OVS - Latest NewsUncategorized

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയത്തെ അറിയാം

കോഹിമ: സമുദ്ര നിരപ്പില്‍ നിന്ന് 1864.9 മീറ്റര്‍ ഉയരെ നാഗാലാന്റിലെ സുന്‍ഹേബോതോ എന്ന മനോഹരമായ പട്ടണത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവദേവാലയം. ഈ ദേവാലയം സുമി ബാപ്റ്റിസ്റ്റ് സഭയുടെ നിയന്ത്രണത്തിലാണ്.

ഒന്‍പതു നിലകളുള്ള ദേവാലയം പത്തുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2007 മേയ് ഏഴിനു തറക്കല്ലിട്ടു. കഴിഞ്ഞ മാര്‍ച്ച് 31ന് പണി പൂര്‍ത്തിയാക്കി. 3000 തൊഴിലാളികളാണ് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടത്. 36 കോടി രൂപയാണ് ആകെ ചെലവ്.

പ്രധാന ആരാധനാഹാളില്‍ 8500 പേര്‍ക്കിരിക്കാം. അതു കൂടാതെ 27 വേറെ മുറികള്‍ ഉണ്ട്. കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും യോഗങ്ങള്‍ക്കും പ്രത്യേക ഹാളുകള്‍. വിവാഹത്തിനെത്തുന്ന വധൂവരന്‍മാര്‍ക്കായി വെവ്വേറെ മുറികള്‍. രോഗികള്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനും പ്രത്യേക ഇടങ്ങള്‍ ഉണ്ട്. മൊത്തം വിസ്തീര്‍ണ്ണം 2373476 ചതുരശ്രയടി. 203 അടി നീളവും 153 അടി വീതിയും 166 അടി ഉയരവും. നീലയും വെള്ളയും പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗോപുരത്തിലെ പള്ളിമണിക്ക് 500 കി.ഗ്രാം തൂക്കം വരും. 93 ശതമാനം ഓടും ഏഴു ശതമാനം ടിന്നുമാണ്. പോളണ്ടില്‍ നിര്‍മിച്ച മണിക്ക് 15 ലക്ഷം രൂപയായി.ദിമാപ്പൂരിലെ അകിടെക്ടൂറ എന്ന സ്ഥാപനമാണ് പള്ളിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചത്. നിര്‍മാണ ചുമതല കല്‍ക്കത്തയിലെ മാപ്പ് പ്രൊജക്ട് സര്‍വീസിനായിരുന്നു.സഭാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനയും ബാങ്ക്‌ലോണും ഉപയോഗിച്ചാണ് പള്ളി നിര്‍മ്മിച്ചത്. നാഗാലാന്റിലെ സുമി ഗോത്രവിഭാഗത്തില്‍ പെട്ടവരാണ് ഈ സഭയിലെ അംഗങ്ങള്‍.