക്കപ്പെട്ട കല്ലുകളില്‍ കാണപ്പെടുന്നു. പള്ളിയിലെ പൂട്ടുകളും (Interconnected lock joints) വളരെ പഴക്കമേറിയതാണ്. പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള കല്‍ക്കുരിശും, പള്ളിയിലെ ഏര്‍ത്താഴും ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ശില്‍പചാതുരിയാലും പള്ളി ശ്രദ്ധേയമാണ്. കൊത്തുപണികളും ചായക്കൂട്ടുകളും കൊണ്ടു സുന്ദരമാക്കിയ മദ്ബഹായില്‍ പിന്നീട് ദാരുശില്‍പങ്ങള്‍ കൂട്ടിച്ചേര്‍ത്തു പൂര്‍ണ്ണിമ വരുത്തിയിരിക്കുന്നു. മദ്ബഹായില്‍ തടിയില്‍ കൊത്തിയിരിക്കുന്ന ‘എര്‍ത്താഴ്’ 14-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്.
വലിയപള്ളിയിലെ എണ്ണച്ചായ ചിത്രങ്ങള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ടതാണ്. ഏർത്താഴ് എന്നത് വിശുദ്ധ മദ്ബഹയിൽ വച്ചിരിക്കുന്ന ചിത്രപണിയോടുകൂടിയ വലിയ സ്ളാബാണ്. ഇത് വാസ്തുവിദ്യയുടെ മനോഹരമായ രൂപകൽപ്പനയും ഇപ്പോഴും അതിശയിപ്പിക്കുന്നതാണ്. ഈ ഏർത്താഴ് എന്ന രൂപകൽപ്പന മലങ്കരയിൽ തന്നെ പിറവം, മുളന്തുരുത്തി, കോട്ടയം പഴയപള്ളി എന്നി 3 പള്ളികളിൽ മാത്രമേയുള്ളു. മുകളിൽ പ്രപഞ്ചത്തിന്‍റെ സൃഷ്ടി അടയാളപ്പെടുത്തിയിരിക്കുന്നത്. മുകള്‍ വശങ്ങളില്‍ കാണപ്പെടുന്ന ചിത്രങ്ങൾ പിതാവാം ദൈവവും പുത്രനും പരിശുദ്ധാത്മാവും ആണെന്ന് പറയുന്നു. ക്രിസ്തുയേശുവിന്‍റെ ജീവിതകഥയും വിശുദ്ധ ബൈബിളിൽ നിന്നുള്ള ഏറ്റവും പ്രധാനമായ സംഭവങ്ങളും ചുവടെയുള്ള ചിത്രങ്ങൾ വരച്ചുകാണിക്കുന്നു. അന്ത്യ അത്താഴത്തിന്‍റെ ചിത്രം താഴെയാണ്. എല്ലാ അപ്പോസ്തോലന്മാരുടെ പേരുകളും തമിഴിൽ എഴുതപ്പെടുന്നു. ആധുനിക കാലത്തെ പോലെ, അക്കാലത്ത് ഒരു ഭാഷയായി മലയാളം രൂപീകരിക്കപ്പെടാനിടയില്ല. പള്ളിയുടെ തെക്കേ ഭിത്തിയിൽ കൊത്തി വച്ചിരിക്കുന്ന സുറിയാനി സഭയിലെ ആണ്ടടക്കമുള്ള പുരാധന പെരുന്നാൾ കലണ്ടർ മറ്റൊരു സവിശേഷതയാണ് (ഇതാണ് പിറവം കലണ്ടർ എന്നറിയപ്പെടുന്നത്).
