OVS - Latest NewsSAINTSTrue Faith

സ്നേഹത്തിന്‍റെ നിറദീപം ; പരിശുദ്ധനായ പരുമല തിരുമേനി..!

ഭാരതത്തില്‍  മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനാണ് പരുമല കൊച്ചുതിരുമേനി.(മലങ്കരയുടെ മഹാ പരിശുദ്ധന്‍)പ:തിരുമേനിയുടെ നാമധേയത്തില്‍ ഭാരതത്തില്‍ മാത്രമല്ല യൂറോപ്പിലും, അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും കൂടാതെ മറ്റു പല രാജ്യങ്ങളിലും ദേവാലയങ്ങള്‍,സ്ഥാപിക്കപ്പെട്ടു. അത്ഭുതങ്ങളുടെ ഉറവിടമായ കബറും പരിശുദ്ധന്റെ മദ്ധ്യസ്ഥതയും ഓര്‍മ്മപെരുന്നാളും ഇന്ന് ആഗോള പ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. പ:തിരുമേനിയെ കുറിച്ച് അഭിവന്ദ്യ പിതാക്കന്മാരും പുരോഹിതന്മാരും ചരിത്രകാരന്മാരും എഴുതിയപുസ്തകങ്ങള്‍ എത്രയാണെന്ന് പോലും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല.അതുപോലെ പരിശുദ്ധനെ കുറിച്ചുള്ള ഭക്തിഗാനങ്ങളും എത്രയെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ അതുകൊണ്ട് പ:പരുമല തിരുമേനിയെ കുറിച്ച് വിശദ്ധീകരിക്കേണ്ടതില്ല. കുന്നംകുളത്തെ പുരാതനമായ എല്ലാം പള്ളികളിലും പരിശുദ്ധ പിതാവ് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത് ഒരു സവിശേഷതയാണ്. ഇതില്‍ പ്രധാനമായും ആര്‍ത്താറ്റ് ദൈവമാതവിന്റെ ദേവാലയത്തിലും, ചിറളയം സെന്റ് ലാസറസ് പള്ളിയിലും,സെന്റ് ലാസറസ് പഴയ പള്ളിയിലുമാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി മഹാ അത്ഭുതങ്ങള്‍ ആ മഹാപരിശുദ്ധന്‍ ചെയ്തിരിക്കുന്നു. ഒരിക്കല്‍ പിതാവ് കുന്നംകുളത്തേക്ക് എഴുന്നള്ളിയപ്പോള്‍ പരിശുദ്ധന്റെ മുന്നില്‍ മരണമടഞ്ഞ ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ കിടത്തിയിട്ട് പോയി. ആ പുണ്യപിതാവ് ശിശുവിന്റെ സമീപം ഇരിക്കുകയും സ്ളീബാ കുഞ്ഞിന്റെ നെഞ്ചിനോട് ചേര്‍ത്ത് വെയ്ക്കുകയും ഏറെ നേരം ഹൃദയം നൊന്ത് മ്ശിഹാ തമ്പുരാനോട് പ്രാര്‍ത്ഥിക്കുകയും ചെയ്ത്തിന്റെ ഫലമായി അത്ഭുതം എന്ന് പറയട്ടെ,ആ പൈതല്‍ ഒന്ന് രണ്ട് തവണ തുമ്മുകയും കണ്ണുതുറന്ന് ശ്വാസം വലിക്കുവാനും തുടങ്ങി. അങ്ങനെ ആ ശിശുവിന് പുനര്‍ജന്മം കിട്ടുകയും ചെയ്തു. ഇങ്ങനെയുള്ള എത്ര മഹാത്ഭുതങ്ങള്‍ ആ പിതാവ് മലയാളദേശത്ത് ചെയ്തിരിക്കുന്നു.ഒരിക്കല്‍ പരിശുദ്ധന്‍ ചെന്നിത്തല പള്ളിയില്‍ പെരുന്നാള്‍ ദിനത്തില്‍ എഴുന്നള്ളിയപ്പോള്‍ റാസയുടെ സമയം വന്ന് ചേര്‍ന്നപ്പോള്‍ ശക്തമായ ഇടിമിന്നലും മഴയും തുടങ്ങി വിശ്വാസികള്‍ വളരെ വിഷമിച്ചുകൊണ്ടിരിന്നു ഇതു മനസ്സിലാക്കിയ പരമ പരിശുദ്ധന്‍ തന്റെ സ്ളീബാ എടുത്ത് ആകാശത്തിലേക്ക് നോക്കി റൂശ്മച്ചെയുകയും തുടര്‍ന്ന് ശക്തമായ പേമാരി പൂര്‍ണ്ണമായി മാറുകയും റാസ ഭംഗിയായി നടത്തുകയും ചെയ്തു.

