OVS - ArticlesOVS - Latest News

സുപ്രീംകോടതിവിധിയും സഭാസമാധാനവും

1958-ലെ സുപ്രീംകോടതിവിധിക്കു ശേഷമുണ്ടായ സഭാസമാധാനത്തിലൂടെ കക്ഷിപക്ഷങ്ങള്‍ ഉപേക്ഷിച്ചു – ഉപേക്ഷിക്കാഞ്ഞതു മലങ്കരസഭാ ഭരണഘടന മാത്രം – ഒന്നായി നന്നായി മുന്നേറിയ മലങ്കരസഭയുടെ ശക്തിയും സൗന്ദര്യവും ശ്രേഷ്ഠതയും അനുഭവിച്ചും ഒരുമയുടെ പെരുമയും പ്രഭാസവും ആസ്വദിച്ചും വളര്‍ന്നുവന്ന ഒരു തലമുറയുടെ എളിയ പ്രതിനിധിയാണ് ഇത് കുറിക്കുന്നത്. നാട്ടില്‍ മാത്രമല്ല, മറുനാട്ടില്‍ പോലുമുള്ള സഭകള്‍ക്കും സമൂഹങ്ങള്‍ക്കും സമുന്നത മാതൃകയായിരുന്ന മലങ്കരസഭ അന്നു മലമേല്‍ ഇരിക്കുന്ന പ്രകാശസ്തംഭമായി പ്രശോഭിച്ചുവെന്നുള്ളത് ആര്‍ക്കും തിരുത്താനാവാത്ത ചരിത്രസത്യമാണ്. ഇതരസഭകളുള്‍പ്പെടെ പലര്‍ക്കും അന്നത്തെ വളര്‍ച്ചയും വിവിധ സരണികളിലുള്ള ഉയര്‍ച്ചയും സഹിക്കാനാവാത്ത അസഹിഷ്ണുതയും അസൂയയും ഉളവാക്കിയെന്നുള്ളതും മറച്ചുവച്ചിട്ടു കാര്യമില്ല. അന്നത്തെ സുന്ദരവും സുശോഭയും നിറഞ്ഞ ചിത്രത്തിനു ചായംചേര്‍ത്തു ചാരുത ചോര്‍ത്തുന്നതിനും ചിതല്‍പ്പുറ്റു പരത്തുന്നതിനും സഭയ്ക്കുള്ളിലുള്ള ചുരുക്കം ചിലരും സഭയ്ക്കു പുറത്തുള്ള പലരും പരിശ്രമിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം.

1964-ല്‍ പ. ഔഗേന്‍ ബാവാ സഭാസാരഥിയായി സ്ഥാനമേറ്റതിനു (മെയ്) തൊട്ടാണു പഞ്ചവല്‍സരങ്ങള്‍ നീണ്ട ഈ ലേഖകന്‍റെ പഴയസെമിനാരി പഠനത്തിനു (ജൂണ്‍) തുടക്കമിട്ടത്. ആ വേള, നേരത്തെ തന്നെ ഒന്നായ സഭയുടെ ഏറ്റം നന്നായ നാളുകളായിരുന്നു. സഭയ്ക്കുള്ളില്‍ കക്ഷിപക്ഷങ്ങളുടെ പൊട്ടലുകളും ചീറ്റലുകളുമില്ലാതെ കഴിഞ്ഞതുകൊണ്ട് ആധുനിക മലങ്കരസഭയുടെ സുവര്‍ണ്ണനാളുകളെന്നു ആ കാലഘട്ടത്തെ പേരിട്ടു വിളിക്കാം. പഴയ ബാവാകക്ഷിയില്‍പ്പെട്ട സിദ്ധനായ വന്ദ്യ എന്‍. കെ കോരുത് മല്‍പാനച്ചനും (1960 മുതല്‍) ശുദ്ധനായ വന്ദ്യ റ്റി. ജെ. ഏബ്രഹാം മല്‍പാനച്ചനും (1966 മുതല്‍) അന്നു പഴയസെമിനാരിയില്‍ അദ്ധ്യാപകരായിരുന്നു. ആ അഞ്ചു വര്‍ഷക്കാലം അവിടെ പ്രഥമാദ്ധ്യാപകരായി മൂന്നു പേരുണ്ടായി. ആദ്യത്തെ രണ്ടു വര്‍ഷം മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും (മാത്യൂസ് പ്രഥമന്‍ ബാവാ) തുടര്‍ന്ന് ഏതാനും മാസം റമ്പാന്‍ കെ. ഫിലിപ്പോസും (ഫിലിപ്പോസ് മാര്‍ തെയോഫിലോസ്) പിന്നെ ഫാദര്‍ പോള്‍ വര്‍ഗീസും (പൗലോസ് മാര്‍ ഗ്രീഗോറിയോസ്). ഒരു സഭ എന്നതുപോലെ ഒരു സെമിനാരി മാത്രമാണ് അന്ന് സഭയ്ക്കുണ്ടായിരുന്നത്. സെമിനാരി വിദ്യാര്‍ത്ഥികളില്‍ പലരും പഴയ പാത്രിയര്‍ക്കീസ് ഭാഗത്തുണ്ടായിരുന്നവരും. മുമ്പു ഇരുകക്ഷികളിലുമായിരുന്ന വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചും പഠിച്ചും ഭക്ഷിച്ചും സഹപാഠികളായി, സഹ”മുറി”യന്മാരായി സ്വസഹോദരങ്ങളെപ്പോലെ സഹവസിച്ച് അവിടെ ജീവിച്ചു. അവരില്‍ അനേകര്‍ ഒന്നായ മലങ്കരസഭയുടെ നേതൃനിരയില്‍ പിന്നീട് പ്രവര്‍ത്തിക്കുന്നവരായി. അന്ധമായ അന്ത്യോഖ്യാജ്വരം ബാധിച്ച ഒന്നുരണ്ടു മൂന്നു പേര്‍ അന്നുമുണ്ടായിരുന്നുവെങ്കിലും അരുമയാര്‍ന്ന ഒരുമയുടെ അരുണശോഭയില്‍ അവര്‍ അധികം വെളിച്ചത്തിലേക്കു വരാതെ പമ്മിയും പതുങ്ങിയും അന്ന് ഒതുങ്ങി കഴിഞ്ഞു.