പള്ളിയെചുറ്റി പല ഐതിഹ്യങ്ങളുമുണ്ട്. ദേവാലയത്തിന്‍റെ പടിഞ്ഞാറ് മൂവാറ്റുപുഴയാറില്‍നിന്ന് പള്ളിയുടെ അടിഭാഗത്തേക്ക് ഒരു ഗുഹയുണ്ട്. അവിടെ അത്ഭുതസിദ്ധികളുള്ള ഒരു ആമയും വലിയൊരു മത്സ്യവും പാര്‍ത്തിരുന്നതായി പറയുന്നു. ദേവാലായത്തില്‍ ‘കാസയും പീലാസയും എഴുന്നള്ളിക്കുമ്പോള്‍’ പള്ളിക്കയത്തില്‍ ഒരു വിശേഷമത്സ്യം പൊങ്ങിവന്ന് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമായിരുന്നത്രെ. കായംകുളം കൊച്ചുണ്ണി തോറ്റുപോയത് പിറവം പള്ളിയിൽ കക്കാൻ കയറിയപ്പോൾ രാജാക്കൻമാരുടെ മുൻപിൽ മാത്രമേ ഉള്ളു. പണ്ഡകശാല കുത്തകയുണ്ടായിരുന്ന കാലത്ത് കുത്തകക്കാരുടെ ദൃഷ്ടിയില്‍ കുരുമുളകു നെല്ലായതും, ചെങ്കോല്‍ ഉയര്‍ത്തിനില്‍ക്കുന്ന രാജാക്കന്‍മാരുടെ സന്നിധിയില്‍ പല തസ്കര പ്രമാണിമാരുടെ ശ്രമങ്ങള്‍ വിഫലമായതും, പിറവം പള്ളിയുടെ എണ്ണ കട്ട് കുടിക്കാൻ വന്ന ദേവിയുടെ കൈക്കിട്ട് രാജാക്കൻമാർ അടിച്ചിട്ട് കൈ ഒടിയുകയും ദേവി ‘ഇനി മുതൽ നിന്‍റെ പള്ളിയുടെ മണി പൊട്ടിയ ശബ്ദത്തില്ലേ അടിക്കു‘ എന്ന് ശപിച്ചതും എന്നുമുള്ളത് ഏറെ പ്രചാരമുള്ള ഐതിഹ്യങ്ങളാണ്. ഇന്നും പള്ളി മണിയുടെ ശബ്ദം പൊട്ടിയ മണിയുടെ ശബ്ദവും, ഉത്സവതിന് ദേവി വിഗ്രഹം എഴുന്നള്ളിപ്പിന് എത്ര വിളക്കി വച്ചാലും ദേവിയുടെ കൈ ഒടിഞ്ഞ് പോകും എന്നത് നാട്ടിൽ പാട്ടാണ്.
മലങ്കര സഭാചരിത്രത്തിലും ഉന്നതമായ സ്ഥാനം പിറവം പള്ളിക്കുണ്ട്. ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത പള്ളികളുടെ ലിസ്റ്റില്‍ പിറവം പള്ളിയുടെതും ഉണ്ട്. പിന്നീട് കൂനന്‍കുരിശു സത്യത്തില്‍ ഈ ഇടവക സജീവമായി പങ്കെടുത്തു എന്നും ചരിത്രരേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. സുന്നഹദോസിനു ശേഷം റോമന്‍ ബിഷപ്പ് മെനേസിസ് സന്ദര്‍ശിച്ച 77 പള്ളികളില്‍ പിറവവും ഉള്‍പ്പെടുന്നുവെന്നത് പള്ളിയുടെ ചരിത്രപ്രാധാന്യം വെളിവാക്കുന്നു. 1876-ല്‍ നടന്ന പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിലും പിറവം പള്ളിയെ കാണുന്നുണ്ട്.
പിറവം വലിയപള്ളിയിലെ പെരുന്നാള്‍ ആദിമസഭയിലെ രാക്കുലി (ദനഹാ) പെരുന്നാളാണ്. ലക്ഷങ്ങൾ പങ്ക് കൊള്ളുന്ന വലിയ പള്ളിയിലെ വി. ദനഹാ പെരുന്നാളും പള്ളിയിൽ നിന്ന് മാറി പള്ളി വച്ച കത്തോലിക്കാപള്ളിയിലെ വിശുദ്ധ രാജാക്കന്‍മാരുടെ പെരുന്നാളും പുതുവത്സരപ്പുലരിയില്‍ കൊടിയേറി ജനുവരി ആറിനു കൊടിയിറങ്ങുന്നതു വരെ പിറവം ജാതിമതഭേദമില്ലാതെ ഉത്സവ ലഹരിയിലാണ്.
