OVS - Latest NewsOVS-Kerala News

ധീരജവാൻ സാം ഏബ്രഹാമിന്‍റെ ഭൗതികശരീരം സംസ്കരിച്ചു; യാത്രാമൊഴിയേകി നാട്

മാവേലിക്കര ∙ ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട കരസേനയിലെ ധീരജവാൻ ലാൻസ് നായിക് സാം ഏബ്രഹാമിന്‍റെ (35) ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പുന്നമ്മൂട് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടന്ന ചടങ്ങിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ കാർമികത്വം വഹിച്ചു. ധീരജവാനെ ഒരുനോക്ക് കാണുവാൻ നാടിന്‍റെ നാനാഭാഗത്തു നിന്നും പതിനായിരങ്ങൾ പരിശുദ്ധ ദൈവാലയത്തിലേക്കു ഒഴുകിയെത്തി.

ഞായറാഴ്ച രാത്രിയിൽ തിരുവനന്തപുരത്തു എത്തിച്ച സാമിന്‍റെ മൃതദേഹം തിങ്കള്‍ രാവിലെ ഒൻപതര കഴിഞ്ഞു മാവേലിക്കരയിൽ കൊണ്ടുവന്നു. മാതൃവിദ്യാലയമായ ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസിൽ രാവിലെ പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്‍റെ നാനാതുറയിലുള്ളവർ ഇവിടെ ധീരജവാന് അന്തിമോപചാരം അർപ്പിച്ചു. ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു. അതിനുശേഷം നാടിനു യാത്രാമൊഴിയേകി ദൈവാലയത്തിലേക്കു. ദൈവാലയത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ നടന്ന ശുശ്രുഷക്ക് അഭിവന്ദ്യ മെത്രപൊലീത്തമാരും വൈദികരും സഹ കാർമികത്വം വഹിച്ചു.

നമ്മുടെ മഹാ രാജ്യത്തിന് വേണ്ടി സാം സ്വന്തം ജീവനെ ബലിയർപ്പിച്ചു, അതിന്‍റെ വേദനയും ദുഃഖവും ഈ രാജ്യത്തിനും കേരള സംസ്ഥാനത്തിനും മലങ്കര സഭയ്ക്കും ഉള്ളതിനേക്കാൾ എത്രയോ വലുതാണ് സ്വന്ത കുടുംബത്തിനുള്ളതെന്നുള്ളത് ഓർക്കപ്പെടുവാൻ വളരെ പ്രയാസമുള്ള സംഗതിയാണ്, പക്ഷേ സാം നമ്മുടെ ജീവൻ നില നിർത്താൻ വേണ്ടി സ്വന്ത ജീവൻ നൽകുകയായിരുന്നു എന്നുള്ളത് നാം മറന്നു പോകരുതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തിൽ അറിയിച്ചു. വിവിധ രഷ്‌ട്രിയ സാമുദായിക നേതാക്കന്മാർ അനുശോചനം അറിയിച്ചു,

പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ സെമിത്തേരിയിൽ, പള്ളി വളപ്പിൽ സാം നാലാം ക്ലാസ് വരെ പഠിച്ച സ്വവിദ്യാലയത്തിന് കിഴക്കു വശത്തു നാടിന്‍റെ ധീരജവാന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ എല്ലാ സൈനിക ബഹുമതികളോടെയും, സംസഥാന സർക്കാരിന്‍റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കാരം നടന്നു. പതിനായിരങ്ങൾ ധീര ജവാന് യാത്രാമൊഴിയേകി .

അതിർത്തിയിൽ പാക് വെടിവയ്പ്; ആലപ്പുഴ സ്വദേശി ജവാന് വീരമൃത്യു