OVS - ArticlesOVS - Latest News

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും

എ. ഡി. 52-ല്‍ മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരസഭ സ്വതന്ത്രയായി ജനിച്ചുവെങ്കിലും പാരതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധനസ്ഥയായി 21- ാം നൂറ്റാണ്ടിലും കഴിയുന്നു. മലങ്കര സഭയുടെ അരുമസന്താനങ്ങള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. മാര്‍ത്തോമായുടെ മക്കള്‍ സ്വതന്ത്രരോ അടിമകളോ? മൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നുണ്ടായ സിറിയന്‍ അഭയാര്‍ത്ഥികളുടെ കുടിയേറ്റം മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള വിദേശക്രിസ്ത്യാനികളുടെ ഇന്ത്യയിലേക്കുള്ള വരവും മാര്‍ത്തോമ ക്രിസ്ത്യാനികളുമായി ഉണ്ടായ അവരുടെ ബന്ധവും മലങ്കരസഭയുടെ ചരിത്രത്തില്‍ മായാനാവാത്ത വടുവുകളും പൊറുക്കാന്‍ പറ്റാത്ത മുറിവുകളും സമന്വയിപ്പിക്കുവാന്‍ പറ്റാത്ത വിള്ളലുകളും നല്‍കിയിട്ടുണ്ടെന്നത് ആത്മാഭിമാനമുള്ള ഏതൊരു മാര്‍ത്തോമ മക്കള്‍ക്കും ബോദ്ധ്യമുള്ള സത്യമാണ്. ഈ തിക്താനുഭവത്തിലേക്ക് മലങ്കരസഭാ മക്കളെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞ വിദേശക്രിസ്ത്യാനികളോട് ദൈവം പൊറുക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയേ തരമുള്ളു. ക്രൈസ്തവ വിശ്വാസത്തെ രാഷ്ട്രീയവത്കരിച്ചുള്ള വൈവിദ്ധ്യോപദേശങ്ങളുടെ പടക്കളമാക്കി മാറ്റി. ഈ ചെറിയ സഭയെ, ഇവരുടെ രാഷ്ട്രീയ പടയോട്ടങ്ങള്‍ ഭാരതമണ്ണില്‍ ഇരമ്പിപ്പാഞ്ഞതിന് മൂകസാക്ഷിയായി നിന്ന മലങ്കര സഭാമക്കള്‍ക്ക് നഷ്ടപ്പെട്ടതോ, തനിമയുടെയും സ്വാതന്ത്ര്യത്തിന്റെയും അവബോധവും.

1. സംസ്‌ക്കാരത്തിന്റെ ഉരകല്ലുകള്‍
സ്ഥിതി സ്വാതന്ത്ര്യവും ജീവിതശൈലിയിലെ തനിമയും ഓരോ വ്യക്തിയുടെയും ജന്മാവകാശമാണ്. അതിന്മേല്‍ ആക്രമണം നടത്തുന്നവന്‍ അപരിഷ്‌കൃതനും വൈകാരിക സമനില തെറ്റിയവനുമാണ്. സ്ഥിതിസ്വാതന്ത്ര്യവും ജീവിതശൈലിയിലെ തനിമയും ബോദ്ധ്യപ്പെടുകയും അതില്‍ അഭിമാനംകൊണ്ട് ജീവിതത്തില്‍ അഭംഗുരം ആവിഷ്‌കരിക്കുവാന്‍ കഴിയുന്നതും ലക്ഷ്യബോധമുള്ള വിദ്യാഭ്യാസത്തിന്റെ പരിണതഫലമാകുന്നു. വൈദേശികമായതെന്തും കറതീര്‍ന്നതും അനുകരണീയമാണെന്നും സ്വദേശികമായതെന്തും വിലകുറഞ്ഞതും അവഗണിക്കപ്പെടേണ്ടതെന്നും ഉള്ള ചിന്ത സംസ്‌കാരശൂന്യതയുടെ പ്രതിഫലനമാണ്. ഭാരതത്തിലെ മതസാമുദായിക സാമൂഹ്യരംഗങ്ങള്‍ മാത്രമല്ല കലാസാംസ്‌കാരിക മണ്ഡലങ്ങളും ഈ അജ്ഞതയില്‍നിന്ന് പരിപൂര്‍ണ്ണസ്വതന്ത്രമെന്ന് പറയുവാനാവില്ല. വിദേശക്രിസ്തീയ സഭാവിശ്വാസങ്ങള്‍ കേരളത്തില്‍ ചേക്കേറിയപ്പോഴെല്ലാം ‘മിഷനറിവേല’ എന്ന വ്യാജേന അവരുടെ ക്രിസ്തീയ പൈതൃകത്തിന് മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഇടയില്‍ കോളനികള്‍ സൃഷ്ടിച്ച് അവരുടെ വിശ്വാസതത്ത്വസംഹിതകളെ പ്രചരിപ്പിക്കുവാനുള്ള യുദ്ധഭൂമിയില്‍ അവരെ പരസ്പരവൈരാഗ്യമുള്ളവരായി ചേരിതിരിച്ചുനിര്‍ത്തി ചൂഷണംചെയ്തു. ക്രിസ്തീയ വിശ്വാസത്തിലും ആരാധനാപാരമ്പര്യത്തിലും സ്വതന്ത്രമായ ആവിഷ്‌കാരത്തിന് മാര്‍ത്തോമയുടെ മക്കളെ പ്രാപ്തരാക്കുവാനുള്ള അദമ്യമായ ആഗ്രഹം മാത്രമായിരുന്നെങ്കില്‍ അവരോട് ബദ്ധശത്രുത പുലര്‍ത്തുന്ന വിദേശസഭകളുടെ കോളനികളായി ഇവരെ മാറ്റുകയില്ലായിരുന്നു. അത് അന്നത്തെ സാഹചര്യമായിരുന്നുവെന്ന് പറഞ്ഞു തടിതപ്പുവാന്‍ നോക്കുന്നവര്‍ അവരുടെ ക്രിസ്തീയ സ്‌നേഹത്തിന്റെ അന്തസത്ത പ്രതിക്കൂട്ടിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ വികലമായ ഇറക്കുമതിക്ക് അവര്‍ ഉത്തരവാദികളാകുന്നത്. മാര്‍ത്തോമയുടെ മക്കളുടെ, തനിമയിലുള്ള ആരാധനാശൈലിയെ രൂപപ്പെടുത്തുവാന്‍ വിദേശ ക്രിസ്ത്യാനികളായി ഇവിടെ വന്നവര്‍ പരിശ്രമിച്ചിരുന്നുവെങ്കില്‍ അവരുടെ ക്രിസ്തീയവിശ്വാസത്തിന്റെ നൈര്‍മല്യം മനസ്സിലാക്കാമായിരുന്നു. നേരെമറിച്ച് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട് വികലമാക്കപ്പെട്ട ഒരു ക്രിസ്തീയ ജീവിതശൈലിയുടെ ഉടമകളായിരുന്നു അവര്‍ എന്നതിനാല്‍ അവര്‍ക്ക് അപരിഷ്‌കൃതയുഗങ്ങളിലെ റോമാസാമ്രാജ്യത്തിന്റെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയും രാക്ഷസചിന്തയില്‍ പൂരിതമായ കൊളോണിയലിസത്തിന്റെ വക്താക്കളാകാനേ കഴിഞ്ഞുള്ളു എന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. സ്വാതന്ത്ര്യബോധത്തിന്റെ കുറവും തനിമയുടെ അഭിമാനക്കുറവും ഭാരതത്തിലെ കുറെ ക്രിസ്ത്യാനികളിലെങ്കിലും ഫലപ്രദമായി കുത്തിവയ്ക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നതിന്റെ ബാക്കിപത്രമാണല്ലോ ഇന്നത്തെ കേരളക്രിസ്ത്യാനികളുടെ അന്ത്യോഖ്യന്‍ ഭക്തിയും റോമാപ്രേമവും ആംഗ്ലിക്കന്‍ അഭിനിവേശവും. തലമറന്നെണ്ണ തേക്കുന്ന ഇവരെ സംസ്‌കാര സമ്പന്നരാക്കി അഭിമാനമുള്ള മാര്‍ത്തോമായുടെ മക്കളാക്കുവാന്‍ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലേ ഇനി സാധിക്കൂവെന്ന് തോന്നുന്നു.