പിതാവ് ഒരിക്കല്‍ ഒരു പുരോഹിതനെ അദ്ദേഹത്തിന്റെ അഹങ്കാരം മൂലം ശക്തമായ ഭാഷയില്‍ ശാസിക്കുകയും,ഒരു ചെറിയ അടിയും കൊടുത്തു.പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ പ:തിരുമേനിക്ക് വലിയ മനപ്രയാസമായി വൈദികനോട് ചെയ്യ്തത് ശരിയായില്ലന്നു തോന്നുകയും തുടര്‍ന്ന് ഒരു ആളെ അയച്ച് പുരോഹിതനെ വിളിച്ചു വരുത്തി ഇന്ന് എന്നോടൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെട്ടു.നാളെ വി.കുര്‍ബ്ബാന അച്ചന്‍ ചൊല്ലണം എന്ന് പ:പിതാവ് അപേക്ഷിച്ചു.സ്നേഹത്തിന്റെ നിറകുടമായ കൊച്ചുതിരുമേനി വി.കുര്‍ബ്ബാനയ്ക്ക് മുമ്പ് വൈദികന്റെ മുമ്പില്‍ പാപം എറ്റു പറഞ്ഞ് കുമ്പസാരിക്കുകയും തന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണമെന്ന് പ:പരുമല തിരുമേനി അച്ചനോട് ആവശ്യപ്പെട്ടു. പരിഭ്രമിച്ച് നിന്ന പുരോഹിതന്‍ കൊച്ചുതിരുമേനി പറഞ്ഞതുപോലെ ചെയ്തു. എളിമത്വവും പ്രായശ്ചിത്തം ചെയ്യുവാനുള്ള ഒരു നല്ല മനസ്സുള്ള തിരുമേനിയുടെ മുന്നില്‍ ആ വൈദികന്‍ സ്തംഭിച്ച് നിന്ന് പോയി തുടര്‍ന്ന് ആ പുരോഹിതന്‍ ഒരു പുതിയ സൃഷ്ടിയായി മാറി. സഭയ്ക്ക് എതിരേ വന്ന വ്യവഹാരങ്ങള്‍ എല്ലാം തന്നെ മലങ്കര മെത്രാനായ പുലിക്കോട്ടില്‍ പിതാവായിരുന്നു നടത്തിയിരുന്നത്. പുലിക്കോട്ടില്‍ പിതാവ് ചില സന്ദര്‍ഭങ്ങളില്‍ ദുഃഖങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നപ്പോള്‍ തന്റെ അരുമ ശിഷ്യനോട് പറയുമായിരുന്നു. ഈ പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ കൊച്ചുതിരുമേനി പ്രാര്‍ത്ഥിക്കണം. തന്റെ ഗുരുവിന് ശക്തി പകരുന്നതിനും സഭ മുന്നോട്ട് പോകുന്നതിനും വേണ്ടി പരുമല തിരുമേനി സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ സമയങ്ങളില്‍ എല്ലാംതന്നെ വ്യവഹാരങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പ:തിരുമേനി ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മുട്ടിന്‍ മേല്‍ നില്‍ക്കുകയും എന്റെ കര്‍ത്താവേ എന്ന് പറഞ്ഞ് കരയുകയും ചെയ്തു.പുരോഹിതന്മാര്‍ കാര്യം ആരാഞ്ഞപ്പോള്‍ ഞാന്‍ കര്‍ത്താവിനെ ദര്‍ശിച്ചു എന്ന് ഉത്തരം നല്‍കി. ഈ അനുഭവത്തിനു ശേഷം കൊച്ചുതിരുമേനി തന്റെ മനസ്സില്‍ ഒരു തീരുമാനം എടുത്തു. എത്ര ത്യാഗം സഹിച്ചാലും വിശുദ്ധനാട് സന്ദര്‍ശിക്കണം(ഊര്‍ശ്ളേം)1895ല്‍ തന്നെ തിരുമേനി സഹയാത്രികരുമൊത്ത് ബോംബയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം തീര്‍ത്ഥയാത്ര ആരംഭിച്ചു. മ്ശിഹാ തമ്പുരാന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയെല്ലാം സന്ദര്‍ശിച്ച ഭാരതത്തില്‍ നിന്നുളള പ്രഥമ പുണ്യപിതാവെന്ന ബഹുമതിയും പ: തിരുമേനിക്ക് ലഭിച്ചു. പരുമല കൊച്ചു തിരുമേനിയില്‍ കണ്ട ഒരു അത്ഭുത സവിശേഷത ദൈവത്തിലേക്ക് വളരെ ആഴത്തില്‍ അടുത്തപ്പോള്‍ ആ പരമ പരിശുദ്ധന്‍ തന്റെ പ്രാണന്‍ നിലനിര്‍ത്തുവാനുള്ള ഭക്ഷണത്തിന്റെ അളവ് വളരെ നിസാരമാക്കി,ദിനരാത്രങ്ങള്‍ മുഴുവനും ദൈവീക വേലയുമായി മുന്നോട്ടുപ്പോയി.മലങ്കര ഓര്‍ത്തഡോക്സ് സഭ ചരിത്രം പരിശോധിച്ചാല്‍ അറിയുവാന്‍ കഴിയും,സഭയുടെ ആത്മീയ വളര്‍ച്ചക്ക് പ:പരുമല തിരുമേനിയുടെ വിലമതിക്കാനാവാത്ത ആത്മീയ സേവനങ്ങള്‍. ആ പിതാവിനെ ജീവിച്ചിരിക്കുന്ന ഒരു പരിശുദ്ധന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.