സമാധാനം സ്ഥാപിക്കുന്നര്‍ സൗഭാഗ്യവാന്മാര്‍; അവര്‍ ദൈവസന്തതികളെന്നു വിളിക്കപ്പെടും.” മര്‍ത്തീകരണം പ്രാപിച്ച വചനമായ ദൈവത്തിന്‍റെ തിരുമൊഴിയാണത്. “നാം ദൈവമക്കള്‍” എന്നതാണു വീണ്ടെടുക്കപ്പെട്ട വിശുദ്ധജനത്തെക്കുറിച്ചുള്ള അപ്പോസ്തോല സാക്ഷ്യം. ആ സുവര്‍ണ്ണ, സ്വര്‍ഗ്ഗീയ സാക്ഷ്യം സാക്ഷാത്താക്കുന്നത് സമാധാനം സ്ഥാപിക്കുമ്പോളും സംരക്ഷിക്കുമ്പോളുമാണ്. സഭയുടെ നില്‍പ്പിനും നിലനില്‍പ്പിനും അവയിലുപരി സാക്ഷ്യത്തിനും ശാന്തിയും സമാധാനവും അവിഭാജ്യ ഭാഗങ്ങള്‍ തന്നെ. എങ്കിലും അടിസ്ഥാനപ്രമാണങ്ങള്‍ തിരസ്കരിച്ചും സത്യത്തെ തമസ്കരിച്ചും സമാധാനം സൃഷ്ടിക്കുന്നതു സുരക്ഷിതമൊ ശാശ്വതമൊ അല്ല. ഇല്ലാത്ത പ്രശ്നങ്ങളും വല്ലാത്ത പ്രതിസന്ധികളും ഭാവിയില്‍ ഉടലെടുക്കുന്നതിനേ അതുപകരിക്കുകയുള്ളു. നാലും നാലും ഏഴാണെന്നു സമ്മതിച്ചും സമ്മതിപ്പിച്ചും സമാധാനം സഫലമാകുക അസാദ്ധ്യം. എന്നും എവിടെയും എപ്പോഴും എട്ടാണെന്നുള്ളതു കട്ടായം. ഒപ്പം, ഓര്‍ത്തിരിക്കേണ്ടതാണ്, പെട്ടെന്നു പൊട്ടിക്കാവുന്ന കെട്ടുകളൊക്കെ നഷ്ടത്തിലും നാണക്കേടിലും നാശത്തിലുമേ എത്തിനില്‍ക്കുകയുള്ളു. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്നുള്ള പഴമൊഴിയില്‍ പതിരില്ല.

ആരാണു സഭയിലുണ്ടായിരുന്ന സമാധാനം ഇല്ലാതാക്കി അസ്വസ്ഥത സൃഷ്ടിച്ചത്? പലരെയും പഴി പറയാനുണ്ട്. പക്ഷേ, പഴികേള്‍ക്കുന്ന പലര്‍ക്കും പ്രത്യേകിച്ചു കുറ്റംചാര്‍ത്തി മുദ്ര പതിപ്പിച്ചു മാറ്റിനിര്‍ത്തുന്ന മലങ്കര സഭയുടെ അന്നത്തെ നേതൃനിരയിലുണ്ടായിരുന്നവര്‍ക്കു തരിമ്പിനുപോലും അതിനു പങ്കില്ലെന്നുള്ളതാണ് പരമാര്‍ത്ഥം. എന്നാല്‍ സഭയില്‍ നിന്നു വേറിട്ടു പോയി “സമാന്തര സഭ” സൃഷ്ടിച്ചവരും അതിനെ താരാട്ടു പാടി പാലൂട്ടി വളര്‍ത്തിയവരും വളര്‍ത്തുന്നവരും ഉച്ചത്തില്‍ ഉച്ചരിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു (ഗീബല്‍സ് തന്ത്രം) അച്ചടിച്ചും പ്രചരിപ്പിക്കുന്ന കാര്യങ്ങളും കാരണങ്ങളും നട്ടാല്‍ കുരുക്കാത്ത നുണകളല്ലാതെ മറ്റൊന്നുമല്ല.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മുമ്പിലേക്കു മാത്രമല്ല, പിമ്പിലേക്കും അവരുടെ നോട്ടമയക്കും. അവ നിയന്ത്രിക്കുന്നവരുടെ മുമ്പില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ദര്‍പ്പണം അതിനുള്ളതാണല്ലോ. അപകടങ്ങള്‍ ഒഴിവാക്കി സുഗമവും സുരക്ഷിതവുമായ മുമ്പോട്ടുള്ള പോക്കിനു അതനുപേക്ഷണീയമാണ്. കഴിഞ്ഞ കാലങ്ങളിലെ അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ സമാധാന സന്ധി ആലോചനകളില്‍ അവഗണിച്ചും വിസ്മരിച്ചും തല്ലിക്കൂട്ടുന്നതെന്തും തൊട്ടുതന്നെയൊ തരംകിട്ടുന്നതനുസരിച്ചോ തകര്‍ക്കപ്പെടാന്‍ ഏറെയിടയുണ്ട്. ഒപ്പും മുദ്രയും വച്ചു ഭദ്രമാക്കിയ ഉറപ്പുകള്‍ അവയിലെ മഷി ഉണങ്ങുന്നതിനു മുമ്പു കുറുപ്പിന്‍റെ ഉറപ്പിനെ പിമ്പിലാക്കുന്ന ചരിത്രമാണല്ലോ ഉള്ളത്. കുറുപ്പിനെക്കുറിച്ചുള്ള ചൊല്ലുണ്ടായത് അയാള്‍ കണ്ടമാനക്കാരനായതുകൊണ്ടാകാം. “ആകമാന“ക്കാരും വിശുദ്ധരെന്നു പേരിനൊപ്പം പതിച്ചു കിട്ടിയിട്ടുള്ളവരും കുറുപ്പിനെ കവച്ചുവയ്ക്കുന്നവരായതാണു മലങ്കരസഭയുടെ കഷ്ടകാലത്തിനും നഷ്ട വിമ്മിഷ്ട കാര്യങ്ങള്‍ക്കും കാരണം.