2. ‘വിശ്വാസത്തിന്റെ കാര്യമോ?’
പാരതന്ത്ര്യത്തിന്റെ മയക്കുമരുന്നിനടിമപ്പെട്ടു കിടക്കുന്ന ഈ സംസ്‌കാരശൂന്യരുടെ ഇടയ്ക്കിടയ്ക്കുള്ള ജല്‍പ്പനങ്ങളാണ് ‘വിശ്വാസത്തിന്റെ കാര്യം’ എന്നുള്ളത്. ക്രിസ്തീയ വിശ്വാസപാരമ്പര്യത്തിന്റെ വേദപുസ്തകാടിസ്ഥാനംപോലും മനസ്സിലാക്കാതെ, ചില പ്രദേശത്തെ സഭകള്‍ മറ്റു പ്രദേശങ്ങളിലെ സഭകളുടെമേല്‍ ആധിപത്യം പുലര്‍ത്തണമെന്നും അത് സ്വീകരിച്ച് നടക്കുന്നതാണ് ക്രിസ്തീയവിശ്വാസമെന്നും പറയുന്ന ഇക്കൂട്ടര്‍ അപ്പോസ്‌തോലന്മാരായ പത്രോസും പൗലോസും അവരുടെ ശിഷ്യന്മാരും സുവിശേഷത്താല്‍ ജനിപ്പിച്ചതായി വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്ന ഏതെങ്കിലും സഭ മറ്റൊരു സഭയുടെ മേല്‍ ഏതെങ്കിലും രീതിയില്‍ കര്‍ത്തൃത്വം നടത്തിയതായി വായിച്ചിട്ടുണ്ടോ? സിറിയന്‍ സഭകളുടെ ജീര്‍ണ്ണാവസ്ഥയുടെ കാലഘട്ടത്തില്‍ 5ാം നൂറ്റാണ്ടിനുശേഷം മാത്രം റോമാസഭയിലുടലെടുത്ത, ആഗോളസഭയ്‌ക്കൊരു തലവന്‍ എന്ന ആശയം സ്വയം ഉള്‍ക്കൊണ്ട് സിറിയന്‍ ഓര്‍ത്തഡോക്‌സ് ആരാധനാ പുസ്തകങ്ങളും മറ്റും രൂപാന്തരം വരുത്തുവാന്‍, തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായ സാഹചര്യത്തില്‍ പ്രേരിതമായി എങ്കില്‍ അത് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പാരമ്പര്യമാണെന്ന് പറയുവാന്‍ ലജ്ജയില്ലാത്തതില്‍ അവരുടെ നിലനില്‍പ്പിന്റെ പരിഗണനയില്‍ നമുക്ക് മാപ്പു കൊടുക്കാം. അതേ ആരാധനകളില്‍ ഇതേവിഷയത്തെ സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭകളുടെ ശരിയായ വേദശാസ്ത്രാടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥനകളാണ് ഭൂരിപക്ഷവും ഇതില്‍ കാണുന്നതെന്ന് മനസ്സിലാക്കുവാനുള്ള അവരുടെ വൈമനസ്യവും നമുക്ക് സഹതാപപൂര്‍വ്വം പരിഗണിക്കേണ്ടിയിരിക്കുന്നു. ‘അമ്മയെ മറന്നാലും അന്ത്യോഖ്യായെ മറക്കാത്തത് സ്വന്തം അമ്മയുടെ പാല്‍കുടിച്ചു വളര്‍ന്ന ശേഷം അമ്മയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന ജാരസന്തതികളായതുകൊണ്ടാണെന്നത് വിശ്വാസത്തിന്റെ കാര്യമല്ല. അമ്മയിലുള്ള അവിശ്വാസത്തിന്റെ കാര്യമാണ്. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷികളായ (അപ്പോ. 1:21, 22) പന്ത്രണ്ട് അപ്പോസ്‌തോലന്മാരില്‍ ഒരാളായ തോമാശ്ലീഹായ്ക്ക് പട്ടത്വമില്ലായെന്ന് പറഞ്ഞത് വിശ്വാസത്തിന്റെ കാര്യമായി ഡയലോഗു നടത്തേണ്ട കാര്യമല്ല, അതെഴുതിയ ആളിന്റെ വിഡ്ഢിത്വവും ഭോഷത്വവുമായി സഹതാപപൂര്‍വ്വം മനസ്സിലാക്കി അദ്ദേഹത്തിന് യേശുക്രിസ്തു പാപമോചനം കൊടുക്കുവാനും വി. പത്രോസ് ശ്ലീഹായുള്‍പ്പടെയുള്ള അപ്പോസ്‌തോലന്മാര്‍ അദ്ദേഹത്തോടു ക്ഷമിക്കുവാന്‍ അദ്ദേഹത്തിനുവേണ്ടി നമുക്ക് ഇപ്പോള്‍ നടത്തുവാനുള്ള ”ഞാന്‍ പിഴയാളി” പ്രാര്‍ത്ഥനയുടെ കാര്യമാണ്.

പത്രോസ് ശ്ലീഹായില്‍കൂടി മാത്രമേ പട്ടത്വനല്‍വരമുള്ളു എന്ന് പറഞ്ഞതും വിശ്വാസത്തിന്റെ കാര്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല വേദപുസ്തകപാഠശാലയിലെ ഒന്നാം ക്ലാസ്സില്‍ പോയി പഠിച്ച് പൗലോസ് ശ്ലീഹാ തീമോത്തിയോസിനും തീത്തോസിനും എപ്പേസൂസിലെ എപ്പിസ്‌കോപ്പന്മാര്‍ക്കുമൊക്കെ പട്ടം കൊടുത്ത വേദഭാഗങ്ങള്‍ ഹൃദിസ്ഥമാക്കേണ്ട കാര്യമേയുള്ളു. പത്രോസിനെ സിംഹാസനമുള്ളു, തോമായ്ക്ക് സിംഹാസനമില്ല എന്നൊക്കെ അബദ്ധവശാല്‍ പറഞ്ഞുപോകുന്നതുമൊന്നും വിശ്വാസത്തിന്റെ കാര്യമല്ല. പന്ത്രണ്ടു ശ്ലീഹന്മാര്‍ക്കുമുള്ള പന്ത്രണ്ടു സിംഹാസനങ്ങളെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞ ഭാഗം വായിച്ചു മനസ്സിലാക്കാനുള്ള ത്രാണിക്കുറവും വേദപുസ്തകത്തിലോ ആദിമസഭാചരിത്രത്തിലോ ഒരു ശ്ലീഹായും ഒരിടത്തും സിംഹാസനം സ്ഥാപിച്ച പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നുള്ള ചരിത്രാവബോധത്തിന്റെ കുറവുമാത്രമാണ്

3. ‘ആകമാന (സുറിയാനി) സഭ’
റോമന്‍ കത്തോലിക്കാസഭ അഞ്ചാം നൂറ്റാണ്ടില്‍ പോപ്പ് ലിയോ ഒന്നാമനോടുകൂടി രൂപംകൊടുത്ത ഒരു അബദ്ധോപദേശമാണ് ആകമാനസഭ എന്നത്. ആ സഭ യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്‌തോലന്മാരില്‍ പ്രധാനിയായിരുന്ന പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയാണ് റോമിലെ ബിഷപ്പായ പോപ്പ് എന്നും അദ്ദേഹം ലോകത്തിലുള്ള എല്ലാ പ്രാദേശിക ക്രിസ്തീയ സഭകളുടെയും ആകെത്തുകയായ ‘ആകമാനസഭ‘ യുടെ ആകമാന ഇടയനാണെന്നുമുള്ള വാദഗതിയുമായി മുന്നോട്ടുവന്നു. പൗരസ്ത്യസഭകള്‍ അന്നുമുതല്‍ ഇന്നുവരെ ഈ വാദഗതി വേദവിപരീതമായി കണക്കാക്കി തള്ളിക്കളഞ്ഞിട്ടുണ്ട്. റോമന്‍ കത്തോലിക്കാസഭയോടു റീത്തുകളായി ചേര്‍ന്ന പൗരസ്ത്യര്‍ ഇതു അംഗീകരിക്കേണ്ടിവരുന്നത് സ്വാഭാവികമാണല്ലോ.

മേല്‍പ്പറഞ്ഞ റോമന്‍ കത്തോലിക്കാവേദശാസ്ത്ര വ്യാഖ്യാനത്തിന്റെ ചുവടുപിടിച്ച് പത്രോസിന്റെ ആകമാന സുറിയാനിസഭ എന്നൊരു പുതിയ വാദഗതി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ്രധാനമേലദ്ധ്യക്ഷനായുള്ള സിറിയയിലെ ഓര്‍ത്തഡോക്‌സ് സഭ (യാക്കോബായ) പുലര്‍ത്തിവരുന്നുണ്ട്. ഇത് ഓര്‍ത്തഡോക്‌സ് സഭകളുടെ വേദശാസ്ത്രത്തിനോ പാരമ്പര്യത്തിനോ യോജിക്കാത്തതായതിനാല്‍ ലോകത്തിലെ ഒരു ഓര്‍ത്തഡോക്‌സ് സഭയും ഈ വാദഗതിക്ക് അനുകൂലമല്ല.

എന്നാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭരണഘടനയില്‍ ഒന്നാം വകുപ്പില്‍ ‘അന്ത്യോഖ്യാപാത്രിയര്‍ക്കീസ്’ ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനാണെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ചരിത്രവും വേദശാസ്ത്രവുമൊക്കെ അറിയാമെന്നു നടിക്കുന്ന പലരും ചില അഭിഭാഷകര്‍പോലും എഴുതിപ്പിടിച്ചിരിക്കുന്നതു വായിക്കുമ്പോള്‍ സഭാഭരണഘടനയെക്കുറിച്ചുള്ള അവരുടെ അജ്ഞതയില്‍ പരിതപിക്കുകയേ സാധിക്കൂ. 1934-ല്‍ പാസ്സാക്കിയതും കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതും ബഹു. ഇന്‍ഡ്യന്‍ സുപ്രീംകോടതി സാദ്ധ്യതയുള്ളതായി അംഗീകരിച്ചിരിക്കുന്നതുമായ മലങ്കരസഭാ ഭരണഘടനയില്‍ ‘ആകമാന സുറിയാനിസഭ’ യെന്നോ പരമാദ്ധ്യക്ഷനെന്നോ (Supreme head) ഉള്ള വാക്കുകളില്ല. എന്നാല്‍ ഭരണഘടനയുടെ 108ാം വകുപ്പില്‍ ‘ആകമാന സുന്നഹദോസ്’ (Ecumenical Synod) എന്ന വാക്കുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത് വിശ്വാസകാര്യങ്ങളെ ഭേദപ്പെടുത്തുവാനുള്ള അവസാന തീരുമാനം നിഖ്യാ (എ. ഡി. 325), കുസ്തന്തീനോപോലീസ് (എ. ഡി. 381), എഫേസൂസ് (എ. ഡി. 431) എന്നീ സുന്നഹദോസുകളെപ്പോലെ വിശ്വാസ ഐക്യത്തിലുള്ള സഭകളുടെ സംയോജിച്ചുള്ള സുന്നഹദോസിനെ സംബന്ധിച്ച് മാത്രമാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ വേദശാസ്ത്രമനുസരിച്ച് ഒരു എപ്പിസ്‌ക്കോപ്പായുടെ അദ്ധ്യക്ഷതയിലുള്ള ഒരു പ്രാദേശികസഭ അതില്‍ത്തന്നെ, സഭയുടെ എല്ലാ അടിസ്ഥാനതത്വങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ അത് ഒരു കാതോലി കസഭയാണ്. ‘കാതോലികം’ എന്ന ഗ്രീക്കുവാക്ക് (Katholiki) റോമാസഭ ‘കത്തോലിക്കാ’ എന്ന പദത്തില്‍കൂടി പ്രാദേശികസഭകളുടെ ആകെത്തുകയാകുന്ന സാര്‍വത്രികസഭയെന്ന് ആഗോളപരിമാണത്തില്‍ വിവക്ഷിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എല്ലാ പ്രാദേശിക സഭകളും കാതോലികസഭകളാണ് എന്നത് സഭയുടെ ഗുണസവിശേഷതകളുടെ (Qualitative) അടിസ്ഥാനത്തില്‍ ആണ് ചിന്തിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ആഗോള വ്യാപകമായ മാനത്തിലല്ല സഭയെ നാം കാണുന്നത്, പ്രത്യുത പ്രാദേശികമാനത്തില്‍കൂടി മാത്രമല്ലെന്ന് ആയതിനാല്‍ ‘ആകമാന സുറിയാനിസഭ’യെന്ന പദപ്രയോഗം ഭരണഘടനാനുസൃതമോ  ഓര്‍ത്തഡോക്‌സ് വേദാനുസരണമോ ഉള്ളതല്ല

4. പരമാദ്ധ്യക്ഷനും പ്രധാന മേലദ്ധ്യക്ഷനും
റോമന്‍ കത്തോലിക്കാസഭയിലെ അംഗങ്ങള്‍ അവരുടെ റോമിലെ പാപ്പായെ ആകമാന കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന് നാമകരണം ചെയ്യാറുണ്ട്. ഇത് അവര്‍ അവലംബിച്ചുവരുന്ന സഭാവിജ്ഞാനീയ പശ്ചാത്തലത്തിലുള്ള സംജ്ഞയാണ്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഇത് അംഗീകരിക്കുന്നില്ല. സഭയുടെ പരമാദ്ധ്യക്ഷന്‍ യേശുക്രിസ്തുവാണെന്നുള്ള അടിസ്ഥാനതത്ത്വത്തില്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഉറച്ചുനില്‍ക്കുന്നു.

ദൃശ്യസഭയെന്നും അദൃശ്യസഭയെന്നും (Visible Church & Invisible Church) സഭയ്ക്ക് രണ്ടു ഭാഗങ്ങളുണ്ടെന്നും ഇതില്‍ അദൃശ്യസഭയുടെ പരമാദ്ധ്യക്ഷന്‍ യേശുക്രിസ്തുവാകുന്നതുപോലെ ദൃശ്യസഭയുടെ പരമാദ്ധ്യക്ഷന്‍ റോമാപാപ്പായാണെന്ന് അവര്‍ പഠിപ്പിക്കുന്നു. എന്നാല്‍ സഭ ഒന്നാണെന്നും അതില്‍ ദൃശ്യസഭയെന്നും അദൃശ്യസഭയെന്നും രണ്ടു ഭാഗങ്ങളില്ലെന്നും വാങ്ങിപ്പോയവരും ജീവനുള്ളവരും ഒരുമിച്ചു സജീവരായി തുടരുന്ന ഏകസഭയുടെ പരമാദ്ധ്യക്ഷന്‍ യേശുക്രിസ്തുവാണെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭകള്‍ പഠിപ്പിക്കുന്നത്. ഒരു പ്രാദേശികസഭയുടെ മേലദ്ധ്യക്ഷന്‍ ഒരു എപ്പിസ്‌കോപ്പായാണ്. ഒരേ വിശ്വാസ പാരമ്പര്യമുള്ള പ്രാദേശിക സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ ഒരുമിച്ചുകൂടുന്നതാണ് പ്രാദേശിക സുന്നഹദോസ്. അതിന്റെ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്രധാന മേലദ്ധ്യക്ഷനെ കാതോലിക്കായെന്നോ പാത്രിയര്‍ക്കീസെന്നോ അതാതുസഭകളുടെ പാരമ്പര്യമനുസരിച്ച് വിളിക്കുന്നു. ആ പ്രധാന മേലദ്ധ്യക്ഷനോടൊപ്പം മറ്റു പ്രധാന മേലദ്ധ്യക്ഷന്‍മാരും ഉള്‍പ്പെടുന്നു. പ്രാദേശിക സഭകളുടെ സംസര്‍ഗ്ഗിക കൂട്ടത്തിനെ ഒരു പ്രത്യേക സഭ എന്ന് സൗകര്യാര്‍ത്ഥം വിളിക്കാവുന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിവ ഇപ്രകാരമുള്ള പ്രത്യേക സഭകളാണ്. ഇവയ്‌ക്കെല്ലാം വ്യതിരിക്തമായ ആരാധനാപാരമ്പര്യങ്ങളുണ്ട്. അടിസ്ഥാനവിശ്വാസ പാരമ്പര്യത്തില്‍ ഇവയെല്ലാം ഏക സ്വഭാവമുള്ളതും പരസ്പര കുര്‍ബ്ബാന ഐക്യം നിലനിര്‍ത്തുന്നവയുമാണ്. ഇവയില്‍ മലങ്കര സഭയുടെയും അര്‍മ്മീനിയന്‍ സഭയുടെയും പ്രധാന മേലദ്ധ്യക്ഷന്മാരെ കാതോലിക്കാ എന്നും എത്യോപ്യന്‍, കോപ്റ്റിക്, അന്ത്യോഖ്യന്‍ സഭകളുടെ പ്രധാന മേലദ്ധ്യക്ഷന്മാരെ പാത്രിയര്‍ക്കീസെന്നും വിളിക്കുന്നു. അര്‍മ്മീനിയന്‍ സഭയില്‍ കാതോലിക്കായുടെ കീഴില്‍ രണ്ടു വലിയ പ്രദേശങ്ങളുടെ തലവന്‍മാരായി പാത്രിയര്‍ക്കീസന്മാരുണ്ട്. കൂടാതെ അവര്‍ക്ക് മറ്റൊരു ഉപകാതോലിക്കായുമുണ്ട്. എങ്കിലും അര്‍മ്മീനിയന്‍ കാതോലിക്കായാണ് (എച്ച്മിയാഡ്‌സിന്‍) അര്‍മ്മീനിയന്‍ സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍.

5. മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍
മേല്‍വിവരിച്ച സഭാവിജ്ഞാനീയത്തിന്‍റെ അടിസ്ഥാനത്തില്‍ മലങ്കരസഭയുടെ ഭരണഘടന ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.
ഒന്നാംവകുപ്പ്: മലങ്കരസഭ ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ ഒരു വിഭാഗവും (division) ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസും ആകുന്നു.
രണ്ടാംവകുപ്പ്: ”മലങ്കരസഭ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായതും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനിസഭയില്‍ ഉള്‍പ്പെട്ടതും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ കാതോലിക്കായും ആകുന്നു.”

മേല്‍ കാണിച്ചിരിക്കുന്ന രണ്ടുവകുപ്പുകളും വിശദമാക്കുവാന്‍ അതിന്റെ പശ്ചാത്തലചരിത്രം അറിയേണ്ടതാണ്.

6. പാശ്ചാത്യ-പൗരസ്ത്യ സുറിയാനി രൂപങ്ങള്‍
യേശുക്രിസ്തുവിന്റെ കാലത്തുതന്നെ പലസ്തീന്‍ നാട്ടില്‍ അറമായ ഭാഷയില്‍നിന്ന് ഉടലെടുത്ത മറ്റൊരു ഭാഷാരൂപമായിരുന്നു സുറിയാനി. ആദ്യകാലങ്ങളില്‍ ചതുരവടിയില്‍ എഴുതപ്പെട്ടിരുന്ന, എബ്രായ ഭാഷയോടു വളരെ സാമ്യമുണ്ടായിരുന്ന, സുറിയാനി ഭാഷാരൂപം പില്‍ക്കാലത്ത് ഒഴുക്കനായി എഴുതപ്പെട്ടു. ഇതിന്ന് എസ്ട്രാംഗേല സുറിയാനി (Estrangela) എന്ന് പറയപ്പെടുന്നു. ആദ്യ നാലു നൂറ്റാണ്ടുകളിലും ഇപ്രകാരമാണ് നിലനിന്നിരുന്നത്. സുറിയാനിഭാഷ സംസാരിക്കുന്നവര്‍ യൂഫ്രട്ടീസ്‌തൈഗ്രീസ് നദികളുടെ പടിഞ്ഞാറും കിഴക്കും തീരങ്ങളില്‍ താമസിച്ചുവരവേ റോമാ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവുമായുള്ള യുദ്ധങ്ങള്‍ ഉണ്ടാവുകയും നദികളുടെ പടിഞ്ഞാറുഭാഗം മുഴുവന്‍ റോമാസാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലും കിഴക്കുഭാഗം പേര്‍ഷ്യാ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലും ആയിത്തീര്‍ന്നു. ഈ അവസ്ഥ എ. ഡി. 8ാം നൂറ്റാണ്ടുവരെ തുടര്‍ന്നു. ഇക്കാലഘട്ടത്തില്‍ റോമാസാമ്രാജ്യത്തിനുള്ളിലുള്ള സുറിയാനിക്കാര്‍ അന്നത്തെ പ്രബല ഭാഷയായിരുന്ന ഗ്രീക്കില്‍നിന്നും സ്വരം കടമെടുത്ത് സുറിയാനിഭാഷ വികസിപ്പിച്ചെടുത്തു. ഉച്ചാരണത്തിലും എഴുത്തുരൂപത്തിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തി. വ്യാകരണം അതേപടി തുടര്‍ന്നു. പേര്‍ഷ്യന്‍ സാമ്രാജ്യാതിര്‍ത്തിയിലുണ്ടായിരുന്ന കിഴക്കുഭാഗത്തെ സുറിയാനിക്കാര്‍ ചതുരവടിവിലുള്ള എഴുത്തും അക്ഷരങ്ങള്‍ക്ക് മുകളിലും താഴെയുമായി വ്യത്യസ്തമായ കുത്തുകളിട്ട് സ്വരങ്ങള്‍ രേഖപ്പെടുത്തി, ഉച്ചാരണത്തിലും എഴുത്തിലും വ്യത്യാസങ്ങള്‍ വരുത്തി ഉപയോഗിച്ചു. ഇവരും വ്യാകരണത്തില്‍ മാറ്റം വരുത്തിയില്ല. ഇപ്രകാരം റോമാസാമ്രാജ്യത്തില്‍ ഒരു പാശ്ചാത്യ സുറിയാനി രൂപവും പേര്‍ഷ്യാസാമ്രാജ്യത്തില്‍ ഒരു പൗരസ്ത്യ സുറിയാനി രൂപവും നിലവില്‍വന്നു. സാമ്രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന ശത്രുത നിമിത്തം ഇവര്‍ തമ്മിലും ആശയസംവേദനങ്ങള്‍ പരിമിതപ്പെട്ടു. ഈ പ്രദേശങ്ങളിലുള്ള സഭാ പാരമ്പര്യങ്ങളും ഇപ്രകാരം സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തില്‍ വ്യതിരിക്ത സ്വഭാവങ്ങളുള്ളതായി.