(ഡിക്രൂസ് എടുത്ത ഫോട്ടോയുടെ തനിപകര്‍പ്പ് ( വര്‍ഷം 1901))

പലരും പല നാള്‍ ശ്രമിച്ചു തിരുമേനിയുടെ ഒരു ഫോട്ടോ എടുക്കാന്‍ എപ്പോഴും തിരക്ക് അല്ലെങ്കില്‍ സ്വാകാര്യ പ്രാര്‍ത്ഥന.ഫോട്ടോ എടുക്കാന്‍ തരത്തില്‍ ഒന്നു കിട്ടുക പ്രയാസമായിരുന്നു.1901 ല്‍ തിരുവിതാംകൂര്‍ സ്റേറ്റുമാനുവലില്‍ പുത്തന്‍ കൂറ്റു മെത്രാന്മാരുടെ ഒരു വേഷമാതൃക കാണിക്കുന്നതായ ഒരു ചിത്രം ചേര്‍ക്കുവാന്‍ നിശ്ചയിച്ചു.ദിവാന്‍ പേഷ്ക്കാര്‍ മി.നാഗമയ്യായുടെ ആവശ്യപ്രകാരം കൊട്ടാരം ഫോട്ടോഗ്രാഫര്‍ ഡിക്രൂസിനെ നിയമിച്ചു.തിരുമേനി തിരുവനന്തപുരം പള്ളിയില്‍ എഴുന്നെളളി താമസിക്കുമ്പോള്‍ നാഗമയ്യാ തിരുമേനിയെ ഒന്നു രണ്ടു പ്രാവശ്യം കണ്ടു.ഫോട്ടോ എടുക്കേണ്ട അത്യാവശ്യകത ധരിപ്പിച്ചു.

സന്ദര്‍ശിക്കാന്‍ സമയം കിട്ടിയില്ല.ഒത്തു കിട്ടിയ നേരമോ ഉച്ചനേരം.ഫോട്ടോഗ്രാഫര്‍ ശക്തമായ വെയിലില്‍ ഫോട്ടോ എടുക്കാന്‍ പ്രയാസപ്പെടുന്നതു കണ്ട തിരുമേനി അല്പസമയം ധ്യാന നിരതനായ ശേഷം സ്ളീബാ എടുത്ത് ആകാശത്തിലേക്ക് നോക്കി റൂശ്മച്ചെയ്തു.ക്ഷണനേരം ഒരു ഇരുള്‍ മേഘം സൂര്യനെ മറച്ചു.ഫോട്ടോക്ക് പാകമായ വെളിച്ചം കിട്ടി.ഫോട്ടോ എടുത്തു.പെട്ടെന്നു പൂര്‍വ്വസ്ഥിതി ആകാശത്ത് കൈവന്നു.ഫോട്ടോഗ്രാഫര്‍ ഭയന്നുവിറച്ചു.ഈ പരിശുദ്ധന്റെ അരികില്‍പോലും നില്‍ക്കുവാന്‍ എങ്ങനെ കഴിയുമെന്നു ചിന്തിച്ചു.

പൈശാചികശക്തി തിരുമേനിയുടെ മുന്നില്‍ മുട്ടുമടക്കുന്നു

പരിശുദ്ധ പരുമല തിരുമേനി കുന്നംകുളം മെയിന്‍ റോഡ് സ്കൂളില്‍ (ഗവണ്‍മെന്റ് ഗേള്‍സ് സ്കൂള്‍)താമസിക്കുന്ന കാലഘട്ടം. മങ്ങാട് ദേശക്കാര്‍ പരുമല തിരുമേനിയെ സ്കൂളില്‍ വന്ന് കണ്ട് ഒരു സങ്കടം ഉണര്‍ത്തിച്ചു. മങ്ങാട് റോഡരികിലായി ( ആ കാലത്തെ ഒറ്റയടിപാത) ഒരു വലിയ ആല്‍മരം നില്‍പ്പുണ്ടായിരുന്നു. സന്ധ്യയായാല്‍ അതു വഴിയാത്രചെയ്യാന്‍ ആളുകള്‍ക്ക് വളരെ ഭയമാണ്. കാരണം ഈ ആല്‍മരത്തില്‍ പൈശാചികശക്തി വസിച്ചിരുന്നു. പല ആളുകള്‍ക്കും ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതുമൂലം ഈ വഴി ആളുകള്‍ കൂട്ടത്തോടെയാണ് യാത്ര ചെയ്യാറുളളത്. ഈ കാര്യങ്ങളെല്ലാം പരിശുദ്ധ തിരുമേനിയോട് പറഞ്ഞു. പരുമലതിരുമേനി മങ്ങാട് ദേശക്കാരോട് പറഞ്ഞു. എന്റെ പഴഞ്ഞി പള്ളിയിലേക്കുളള യാത്രയില്‍ അതുവഴി വന്ന് ആല്‍മരത്തിന്റെ അവിടെ വരാം നിങ്ങള്‍ കുറച്ച് ആളുകള്‍ അവിടെ ഉണ്ടാകണം. തിരുമേനി പറഞ്ഞതുപോലെ ചെയ്യാം എന്ന് പറഞ്ഞ് അവര്‍ യാത്രയായി. അടുത്ത ദിവസം തിരുമേനി പല്ലക്കില്‍ മങ്ങാട്ടേയ്ക്ക് യാത്ര തിരിച്ചു. ആല്‍മരത്തിന്റെ അവിടെ എത്തിയപ്പോള്‍ തിരുമേനി അവിടെ ഇറങ്ങുകയും വിശ്വാസികളെ അടുത്തേക്ക് വിളിക്കുകയും ചെയ്തു. അല്‍പനേരം പരിശുദ്ധ തിരുമേനി മൌനമായി പ്രാര്‍ത്ഥിക്കുകയും തന്റെ സ്ളീബാ എടുത്ത് ആല്‍മരത്തിന്റെ നേരെ ഉയര്‍ത്തി റൂശ്മ ചെയ്യുകയും ദുഷ്ടശക്തിയെ പോകൂ എന്ന് ആജ്ഞാപിക്കുകയും ചെയ്തു. അത്ഭുതം എന്ന് പറയട്ടെ ഉടന്‍തന്നെ ആ മരത്തിന്റെ വലിയ ഒരു ശാഖ നിലം പതിക്കുകയും ചെയ്തു. തുടര്‍ന്ന് തിരുമേനി പറഞ്ഞു ഇനി ഒരു ഉപദ്രവവും ഇവിടെ ഉണ്ടാകില്ല. പിന്നീട് പരമപരിശുദ്ധന്‍ പഴഞ്ഞി പളളിയിലേക്ക് യാത്ര തിരിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പരിശുദ്ധന്റെ ഉള്‍കാഴ്ച