ഈസ്റ്ററിനു പള്ളിയില്‍ നടത്തുന്ന പന്ത്രണ്ടു പൈതങ്ങളുടെ നേര്‍ച്ചയില്‍ ജാതിമതഭേദമെന്യേ ലക്ഷങ്ങള്‍ പങ്കെടുക്കുന്നു. പിറവം പള്ളിയിലാണ് ആദ്യമായി ഈ നേർച്ച തുടങ്ങിയത്. പിന്നിട് പല ദേശങ്ങളിലേക്കും വ്യാപിച്ചു. അങ്ങ് മലബാറിൽ നിന്നുപോലും വിശ്വാസികൾ ലോറിയിൽ പൈതൽ നേർച്ചക്കായി വരുന്നത് കാണുവാന്‍ സാധിക്കും. മൂന്നു നോമ്പു വീടലിനും ക്രിസ്മസിനും പൈതല്‍ നേര്‍ച്ചയുണ്ട്. അപ്പം, പഴം, പിടി, ഇറച്ചി തുടങ്ങിയ വിഭവങ്ങളെല്ലാമുള്‍പ്പെടുന്ന സദ്യയാണ് പൈതങ്ങള്‍ക്കു വിളമ്പുന്നത്. ചിലപ്പോള്‍ മൂന്നു കുട്ടികള്‍ക്കായും നേര്‍ച്ച നടത്താറുണ്ട്. മലങ്കരയിൽ എഴുന്നളിയ ആബോ പിതാവ്, മാർ അഫോറത് പിതാവ്, കല്ലട മൂപ്പൻ തുടങ്ങി പല വിശുദ്ധമാരും ഇവിടെ വന്നിട്ടുണ്ട്.
എന്ത് തന്നെ മഹിമ പറഞ്ഞാലും പിറവം പള്ളിക്ക് ഒരു തീരാകളങ്കമുണ്ട്. എന്ത് എന്ന് ചോദിച്ചാൽ പരിശുദ്ധ മുറിമറ്റത്തിൽ തിരുമേനിയെ എട്ടു പവൻ കൈക്കുലിക്ക് മുടക്കിയതും പരിശുദ്ധ ഔഗേൻ ബാവയെ കാപ്പി വടി കൊണ്ട് തല്ലി പുറക്കോട്ട് നടത്തിച്ചതും ഇവിടെ വച്ചാണ് എന്നത് ദുഃഖകരം.
പൌരാണികത്വം, ഇടവകാംഗങ്ങളുടെ എണ്ണം, ധനശേഷി, ഐശ്വര്യാനുഗ്രഹങ്ങള്‍, പ്രശസ്തി, ആസ്ഥി, ഭൂപ്രകൃതി തുടങ്ങിയവയിലെല്ലാം പിറവം വലിയപള്ളി മുന്‍നിരയിലാണ്. രണ്ടായിരത്തിയഞ്ഞുറോളം കുടുംബങ്ങളിലായി പതിനായിരത്തിലധികം വിശ്വാസികളാണ് ഇടവകയിലുള്ളത്. ഒന്‍പതു ചെറിയ പള്ളികളും 10 കുരിശടികളും പള്ളിയുടെ കീഴിലുണ്ട്. പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തിലുള്ള വി. ഏഴിന്മേല്‍ കുര്‍ബ്ബാനയെ തുടര്‍ന്ന് ഈ വിശുദ്ധ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. ഇപ്പോൾ റെവ.ഫാ സ്ക്കറിയാ വട്ടക്കാട്ടിൽ അണ് പള്ളി വികാരി. മലങ്കര സഭയുടെ കെടാവിളക്കായി ശോഭിക്കുകയാണ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പിറവം സെന്‍റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി.