EditorialOVS - Latest News

മലങ്കര സഭ ടച്ച് സ്ക്രീനിൽ വിരിയുമ്പോൾ..?

മാധ്യമ-വിവരസാങ്കേതിക മേഖലയിൽ അടിമുടി ഒരു പൊളിച്ചെഴുത്താണ് ഇന്റർനെറ്റ് 21-ാം നൂറ്റാണ്ടിൽ ലോകത്തിന് സംഭാവന ചെയ്തത്. അതിവിശാലമായ നമ്മുടെ ലോകത്തെ ആദ്യം ഒരു 14″ ഇഞ്ച് സ്ക്രീനിലേക്കും, പിന്നീട് നമ്മുടെ പോക്കറ്റിനുള്ളിലേക്കും ഒതുക്കിയ മഹാ വിസ്മയം. ദൂരത്തെ ഇല്ലാതാക്കിയ ഈ മായാവല നമ്മുടെ സമയത്തെ അപഹരിച്ചു എങ്കിലും ബന്ധങ്ങളുടെ ഊഷ്മളതയെ ഉയർത്തി. മുഖ്യധാരാ മാധ്യമങ്ങൾ ലോകത്തെ അവരുടെ അജണ്ടകൾ വെച്ചു മാത്രം വിവരങ്ങൾ അറിയിച്ച കാലത്തിൽ നിന്നു ഇന്ന് ഏതെങ്കിലും ഒരു കീബോർഡിൽ വിടരുന്ന ഭാവനകളെയും, അഭിപ്രായങ്ങളും ഒക്കെ സമൂഹത്തിൽ ഗുണവും ദോഷകരവുമായ വലിയ പ്രതിധ്വനികൾ സൃഷ്ട്ടിക്കുന്ന തലത്തിലേക്ക് വളര്‍ന്ന് കഴിഞ്ഞു. ഇന്റർനെറ്റ് ഉപഉല്പന്നങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങിയ മനുഷ്യർക്ക് ആശയ വിനിമയത്തിനും, വാർത്ത വിവര ശേഖരണത്തിനും ഗുണപരമായ സംവിധാനങ്ങൾ ഇന്ന് ആത്മ പ്രചാരണം, പൊങ്ങച്ചം തുടങ്ങിയ നിരുപദ്രവകരമായ അലോസരങ്ങളിൽ നിന്നും വർഗീയ വിദ്വേഷം, രാഷ്ട്രീയ കുപ്രചരണം തുടങ്ങിയ മാരക പ്രഹരശേഷിയുള്ള തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള കാലഘട്ടത്തിൽ സോഷ്യൽ മീഡിയ മലങ്കര സഭയിൽ ചെലുത്തുന്ന സ്വാധീനം എന്താണ് എന്ന് നീരീക്ഷിക്കാം.

അകാലത്തിൽ അവഗണിക്കപ്പെട്ട നമ്മുടെ സ്ക്രീനിൽ നിന്നും എന്നേക്കുമായി വിട്ടു പിരിഞ്ഞ ഓർക്കൂട്ടിന്‍റെ കാലം മുതൽ മലങ്കര സഭ സംബന്ധമായ ഇന്റർനെറ്റ് കൂട്ടായ്‌മയിൽ സജീവമായിരുന്ന ഞങ്ങൾക്ക് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ കാര്യങ്ങൾ മലങ്കര സഭയ്‌ക്ക്‌ ഉണ്ടാക്കിയ കുതിപ്പും, കിതപ്പും നന്നായി സംവദിക്കാൻ കഴിയും. ഇടവകയുടെയും, ഭദ്രാസനത്തിന്‍റെയും ഒക്കെ ചെറിയ തലത്തിൽ ചിന്തിച്ചിരുന്ന ലോകത്തിന്‍റെ അങ്ങോളം ഇങ്ങോളം വരുന്ന ആയിരക്കണക്കിന് വിശ്വാസികളെ മലങ്കര സഭ എന്ന വലിയ ക്യാൻവാസിൽ കാണാൻ പരിശീലിപ്പിച്ചത് സോഷ്യൽ മീഡിയയാണ്. അങ്ങനെ അങ്കമാലിയുടെയും, കണ്ടനാടിന്‍റെയുമൊക്കെ സഹനങ്ങളും, പോരാട്ടങ്ങളും മലങ്കര സഭയുടേതായി. സൺഡേ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച സഭ വിശ്വാസികൾ പോലും ആഴത്തിലും, ഉയരത്തിലും മലങ്കര സഭയുടെ വിശ്വാസങ്ങളെയും, ചരിത്രത്തെയും പഠിക്കാനും, പ്രചരിപ്പിക്കാനും തുടങ്ങി. അന്നുവരെയും പ്രചരിപ്പിക്കപ്പെട്ടിരുന്ന അർധ സത്യങ്ങളും, കളവുകളും വിശ്വാസികൾ ഇഴകീറി പരിശോധിച്ചു വിധി കല്പിച്ചു.