കുന്നംകുളം ആര്‍ത്താറ്റ് പള്ളിയിലെ സെമിത്തേരിയുടെ മതില്‍ നിര്‍മ്മാണസമയത്ത് നടന്ന ഒരു സംഭവം. പരിശുദ്ധ പരുമല തിരുമേനിയാണ് മതില്‍ നിര്‍മ്മിക്കുന്നതിന് ശില ഇട്ടത്. പ്രധാനപുരോഹിതനെ വിളിച്ച് തിരുമേനി ചോദിച്ചു. ഈ സ്ഥലം എത്രയാണ് അളവ് പുരോഹിതന്‍ മറുപടി പറഞ്ഞു. ഉദ്ദേശം 450 സെന്റോളം ( 4 1/2 ഏക്കര്‍) കാണും. തിരുമേനി എന്നാല്‍ ഈ സ്ഥലത്തിനു ചുറ്റും മതില്‍ നിര്‍മ്മിക്കണം. പുരോഹിതന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ഇത്രയും വലിയ സെമിത്തേരി വേണോ? പിതാവേ! പരിശുദ്ധ തിരുമേനി കല്‍പിച്ചു. വരും തലമുറക്ക് ഈ സെമിത്തേരിയില്‍ സ്ഥലം ഇല്ലാതെയാകും. അപ്പോള്‍ വേറെ സ്ഥലം കരുതിവെക്കണം. പരിശുദ്ധന്റെ ഉള്‍കാഴ്ച എത്രയോ മഹനീയം ( ഭാരതത്തിലെ ഏറ്റവും വലിയ സെമിത്തേരിയാണ് ആര്‍ത്താറ്റ് പളളിയുടേത്.)