7. പാശ്ചാത്യ-പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭകള്‍
റോമാസാമ്രാജ്യത്തിലുണ്ടായിരുന്ന പാശ്ചാത്യ സുറിയാനി സഭ ഗ്രീക്ക് ലത്തീന്‍ സഭകളുമായുള്ള ബന്ധത്തില്‍ അഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധംവരെ ആരാധനാപാരമ്പര്യം രൂപപ്പെടുത്തുകയും മറ്റു സഭകളോട് വിശ്വാസപരമായ സാധര്‍മ്മ്യം പുലര്‍ത്തുകയും ചെയ്തു. കല്‍ക്കിദോന്‍ സുന്നഹദോസിനുശേഷം റോമ്മാ സാമ്രാജ്യത്തില്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ ഭിന്നത ഉണ്ടായി. കുസ്തന്തീനോപോലീസ്- റോമ പാത്രിയര്‍ക്കേറ്റുകള്‍ കല്‍ക്കിദോന്‍ സുന്നഹദോസിന് അനുകൂലമായി നിലപാടെടുത്തപ്പോള്‍ അന്ത്യോഖ്യാ-ഈഗുപ്തായസഭകള്‍ അതിനോട് എതിര്‍ത്തുനിന്നു. എന്നാല്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ കല്‍ക്കിദോന്‍ സുന്നഹദോസിന്‍റെ അനുകൂലികളുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് കുസ്തന്തീനോപ്പോലീസിലെ ഗ്രീക്കുസഭയുടെ സഹായം ലഭിച്ചിരുന്നു. അപ്രകാരം ഗ്രീക്ക് – സുറിയാനി സഭാ പാരമ്പര്യങ്ങള്‍ കല്‍ക്കിദോന്യരും കല്‍ക്കിദോന്യ ഇതരരും എന്ന നിലയില്‍ അന്ത്യോഖ്യ സഭ പിളര്‍ന്നു. ഈ പിളര്‍പ്പ് ഇന്നും അവിടെ തുടരുന്നു.

എന്നാല്‍ റോമ്മന്‍ സാമ്രാജ്യത്തില്‍ നിന്നാല്‍ കല്‍ക്കിദോനെ അംഗീകരിക്കേണ്ടി വരുമെന്നുള്ളതിനാല്‍ കല്‍ക്കിദോനെ എതിര്‍ത്ത ഏതാനും നെസ്‌തോറിയ പക്ഷക്കാര്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലേക്കു പാലായനം ചെയ്തു. ഇവര്‍ പേര്‍ഷ്യയിലെ നിസിബിസ്, സെലൂക്യസ്റ്റെസിഫോണ്‍ പ്രദേശങ്ങള്‍ കേന്ദ്രമാക്കി നെസ്‌തോറിയ വിശ്വാസം പ്രചരിപ്പിച്ചു. എന്നാല്‍ പൗരസ്ത്യ സുറിയാനിക്കാരില്‍ കുറേപ്പേര്‍ ഇതിനെ എതിര്‍ത്തു. നെസ്‌തോറിയ വിശ്വാസം എതിര്‍ത്തും കല്‍ക്കിദോനെ എതിര്‍ത്തും ഇക്കൂട്ടര്‍ പേര്‍ഷ്യാസാമ്രാജ്യത്തില്‍ നിന്നു. കല്‍ക്കിദോനെ എതിര്‍ത്തവരായി പാശ്ചാത്യസുറിയാനി സഭയിലുണ്ടായിരുന്നവരും പൗരസ്ത്യ സുറിയാനി സഭയിലുണ്ടായിരുന്നവരും പരസ്പരം ബന്ധം പുലര്‍ത്തി വന്നു. പാശ്ചാത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെന്നും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ യെന്നും ഇവര്‍ അറിയപ്പെട്ടു. പാശ്ചാത്യ സുറിയാനി സഭയ്ക്ക് അന്ത്യോഖ്യയിലെ ഒരു പ്രധാന മേലദ്ധ്യക്ഷനായി പാത്രിയര്‍ക്കീസ് ഉണ്ടായിരുന്നതുപോലെ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് തെഗ്രീസില്‍ പ്രധാന മേലദ്ധ്യക്ഷനായി ഒരു കാതോലിക്കായും ഉണ്ടായിരുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭാംഗങ്ങള്‍ താരതമ്യേന കുറവായിരുന്നതിനാല്‍ പല കാര്യങ്ങളിലും അന്ത്യോഖ്യന്‍ പാശ്ചാത്യ സുറിയാനി സഭയെ ആശ്രയിക്കേണ്ടിവന്നിരുന്നു. ആയതിനാല്‍ അന്ത്യോഖ്യയിലെ പാശ്ചാത്യ സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെ പാശ്ചാത്യ-പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭകളുടെ പ്രധാന മേലദ്ധ്യക്ഷനായി പൗരസ്ത്യര്‍ കണക്കാക്കി ബഹുമാനിച്ചിരുന്നു. പൗരസ്ത്യര്‍ നല്‍കിയിരുന്ന ഈ ബഹുമാനം പാശ്ചാത്യരുടെ ചില പാത്രിയര്‍ക്കീസന്മാര്‍ ദുരുപയോഗപ്പെടുത്തി ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ പൗരസ്ത്യ സുറിയാനി സഭയും പാശ്ചാത്യ സുറിയാനി സഭയും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്.

8. സഭയുടെ പാശ്ചാത്യ സുറിയാനി ബന്ധം:
നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ സാപ്പോര്‍ ദ്വിതീയന്‍ ചക്രവര്‍ത്തിയുടെ പീഡനത്തെ ഭയന്ന് അഭയാര്‍ത്ഥികളായി മലങ്കരയിലെ കൊടുങ്ങല്ലൂരു വന്ന് കുടിയേറിപ്പാര്‍ത്ത പേര്‍ഷ്യന്‍ സുറിയാനിക്കാരുടെ പിറകെ മറ്റനേകരും വന്നുകൂടി. ഇവരില്‍ വൈദികരും മേലദ്ധ്യക്ഷന്മാരും ഉണ്ടായിരുന്നു. മലങ്കര നസ്രാണികള്‍ അവരെ സ്വീകരിച്ച് അവരുടെ സുറിയാനി ആരാധനാപാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടു. പേര്‍ഷ്യന്‍ സുറിയാനി ക്രിസ്ത്യാനികളിലെ നെസ്‌തോറിയ പക്ഷക്കാരാണെന്ന് മനസ്സിലാക്കാതെ അവരുടെ ആരാധനാപാരമ്പര്യം സത്യവിശ്വാസമായി കണക്കാക്കി മലങ്കരയിലെ നസ്രാണികള്‍ സ്വീകരിച്ചുപോന്നു. എന്നാല്‍ റോമന്‍ കത്തോലിക്കാ മിഷനറിമാര്‍ മലങ്കര നസ്രാണികളുടെ ആരാധനാ പാരമ്പര്യങ്ങള്‍ നശിപ്പിച്ച് ലത്തീന്‍ ആരാധനാപാരമ്പര്യം അടിച്ചേല്‍പ്പിച്ചപ്പോള്‍ അതിനെതിരേ കൂനന്‍കുരിശുസത്യം (1653) നടത്തി സുറിയാനി സത്യവിശ്വാസ പാരമ്പര്യം വീണ്ടെടുക്കുവാനും പോര്‍ട്ടുഗീസ് മിഷനറിമാരുടെ ലത്തീനീകരണ (latinisation) -ത്തില്‍നിന്ന് രക്ഷപ്രാപിക്കുവാനുമായി മലങ്കര നസ്രാണികള്‍ ഈഗുപ്തായ, ബാബിലോണിയ, അന്ത്യോക്യാ പാത്രിയര്‍ക്കീസന്മാരോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അപേക്ഷകളയച്ചു. അതിന്‍റെ ഫലമായി യേരുശലേമില്‍നിന്ന് പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യമുള്ള മാര്‍ ഗ്രിഗോറിയോസ് മലങ്കരയില്‍ 1665-ല്‍ എത്തുകയും ഇപ്രകാരം മലങ്കരസഭയില്‍ പാശ്ചാത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപാരമ്പര്യം സമാരംഭിക്കുകയും ചെയ്തു. കല്‍ക്കിദോന്യ ഇതരമായ ഒരു സത്യവിശ്വാസ പാരമ്പര്യം നിലനിര്‍ത്തുന്നതിനും റോമന്‍ കത്തോലിക്കാ സഭാ പാരമ്പര്യത്തില്‍നിന്ന് സ്വതന്ത്രമായ ഒരു സഭാപാരമ്പര്യം ഇവിടെ തുടരുന്നതിനും മാര്‍ ഗ്രിഗോറിയോസിന്റെ ആഗമനവും തുടര്‍ന്നുള്ള ബന്ധങ്ങളും പ്രയോജനപ്പെട്ടു എന്നുള്ളതില്‍ ഭൂരിപക്ഷം മലങ്കര നസ്രാണികളും പാശ്ചാത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപാരമ്പര്യത്തോട് കടപ്പെട്ടവരാണ്. എന്നാല്‍ ഈ ബന്ധത്തിന്‍റെ ഫലമായി മലങ്കരസഭ അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് മലങ്കര സഭാംഗങ്ങളുടെ മനസ്സില്‍ ഈ ബഹുമാനത്തിന് കുറവു വന്നുപോയിട്ടുണ്ട്.