കഴിഞ്ഞ കാലഘട്ടങ്ങളിൽ മലങ്കര സഭയ്‌ക്ക്‌ എതിരെ ഉയര്‍ന്ന് വന്ന ഓരോ ദുരാരോപണങ്ങളെയും മലങ്കരസഭയുടെ വിശ്വാസധീരർ സൈബർ സ്പേസിൽ യുക്തിസഹമായി അരിഞ്ഞു തള്ളി. പക്ഷെ ഇന്ന് സഭ സ്നേഹത്തിന്‍റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പോർ വിളിയും, അസഭ്യ വര്‍ഷങ്ങളും മാത്രം ചൊരിയുന്ന ഒരു കൂട്ടം ദൈവഭയം തീണ്ടിയിട്ടിലാത്ത മതഭ്രാന്തന്മാരും ഉണ്ട് എന്നത് ലജ്ജാകരമാണ്. ഇന്നത്തെ സൈബർ നിയമങ്ങളെ പറ്റി ഒന്നു മനസിലാക്കി പെരുമാറുന്നത് ഈ കൂട്ടർക്ക് ഗുണമാണ്. ഒരു സഭയെ പ്രതിനിധീക്കരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പെരുമാറുമ്പോൾ തങ്ങളുടെ പെരുമാറ്റദൂഷ്യം തങ്ങളുടെ സഭയ്‌ക്ക്‌ കൂടെയാണ് അപമാനം എന്ന തിരിച്ചറിവ് പലപ്പോഴും ഇവർക്കില്ലാതെ പോകുന്നു. കേവലം മുദ്രാവാക്യ തൊഴിലാളികൾ മാത്രമായി പെരുമാറാതെ തങ്ങളുടെ സഭയുടെ വിശ്വാസ, ആരാധന, ചരിത്ര, ഭരണഘടന വിഷയങ്ങളേക്കുറിച്ച് ഒക്കെ പഠിച്ചു പെരുമാറാൻ ഇവർ തയ്യാറാക്കണം.

മലങ്കര സഭയിലെ യാക്കോബായ വിഭാഗമായുള്ള തർക്കങ്ങൾ ഇരു ഭാഗത്തുമായി സഭാവിഷയ ചർച്ചകൾക്കും, ആശയപ്രചാരണത്തിനുമായി അനവധി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചു. സഭയുടെ ചരിത്ര വ്യാഖ്യാനങ്ങളും, ആനുകാലിക സംഭവങ്ങളും, പൗരോഹിത്യ ജീർണതകളുമൊക്കെ ഇരുകൂട്ടരും വാശിയോടെ പ്രചരിപ്പിച്ചു മുന്നോട്ടു പോകുന്നു. ബഹു. കോടതിയിൽ കേസുകൾ ദയനീയമായി തോൽകുമ്പോൾ നമ്മുടെ സഹോദര വിഭാഗം ഫേസ്ബുക്കിൽ സമർഥമായി വാദം നടത്തി വെന്റിലേറ്ററിലായ യാക്കോബായ വിഭാഗത്തിന് പുനർജീവൻ നൽകാൻ ശ്രമിക്കുന്നത് ഇന്ന് പുതുമയല്ല. എന്നിരുന്നാലും മലങ്കര സഭയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനികളും, ഒഫീഷ്യൽ മീഡിയയും, PR ഡിപ്പാർട്ടുമെന്റുമൊക്കെ കർത്തവ്യങ്ങൾ മറക്കുമ്പോഴും സോഷ്യൽ മീഡിയായിലെ സഭാ വിശ്വാസികളാണ് സമകാലീന ആശയ പോരാട്ടങ്ങളിൽ സമാനതകളില്ലാത്ത ഉയരങ്ങളിൽ മലങ്കര സഭയെ നിർത്തുന്നത് എന്നത് പരമ സത്യമാണ്. മലങ്കര സഭ വിശ്വാസികളുടെ സൈബർ ലോകത്തെ പ്രചാരണം ഏറ്റവും ഗുരുതുരമായി ബാധിച്ചത് 1930-ൽ നമ്മിൽ നിന്നു പിരിഞ്ഞു പോയ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്ര വക്രീകരണ ശ്രമങ്ങളെയും, വസ്തുതകളുടെ പിൻബലമില്ലാത്ത അവകാശവാദങ്ങളെയുമാണ്. ഓർത്തഡോക്സ്‌ കൂട്ടായ്‌മയ്ക്കു പുറത്തു നിൽക്കുന്ന നമ്മുടെ ഈ പുത്രിസഭയുടെ നവ അവകാശവാദങ്ങളെ ഒന്ന് ന്യായീക്കരിക്കാൻ പോലും കഴിയാത്ത തരത്തിൽ ഇവരുടെ സൈബർ പ്രചാരകർ ഒക്കെ കളം വിട്ടു കഴിഞ്ഞു.

നവ കപട ആത്മീയ പ്രസ്ഥാനങ്ങൾ പോലും ദൃശ്യ- സോഷ്യൽ മീഡിയ വഴി വിശ്വാസികളെ അവരുടെ പാളയത്തിലേക്കു വലിച്ചു അടുപ്പിക്കുമ്പോൾ നമ്മുടെ മെത്രാപ്പോലീത്തമാരും, വൈദികരുമൊക്കെ ഈ മേഖലയിൽ ഇന്ന് പൂർണ പരാജയമാണ്. സത്യവിശ്വാസം ജനത്തിലേക്കു ആയാസരഹിതമായും, വേഗത്തിലുമെത്തിക്കാൻ പര്യാപ്തമായ ആധുനിക വിവര സാങ്കേതിക മേഖലയുള്ളപ്പോൾ അതു വേണ്ട വിധം ഉപയോഗിക്കാത്തത് കൃത്യവിലോപമാണ്. അതേ സമയം ഫേസ്ബുക്ക് പല വൈദികരുടെയും ആത്മ പ്രചാരണ വേദിയാണ് എന്നതും, ആഴ്ചയിൽ 2-3 തവണ, വ്യത്യസ്ത തരത്തിൽ തന്‍റെ പ്രൊഫൈൽ പിക്ചറകൾ, സ്റ്റാറ്റസ് മെസ്സേജ്, ട്രാവൽ ഡെസ്റ്റിനഷൻ ഒക്കെ കൊടുത്തു ലൈക്കുകൾ കാണിക്കയായി വാരി കൂട്ടാനും ഇവർക്ക് വേണ്ടുവോളം സമയമുണ്ട് എന്നതും ചിന്തനീയമാണ്. ഇതിനു ഒക്കെ തീർത്തും വിരുദ്ധമായി സോഷ്യൽ  മീഡിയ വഴി വിശ്വാസികളോട് ആരാധന, സത്യവിശ്വാസം, മത ബോധനം തുടങ്ങിയ കാര്യങ്ങളിൽ സംവദിക്കുന്ന പുരോഹിത സ്രേഷ്ഠരുമുണ്ട് എന്നുള്ളത് നിരാശകൾക്കിടയിലും ചെറിയ ഒരു പ്രതീക്ഷ നല്കുന്നു. ഇതിൽ ഏറ്റവും എടുത്ത പറയേണ്ട മാതൃകപരമായ ശൈലിയാണ് ബ്രഹ്‌മവാർ ഭദ്രാസനാധിപൻ അഭി.യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്തായുടേത്. അദ്ദേഹത്തിന്‍റെ മികവാർന്ന സത്യ വിശ്വാസപഠന അദ്ധ്യായങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. അനുകരണീയമായ മാതൃക മറ്റു പിതാക്കന്മാർക്കും പിന്തുടരാൻ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു.