പിമ്പിലേക്കു നോക്കി പഠിക്കേണ്ട പ്രഥമ പാഠം മലങ്കരസഭയില്‍ എന്തു സമാധാനം ഉണ്ടായാലും അതു തക്കംനോക്കി തകര്‍ക്കാന്‍ അന്ത്യോഖ്യാ സഭാദ്ധ്യക്ഷന്മാര്‍ കൂട്ടുനിന്നുവെന്നുള്ളതാണ്. “കണ്ഠാഭരണമെന്നു കരുതിയതും കണ്ഠകോടാലിയായി പരിണമിച്ചതുമായ” പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ മെത്രാന്‍ വാഴ്ചയോടുകൂടി അതിനു തിരികൊളുത്തി. ആധുനിക കാലത്ത് അതിനു കറയും കരിയും പിടിപ്പിച്ചതു കടവില്‍ മാര്‍ അത്താനാസിയോസിനെ മേല്‍പ്പട്ടം കെട്ടി വിട്ടതിലൂടെയാണ് (പാലക്കുന്നത്ത് മെത്രാച്ചനെ മുടക്കി പുറത്താക്കി. പാവം കടവില്‍ മെത്രാച്ചനെ മുടക്കേണ്ടി വന്നില്ല. അതിനു മുമ്പു തന്നെ അദ്ദേഹം അന്ത്യോഖ്യായില്‍ നിന്നു ലഭിച്ച പൗരോഹിത്യ പദവിയുടെ സ്ഥാനചിഹ്നങ്ങളെല്ലാം പാഴ്സലാക്കി പാത്രിയര്‍ക്കീസിനു അയച്ചുകൊടുത്തു (അവ പൊതിഞ്ഞുകെട്ടി പാഴ്സല്‍ ചെയ്യാന്‍ സഹായിച്ച ഇന്നത്തെ മറുഭാഗത്തുള്ള മേല്‍പ്പട്ടക്കാരില്‍ ചിലരുടെ സാക്ഷ്യം നേരിട്ടു കേട്ടതാണ് ഇവിടെ കുറിക്കുന്നത്). വിഭജിച്ചു ഭരിക്കുക എന്നതാണ് അവരുടെ തന്ത്രവും മന്ത്രവും. യാക്കോബായ സഭയും ക്നാനായ “സഭ”യും പൗരസ്ത്യ സുവിശേഷ സമാജസഭയുമെല്ലാം വിഭജനവിദ്യ പ്രക്രിയയുടെ പ്രത്യക്ഷപ്രതീകങ്ങളാണ്. പത്തു പുത്തന്‍ കിട്ടാനും പത്തു പേര്‍ ഭൂലോകത്തെവിടെയെങ്കിലും അവര്‍ക്കു പോയിം പോയിം വിളിക്കാനും ഇവിടെയുള്ള വിശ്വാസികളെ അന്യോന്യം അടുപ്പിച്ചതുകൊണ്ടു അസാദ്ധ്യം, അടിപ്പിച്ചാല്‍ അതു സുസാദ്ധ്യം. അതിന് ഇവിടെ കലഹവും കലാപവുമുണ്ടാക്കി സമാന്തരസഭകള്‍ സൃഷ്ടിക്കണം. ആയതിനുവേണ്ട വകകളും വഴികളും അവര്‍ അനയാസേന കണ്ടെത്തും. മലങ്കര സഭാദ്ധ്യക്ഷന്‍ അയയ്ക്കുന്ന കല്‍പ്പനകളിലെ അക്ഷരങ്ങളും അവയുടെ നിറംപോലും ഇവിടെയുള്ളവരെ ഭിന്നിപ്പിക്കാനും പോരടിപ്പിക്കാനും അവര്‍ കരുക്കളാക്കും. മലങ്കരയുള്ള കുറെപ്പേരെ തങ്ങളുടെ താളങ്ങള്‍ക്കൊപ്പം തുള്ളുന്നതിനു കൂടെക്കൂട്ടുക അവര്‍ക്കു പെരുത്തിഷ്ടമുള്ള കാര്യമാണ്. അതിനു അനുയോജ്യരായവരെ അവര്‍ കണ്ടെത്തും. ശുദ്ധരും സിദ്ധരും സംഘാടനത്തിനും സംഘട്ടനത്തിനും അത്ര പറ്റിയവരല്ലെന്നു ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്. അതുകൊണ്ടു മേല്‍പ്പട്ടത്തിനുപോലും അവര്‍ അനുയോജ്യരായി കണ്ടെത്തുന്നവരില്‍ പലരും നുഴഞ്ഞുകയറ്റത്തിനും അക്രമത്തിനും അതിക്രമത്തിനും അതിസമര്‍ത്ഥരായിരിക്കും. അങ്ങനെ പട്ടംകെട്ടാന്‍ മുട്ടിനിന്നവര്‍ക്കു ഇന്ത്യയുടെ അപ്പോസ്തോലന്‍റെ പട്ടമുരിയുന്ന തീട്ടൂരം തട്ടിക്കൂട്ടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. എവിടെ എപ്പിസ്കോപ്പാ ഉണ്ടോ അവിടെ സഭയുണ്ടെന്നുള്ളതു പണ്ടേയുള്ള പൈതൃകസൂക്തമാണല്ലോ. അന്ത്യോഖ്യാബന്ധത്തിലൂടെ അതു ശപ്തസൂത്രമായി പരിണമിച്ചതാണ് മലങ്കരസഭയുടെ ആധുനിക കാലത്തെ ഏറ്റവും വലിയ ശാപം.