പഴഞ്ഞി പളളിയില്‍ നടന്ന ഒരു സംഭവം

പരിശുദ്ധ പരുമല തിരുമേനി പഴഞ്ഞി പളളിയില്‍ താമസിച്ച കാലഘട്ടത്തില്‍ നടന്ന ഒരു സംഭവം. ഞായറാഴ്ച പളളിയില്‍ തിരുമേനി ദിവ്യബലി അര്‍പ്പിച്ചതിനുശേഷം വിശ്വാസികള്‍ പിരിഞ്ഞ്പ്പോയപ്പോള്‍ തിരുമേനി പളളിപറമ്പില്‍ വൃക്ഷത്തണലില്‍ വിശ്രമിക്കുമ്പോള്‍ മാവില്‍ നിന്ന് ഒരു മാമ്പഴം താഴെ വീണു, സമീപത്ത് നിന്നിരുന്ന സെക്രട്ടറിയോട് ആ മാമ്പഴം നല്ലതാണ് അത് എടുക്കുവാന്‍ തിരുമേനി പറഞ്ഞു. സെക്രട്ടറി അത് എടുക്കുവാന്‍ നടന്നപ്പോള്‍ പെട്ടെന്ന് ഒരു ബാലന്‍ വന്ന് ആ മാമ്പഴം എടുക്കുകയും ചെയ്തു. സെക്രട്ടറി വളരെ ദേഷ്യത്തോടെ ആ ബാലനെ വഴക്ക് പറയുകയും ചെയ്തു. തിരുമേനി സെക്രട്ടറിയോട് ബാലനെ വഴക്കു പറയേണ്ട. നമുക്ക് ഇനിയും ലഭിക്കുമല്ലോ? എന്ന് പറയുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ ക്ഷണനേരം കൊണ്ട് മാവിന്റെ ഒരു ചെറിയ ശാഖ താഴെ വീഴുകയും അതില്‍ ഒന്നില്‍ കൂടുതല്‍ മാമ്പഴങ്ങളും ഉണ്ടായിരുന്നു. 

കായലില്‍ കൂടിയുളള യാത്ര

കുറിച്ചി പളളിവികാരി ദിവ്യശ്രീ കുര്യയാക്കോസ് കത്തന്നാര്‍ നിദ്രപ്രാപിച്ചു. പ :തിരുമേനിക്കു അടക്കത്തിനു പോകേണ്ടിയിരുന്നു. കല്ലുങ്കത്ര ആയിരുന്നു പ: തിരുമേനി വളളത്തില്‍ കായലില്‍കൂടി കുറിച്ചിക്കു തിരിച്ചു. വളളക്കാര്‍ കായലില്‍കൂടി പോകുവാന്‍ ധൈര്യപ്പെടാതിരുന്നു. എന്നാല്‍ പ : തിരുമേനിയുടെ ആജ്ഞയനുസരിച്ചായിരുന്നു അങ്ങനെ പോയത് വളളക്കാര്‍ പ്രതീക്ഷിച്ചതുപോലെ ഇടയ്ക്കു വെച്ചു കാറ്റും കോളും തുടങ്ങി. വളളം ഊഞ്ഞാലുപോലെ ആടാന്‍ തുടങ്ങി. എല്ലാവരും ഭയന്നു. പ: തിരുമേനി വെളളത്തില്‍ കുരിശടയാളം വരച്ചു. അത്ഭുതം നടന്നു. പെട്ടെന്നു കാറ്റും കോളും നിലച്ചു. ശാന്തത കൈവന്നു. സുരക്ഷിതമായി കുറിച്ചിയില്‍ എത്തി.

കബറിനെ പറ്റി മുന്‍ സൂചന

ഒരിക്കല്‍ മഴയുടെ ഉപദ്രവം കൂടാതെ കുളിക്കുവാന്‍ പ: തിരുമേനി പള്ളിയുടെ വടക്കുവശത്ത് ഒരു സ്ഥാനം കണ്ടത്തി,കൂടെയുള്ള ശെമ്മാശനോട് പറഞ്ഞു ഞാന്‍ കാലം ചെയ്യുമ്പോള്‍ ഇവിടെ വേണം കബറടുക്കുവാന്‍ എന്നു പറഞ്ഞു.അതനുസരിച്ചാണ് കബറിടം അവിടെ സ്ഥാപിച്ചത്. ഇന്ന് തിരുമേനിയുടെ കബറിടം ഒരു മഹാ തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അനേകര്‍ അഭയം തേടുന്നു.ആ കബറിങ്കലില്‍ ദുഃഖഭാരം ഇറക്കിവെച്ച് ആശ്വാസം തേടുന്നവരുടെ എണ്ണം വളരെ വളരെ കൂടിവരുന്നു.അനവധി അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്നു.

