OVS - Latest NewsOVS-Kerala News

ദീപക്കാഴ്ചകളുമായി ദനഹ ആഘോഷം തുടങ്ങി..

പിണ്ടിപ്പെരുന്നാള്‍ / പിണ്ടികുത്തി പെരുന്നാള്‍

കുന്നംകുളം: വീടുകളിലും ദേവാലയങ്ങളിലും ദീപാലങ്കാരങ്ങള്‍ ഒരുക്കി ദനഹ ആഘോഷം തുടങ്ങി. ക്രിസ്തുദേവന്റെ മാമോദീസ ചടങ്ങിനെ പ്രാധാന്യത്തോടെയാണ് നഗരത്തിലെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. നഗരത്തില്‍ പ്രതാപത്തില്‍ നിന്നിരുന്ന അങ്ങാടികളിലാണ് ദനഹ പെരുന്നാളിന് തുടക്കം കുറിച്ചത്. വീടുകള്‍ക്ക് മുന്നില്‍ പിണ്ടി കുത്തി ചിരാതുകളില്‍ ദീപങ്ങളും മെഴുകുതിരികളും തെളിയിച്ചു. വൈദ്യുത ദീപങ്ങളാല്‍ വീടുകളും വീഥികളും അലങ്കരിച്ചു. അങ്ങാടികളിലെ ആരാധനാലയങ്ങളും ആഘോഷത്തില്‍ ദീപാലംകൃതമായി. നിറശോഭ പകരുന്ന പൂത്തിരികളും പടക്കങ്ങളുമായതോടെ ദനഹ വര്‍ണക്കാഴ്ചകളായി. അങ്ങാടികളിലെ വര്‍ണാഭമായ കാഴ്ചകള്‍ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമെത്തി. ദനഹ പെരുന്നാള്‍ ദിനമായ ശനിയാഴ്ച ഓര്‍ത്തഡോക്‌സ് പള്ളികളില്‍ രാവിലെ വെള്ളം വാഴ്വിന്റെ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയുണ്ടാകും. ദനഹ പ്രധാന പെരുന്നാളായി ആഘോഷിക്കുന്ന തെക്കേഅങ്ങാടി സെന്റ് മത്ഥ്യാസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാനമസ്‌കാരം, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടായി

ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാപ്രകാശത്തിന്റെ പെരുന്നാൾ

നമ്മുടെ കർത്താവിന്റെ ജനനത്തോടുകൂടി ക്രിസ്തീയ സഭ ജനിച്ചു, എങ്കിൽ ശു.ദനഹാ ക്രിസ്തീയ വർഷത്തിന്റെ രണ്ടാംഘട്ടവും, പരി. ത്രിത്വത്തിന്റെ മഹത്വമേറിയ പ്രത്യക്ഷതയുടെ ദിവസവുമാണു. വി.ത്രിത്വം ഈ ദിവസത്തിൽ കാണപ്പെടുകയാൽ ഇതിനു പ്രകാശത്തിന്റെ പെരുന്നാൾ എന്നും പേർ പറയുന്നു. ( ചില പ്രാദേശിക ആചാരങ്ങളാൽ പിണ്ടി പെരുന്നാളെന്നും രാക്കുളി പെരുന്നാൾ എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നു.

കർത്താവിനു മാമോദീസാ ആവശ്യമോ:-( ലൂക്കോ. 3:15-22)
പ്രകാശത്തിൽ നിന്നുള്ള പ്രകാശവും, സാരംശത്തിൽ പിതാവിനോട് സമത്വമുള്ളവനുമായ പുത്രൻ തമ്പുരാനു വി.യോഹന്നാൻ സ്നാപകന്റെ മാനസാന്തര സ്നാനത്തിന്റെ ആവശ്യമില്ലായിരുന്നു എങ്കിലും മാനവരാശിക്ക്‌ ജീവന്റെ ഉറവ്‌ തുറന്ന് കിട്ടുന്നതിനായി നമ്മുടെ കർത്താവ്‌ മാമോദീസാ ഏറ്റു (ഏശായ:12.1-6). യോഹന്നാന്റെ മാമോദീസ അനുതാപത്തിന്റേതായിരുന്നു അഥവാ ഒരുക്കത്തിന്റേതായിരുന്നു.(മർക്കോ:1:1-11) എന്നാൽ ക്രിസ്തീയ സഭയുടെ മാമോദീസയാകട്ടെ നീതീകരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും വീണ്ടും ജനനത്തിന്റേതും തദ്വാരാ പരിശുദ്ധാത്മ പൂർത്തീകരണത്തിന്റേതുമാകുന്നു.