9. പൗരസ്ത്യ കാതോലിക്കാസ്ഥാപനം മലങ്കരയില്‍
കല്‍ക്കിദോന്യ ഇതരമായ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപാരമ്പര്യം 13ാം നൂറ്റാണ്ടില്‍ അതിന്റെ കാതോലിക്ക ആയിരുന്ന ബാര്‍ എബ്രായുടെ കാലത്തിനുശേഷം വൈധവ്യം പ്രാപിച്ചു. പതിനെട്ടാം നൂറ്റാണ്ടോടുകൂടി കാതോലിക്കാമാര്‍ ഇല്ലാതായി. ഇക്കാലഘട്ടത്തിനു ശേഷം പേര്‍ഷ്യയില്‍നിന്ന് മലങ്കരയിലേക്കു വന്നിട്ടുള്ള എല്ലാ മെത്രാന്മാരും നെസ്‌തോറിയരായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലങ്കര സഭയ്ക്ക് ഒരു സ്വതന്ത്രമായ ആരംഭമുണ്ടെങ്കിലും സ്വതന്ത്രമായ ഒരു എപ്പിസ്‌കോപ്പന്‍ ഭരണം കൂടി അതിന്റെ തനിമയില്‍ ഉണ്ടാവണമെന്നുള്ളത് മറ്റെന്നത്തേക്കാളുമുപരി പോര്‍ട്ടുഗീസ് മിഷനറിമാരുടെ കാലത്തും അതിനുശേഷം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസന്മാരുടെ കാലത്തും മലങ്കരസഭാമക്കള്‍ ആഗ്രഹിച്ചിട്ടുള്ളതാണ്. പേര്‍ഷ്യന്‍ സുറിയാനി പാരമ്പര്യം നാലാം നൂറ്റാണ്ടില്‍ ഇവിടെ വന്ന് ആധിപത്യം സ്ഥാപിച്ചതോടെ മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനാപാരമ്പര്യം അപ്രത്യക്ഷമായതാണ്. തോമ്മായുടെ മാര്‍ഗ്ഗം പുരാതന മലങ്കര നസ്രാണികളുടെ ആരാധനാ ജീവിതശൈലിയായിരുന്നുവെന്ന് പരക്കെ സമ്മതിച്ചിട്ടുള്ളതാണ്.

അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസ് 1912-ല്‍ നടത്തിയ മലങ്കര സഭയിലെ പൗരസ്ത്യ കാതോലിക്കാ പുനഃസ്ഥാപന പ്രഖ്യാപനം മൂലം മലങ്കരസഭാമക്കളുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കപ്പെട്ടു. മലങ്കര സഭയ്ക്ക് തനതായ ഒരു മേലദ്ധ്യക്ഷന്‍റെ (കാതോലിക്കോസ്) പ്രഖ്യാപനം ഉണ്ടായാല്‍ മതിയായിരുന്നു. കാരണം അത് യാതൊരു വിദേശസഭയുടെയും ഭാഗമായിരുന്നില്ലല്ലോ. എന്നാല്‍ ഇവിടെ പാശ്ചാത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപാരമ്പര്യം നിലനില്‍ക്കെത്തന്നെ അവിടുത്തെ പ്രധാന മേലദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിന്‍റെ തുല്യ അധികാരമുള്ള ഒരു കാതോലിക്കേറ്റ് പൗരസ്ത്യ ദേശത്ത് (പേര്‍ഷ്യയില്‍) നിലനിന്നിരുന്നതിനാലും വൈധവ്യം പ്രാപിച്ചുപോയതും മലങ്കരസഭ പൗരസ്ത്യദേശത്തുള്ള ഒരു ഓര്‍ത്തഡോക്‌സ് സുറിയാനി പാരമ്പര്യമുള്ള സഭയായതിനാലും അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ അബ്‌ദേദ് മശിഹാ മലങ്കരസഭയുടെ സ്വാതന്ത്ര്യത്തെയും തനിമയെയും കരുതി പൗരസ്ത്യ കാതോലിക്കാ എന്ന് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന് സംജ്ഞ നല്‍കി ആദരിച്ചു. മലങ്കരസഭയുടെ കാതോലിക്കാ എന്ന് പറഞ്ഞിരുന്നെങ്കിലും മതിയായിരുന്നു. കാരണം ഇവിടെ സ്വതന്ത്രമായ ഒരു സഭ മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്.

10. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരയുമായുള്ള ബന്ധം
മേല്‍വിവരിച്ച ചരിത്രപശ്ചാത്തലത്തില്‍ മലങ്കരസഭാ ഭരണഘടനയുടെ ഒന്നും രണ്ടും വകുപ്പുകള്‍ മനസ്സിലാക്കേണ്ടതാണ്. കല്‍ക്കദോന്യേതര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപാരമ്പര്യം ഇന്ന് നിലനിര്‍ത്തുന്നത് രണ്ടു സഭകളാണ്. അന്ത്യോഖ്യയിലെ പാശ്ചാത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും മലങ്കരയിലെ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും. ഈ രണ്ടു വിഭാഗങ്ങളും (division) അവലംബിക്കുന്ന കല്‍ക്കിദോന്യേതര സഭാപാരമ്പര്യം കണക്കിലെടുക്കുമ്പോള്‍ അവയുടെ പ്രധാന മേലദ്ധ്യക്ഷനായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ മലങ്കരസഭ ബഹുമാനിച്ച് ആദരിക്കുന്നു. അത് മലങ്കരസഭയ്ക്ക് അന്ത്യോഖ്യയിലെ പാശ്ചാത്യ ഓര്‍ത്തഡോക്‌സ് സുറിയാനിസഭാ പാരമ്പര്യത്തോടുള്ള കടപ്പാടിന്‍റെയും നന്ദിയുടെയും ഒരു പ്രതീകാത്മക സ്ഥാനത്തിന്‍റെ അംഗീകരണമാണ്. അതല്ലാതെ ആ സ്ഥാനംകൊണ്ട് മലങ്കരസഭയുടെ മേല്‍ ആത്മികമൊ ലൗകികമൊ ആയ യാതൊരധികാരാവകാശങ്ങളും വിവക്ഷിക്കുന്നില്ല. മലങ്കരസഭാ ഭരണഘടന ക്രോഡീകരിച്ചവര്‍ വിശാലമനസ്സോടെ മലങ്കര സഭാ ഭരണഘടനയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അപ്രകാരം ഒരു സ്ഥാനം നല്‍കി ആദരിച്ചതിനാല്‍ അന്ത്യോഖ്യയിലെ ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എന്നും മലങ്കര സഭയോട് നന്ദിയുള്ളവരായിരിക്കേണ്ടതാണ്. മലങ്കരസഭാ ഭരണഘടനയിലെ 101, 114, 118 വകുപ്പുകളും മലങ്കരസഭ ഈ അര്‍ത്ഥത്തില്‍ ബഹുമാനസൂചകമായി നല്‍കിയിരിക്കുന്നവയാണ്.

വകുപ്പ് 101 : ‘കാതോലിക്കായുടെ സഹകരണത്തോടുകൂടി കാനോനികമായി വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ മലങ്കരസഭ അംഗീകരിക്കുന്നതാകുന്നു”. ഇതില്‍നിന്ന് വളരെ വ്യക്തമായിരിക്കുന്ന സംഗതി അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെ നിരുപാധികം സ്വീകരിക്കുവാന്‍ മലങ്കരസഭയ്ക്ക് യാതൊരു ബാദ്ധ്യതയും ഇല്ലെന്ന വസ്തുതയാണ്. മലങ്കരയുടെ കാതോലിക്കേറ്റിന്റെ സ്വയം ശീര്‍ഷകത്വം ഇതു കാണിക്കുന്നു. എ.ഡി. 868-ലെ കഫര്‍ത്തൂത്താ സുന്നഹദോസിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പൗരസ്ത്യര്‍ കാതോലിക്കായെ വാഴിക്കുമ്പോള്‍ പാശ്ചാത്യ പാത്രിയര്‍ക്കീസിനെ ക്ഷണിക്കണം പാശ്ചാത്യര്‍ പാത്രിയര്‍ക്കീസിനെ വാഴിക്കുമ്പോള്‍ പൗരസ്ത്യ കാതോലിക്കായെയും ക്ഷണിക്കണം. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മലങ്കരസഭാ ഭരണഘടനയില്‍ ഈ വകുപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാശ്ചാത്യ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയില്‍ സമാനമായ ഒരു വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ല. ഈ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരയിലെ പൗരസ്ത്യ കാതോലിക്കായുടെ അംഗീകരണത്തോടെ വാഴിക്കപ്പെട്ടതല്ലാത്തതിനാല്‍ മലങ്കരസഭ അദ്ദേഹത്തെ കാനോനികമായി വാഴിക്കപ്പെട്ട അന്ത്യോഖ്യ പാത്രിയര്‍ക്കീസായി അംഗീകരിക്കുന്നില്ല. സുപ്രീം കോടതിവിധി ബഹുമാനിക്കുകയും ആദരിക്കുകയും അതില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്ന പാത്രിയര്‍ക്കീസ് പക്ഷപാതികള്‍ സുപ്രീം കോടതി മലങ്കരയിലെ പൗരസ്ത്യ കാതോലിക്കാമാരുടെ സ്ഥാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുവാന്‍ പാടില്ലാത്തവയാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്ക (ജൂണ്‍ 20, 1995) മലങ്കരസഭയുടെ അംഗീകരണമുള്ള ഒരു പാത്രിയര്‍ക്കീസ് ഇന്ന് അന്ത്യോഖ്യയില്‍ ഇല്ലായെന്ന സത്യം മനസ്സിലാക്കുവാന്‍ മടിക്കുന്നത് ക്ഷന്തവ്യമല്ല. മുന്നൂറിലധികം പേജുകളുള്ള ഈ സുപ്രീം കോടതി വിധിയില്‍, പാത്രിയര്‍ക്കീസ് വിഭാഗം സൃഷ്ടിച്ച ശ്രേഷ്ഠ കാതോലിക്കയെക്കുറിച്ച് ഒരു വാക്കുപോലും പറയാതിരിക്കേ അദ്ദേഹത്തിന്റെ സഹകരണത്തോടുകൂടിയാണ് ഇപ്പോഴത്തെ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് വാഴിക്കപ്പെട്ടതെന്ന് പറയുന്നത് പരമമായ അബദ്ധംതന്നെ.

വകുപ്പ് 114 : മലങ്കരയാല്‍ സ്വീകരിക്കപ്പെട്ട പാത്രിയര്‍ക്കീസുണ്ടെങ്കില്‍ കാതോലിക്കായെ വാഴിക്കുന്ന അവസരത്തില്‍ പാത്രിയര്‍ക്കീസിനെയും ക്ഷണിക്കേണ്ടതും പാത്രിയര്‍ക്കീസ് വരുന്ന പക്ഷം സിനഡിന്റെ പ്രസിഡന്റ ് എന്ന നിലയില്‍ സിനഡിന്റെ സഹകരണത്തോടുകൂടി കാതോലിക്കായെ വാഴിക്കേണ്ടതും ആകുന്നു’‘.