അനധികൃതമായി മലങ്കരയിലുള്ളവര്‍ക്കു മേല്‍പ്പട്ടം കൊടുത്ത് സഭയെ വെട്ടിമുറിച്ചു പാടും പരുക്കുമേല്‍പിക്കുവാന്‍ കൂട്ടുനില്‍ക്കരുതെന്ന് ഒന്നായിരുന്ന മലങ്കരസഭയുടെ സുന്നഹദോസ് മാര്‍ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയന്‍ ബാവായെ എഴുതി അറിയിച്ചതാണ്. ക്നാനായ മെത്രാസനത്തിന്‍റെ മാര്‍ ക്ലിമ്മീസും കണ്ടനാടിന്‍റെ മാര്‍ പീലക്സിനോസും (ശ്രേഷ്ഠബാവാ) വഴിവിട്ടുള്ള വാഴ്ചയ്ക്കെതിരായി പാത്രിയര്‍ക്കീസിനെഴുതിയ കത്തില്‍ ഒപ്പും മുദ്രയും വയ്ക്കുന്നതിനു മുമ്പന്തിയിലായിരുന്നു. മലങ്കരയില്‍ വന്നപ്പോള്‍ സഭയില്‍ സംജാതമായ സമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഉപ്പുതൂണാകുമെന്നു ഉറക്കെ പ്രഖ്യാപിച്ചു കൈയടി വാങ്ങിയ അതേ പാത്രിയര്‍ക്കീസ് തന്നെയാണു സ്വയം ഉപ്പുതൂണാകുന്ന നടപടിക്കു തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ടു വാഴ്ചകളുടെയും സ്ഥാന മാനങ്ങള്‍ സമ്മാനിക്കുന്നതിന്‍റെയും പെരുമഴക്കാലമായിരുന്നു. എന്തായാലും എത്ര സമാധാനമുണ്ടായാലും മലങ്കരസഭയില്‍ അവിഹിതമായുള്ള ഇടപെടലുകളില്‍ നിന്നു അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാര്‍ പിന്മാറുന്ന ചരിത്രമല്ല പിമ്പിലുള്ളത്. കാര്യമൊന്നുമില്ലാതെയും കാര്യമില്ലാത്ത കാരണം കണ്ടുപിടിച്ചും വെട്ടിനിരത്തു പ്രസ്ഥാനങ്ങള്‍ക്കു അവര്‍ കൂട്ടുനില്‍ക്കും. അതിനൊരറുതിയുണ്ടാകാത്തിടത്തോളം കാലം സമാധാനസന്ധികളുടെയെല്ലാം ദുര്‍ഗതി മുമ്പത്തേതിനു സമാനമായിരിക്കും.

ഇവിടെ ഒരു വാക്ക് ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് മാര്‍ അപ്രേം ബാവായെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. അദ്ദേഹം അന്ത്യോഖ്യാ സിറിയക്ക് സഭയുടെ അദ്ധ്യക്ഷനായിട്ടു അധികകാലമായിട്ടില്ല. എങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ “സമാന്തര” സഭാഗ്രൂപ്പിലെ മേല്‍പട്ടവാഴ്ചയുടെ ശരാശരി കണക്കെടുത്താല്‍ മലങ്കരസഭയില്‍ നിന്നുള്ള ഒരു ഡസന്‍ പേരെയെങ്കിലും അക്കരെവച്ചു വാഴിക്കയോ ഇക്കരവച്ചു വാഴിക്കുവാന്‍ “വിനീത വിധേയനു” അനുവാദം കൊടുക്കുകയോ ചെയ്യുമായിരുന്നു. ഒപ്പം ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യപ്പെടുന്നവര്‍ക്കും അര്‍ഹതയുടെ അ, ആ, ഈ യുടെ അഭാവമുണ്ടെങ്കിലും ഉച്ചരിക്കുവാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള മൃതഭാഷകളിലെ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു പോരിനും പോരാട്ടത്തിനും ഒരുക്കുമായിരുന്നു. എന്തായാലും “Under the Antiochian Sea” എന്ന അടിമത്ത ഏടാകൂടം ആഭരണമായി അണിഞ്ഞും അത് അഭിമാനത്തോടെ ഏറ്റുപറഞ്ഞും എഴുതി ഒട്ടിച്ചു “പറ്റിച്ചും” അന്ത്യോഖ്യന്‍ ബാവായുടെ കല്‍പനകള്‍ ഇവിടെ സൃഷ്ടിച്ച് സാക്ഷാല്‍ അധിപതിയായി അടിപിടികള്‍ക്കു ആവേശം പകര്‍ന്നു വാണ ശ്രേഷ്ഠബാവാ അന്ത്യോഖ്യാബന്ധം “ഇരുമ്പു നുക” മാണെന്നും വിധുരവദനായി വിലപിച്ചും വിമ്മിട്ടത്തോടെ പറഞ്ഞും ചത്തതിനൊക്കുമെ ജീവിച്ചിരുന്നു കഴിയുവാന്‍ കാരണം അപ്രേം ബാവായുടെ കര്‍ക്കശ നിലപാടും കര്‍ശന ശാസനയുമല്ലാതെ മറ്റൊന്നുമല്ല ( ഈ നില തുടര്‍ന്നാല്‍ അന്ത്യോഖ്യാബന്ധം അറബിക്കടലില്‍ താഴ്ത്തി ശ്രേഷ്ഠബാവായും കൂട്ടരും കൊലചെയ്യുമെന്നു കരുതുന്നവരും സംശയരഹിതമായി സാക്ഷിക്കുന്നവരും സമാന്തരവിഭാഗത്തിലും ശീമബാവായോടു ഒട്ടിനില്‍ക്കുന്നവരിലും അനേകരുണ്ട്. അത് അറിയാവുന്നവരില്‍ പ്രഥമനാണ് ഇപ്പോഴത്തെ അപ്രേം ബാവാ. മുന്‍ഗാമി സാഖാ ബാവായെ അടുത്തറിയാവുന്നവര്‍ രഹസ്യമായും പരസ്യമായും ആണയിട്ടു പറയുന്ന ഒരു സത്യമുണ്ട്. മലങ്കരയിലുള്ളവരില്‍ വിഭാഗീയതകള്‍ക്കതീതമായി അദ്ദേഹം ഏറ്റം വെറുത്തതു ശ്രേഷ്ഠബാവാ തോമസ് പ്രഥമനെയാണെന്നാണ്. തോമസ് പ്രഥമന്‍ ശ്രേഷ്ഠബാവായുടെ ഉള്ളും ഊന്നലും ഉള്ളതുപോലെ അറിയാവുന്നവര്‍ പട്ടാങ്ങമായി പറയും, അദ്ദേഹത്തെപ്പോലെ, അന്ത്യോഖ്യാ ബന്ധത്തോടും അന്ത്യോഖ്യാ ബാവാമാരോടും കമര്‍പ്പും ചമര്‍പ്പുമുള്ള ഒരുവരും മലങ്കരയിലില്ലെന്ന്. അഥവാ, അകത്തു കത്തിയിലും പുറത്തു ഭക്തിയിലും ഒതുങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ ശീമബന്ധം.