സോഷ്യൽ മീഡിയ ഇന്ന് വ്യത്യസ്ത തലത്തിൽ വളരെ ഉപകാരപ്രദമാണ് എങ്കിലും ഇതു ഒരു ഇരുതല വാളാണ് എന്ന സത്യം ഇടയ്ക്കിടെ നമ്മൾ മറന്നു പോകുന്നു. അപക്വമായും, അവിവേകമായും സോഷ്യൽ മീഡിയയിൽ ഇടപെടുന്നതു വലിയ അപകടകരമാണ്. ഇത്തരത്തിലുള്ള അപക്വതയുടെ സമീപകാല ചില അപകട സംഭവങ്ങൾ എടുത്ത പറയാതെ തരമില്ല. മലങ്കര സഭയെ കഴിഞ്ഞ വർഷം ഏറ്റവും ദോഷകരമായി സമൂഹ മാധ്യമങ്ങളിൽ ബാധിച്ചത് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ബഹറിൻ ഹാശാ ആഴ്ചയിലെ പന്തി ഭോജനത്തിന്‍റെ ചിത്രങ്ങളായിരുന്നു. മലങ്കര സഭയുടെ ആത്മീയ തലവൻ ഇരിക്കുന്ന ഒരു അത്താഴവിരുന്ന് പോലും പലരുടെയും പൊങ്ങച്ചത്തിന്‍റെയും, ആത്മപ്രചാരണത്തിന്‍റെയും വേദിയാക്കാൻ ശ്രമിച്ചതിന്‍റെ പരിണിതഫലം മലങ്കര സഭയ്‌ക്ക്‌ മൊത്തം ലഭിച്ചു. മറ്റൊന്നാണ് കഴിഞ്ഞ മാസം പരിശുദ്ധ കാതോലിക്ക ബാവയ്ക്കു ഒരു കാർ ഉപഹാരമായി ലഭിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയ്ക്ക് ബോധപൂർവമോ അല്ലാതയോ സംഭാവന ചെയ്ത ദേവലോകത്തെ പോഴന്മാരുടെ മഹത്തായ സേവനം. അവസാനത്തെത്, ഒരു ഇടവക വികാരിയുടെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ദേവലോകത്ത് വന്ന് വകതിരിവില്ലാതെ സർവ ജനത്തെയും ഒന്നിച്ചു പരിശുദ്ധ ബാവ തിരുമേനിയുടെ മുറിയ്ക്കു പുറത്തു മൊബൈൽ ക്യാമറകളുമായി കുത്തിയിരിക്കാൻ അനുവദിച്ച ദേവലോകത്തെ ഓഫീസ് ജീവനക്കാർ. ഇത്തരം വിഷയങ്ങളിൽ സഭയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനീയരും, വിശ്വാസികളും കൂടുതൽ ജാഗ്രതയും , അവധാനവും ഭാവിയിലെങ്കിലും പുലർത്തണം.