പാമ്പാടി തിരുമേനിയെ കുറിച്ച് ഉള്‍ക്കാഴ്ച

പരിശുദ്ധ പരുമല തിരുമേനി കാലം ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് പ്രധാന ശിഷ്യനായ വട്ടശ്ശേരിയില്‍ ഗീവര്‍ഗ്ഗീസ് കത്തനാരെ വിളിച്ച്(പ:വട്ടശ്ശേരിയില്‍ തിരുമേനി)ഇങ്ങനെ പറഞ്ഞു. എന്റെ കാലശേഷം ഞാന്‍ ഉപയോഗിച്ചിരുന്ന സ്ളീബായും അംശവടിയും വര്‍ഷങ്ങള്‍ക്കു ശേഷം പാമ്പാടിയില്‍ നിന്ന് കുരിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്ന നാമത്തില്‍ ഒരു മേല്‍ പട്ടക്കാരന്‍ വരും ഇത് അപ്പോള്‍ അദ്ദേഹത്തിന് നല്‍കണം എന്ന് പറയുകയും ചെയ്തു.അങ്ങനെ ചെയ്തുകൊള്ളാമെന്ന് ശിഷ്യന്‍ ഗുരുവിന് ഉറപ്പു കൊടുത്തു.വര്‍ഷങ്ങള്‍ക്കുശേഷം അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ പ്രസംഗം (കാതോലിക്കേറ്റ് രത്നം)

കുന്നംകുളം സെന്റ് ലാസറസ് പഴയ പള്ളിയില്‍ 1946 കാലഘട്ടത്തില്‍ വലിയ നോമ്പ് അനുഷ്ഠിക്കുന്ന സന്ദര്‍ഭത്തില്‍ പുത്തന്‍കാവിലെ കൊച്ചുതിരുമേനിയുടെ പ്രസംഗത്തിലെ പ്രശസ്തവരികള്‍ “എന്റെ ബാല്യത്തില്‍ എനിക്ക് നാലുവയസ്സുപ്രായമുള്ള സമയത്ത്,ഞാന്‍ എന്റെ
പിതാവിന്റെ കൂടെ പരിശുദ്ധനായ പരുമല തിരുമേനിയെ കാണാന്‍ പോയി,തിരുമേനി അസുഖമായി ഇരിക്കുന്ന സമയമാണ്.എന്റെ പിതാവിനോട് തിരുമേനി കല്‍പിച്ചു.ഈ മകനെ ദൈവത്തിനായി കൊടുക്കണം എന്നു പറഞ്ഞു.എന്റെ പിതാവ് വളരെ സന്തോഷത്തോടെ സമ്മതം പറയുകയും ചെയ്തു.ഉടനെ പരുമല തിരുമേനി എന്നെ മടിയില്‍ ഇരുത്തുകയും എന്റെ തലയില്‍ മൂന്നു പ്രാവശ്യം തലോടുകയും ചെയ്തു.അപ്പോള്‍തന്നെ പരിശുദ്ധ പരുമല തിരുമേനി എനിക്ക് പട്ടം തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഈ സംഭവത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പരിശുദ്ധ തിരുമേനി ഇഹലോഹവാസം വെടിയുകയും ചെയ്തു.ഈ അനുഭവം എനിക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല”

“പരിശുദ്ധന്‍റെ മദ്ധ്യസ്ഥതയില്‍ നിങ്ങള്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അഭയം പ്രാപിച്ചാല്‍ നിങ്ങളെ ഒരിക്കലും ആ പുണ്യവാന്‍ നിരാശരാക്കുകയില്ല”