മാര്‍ അപ്രേം ബാവാ സിറിയക്ക് സഭാദ്ധ്യക്ഷസ്ഥാനത്ത് ഉപസ്ഥിതനാകുന്നതിനു മുമ്പ് അമേരിക്കന്‍ ഐക്യനാടുകളിലെ കിഴക്കന്‍ മേഖലയിലുള്ള ശീമ സുറിയാനിക്കാരുടെ മേല്‍പ്പട്ടക്കാരനായിരുന്നുവല്ലോ (Patriarchal Vicar). മാത്യൂസ് പ്രഥമന്‍ ബാവാ കാലം ചെയ്തതിനെ തുടര്‍ന്ന് മലങ്കരസഭയുടെ അന്നത്തെ മെത്രാസനാദ്ധ്യക്ഷന്‍ മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി വിളിച്ചുകൂട്ടിയ അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ മാര്‍ അപ്രേം കരീം മെത്രാപ്പോലീത്താ നേരത്തെതന്നെ എത്തിച്ചേര്‍ന്നിരുന്നു. സമ്മേളനം വൈകി ആരംഭിച്ചതുകൊണ്ടും അദ്ദേഹത്തിനു അന്ന് മറ്റൊരു പരിപാടിയില്‍ നേരത്തെയുള്ള ക്രമീകരണംമൂലം പങ്കെടുക്കേണ്ടതുണ്ടായിരുന്നതുകൊണ്ടും കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹത്തിനു മടങ്ങിപോകേണ്ടി വന്നു. മറ്റൊരവസരത്തില്‍ മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായെ അദ്ദേഹത്തിന്‍റെ അരമനയില്‍ എത്തി അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. മഹാപുരോഹിതനായിരുന്നപ്പോള്‍ മലങ്കരസഭയുമായുള്ള അദ്ദേഹത്തിന്‍റെ സല്‍ബന്ധത്തിന്‍റെ സൂചനകളും സാക്ഷിപത്രങ്ങളുമാണവ. പ്രധാന മഹാപുരോഹിതനായശേഷം മലങ്കര സന്ദര്‍ശനം നടത്തിയെങ്കിലും മലങ്കരയുടെ യഥാര്‍ത്ഥ ഇടയശ്രേഷ്ഠനുമായി ബന്ധപ്പെടാതെ, അദ്ദേഹത്തെ മലങ്കരയില്‍ വരുത്താതിരിക്കുവാന്‍ പണികളും കെണികളും ഒരുക്കിയെന്നു യാക്കോബായ മേല്‍പ്പട്ടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയ ശ്രേഷ്ഠബാവായുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിച്ചുവെന്നുള്ളതും സമാന്തര വിഭാഗത്തിനു ശക്തി പകരത്തക്കവണ്ണം പ്രോത്സാഹനം നല്‍കിയെന്നുള്ളതും അപ്രിയസത്യങ്ങളാണെങ്കില്‍ പോലും മുന്‍ഗാമികളില്‍ നിന്നു നിരന്തരം അനുഭവിക്കേണ്ടിവന്ന ദുര്‍ഗതികള്‍ പലതും ആവര്‍ത്തിക്കാതെ അദ്ദേഹം ഒരു വലിയ പരിധിവരെ വേറിട്ടുനിന്നു. അത് പ്രശംസാര്‍ഹമായ മാറ്റത്തിന്‍റെ ശുഭസൂചനയാണ്. എങ്കിലും മുന്‍ഗാമികളെപ്പോലെ, മുമ്പോട്ടുള്ള പോക്കില്‍ പ്രവര്‍ത്തിക്കുകയില്ലെന്നുള്ളതിനു ഉറപ്പൊന്നുമില്ല. ചുരുക്കത്തില്‍, എത്ര സമാധാനമുണ്ടായാലും, അവയ്ക്കെല്ലാം ഒപ്പും മുദ്രയും വച്ചു ഉറപ്പിച്ചാലും, അവ ലംഘിക്കുന്ന ഒരു വിഘടിതഗ്രൂപ്പിനു തറക്കല്ലിടാന്‍ ആരെയെങ്കിലും മേല്‍പട്ടക്കാരനാക്കി വിട്ടാല്‍ മതിയല്ലോ!

മേല്‍പ്പട്ടസ്ഥാനം ആധുനികകാലത്തു വലിയൊരു നേട്ടമായി സഭകളായ സഭകളിലെല്ലാം മാറിയിട്ടുണ്ട്. പണ്ട്, വളരെ പണ്ടാണ് മേല്‍പട്ടക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍, ആ സ്ഥാനത്തോടുള്ള ഭയംകൊണ്ടും, ആടുകള്‍ക്കുവേണ്ടി ജീവന്‍ ത്യജിച്ച നല്ല ഇടയന്‍റെ പ്രതീകവും പ്രതിബിംബവുമായിത്തീരുവാനുള്ള അയോഗ്യതകൊണ്ടും അതിലേറെ, ആ സ്ഥാനത്തെത്തിയാല്‍ ത്യാഗവും പീഡയും രക്തസാക്ഷിത്വവും വഹിക്കണമെന്നുള്ളതുകൊണ്ടും സ്ഥാനം പ്രാപിക്കാതെ ഓടിഒളിക്കുകയായിരുന്നു പതിവെന്നു സഭാചരിത്രം സാക്ഷിക്കുന്നു. ഇന്നു പലരും ഒത്തിരി ഓടുകയും അതിലേറെ ബുദ്ധിമുട്ടുകള്‍ ചെയ്തുമേ ആ സ്ഥാനത്തെത്തുകയുള്ളുവെന്നു വന്നിട്ടുണ്ട്. അത്ര ഇമ്പവും കമ്പവുമുള്ള മോഹനീയ സ്ഥാനമായി മഹാപുരോഹിതസ്ഥാനം പരിണമിച്ചിരിക്കുന്നു. ഇത്രയും സ്ഥാനമുള്ള സ്വാതന്ത്ര്യമുള്ള, ഒന്നും ചെയ്തില്ലെങ്കിലും ഒട്ടുവളരെ ചെയ്തുവെന്നുള്ള ചരിത്രം ചുരത്തുന്ന, ജീവിച്ചിരിക്കുമ്പോള്‍ പുണ്യശൂന്യരാണെങ്കിലും കാലംചെയ്തു കഴിയുമ്പോള്‍ പുണ്യശ്ലോകരായി കാന്തിയും ശോഭയും പെരുത്തുകൊണ്ടിരിക്കുന്ന മറ്റൊരു സ്ഥാനവും ഇന്ന് സൂര്യനു കീഴിലുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ അവിവാഹിത ജീവിതത്തിനു വിളിയും വരവും വശവുമില്ലാതെ പൗരോഹിത്യ പദവിയിലേക്കു പ്രവേശിച്ച പലരുടെയും മത്തുപിടിച്ച മനസ്സിലിരുപ്പ് മേല്‍പട്ടമാണ്. അഥവാ കെട്ടാതെ പട്ടമേറ്റ പല പട്ടക്കാരുടെയും നോട്ടം മേല്‍പട്ടമാണ്. വിഹിതമായി അതു തരപ്പെടുത്തിയെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അവിഹിതമായി അതു പറ്റിച്ചെടുക്കുവാനുള്ള കച്ചിത്തുരുമ്പാണ് പലര്‍ക്കും കക്ഷിവഴക്ക്. 1960-കളില്‍ അന്ത്യോഖ്യാ മൂവ്മെന്‍റ് തലപൊക്കിയപ്പോള്‍ അതിനു താങ്ങും തണലുമായി നിന്നത് തനിക്കു പട്ടം നല്‍കിയ പൗലോസ് മാര്‍ പീലക്സിനോസ് ആയിട്ടും അതിനെതിരായി മലങ്കരസഭയ്ക്കുവേണ്ടി ആരും ആവശ്യപ്പെടാതെ പോരാടിയ ആളാണ് അന്നത്തെ സി. എം. തോമസ് അച്ചന്‍ എന്ന ഇന്നത്തെ ശ്രേഷ്ഠബാവാ. മുടിയോടും ശീലമുടിയോടുമുള്ള അദമ്യമായ ആഗ്രഹമാണ് കടലുകടന്നുപോയി മേല്‍പട്ടക്കാരനായി സ്ഥാനമേറ്റു മടങ്ങിവരാന്‍ കാരണം. അന്ത്യോഖ്യാബന്ധത്തിനെതിരായും മാര്‍ത്തോമ്മാ സിംഹാസനത്തിനുവേണ്ടിയും ശക്തിയോടെ ശബ്ദമുയര്‍ത്തി ഏവരുടെയും ശ്രദ്ധനേടിയ മൂത്തേടം കത്തനാരുടെ മെത്രാനാകാനുള്ള മൂത്ത കൊതിയാണ് കക്ഷി മാറി കുപ്പായത്തിന്‍റെ നിറംമാറ്റി അത്ര വലിയ നിറമൊന്നും പറയാനില്ലെങ്കിലും ആളിന്‍റെ തനിനിറമറിയാനിടയാക്കിയത്.