മലങ്കരസഭയുടെ സുന്നഹദോസ് കാതോലിക്കായെ വാഴിക്കുമ്പോള്‍ പാത്രിയര്‍ക്കീസ് ഒരു അതിഥിയായി മാത്രം ക്ഷണിക്കപ്പെടുകയാണ്. എന്നാല്‍ അദ്ദേഹം മലങ്കരസഭയുടേതുപോലുള്ള വിശ്വാസ പാരമ്പര്യമുള്ള ഒരു സഭയുടെ മേലദ്ധ്യക്ഷനായതിനാലും ചരിത്രപരമായി പൗരസ്ത്യര്‍ അദ്ദേഹത്തിന് മുമ്പത്വം കൊടുത്തിട്ടുള്ളതിനാലും കാതോലിക്കാവാഴ്ചയില്‍ സുന്നഹദോസിലെ പ്രധാന കാര്‍മ്മികനായിരിക്കുവാന്‍ മലങ്കരസഭ ഒരു സ്ഥാനം നല്‍കി ആദരിച്ചിരിക്കുകയാണ്. കാരണം, മലങ്കരയുടെ കാതോലിക്കായെ വാഴിക്കുവാന്‍ മലങ്കര സഭ അംഗീകരിക്കുന്ന ഒരു പാത്രിയര്‍ക്കീസുണ്ടെങ്കില്‍ പോലും അദ്ദേഹം വരേണ്ടത് മലങ്കര സഭയ്ക്ക് ഒരു ആവശ്യമുള്ള കാര്യമല്ല എന്ന് ഈ വകുപ്പില്‍നിന്നും വ്യക്തമാണല്ലോ. മാത്രമല്ല മലങ്കരസഭയുടെ വിശ്വാസ പാരമ്പര്യമുള്ള ഏതൊരു കല്‍ക്കിദോന്യേതരസഭയുടെ (അര്‍മ്മേനിയ, ഈഗുപ്തായ, ഏത്യോപ്യ) പ്രധാന മേലദ്ധ്യക്ഷന്‍ വന്നാലും കാതോലിക്കാവാഴ്ചയില്‍ പ്രധാന കാര്‍മ്മികത്വം നല്‍കി ആദരിക്കുന്നതില്‍ കാനോനികമായൊ വേദശാസ്ത്രപരമായോ അപാകതയില്ല.

വകുപ്പ് 118 : ”പരാതി കാതോലിക്കായെ പറ്റിയാണെങ്കില്‍ മലങ്കരസഭയാല്‍ സ്വീകരിക്കപ്പെട്ട പാത്രിയര്‍ക്കീസുണ്ടെങ്കില്‍ പാത്രിയര്‍ക്കീസിനെക്കൂടെ ക്ഷണിക്കേണ്ടതും അദ്ദേഹം വരുന്ന പക്ഷം സിനഡിന്റെ പ്രസിഡന്റായിരിക്കുന്നതും വരാത്തപക്ഷം സിനഡ് വിധി കല്‍പിക്കുന്നതുമാകുന്നു.” 114-ാം വകുപ്പുപ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കര സഭയുമായുള്ള ബന്ധത്തെക്കാള്‍ കുറേക്കൂടെ ബലഹീനമായ ബന്ധം വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്. ഈ വകുപ്പുകളെല്ലാം മലങ്കരസഭയുടെ സ്വയ ശീര്‍ഷകത്വവും തനിമയും വ്യക്തമാക്കുന്നു.

11. കതോലിക്കാ പാത്രിയര്‍ക്കീസിന്‍റെ കീഴ്സ്ഥാനിയോ?
ഓര്‍ത്തഡോക്‌സ് സഭകളുടെ ചരിത്രത്തില്‍ ഒരിക്കലും കേട്ടുകേള്‍വിപോലുമില്ലാത്തത ഒരു ബാലിശമായ വാദമുഖമാണ് പാത്രിയര്‍ക്കീസ് പക്ഷപാതികള്‍ ഇന്ന് ഉന്നയിക്കുന്നത്. മലങ്കരസഭയുടെ സുപ്രീം കോടതി അംഗീകരിച്ച ഭരണഘടനയില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെക്കുറിച്ച് പറയുന്ന ഒരു വകുപ്പിലും (1, 101, 114, 118) ഈ വാദമുഖത്തിന് സാദ്ധ്യതയില്ലെന്ന് നാം കണ്ടുവല്ലോ. മറിച്ച് മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷന്റെ അധികാരാവകാശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചുറപ്പിച്ചിരിക്കുന്ന ഭരണഘടനാവകുപ്പുകള്‍ താഴെ പറയുന്നവയില്‍നിന്നും ഈ വാദമുഖത്തിന്റെ അര്‍ത്ഥശൂന്യത വ്യക്തമാകും.

വകുപ്പ് 94: മലങ്കരയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിന്‍റെ പ്രധാന ഭാരവാഹിത്വം ഈ ഘടനയ്ക്കു വിധേയമായി മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമായിട്ടുള്ളതാകുന്നു.

വകുപ്പ് 100: മേല്‍പ്പട്ടക്കാരെ വാഴിക്കുക, എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷം വഹിക്കുക, സുന്നഹദോസിന്റെ നിശ്ചയങ്ങളെ പ്രഖ്യാപിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക, സുന്നഹദോസിന്റെ പ്രതിപുരുഷനെന്ന നിലയില്‍ ഭരണം നടത്തുക, മൂറോന്‍ കൂദാശ ചെയ്യുക എന്നിവ കാതോലിക്കായുടെ അധികാരത്തില്‍പ്പെട്ടവയാകുന്നു.

ഏതൊരു സ്വതന്ത്രസഭയുടെയും പ്രധാന മേലദ്ധ്യക്ഷന് അതില്‍ കവിഞ്ഞ യാതൊരു അധികാരവും ഒരു ഓര്‍ത്തഡോക്‌സ് സഭയിലുമില്ല. ഇതിനുപരിയായി എന്തെങ്കിലും അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരസഭയുടെ മേല്‍ ഉണ്ട് എന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ പക്ഷപാതികളോ ധരിച്ചാല്‍ അത് ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യമല്ല, ഒരു പക്ഷേ റോമന്‍ കത്തോലിക്കാസഭയുടെ വീക്ഷണത്തോടു സാമ്യമുള്ളതായിരിക്കാം. മാര്‍ത്തോമ്മാശ്ലീഹായ്ക്ക് പട്ടത്വനല്‍വരമില്ലായെന്ന് ലജ്ജയില്ലാതെ ഒരു പാത്രിയര്‍ക്കീസ് (203ാം നമ്പര്‍ കല്‍പന) എഴുതുകയും അതിന് ചൂട്ടുപിടിക്കുവാന്‍ ഏതാനും മലങ്കരസഭയുടെ മക്കള്‍ തയ്യാറാവുകയും ചെയ്തതില്‍ ഈ സഭ ഇന്നും ദുഃഖിക്കുന്നതുപോലെ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് പൗരസ്ത്യ കാതോലിക്കായുടെ ആത്മീയ മേലധികാരി ആണെന്ന് ഇക്കൂട്ടര്‍ ഇപ്പോള്‍ പറയുന്നതില്‍ മലങ്കരസഭാമക്കള്‍ ഇന്നും ദുഃഖിക്കുന്നു. അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെപ്പോലെ അതേ കല്‍ക്കിദോന്യേതര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പാരമ്പര്യം പുലര്‍ത്തുന്ന മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ ആണ്. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന് അറബി വംശജരായ ഓര്‍ത്തഡോക്‌സ് സുറിയാനി സഭാംഗങ്ങളുടെമേല്‍ എന്തെല്ലാം അധികാരാവകാശങ്ങളുണ്ടോ സമാനമായ എല്ലാ അധികാരാവകാശങ്ങളും മലങ്കരസഭയുടെ കാതോലിക്കായ്ക്ക് ഇന്ത്യന്‍ വംശജരായിരിക്കുന്ന മലങ്കരസഭാംഗങ്ങളുടെ മേലും ഉണ്ട്. എന്നാല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരസഭാംഗങ്ങളുടെ മേലോ മലങ്കരയുടെ കാതോലിക്കായ്ക്ക് അന്ത്യോക്യാ സഭാംഗങ്ങളുടെ മേലോ സ്വതന്ത്രമായി യാതൊരധികാരാവകാശങ്ങളും ഇല്ല. ഈ സംഗതികള്‍ മലങ്കര സഭാചരിത്രത്തില്‍നിന്നും മലങ്കരസഭാ ഭരണഘടനയില്‍നിന്നും അത് അംഗീകരിച്ചുറപ്പിച്ചിട്ടുള്ള ഇന്‍ഡ്യന്‍ സുപ്രീം കോടതിവിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ചുരുക്കത്തില്‍ കല്‍ക്കിദോന്യേതര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പാരമ്പര്യമുള്ള അന്ത്യോഖ്യായിലെ സഭയ്ക്കും മലങ്കരയിലെ സഭയ്ക്കും തനതായി ഓരോ പ്രധാന മേലദ്ധ്യക്ഷന്മാരില്‍ മുമ്പത്വം അന്ത്യോഖ്യ പാത്രിയര്‍ക്കീസിന് മലങ്കരസഭ കൊടുത്ത് ആദരിച്ചിട്ടുണ്ട്. അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസ് അവിടെ സുവിശേഷം അറിയിച്ച പത്രോസ് ശ്ലീഹായോട് ബന്ധപ്പെടുത്തി എന്തെല്ലാം അവകാശങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്നുവോ അവയെല്ലാം മലങ്കരസഭയുടെ കാതോലിക്കാ ഇവിടെ സുവിശേഷം അറിയിച്ച തോമാശ്ലീഹായോട് ബന്ധപ്പെടുത്തിയും ഉള്‍ക്കൊള്ളുന്നുണ്ട്.

12. മലങ്കര സഭ എപ്പിസ്‌കോപ്പലോ?
ഇടവക പള്ളികളാകുന്ന സ്വതന്ത്ര യൂണിറ്റുകള്‍ ചേര്‍ന്നുള്ള ഒരു സംയുക്ത ഭരണവ്യവസ്ഥിതിയാണ് മലങ്കരസഭയെന്ന വാദം സഭയില്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വിഷയം സമുദായകേസില്‍ സുപ്രീം കോടതി പരിഗണിക്കുകയും സഭാ ഭരണഘടനയില്‍ വിവക്ഷിക്കുന്നിടത്തോളം മലങ്കര സഭ എപ്പിസ്‌കോപ്പല്‍ ആകുന്നു എന്നും ഇടവക പള്ളികള്‍ ഈ ഭരണഘടനപ്രകാരം സ്ഥിരമായി ഭരിക്കപ്പെടണമെന്നും വിധി തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. അവരുടെ പത്തു കണ്ടെത്തലുകളില്‍ എട്ടാമത്തേത് ഇപ്രകാരമാണ്.