ദനഹായിലെ വെള്ളം വാഴ്‌വിന്റെ ക്രമം:-
വി.ദനഹാ പെരുന്നാളിൽ ഒരു രാജകീയ പ്രദിക്ഷണത്തിനു ശേഷം വെള്ളം വാഴ്‌വിന്റെ ക്രമം ആരംഭിക്കുന്നു. നമ്മുടെ കർത്താവിന്റെ രക്ഷാകരമായ മനുഷ്യാവതാര കാലത്തിലേ അദ്വീതീയ പ്രധാനമായ വി.ത്രിത്വ പ്രത്യക്ഷതയേ ദ്യോദിപ്പിച്ച വി. മാമോദീസായുടെ സന്ദർഭത്തിലെ സകല മർമ്മങ്ങളും ഈ കർമ്മത്തിലെ പ്രാർത്ഥനകളിലൂടെ സഭ പഠിപ്പിക്കുന്നു. കർത്താവിന്റ മാമോദീസാ നിത്യ രക്ഷയുടെ കവാടമായി തീർന്നതു പോലെ വാഴ്തപ്പെട്ട വെള്ളം വിവിധ അനുഗ്രഹങ്ങളുടെ ഉറവയായി തീരുന്നു എന്ന് ഈ ശുശ്രൂഷയിലെ പ്രാർത്ഥനകളിൽ ഊന്നി പറയുന്നു.

അരാമ്യനായ നയമാന്റെ സൗഖ്യം.(2 രാജാ. 5:1-14) ഏലീശാ മുഖാന്തിരം ശുദ്ധമായ യരീഹോ ജലം(2 രാജാ.2:19-22) എന്നീ പഴയ നിയമ നിഴലുകളെയും ഇവിടെ ഉദ്ധരിക്കുന്നു. ചുരുക്കത്തിൽ സകല ജീവികളും ഉത്പാതിദമായ ജലം (ഉൽ, 1:2-8) ലോക നാശകമായ നോഹിന്റെ കാലത്തെ ജല പ്രളയമായി (ഉൽ. 6, മാറിയതിനെ ജീവന്റെ നാഥന്റെ മാമോദീസായിലൂടെ വീണ്ടും ജീവദായകമാക്കുന്ന ശുശ്രൂഷയാണു വി.ദനഹാ അഥവ നമ്മുടെ കർത്താവിന്റെ മാമോദീസ പെരുന്നാൾ.

ഇതൊക്കെയാണെങ്കിലും നിർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ വിശ്വാസികൾ ഈ മോറാനയ പെരുന്നാളിനെ വേണ്ടവിധം അനുഗ്രഹ പ്രദമായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് പറയാതെ തരമില്ല.
വി. ത്രിത്വം. (മത്താ. 3:16-17)

ലോകചരിത്രത്തിൽ ഇദം പ്രധമമായി വി.ത്രിത്വം വെളിപ്പെടുന്നത്‌ ശുദ്ധമുള്ള ദനഹായുടെ സന്ദർഭത്തിലാണു. വി.വേദപുസ്തകം സ്പഷ്ടമായും വസ്തുനിഷ്ടമായും വി.ത്രിത്വവിശ്വാസം പഠിപ്പിക്കുന്നുണ്ട്‌ എങ്കിലും ചില കുബുദ്ധികൾ ഇതിനെ അംഗീകരിക്കുന്നില്ല. എന്നാൽ വി.സഭയുടെ വിശ്വാസം ത്രീയേക ദൈവ വിശ്വാസത്തിന്മേലാണു കെട്ടിപ്പെടുത്തിരിക്കുന്നത്‌. അതിനാൽ തന്നെ ത്രിത്വവിശ്വാസമില്ലാതെ വി.സഭയില്ല. വി. ത്രിത്വം എന്നത് മൂന്ന് ദൈവമല്ല പിന്നെയോ മൂന്ന് ക്നൂമാകളായുള്ള സത്യഏകദൈവമാകുന്നു. മത്താ.28:19, 1യോഹ.5:8, ഉൽ.1:26, ഏശാ.6:3, യോഹ.1.1, 15:26, 2കൊരി.13:14 എന്നീ വാക്യങ്ങൾ ത്രിത്വവിശ്വാസത്തെ ഉറപ്പിച്ചു പറയുന്നു. സർവ്വോപരി നിഖ്യ വിശ്വാസപ്രമാണത്തിന്റെ യഥാർത്ത ഘടകം ഈ വിശ്വാസ സത്യമാണു. എല്ലാ കൂദശകളിലും എല്ലാ യാമ പ്രാർത്ഥനകളിലും നാം ഈവിശ്വാസം ഏറ്റുപറയുകയും. ത്രിത്വ നാമത്തിൽ സഭ സകല കൂദാശകളും നിർവ്വഹിക്കുകയും ചെയ്യുന്നു.

വി. ത്രിത്വത്തിന്റെ കൃപയും അനുഗ്രഹങ്ങളും സഹവാസവും നാമെല്ലാവരിലും സദാ വർഷിക്കുമാരാകട്ടെ.