മലങ്കരസഭയില്‍ നേരെചൊവ്വേ മേല്‍പട്ടക്കാരനായി തെരഞ്ഞെടുക്കപ്പെടുവാന്‍ പലര്‍ക്കും പണവും പരസ്യവും പരക്കംപാച്ചിലുമെല്ലാം ആവശ്യമാണെന്നു കുറ്റപ്പെടുത്തുന്നവരുണ്ടെങ്കിലും ഒരു സത്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. സഭയില്‍ കുറെ കടമ്പകള്‍ കടക്കാതെ “പരിശുദ്ധാത്മാവിന്‍റെ വിളി” ഉണ്ടാകാനിടയില്ല. സമാന്തരവിഭാഗത്തില്‍ മേല്‍പട്ടം കിട്ടാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നു പകല്‍പോലെ വ്യക്തമാണ്. ആരെയെങ്കിലും കൂട്ടുപിടിച്ചോ ആവശ്യംപോലെ നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചോ ആ സ്ഥാനത്ത് ആസനസ്ഥനാകാം. അക്കരെപ്പറ്റാതെ ഇക്കരെ നിന്നുതന്നെ ആ കാര്യം പറ്റിക്കാം. പണം കൊടുത്താല്‍ പോരാ, പറമ്പും എഴുതി കൊടുക്കണമെന്നാണല്ലോ ശ്രേഷ്ഠബാവായുടെ ശീമോന്യപാപത്തെക്കുറിച്ചുള്ള അനുഭവസ്ഥരില്‍ പലരുടെയും രഹസ്യമായും ചിലരുടെ പരസ്യമായുമുള്ള സാക്ഷ്യം.

അവിവാഹിത മേല്‍പട്ടക്കാരുള്ളിടത്തോളം കാലം മലങ്കരസഭയെ പിരിക്കുന്നതിനും ഭരിക്കുന്നതിനും അവിഹിതമേല്‍പട്ടക്കാരെ സൃഷ്ടിക്കാന്‍ വലിയ പ്രയാസമുണ്ടാകാനിടയില്ല. വിളി, വരം, വിവരം, വിശുദ്ധി ഇവയൊന്നും വേണമെന്നില്ല. അവിവാഹിതനായിരിക്കണമെന്നുള്ളതുപോലെ ചിലരെയൊക്കെ പ്രീതിപ്പെടുത്തുവാന്‍ വേണ്ട വക വേണമെന്നേയുള്ളു. ആ സ്ഥാനത്ത് എത്തിപ്പെടാന്‍ കക്ഷിയും പക്ഷവുമൊന്നും പ്രശ്നമല്ല. മേല്‍പട്ടമെന്ന വെട്ടില്‍ കെട്ടാതെ പട്ടമേറ്റ പലരും വീഴും. മോശമല്ലെന്നു മാത്രമല്ല, അത്രയ്ക്കു അത്യുന്നതസ്ഥാനമാണല്ലോ അത്. ഒരു വിഘടിത ഗ്രൂപ്പിനു തറക്കല്ലിടാം. ഒത്തുകിട്ടിയാല്‍ ഒരു ശ്രേഷ്ഠനില്‍ വരെയെത്താം. സഭ ഒന്നാകുമ്പോള്‍ അനായാസേന അകത്തു കയറിപ്പറ്റുകയും ചെയ്യാം. ഈവിധമുള്ള അവിഹിത സ്ഥാനമോഹികളും അവരുടെ ആഗ്രഹനിവൃത്തി സഫലമാകുന്ന സാഹചര്യവും ഉണ്ടാകുന്നിടത്തോളം കാലം സാക്ഷാല്‍ സമാധാനം ഒരു മരുമരീചികയായിരിക്കും.