8. “So far as the declaration of the Malankara Church being episcopal in character is concerned, all we need hold is that it is episcopal to the extend it is so declared in the 1934 constitution. The said constitution also governs the affairs of the parish churches and shall prevail”. മേല്‍പ്പറഞ്ഞ അടിസ്ഥാനത്തില്‍ മലങ്കരസഭ ഭരണഘടന മലങ്കരസഭയുടെ എപ്പിസ്‌കോപ്പസിയെ വ്യക്തമാക്കുന്നത് ഏതെല്ലാം വിധത്തിലെന്ന് പരിശോധിക്കുകയാണ് നമ്മുടെ ലക്ഷ്യം.

a) എപ്പിസ്‌കോപ്പ സഭയുടെ മേലദ്ധ്യക്ഷന്‍
എപ്പിസ്‌ക്കോപ്പ എവിടെയുണ്ടോ അവിടെ സഭയുണ്ട്” എന്ന് അന്ത്യോഖ്യയിലെ വി. ഇഗ്നാത്തിയോസ് നൂറോനോ രണ്ടാം നൂറ്റാണ്ടില്‍ പറഞ്ഞിരിക്കുന്നതില്‍നിന്ന് ക്രിസ്തീയ സഭയുടെ സംയോജന കേന്ദ്രം എപ്പിസ്‌കോപ്പ ആകുന്നു എന്നത് പൗരാണിക സഭകളുടെ എല്ലാം പഠിപ്പിക്കലാണ്. ഈ അടിസ്ഥന തത്ത്വത്തില്‍ അധിഷ്ഠിതമായിത്തന്നെ മലങ്കരസഭയുടെ ഭരണഘടനയും രൂപപ്പെടുത്തിയിരിക്കുന്നു.

i) സഭയുടെ പൊതുഭരണം
ഭരണഘടനയുടെ ഒന്നും രണ്ടും വകുപ്പുകളില്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ആകുന്നുവെന്നും, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ കാതോലിക്ക ആകുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നത് മലങ്കര സഭയുടെ എപ്പിസ്‌കോപ്പസി (മേല്‍പ്പട്ടസ്ഥാനം) അതിന്റെ ഭരണസംവിധാനത്തിലെ അടിസ്ഥാന തത്ത്വമാണെന്ന പ്രഖ്യാപനമാണ്. സഭയുടെ പൊതുഭരണത്തിന് ഉണ്ടാക്കുന്ന ഏതു ക്രമീകരണത്തിന്റെയും അത്യന്തികമായ അധികാരി പാത്രിയര്‍ക്കീസോ, കാതോലിക്കായോ അവരുടെ സ്ഥാനങ്ങളിലും നിലകളിലും ആയിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സഭയുടെ പൊതുഭരണം പാത്രിയര്‍ക്കീസിലോ കാതോലിക്കായിലോ അത്യന്തികമായി നിക്ഷിപ്തമാണ്.

ii) അസോസിയേഷന്‍
ഭരണഘടനയുടെ 72ാം വകുപ്പനുസരിച്ച് മലങ്കരസഭയുടെ പരമോന്നത പാര്‍ലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്റ ് മലങ്കര മെത്രാപ്പോലീത്തായും, വൈസ് പ്രസിഡന്റുമാര്‍ ഭരണമുള്ള ശേഷം മേല്‍പ്പട്ടക്കാരും ആണന്ന വ്യവസ്ഥയിലും, സഭയുടെ ഭരണസംവിധാനത്തിന്‍റെ ആത്യന്തികത മേല്‍പ്പട്ട സ്ഥാനത്തില്‍ അധിഷ്ഠിതമാകുന്നു എന്നാണ് വ്യക്തമാകുന്നത്. ടി 73, 74 വകുപ്പുകളിന്‍പ്രകാരം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കേണ്ടത് മലങ്കര മെത്രാപ്പോലീത്തായോ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം വൈസ് പ്രസിഡന്റായ ഒരു മെത്രാപ്പോലീത്തായോ ആകുന്നുവെന്നാണ്. സാധാരണഗതിയില്‍ മലങ്കര മെത്രാപ്പോലീത്തയാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വിളിച്ചുകൂട്ടേണ്ടതെങ്കിലും അദ്ദേഹം ഇല്ലാതെ വരുന്ന അവസരത്തില്‍ വൈസ് പ്രസിഡന്റുമാരില്‍ രണ്ടുപേര്‍ക്കോ, അവര്‍ വിളിച്ചുകൂട്ടാത്ത പക്ഷം മാനേജിംഗ് കമ്മിറ്റി അംഗങ്ങളില്‍ പകുതി അംഗങ്ങള്‍ക്കോ അസോസിയേഷന്‍ വിളിച്ചുകൂട്ടാവുന്നതാണ് എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ അസോസിയേഷനില്‍ അദ്ധ്യക്ഷത വഹിക്കുവാന്‍ ഒരു മെത്രാപ്പോലീത്തായ്ക്കല്ലാതെ മറ്റാര്‍ക്കും ഈ അധികാരം വ്യവസ്ഥ ചെയ്തിട്ടില്ലാത്തിടത്തോളം അസോസിയേഷന്റെ സാദ്ധ്യതയും മേല്‍പ്പട്ടസ്ഥാനത്തിന്‍റെ അധികാരത്തില്‍ അധിഷ്ഠിതമായിരിക്കുന്നു.

അസോസിയേഷന് ഒരു സെക്രട്ടറി ഉണ്ടായിരിക്കണമെന്നും ആ സെക്രട്ടറിയെ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുക്കണമെന്നും ഭരണഘടനയുടെ 75-ആം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ മാനേജിംഗ് കമ്മിറ്റിയുടെ ആ തെരഞ്ഞെടുപ്പ് മലങ്കര മെത്രാപ്പോലീത്താ സ്ഥിരപ്പെടുത്തുന്നില്ലെങ്കില്‍ ആ തെരഞ്ഞെടുപ്പിന് സാധുതയില്ലാതാകുമെന്ന് വ്യക്തമാക്കുന്നതിനാല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം സഭയിലെ എപ്പിസ്‌കോപ്പായില്‍ നിക്ഷിപ്തമാകുന്നുവെന്നത് അവിതര്‍ക്കിതമാണ്.

iii) അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി
a) മെത്രാപ്പോലീത്ത അദ്ധ്യക്ഷന്‍
ഭരണഘടന 79-ാം വകുപ്പില്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആകെ അംഗങ്ങളുടെ സംഖ്യഅനുസരിച്ച് 12 പേര്‍ക്ക് ഒരാള്‍ എന്ന കണക്കിന് മലങ്കര മെത്രാപ്പോലീത്തായ്ക്ക് സ്വന്തഇഷ്ടപ്രകാരം മാനേജിംഗ് കമ്മറ്റി അംഗങ്ങളായി നിയമിക്കാവുന്നതും തെരഞ്ഞെടുക്കപ്പെടുന്നവരുടെ സംഖ്യ കൂടുന്നതനുസരിച്ച് ഇതേ അനുപാതത്തില്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ നിയമിക്കാവുന്നതാകുന്നു എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നതില്‍നിന്ന് മലങ്കര മെത്രാപ്പോലീത്തായ്ക്ക് മാനേജിംഗ് കമ്മറ്റിയുടെ മേലുള്ള നിയന്ത്രണാധികാരവും അതുവഴി സഭയില്‍ എപ്പിസ്‌കോപ്പസിക്കുള്ള മുമ്പത്വവും വ്യക്തമാകുന്നുണ്ട്.

80-ാം വകുപ്പില്‍ മാനേജിംഗ് കമ്മറ്റിയുടെ പ്രസിഡന്റ ് മലങ്കര മെത്രാപ്പോലീത്തായും വൈസ് പ്രസിഡന്റുമാര്‍ ഭരണമുള്ള എല്ലാ മെത്രാന്മാരാകുന്നുവെന്നും അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി മലങ്കര മെത്രാപ്പോലീത്തായ്‌ക്കോ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ വൈസ് പ്രസിഡന്റുമാര്‍ക്കോ അവര്‍ വിളിച്ചു കൂട്ടാത്ത പക്ഷം കമ്മിറ്റി അംഗങ്ങളില്‍ പകുതി പേര്‍ക്കോ വിളിച്ചുകൂട്ടാവുന്നതാണെങ്കിലും മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗവും ഒരു മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിലല്ലാതെ കൂടുവാന്‍ സാദ്ധ്യമല്ലയെന്ന് 81-ാം വകുപ്പു പ്രകാരവും വ്യക്തമാക്കിയിരിക്കുന്നതില്‍നിന്ന് സഭയുടെ എപ്പിസ്‌കോപ്പല്‍ ഭരണ മുമ്പത്വം വ്യക്തമാകുന്നുണ്ട്. സഭയിലെ എപ്പിസ്‌കോപ്പല്‍ ഭരണാധികാരം സഭയിലെ മറ്റൊരംഗത്തിനും ഡലിഗേറ്റ് ചെയ്യുവാന്‍ പാടില്ലായെന്നത് സഭയുടെ എപ്പിസ്‌കോപ്പല്‍ അദ്വിതീയതയെ എടുത്തുകാട്ടുന്നു.

b) സഭയുടെ പണത്തിന്‍റെ ഉത്തരവാദി
എന്നാല്‍ 83-ാം വകുപ്പുപ്രകാരം മലങ്കര സഭയുടെ പണം ഏതെങ്കിലും കാര്യത്തിന് ചെലവാക്കേണ്ടിയിരുന്നാല്‍ അതിന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്‍റെ ഭൂരിപക്ഷവും മാനേജിംഗ് കമ്മിറ്റിയിലെ മേല്‍പ്പട്ടക്കാര്‍ ഒഴിച്ചുള്ള ശേഷം അംഗങ്ങളുടെ ഭൂരിപക്ഷവും യോജിക്കേണ്ടതാകുന്നുവെന്ന് വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത് സഭയിലെ എപ്പിസ്‌കോപ്പസിയുടെ അനിവാര്യതയും എപ്പിസ്‌കോപ്പസിയും ശേഷം ജനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ പരസ്പരപൂരകത്വവും വ്യക്തമാക്കുന്നതാണ്.