ദുഷ്ടലാക്കോടെയും, വിമർശനബുദ്ധിയോടെയും എന്തിനെയും പരിഹാസച്ചുവയോടെ നോക്കി കാണുന്ന ആധുനിക ലോകത്തിൽ തങ്ങളുടെ കേവലം യുക്തിഹീനമായ പ്രവർത്തികളുടെ പേരിൽ മലങ്കര സഭയും അതിന്‍റെ വിശ്വാസികളും അവമതിക്കപ്പെടാൻ ഇടയാക്കരുത് എന്നു ഓരോരുത്തരും സ്വയം ഉറപ്പുവരുത്തുക. ഇത്തരുണത്തിൽ പരാമർശിക്കാതെ നിർവാഹമില്ലാത്ത ഒരു പേരാണ് അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. പുലിക്കോട്ടിൽ മാർ യൂലിയോസ് തിരുമേനി. വളരെ മാതൃകാപരവും, സത്യസന്ധവും, സുതാര്യവുമായ രീതിയിൽ ഭദ്രാസനത്തെയും വിശ്വാസികളെയും നയിക്കുന്ന അഭിവന്ദ്യ തിരുമേനിയുടെ സൽകാര്യങ്ങൾ ആർക്കും അറിയണമെന്നില്ല. മറിച്ച് തികഞ്ഞ സഹൃദയനും, നന്മനിറഞ്ഞ മനസ്സിനുടമയുമായ അഭി.തിരുമേനിയുടെ വ്യക്തി സ്വാത്ര്യത്തിന്‍റെ പരിധിയിൽ വരുന്ന ചില നിഷ്കളങ്ക ചിത്രങ്ങളുടെ പേരിൽ അഭിവന്ദ്യ തിരുമേനി ഒട്ടേറെ വിമര്‍ശനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. അഭിവന്ദ്യ തിരുമേനിക്ക് യാത്ര ചെയ്യാനും, താൻ പരിചയപ്പെടുന്നവരോട് ഒപ്പം ചിത്രങ്ങൾ എടുക്കാനുമൊക്കെയുള്ള അവകാശം ഉണ്ടെങ്കിലും അത് ഒക്കെ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത് ഒഴിവാക്കപെടാനും നമ്മുടെ മലങ്കര സഭ വിശ്വാസികൾ എത്ര പുരോഗമനം പറഞ്ഞാലും ഇപ്പോഴും യഥാസ്ഥിതികയിൽ ജീവിക്കുന്ന ഒരു സമൂഹമാണ് എന്നുള്ളത് കൊണ്ടും അഭി.തിരുമേനിമാരെപ്പറ്റി അവർക്ക് ചില മാറ്റമില്ലാത്ത സങ്കല്പമുള്ളത് കൊണ്ടും അഭിവന്ദ്യ യൂലിയോസ് തിരുമേനി കൂടുതൽ ജാഗ്രത ഈ കാര്യത്തിൽ പാലിക്കണം. ഒപ്പം അമേരിക്കൻ ഭദ്രാസന മെത്രപൊലീത്ത അഭി. സഖറിയസ് മാർ നിക്കോളോവോസ് തിരുമേനിയുടെ അമേരിക്കൻ പാസ്സ്പോർട്ടിന്‍റെ പേജുകുളുടെ എണ്ണം കുത്തനെ കൂട്ടിയ സന്തോഷവിവരവും സാമൂഹിക മാധ്യമം വഴി കണ്ട് ദൈവത്തെ സ്തുതിച്ചു. ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന നേതൃസ്ഥാനീയർ തങ്ങൾ ഇന്ന് ജീവിക്കുന്നത് “നല്ലതു ചെയ്താൽ മാത്രം പോരാ, നല്ലതാണ്‌ ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തുക കൂടെ വേണം “ എന്നുള്ള കലി കാലത്തിലാണ്  എന്ന്‌ മറക്കരുത് എന്നു വിനയപൂർവം പറയുന്നു.

മലങ്കര സഭ ഔദ്യോഗികമായി തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തണം. 700 കോടി വാർഷിക ബഡ്ജറ്റുള്ള മലങ്കര സഭ അതിന്‍റെ പഴയമയ്ക്കും , പ്രശസ്തിയ്ക്കും ഒത്തവണം ഓർത്തോഡോക്സിയുടെ പ്രചാരണം, മലങ്കര സഭയുടെ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ ഒരു ദൃശ്യ മാധ്യമം ആരംഭിക്കണം. സഭയുടെ PR വകുപ്പ് സാങ്കേതിക തികവുള്ള യുവാക്കളെ ഉൾപ്പെടുത്തി കാര്യക്ഷമമാക്കണം. അഭിവന്ദ്യ മെത്രാന്മാർക്കും , പുരോഹിതർക്കും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനു മാർഗ രേഖ ഉണ്ടാക്കണം. വിമർശനബുദ്ധിയുള്ള ഒരു സമൂഹത്തിന്‍റെ നിരന്തര നീരീക്ഷണം തങ്ങളുടെ മേൽ ഒരു വലിയ ബാധ്യതയായി ഉണ്ട് എന്ന് ബോധത്തിൽ കൂടുതൽ പ്രസന്നതയോടും, സൂക്ഷ്മതയോടും തങ്ങളുടെ വാക്കും പ്രവർത്തിയും വിനിയോഗിക്കുവാൻ മലങ്കര സഭാസ്ഥാനീയർ തയ്യാറാക്കണം. ഇത്തരത്തിൽ വരും ക്രൈസ്തവ തലമുറകളെ കൂടെ മലങ്കര സഭയുടെ ഉറച്ച സത്യവിശ്വാസ സംരക്ഷകരായി രൂപാന്തരപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള വിശാലമായ കാഴ്ചപാടും, ആസൂത്രണം മലങ്കര സഭയ്‌ക്ക്‌ ഉണ്ടാക്കട്ടെ.

ഓ.വി.എസ്  എഡിറ്റോറിയൽ

സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടു പരി. ബാവ തിരുമേനിയുടെ കല്പന

Bava's Kalpana Regarding the use of Social Media