പെരുന്നാളിന്‍റെ പവിത്രതയ്ക്കു മാറ്റുകൂട്ടി യുക്നോ ദർശനം

പന്തളം ∙ തുമ്പമൺ മർത്തമറിയം ഭദ്രാസനപ്പള്ളി പെരുന്നാളിനു മാത്രമുള്ള യുക്നോ (മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും രൂപം) ദർശനം വിശ്വാസികൾക്ക് ആനന്ദമായി. രാവിലെ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ. അലക്സിയോസ് മാർ യൗസേബിയോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. ഇതിനു ശേഷം യുക്നോ പുറത്തേക്ക് എഴുന്നള്ളിച്ചു. കുര്യൻ വർഗീസ് കോറെപ്പിസ്കോപ്പ, ഫാ. സി. ഇ. വർഗീസ്, ഫാ. കെ. എം. തോമസ്, വികാരി ഫാ. മാത്യു തോമസ്, അസി. വികാരിമാരായ ഫാ. ലിജു തോമസ്, ഫാ. അജി തോമസ്, ഫാ. സാമുവൽ ജോൺ തേവത്തുമണ്ണിൽ എന്നിവരുടെ സഹകാർമികത്വത്തിലും യുക്നോ വിശ്വാസികൾക്കു പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ള പേടകത്തിൽ പ്രതിഷ്ഠിച്ചു. ഇന്നു വൈകിട്ട് ആറു വരെയാണ് ദർശനം. ശേഷം പേടകത്തിൽ നിന്നു യുക്നോ മുറിയിലേക്കു മാറ്റും. അടുത്ത വലിയ പെരുന്നാളിനു മാത്രമേ ഇനി യുക്നോ ദർശനം ഉണ്ടാവുകയുള്ളു. 

ഇന്ന് ഏഴിന് അഞ്ചിന്മേൽ കുർബാന, വലിയ കുരിശിങ്കലേക്കു റാസ, ധൂപപ്രാർഥന, കൊടിയിറക്ക്, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, യുക്നോ ദർശനം സമാപനം, നാടകം എന്നിവ നടക്കും. മദ്ബഹയിലെ കുസ്കുദിശോയുടെ മാതൃകയിൽ വെള്ളിയിൽ കൊത്തുപണികളോടെ നിർമിച്ച കവചത്തിനുള്ളിലാണ് തനിത്തങ്കത്തിൽ ഉണ്ണിയേശുവിന്‍റെയും ദൈവമാതാവിന്‍റെയും രൂപം ആലേഖനം ചെയ്തിട്ടുള്ളത്. ഇടവകക്കാർ അമൂല്യ നിധിയായി സൂക്ഷിച്ച് ആരാധിക്കുന്ന യുക്നോയ്ക്ക് 850 വർഷത്തെ പഴക്കമാണുള്ളത്. 2010-ൽ ആണ് യുക്നോ ആദ്യമായി ദർശനത്തിനു പുറത്തെടുത്തത്. അന്നു മുതൽ പെരുന്നാൾ ദിനത്തിൽ വിശ്വാസികളുടെ തിരക്കാണ്.

തുമ്പമണ്‍ മര്‍ത്തമറിയം ദേവാലയം : ഒരു ചരിത്രാവലോകനം

 

error: Thank you for visiting : www.ovsonline.in