സമാധാനാലോചനകളില്‍ അവഗണിക്കാനാവാത്ത മറ്റൊരു ദുഃഖസത്യമുണ്ട്. മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ പൗരാണികമായ മലങ്കരസഭയുടെ തനിമയും മഹിമയും നശിപ്പിക്കുവാന്‍ മനസും ശിരസും സദാ സമര്‍പ്പിച്ചവര്‍ ഈ സഭയിലുണ്ട്. അവര്‍ക്കു ചോറിങ്ങും കൂറങ്ങുമാണ്. മുമ്പും അങ്ങനെയുള്ളവര്‍ ഉണ്ടായിരുന്നു. അയ്മേനികളിലും പട്ടക്കാരിലും മേല്‍പ്പട്ടക്കാരിലും ആ കൂട്ടരില്‍പ്പെട്ടവരുണ്ട്. 203 പാത്രിയര്‍ക്കീസിനു എഴുതികൊടുത്തതു സഭയില്‍പ്പെട്ട അയ്മേനികളായിരുന്നുവെന്നാണല്ലോ പരക്കെയുള്ള ഭാഷ്യം. പണ്ട് പാത്രിയര്‍ക്കീസിന്‍റെ സമാധാനത്തിനു സഹായിക്കുന്ന കല്പന തട്ടിയെടുത്തു പോക്കറ്റിലിട്ടു കടന്നുകളഞ്ഞ “കല്‍പന മുക്കി” കത്തനാരും അതിനൊത്തവരുമാണല്ലോ “വോക്ക് ഔട്ട്” നടത്തി മലങ്കരസഭയുടെ മാറിനെ കുത്തിമുറിക്കുന്നതിനു കരുവായത്. മലങ്കരസഭയോടു ചേരാന്‍ പലവട്ടം ഓങ്ങിനിന്നുവെങ്കിലും സമാന്തരനേതൃത്വത്തെ ഭയന്നുമാറിനിന്ന ഒരു സീനിയര്‍ മേല്‍പട്ടക്കാരന്‍ മറ്റൊരു സീനിയര്‍ മേല്‍പട്ടക്കാരന്‍റെ മഹത്വമായി പ്രശംസിച്ചു പ്രസംഗിച്ചത് ശ്രവണമാധ്യമങ്ങളില്‍ നിന്നു മാറ്റിയിട്ടുണ്ടെന്നു തോന്നുന്നില്ല. മലങ്കരസഭയുമായി ഐക്യപ്പെടുന്നതിനേക്കാള്‍ കാര്യമായി അദ്ദേഹം കരുതുന്നതു മറ്റൊരു സഭയുമായോ മതവുമായോ ഐക്യപ്പെടുന്നതാണെന്നുള്ള സാക്ഷ്യമാണത് (റീത്തുകാര്‍ കൊത്തിയെടുത്തു കൊണ്ടുപോകാന്‍ അത്തരക്കാരെ കാത്തിരിക്കുകയാണ്. സമാന്തരസഭയ്ക്കു ബിഷപ്പ് യോഹന്നാന്‍റെ നവീനസൃഷ്ടിയായ സഭയോടുള്ള പ്രേമം സു (കു) പ്രസിദ്ധമാണല്ലോ. ആര്‍.എസ്.എസിനോടൊത്തുപോയാല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാം. ഇസ്ലാം മതത്തില്‍ ചേര്‍ന്നാല്‍ അന്ത്യോഖ്യായില്‍ ക്രൈസ്തവര്‍ കഴിയുന്നതുപോലെ ഭയന്നും വിറച്ചും അവരുടെ അടിമയായി കഴിയാം). അപ്രകാരമുള്ളവര്‍ സമാധാനത്തിന്‍റെ പേരു പറഞ്ഞ് അകത്തായാല്‍ വരുന്ന അപകടാവസ്ഥ ഓര്‍ത്തുനോക്കുക. പുറത്തുനില്‍ക്കുന്ന ശത്രുവിനെ എങ്ങനെയും പരാജയപ്പെടുത്താം. അകത്തുനിന്നു അടിത്തറ തോണ്ടുന്നവരെ എത്രമാത്രം സൂക്ഷിക്കേണ്ടതാണ്. അതിലുപരിയായി സഭയായി ഭയപ്പെടേണ്ടതുണ്ട്. ദൈവത്തിന്‍റെ സഭയാണെന്നു മറന്നുകൊണ്ടല്ല ഇതു കുറിക്കുന്നത്. ഇടര്‍ച്ച വരുത്തുന്നവനു അയ്യോ കഷ്ടമെന്നും അങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്നേഹസ്വരൂപനായ പുത്രന്‍തമ്പുരാന്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ.

മലങ്കരസഭയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനു കാരണക്കാരല്ലെങ്കിലും അങ്ങനെയുള്ളവരെ വെള്ളവും വെളിച്ചവും വളവുമേകി വളര്‍ത്തുന്നതിനും സമാന്തരവിഭാഗത്തിനു വേദിയൊരുക്കിയും അവര്‍ക്കുവേണ്ടി വേദാന്തം വിളമ്പി വാദിയായി പ്രോത്സാഹിപ്പിച്ചും സഭയ്ക്കു പുറത്തുള്ള ഘടകങ്ങള്‍ പലതും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആ കാര്യത്തില്‍ ഇതരസഭകളുടെ, പ്രത്യേകിച്ചും മദ്ധ്യകേരളത്തിലെ ഇതരസഭാ നേതൃനിരയിലുള്ളവരുടെ പങ്കും പങ്കപ്പാടും പറയാതിരിക്കുവാന്‍ നിവൃത്തിയില്ല. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ഒന്നായി മുന്നേറിയ സഭയുടെ വളര്‍ച്ചയും ഉയര്‍ച്ചയും സഹിക്കാന്‍ സാധിക്കാത്ത സഭകളുടെ “നന്മയും കരുണയും” സഭയെ വെട്ടിമുറിക്കാന്‍ കൂട്ടുനിന്നവര്‍ക്കു കാലമൊക്കെയിലും നേരമൊക്കെയിലും ഒഴുകി എത്തിയിരുന്നു. സകല സഭാ നിയമങ്ങളും ലംഘിച്ചു വാഴിക്കപ്പെട്ടവരെയും അവരെ വാഴ്ത്തി പുകഴ്ത്തിയും ചൊമക്കുന്നവരെയും സ്വീകരിച്ചു സല്‍ക്കരിക്കുന്നതിനും താരാട്ടുപാടി താലോലിക്കുന്നതിനും “ഭക്ത” ക്രിസ്തീയ സഭകള്‍ക്കു ലഭിച്ച പ്രചോദനം പരിശുദ്ധാത്മാവിന്‍റെയാകാന്‍ കാക്കത്തൊള്ളായിരം ശതമാനംപോലും ഇടയില്ല. ഇന്നും നില്‍ക്കാനും നീങ്ങാനും നാലാളിന്‍റെ സഹായം വേണ്ട “വലിയ” പിതാക്കന്മാര്‍ പഴയ കുരിശുകള്‍ മറന്നു പുത്തന്‍കുരിശിലേക്കു പരക്കംപായുന്നതു കാണുമ്പോള്‍ മാലാഖമാര്‍ ലജ്ജിക്കുന്നുണ്ടാവാം. കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന പല സഭകളിലുംപെട്ട നേതൃത്വനിരയിലുള്ളവര്‍ നീതിയ്ക്കും ന്യായത്തിനുംവേണ്ടി മലങ്കരസഭ ന്യായപീഠത്തെ സമീപിച്ചപ്പോള്‍ അതിനെതിരായി പ്രസംഗപീഠങ്ങളില്‍നിന്നു ഉദ്ഘോഷിച്ചു. എട്ടുംപൊട്ടും തിരിയാത്തവരുടെ കൈയടി കണ്ടും കൊണ്ട് വാര്‍ത്തകളില്‍ നല്ലപിള്ളകളായും ആത്മഹര്‍ഷം കൊണ്ടതു പഴയ പരീശനെ അനുസ്മരിക്കുന്നതാണ്. പരമോന്നത നീതിപീഠം സത്യം മനസ്സിലാക്കി അന്തിമവിധി പ്രസ്താവിച്ചതിനുശേഷം അവരൊക്കെ മാളത്തിലൊളിച്ചതായി തോന്നുന്നു. പത്രത്താളുകളിലൊന്നും ദൃശ്യമാധ്യമങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുന്നതു കാണുന്നില്ല. അകത്തളങ്ങളില്‍ ആരുമറിയാതെ എത്തി വിധിതീര്‍പ്പിനെ മറികടന്ന് അക്രമങ്ങള്‍ക്കു പ്രേരണ പകരുന്നുണ്ടായിരിക്കുമോ എന്തോ?