8-ാം വകുപ്പ് അനുസരിച്ച് സമുദായംവക വരവു ചെലവുകളുടെ കാര്യത്തിലും മലങ്കര മെത്രാപ്പോലീത്തായ്ക്കാണ് ഉത്തരവാദിത്വം. മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയോടെ പണം ചെലവാക്കണമെന്ന് പറയുന്നുണ്ടെങ്കിലും അത്യാവശ്യത്തിന് ഒരു നിശ്ചിത തുക മലങ്കര മെത്രാപ്പോലീത്തായ്ക്ക് സ്വന്തമായി ചെലവാക്കാം. അക്കാര്യം അടുത്ത മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ പ്രസ്താവിച്ചാല്‍ മതിയെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. അതായത് മലങ്കര മെത്രാപ്പോലീത്ത അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെലവാക്കുന്ന പണത്തിന് ഔദ്യോഗികമായി മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരമോ അനുമതിയോ ആവശ്യമില്ലാത്തതിനാലും സഭയിലെ മറ്റൊരു മാനേജിംഗ് കമ്മിറ്റി അംഗത്തിനും സഭവക പണം കൈയില്‍ സൂക്ഷിക്കുവാന്‍ അവകാശമില്ലാത്തതിനാലും സഭയുടെ പണത്തിനുമേല്‍ എപ്പിസ്‌ക്കോപ്പായ്ക്കുള്ള അധികാരം ഏകപക്ഷീയമാണ്. സഭയുടെ അത്യന്തിക സ്വഭാവം അതിന്റെ എപ്പിസ്‌കോപ്പസിയിലാകുന്നു എന്ന് വ്യക്തമാക്കുന്നു.

c) സഭാവസ്തുക്കളുടെ ഉടമസ്ഥന്‍
സഭയ്ക്കുവേണ്ടി വസ്തുവാങ്ങുകയോ സഭാവസ്തു കടപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്യുന്നെങ്കില്‍ മാനേജിംഗ് കമ്മിറ്റിയുടെയും എപ്പിസ്‌കോപ്പല്‍ സിനഡിന്‍റെയും ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനം എടുക്കാവുന്നതാണ് എന്ന് 85-ാം വകുപ്പില്‍ പറയുന്നു. എന്നാല്‍ അത് കൂട്ടുട്രസ്റ്റില്‍ ഉള്‍പ്പെട്ട വസ്തുവാണെങ്കില്‍ മലങ്കര മെത്രാപ്പോലീത്തായും കൂട്ടുട്രസ്റ്റികളും ഒരുമിച്ച് പ്രമാണം എഴുതിക്കേണ്ടതാണെന്നും അതല്ലാതെ മലങ്കര മെത്രാപ്പോലീത്തായുടെ ട്രസ്റ്റില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ മലങ്കര മെത്രാപ്പോലീത്ത തനിച്ച് പ്രമാണമെഴുതേണ്ടതാണെന്നും ഇവിടെ വ്യവസ്ഥയുണ്ട്. ഏതുതരത്തിലായാലും മലങ്കര എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ഭൂരിപക്ഷാഭിപ്രായപ്രകാരമേ കരണം ചെയ്യുവാന്‍ തീരുമാനിക്കുവാന്‍പോലും സാധിക്കുകയുള്ളു എന്നും മലങ്കര മെത്രാപ്പോലീത്തയുടെ ട്രസ്റ്റുകള്‍ മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആരുടെയും പേരില്‍ പ്രമാണമെഴുതാതെ, മലങ്കര മെത്രാപ്പോലീത്തായുടെ പേരില്‍ മാത്രം എഴുതിയാല്‍ മതിയെന്നതും സഭയുടെ സ്വത്തുക്കളെ സംബന്ധിച്ചുള്ള എപ്പിസ്‌കോപ്പല്‍ അത്യന്തികത സൂചിപ്പിക്കുന്നു.

d) ഉപസമിതികളുടെ അദ്ധ്യക്ഷന്‍
ഭരണഘടന 86-ാം വകുപ്പനുസരിച്ച് വിദ്യാഭ്യാസം, ഫൈനാന്‍സ് തുടങ്ങി സഭയ്ക്ക് ആവശ്യമുള്ള സംഗതികള്‍ക്ക് സബ് കമ്മറ്റികളെ നിയമിക്കുവാന്‍ മാനേജിംഗ് കമ്മിറ്റിക്ക് അധികാരമുണ്ട്. എന്നാല്‍ ആ നിയമനങ്ങള്‍ സാധുവാകണമെങ്കില്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്‍റെ അനുമതി അനുപേക്ഷണീയമാണെന്നും അപ്രകാരം നിയമിക്കപ്പെടുന്ന ഓരോ സബ്കമ്മറ്റിയുടെയും പ്രസിഡന്റ ് ഒരു മെത്രാപ്പോലീത്ത ആയിരിക്കണമെന്നും ഇവിടെ വ്യവസ്ഥയുള്ളതിനാല്‍ സഭയുടെ സാമ്പത്തിക സാമൂഹ്യ ദൗത്യങ്ങള്‍ എപ്പിസ്‌കോപ്പസിയുടെ അധികാര പരിധിക്കുള്ളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നത് സഭയില്‍ എപ്പിസ്‌കോപ്പസിയുടെ മുമ്പത്വത്തെ സൂചിപ്പിക്കുന്നു.

e) പ്രവര്‍ത്തക സമിതിയുടെ അദ്ധ്യക്ഷന്‍
മലങ്കര മെത്രാപ്പോലീത്ത പ്രസിഡന്റും എപ്പിസ്‌കോപ്പല്‍ സുന്നഹദോസിനാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു മേല്‍പ്പട്ടക്കാരനും സമുദായ ട്രസ്റ്റികളും അസോസിയേഷന്‍ സെക്രട്ടറിയും അവരുടെ ആലോചനയോടെ മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന മറ്റ് അഞ്ച് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സഭയുടെ പ്രവര്‍ത്തകസമിതി (Working committe). മറ്റ് അംഗങ്ങള്‍ മാനേജിംഗ് കമ്മിറ്റിയില്‍ നിന്നുള്ളവരല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളായിരിക്കുന്നിടത്തോളംകാലം മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍കൂടി ആയിരിക്കും. മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ളവരാണ് ഇവര്‍. എന്നാല്‍ ഈ കാര്യനിര്‍വ്വഹണ സമിതിക്ക് അത്യാവശ്യഘട്ടത്തില്‍ മാനേജിംഗ് കമ്മിറ്റിയുടെ അനുമതി പ്രതീക്ഷിച്ചുകൊണ്ടും അടുത്ത മാനേജിംഗ് കമ്മിറ്റിയില്‍ അവതരിപ്പിച്ച് അനുമതി വാങ്ങിക്കുവാന്‍ സാധിക്കത്തക്കവിധം മുന്നമേ അത്യാവശ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതും ആകുന്നു.

88-ാം വകുപ്പുപ്രകാരം മലങ്കര മെത്രാപ്പോലീത്തായുടെ ആലോചനാസമിതികൂടി ആയിരിക്കുന്ന ഈ പ്രവര്‍ത്തക സമിതി സഭയുടെ വളരെ പ്രധാനപ്പെട്ട ഒരു സമിതി ആയിരിക്കുന്നതും അതിന്റെ മുഴുവന്‍ നിയന്ത്രണവും മലങ്കര മെത്രാപ്പോലീത്തായിലും എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലും നിക്ഷിപ്തമായിരിക്കുന്നതിനാലും ഇത് സഭയുടെ എപ്പിസ്‌കോപ്പസിയുടെ മുമ്പത്വത്തെ എടുത്തുകാട്ടുന്നു. സ്ഥാനന്യായേന സഭയുടെ വൈദിക ട്രസ്റ്റിയും അത്മായ ട്രസ്റ്റിയും അസോസിയേഷന്‍ സെക്രട്ടറിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഈയിടെ ആയി സഭയിലെ എല്ലാ മെത്രാസന സെക്രട്ടറിമാരെയും ഈ സമിതിയിലേക്ക് വിളിക്കാറുണ്ടെങ്കിലും അത് സ്ഥാനന്യായേനയുള്ള ഭരണഘടനാ വിവക്ഷിതമായ കാര്യമല്ല, മലങ്കര മെത്രാപ്പോലീത്തായുടെ സ്വന്തമായ നിര്‍ണ്ണയത്തില്‍ പെടുന്ന ഒരു കാര്യമാണ്. ഇവിടെയും എപ്പിസ്‌കോപ്പസിയുടെ മുമ്പത്വമാണ് ഉള്ളത്.

f) മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റ ്
മലങ്കര അസോസിയേഷനാല്‍ തെരഞ്ഞെടുക്കപ്പെട്ടോ മലങ്കര മെത്രാപ്പോലീത്തായാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടോ മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഒരു അസിസ്റ്റന്റ ് ഉണ്ടായിരിക്കാവുന്നതാണ്. അത് ഒരു മേല്‍പ്പട്ടക്കാരന്‍തന്നെ ആയിരിക്കണമെന്ന് ഭരണഘടന വിവക്ഷിക്കുന്നില്ലെങ്കിലും സാധാരണയായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍നിന്ന് മെത്രാപ്പോലീത്തായെ അസിസ്റ്റന്റ ് ആയി അസോസിയേഷന്‍ തെരഞ്ഞെടുക്കുകയോ മലങ്കര മെത്രാപ്പോലീത്ത നോമിനേറ്റ് ചെയ്യുകയോ ആണ് പതിവായിരിക്കുന്നത്. ടി. അസിസ്റ്റന്റ ് പ്രവര്‍ത്തക സമിതിയിലും മാനേജിംഗ് കമ്മിറ്റിയിലും സ്ഥാനന്യായേനയുള്ള അംഗമായിരിക്കും. ഇവിടെയും എപ്പിസ്‌കോപ്പസിയുടെ മുമ്പത്വമാണ് സഭ കാലാകാലങ്ങളായി പിന്തുടരുന്ന പാരമ്പര്യം.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

മലങ്കരസഭയില്‍ അധിനിവേശത്തിന്റെ പ്രതിഫലനങ്ങളും ശാശ്വത സമാധാനവും