Ancient Parishes

കടമ്മനിട്ടപ്പള്ളി മലങ്കര സഭയുടെ പുരാതന ദൈവാലയം

കടമ്മനിട്ട: പരിശുദ്ധ മാര്‍ത്തോമ സ്ളീഹായാല്‍ സ്ഥാപിതമയ നിലക്കല്‍ പള്ളിയില്‍ നിന്നും മദ്ധ്യതിരുവിതാംകൂറിലേ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്ത മലങ്കര നസ്രാണികള്‍ കോഴഞ്ചേരി, നാരങ്ങാനം, കടമ്മനിട്ട, റാന്നി എന്നിങ്ങനെയുള്ള പ്രദേശങ്ങളിലേക്ക് എത്തുകയും ഇവിടങ്ങളില്‍ താമസമാക്കുകയും ചെയ്തതോടെ മലങ്കര സഭയുടെ സാന്നിദ്ധ്യം ഇപ്രദേശങ്ങളിലേക്കും വ്യാപിച്ചു. മലങ്കര സഭയുടെ അതിപുരാതന ദേവാലയങ്ങളില്‍ ഒന്നായ കോഴഞ്ചേരിപള്ളിയില്‍ കൂടി നടന്നിരുന്ന കടമ്മനിട്ട നാരങ്ങാനം പ്രദേശങ്ങളിലെ മലങ്കര നസ്രാണികള്‍ ആത്മീയ ആവശ്യങ്ങള്‍ക്കായി കോഴഞ്ചേരി വരെ യാത്ര ചെയ്യേണ്ടുന്നതിന്‍റെ ബുദ്ധിമുട്ടൊഴിവാക്കാന്‍ വേണ്ടി തങ്ങളുടെ മണ്ണില്‍ മലങ്കര സഭയ്ക്കായി ഒരു ദൈവാലയം പണിയണം എന്നാഗ്രഹിക്കുകയും അതിനായി 1842 -ല്‍ അന്നത്തെ മലങ്കര സഭാതലവന്‍ ആയിരുന്ന ചേപ്പാട് പീലിപ്പോസ് മാര്‍ ദീവന്നാസിയോസ് മലങ്കര മെത്രാപോലീത്തായുടെ അനുവാദത്തോടെ പ്രകൃതി രമണീയമായ കടമ്മനിട്ടയുടെ മണ്ണില്‍ സര്‍വ്വ ലോകരക്ഷിതാവായ മശിഹായുടെ മുന്നോടി എന്ന് പ്രപഞ്ചം മുഴുവന്‍ പുകള്‍പെറ്റ മാര്‍ യൂഹാനോന്‍ മാംദാനയുടെ നാമത്തില്‍ ആദ്യ ദൈവാലയം സ്ഥാപിച്ചു.

ആദ്യ ദേവാലയം പിന്നീട് പ്രകൃതി ക്ഷോഭത്തില്‍ നശിച്ചു പോയതിനെ തുടര്‍ന്ന്  AD 1868-ല്‍ ദൈവാലയം പുനര്‍നിര്‍മ്മിക്കുകയും മലങ്കര സഭാ തലവന്‍ പുലിക്കോട്ടില്‍ ദീവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപോലീത്തായാല്‍ കൂദാശ ചെയ്ത് ആശീര്‍വദിക്കപ്പെടുകയും ചെയ്തു. 1875 മലങ്കരയില്‍ എത്തിയ അന്ത്യോഖ്യാന്‍ സഭയിലെ  പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയന്‍ പാത്രികീസ് മലങ്കരയുടെ മഹാ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയോടൊപ്പം കടമ്മനിട്ട ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ പരുമല തിരുമേനിയോടൊപ്പം ഊര്‍ശലേം യാത്ര നടത്തിയ രണ്ടു വൈദീകരില്‍ ഒരാളായ പുത്തന്‍പുരക്കല്‍  ഗീവര്ഗീസ് കത്തനാര്‍ കടമ്മനിട്ട ഇടവക പട്ടക്കാരനായിരുന്നു എന്നതും മലങ്കര സഭയുടെ ചരിത്രത്തില്‍ ഈ ദൈവാലയത്തിന്‍റെ പ്രാധാന്യം വരച്ചു കാട്ടുന്നു.

1930-ലെ മലങ്കര കത്തോലിക്ക സഭയുടെ സ്ഥാപനത്തെ തുടര്‍ന്ന്  അന്നത്തെ ദേശത്തു പട്ടക്കാരനായിരുന്ന പുത്തന്‍പുരക്കല്‍ വര്ഗീസ് കത്തനാര്‍ മലങ്കര കത്തോലിക്ക സഭയിലേക്ക് ചേക്കേറിയത് ഇടവകയുടെ ചരിത്രത്തില്‍ ഒരു കരിനിഴലായി മാറി എങ്കിലും പ്രതിസന്ധിയെ അതിശക്തമായി അതിജീവിച്ച കടമ്മനിട്ടയിലെ മലങ്കര നസ്രാണികള്‍ മലങ്കര സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസത്തെ മാറോട് ചേര്‍ത്തു കൊണ്ടും മലങ്കര മെത്രാപോലീത്തായോടുള്ള അചഞ്ചലമായ ഭക്തിയും കൂറും ഉറക്കെ പ്രഖ്യാപിച്ച് പരിശുദ്ധ സഭയില്‍ അടിയുറച്ചു നില്‍ക്കുകയും ആ പ്രതിസന്ധിയെ വിജയകരമായി അതിജീവിക്കുകയും ചെയ്തു. ഏകദേശം രണ്ടു ശതാബ്ദകാലത്തോളമായി കടമ്മനിട്ട നസ്രാണികളുടെ അഭിമാനമായി പ്രഭ ചൊരുഞ്ഞുകൊണ്ട് മലമേല്‍ ശോഭിക്കുകയാണ് ഈ പരിശുദ്ധ ദൈവാലയം