സഭാസമാധാന ശ്രമങ്ങളുടെ വലിയൊരു നേട്ടം ഒട്ടും വിസ്മരിക്കാനാവില്ല. പണ്ടുമുതലെ ഇരുഭാഗങ്ങളില്‍ മറുഭാഗത്തു ജന്മംകൊണ്ടു നിലയുറപ്പിച്ച ഒത്തിരിയേറെ വിശ്വാസികള്‍ മലങ്കരസഭയുടെ ഭാഗമായി ശക്തിയായി നിലകൊള്ളാനും ആവേശത്തോടെ സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും സമാധാനവും ആ നിലയിലുള്ള ശ്രമങ്ങളും ഇടയാക്കി. ഉത്തമരും ഉന്നതരുമായ അനേകര്‍, വിവിധ നിലകളിലും സ്ഥാനമാനങ്ങളിലുമുള്ളവര്‍, ആ ഗണത്തില്‍പെടുന്നു. അവരില്‍ പലരും തന്മൂലം അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ത്യാഗങ്ങളും നൊമ്പരങ്ങളും ആദ്യനൂറ്റാണ്ടുകളില്‍ സഭയ്ക്കുവേണ്ടി പീഡയേറ്റ രക്തസാക്ഷികള്‍ക്കു ഒട്ടൊക്കെ സമാനമാണ്. സത്യത്തിനു സാക്ഷികളായ അവര്‍ക്കു സ്വര്‍ഗ്ഗം നല്‍കുന്ന പ്രതിഫലവും സമാനമായിരിക്കും. സഭയുമായുള്ള ഒത്തുചേരല്‍ തുടര്‍ച്ചയായി മറുഭാഗത്തുള്ള പലരുടെയും അനുഗൃഹീത അനുഗ്രഹമാണ്. ഈ കാലഘട്ടത്തിലും അതിനുള്ള പ്രസക്തി ഇറങ്ങുകയല്ല, മറിച്ച് ഏറുകയാണ്.

ഒരു കാര്യം കൂടി കുറിച്ചുകൊണ്ട് ഈ കുറിപ്പിനു വിരാമം കുറിക്കുന്നു. മലങ്കരസഭയിലെ പ്രശ്നങ്ങള്‍ മലങ്കരയിലുള്ളവര്‍ സൃഷ്ടിച്ചതാണ്. അവയ്ക്കു അവര്‍തന്നെ പരിഹാരം കണ്ടെത്തണമെന്ന് മാര്‍ അപ്രേം ബാവായുള്‍പ്പെടെയുള്ള പാത്രിയര്‍ക്കീസന്മാര്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കാറുണ്ട്. ഒരു കുത്തിന്‍റെ അഥവാ പൊട്ടിന്‍റെ പരിധിയില്‍ ഒതുങ്ങുന്നതാണ് ആ പ്രസ്താവനയിലെ സത്യം. മലങ്കരയില്‍ പ്രശ്നങ്ങള്‍ക്കു വിത്തു പാകി വളര്‍ത്തുന്നതു പണ്ടെന്നപോലെ ഇപ്പോഴും അന്ത്യോഖ്യാ സഭാദ്ധ്യക്ഷന്മാരാണ്. അകാനോനികമായ മേല്‍പ്പട്ടവാഴ്ചയുള്‍പ്പെടെ അവരുടെ മലങ്കരസഭയിലുള്ള അനധികൃതമായ കടന്നുകയറ്റമാണ് “സമാന്തര സഭ” സൃഷ്ടിച്ചും “ശ്രേഷ്ഠ” സ്ഥാനങ്ങള്‍ സമ്മാനിച്ചു സംരക്ഷിച്ചും ഇവിടെ അസമാധാനവും ഇതര ഗുരുതര പ്രതിസന്ധികളും ഉണ്ടാക്കാനിടയാക്കിയത്. അതില്‍ നിന്നു അവര്‍ പീലാത്തോസിനെപ്പോലെ കൈകള്‍ കഴുകി കുറ്റമറ്റവരാകാന്‍ ശ്രമിച്ചാല്‍ അറേബ്യായിലെ അതിവിശിഷ്ട പരിമളതൈലങ്ങള്‍ക്കുപോലും ആ ദുര്‍ഗന്ധത്തെ അകറ്റി സുഗന്ധീകരിക്കുവാന്‍ അസാദ്ധ്യം.

ഫാ. ഡോ. ജോര്‍ജ് കോശി