കുരിശുവരയുടെ സാരാംശവും പ്രാധാന്യവും

എപ്പോഴൊക്കെ കുരിശു വരക്കണം ?

സാധാരണ താഴെ കാണുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും നാം കുരിശു വരക്കണം.

  • പരിശുദ്ധ ത്രിത്വനാമം സ്മരിക്കപ്പെടുമ്പോള്‍.
  • സ്ലീബ / കുരിശ് എന്ന് പറയുമ്പോള്‍, കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍, ധ്യാനിക്കുമ്പോള്‍.
  • കുരിശു കാണുമ്പോള്‍.
  • ദേവാലയം കാണുമ്പോള്‍.
  • പ്രാര്‍ത്ഥനക്കായി പള്ളി മണി അടിക്കുമ്പോള്‍.
  • പ്രാര്‍ത്ഥന തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും.
  • ഉയര്‍ന്ന സ്ഥാനികള്‍ വാഴ്വുകള്‍ നല്‍കുമ്പോള്‍.
  • ത്രിശുദ്ധകീര്‍ത്തനത്തില്‍ “ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ടവനേ ….” എന്ന് ചൊല്ലുമ്പോള്‍.
  • വിശ്വാസപ്രമാണത്തില്‍ ക്രിസ്തുവിന്‍റെ മനുഷ്യാവതാരം ധ്യാനിക്കുമ്പോള്‍.

കുരിശു വരക്കുന്നതിനെപ്പറ്റി ആദിമ സഭാപിതാക്കന്മാര്‍

ആദിമ സഭാപിതാക്കന്മാര്‍ കുരിശുവരച്ചിരുന്നു. അതവര്‍ക്ക് വലിയ കോട്ടയും പരിചയും ആയിരുന്നു.

1) “യാത്ര തുടങ്ങുമ്പോഴും പുറത്തേക്കു ഇറങ്ങുമ്പോഴും അകത്തേക്ക് കയറുമ്പോഴും വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചെരുപ്പ് ധരിക്കുമ്പോഴും കുളിക്കുന്നതിനു മുന്‍പും ഇരിക്കുമ്പോഴും വിളക്കുകള്‍ തെളിക്കുമ്പോഴും എല്ലാറ്റിനും മുന്‍പ് ഞങ്ങള്‍ കുരിശു വരയ്ക്കുന്നു” (തെര്‍ത്തുല്യന്‍ , The Chaplet, AD 160-240 )

2) “നിങ്ങള്‍ കുരിശിന്‍റെ ശക്തിയെ കാണും എന്ന് പറഞ്ഞ് അദ്ദേഹം പീഡിതരുടെമേല്‍ കുരിശു വരച്ചു. അക്ഷണം അവര്‍ എഴുന്നേറ്റു നില്‍ക്കുകയും നല്ല മനസ്സോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തു” (അത്താനാസിയോസ്, Life of St Anthony, AD 296-373)

3) “സ്വയം കുരിശുവരച്ചശേഷം ധൈര്യമായി പോകുക….” (അത്താനാസിയോസ്, Life of St Anthony, AD 296-373)

4) “നിങ്ങള്‍ ഒരു പരിഹാസിയുടെ വാക്കുകള്‍ കേട്ടാല്‍, നിങ്ങള്‍ അത് ആഗ്രഹിക്കുന്നില്ലെങ്കില്‍, സ്വയം കുരിശുവരച്ചശേഷം ഒരു മാനെന്ന പോലെ അവനില്‍ നിന്ന് അതിവേഗം ഓടി രക്ഷപെടുക. ” (മോര്‍ അഫ്രേം, On Admonition and Repentance, AD 306-373)

5) “മകനേ, ജീവനുള്ള കുരിശിന്‍റെ അടയാളത്താല്‍ നിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും മുദ്രവക്കുക. കുരിശുവരയ്ക്കാതെ വീടിന്‍റെ വാതിലില്‍ നിന്ന് പുറത്തേക്കു നീ കടക്കരുത്. ഭക്ഷിക്കുമ്പോള്‍ ആകട്ടെ കുടിക്കുമ്പോള്‍ ആകട്ടെ, ഉറക്കത്തില്‍ ആകട്ടെ നടക്കുമ്പോള്‍ ആകട്ടെ, വീട്ടില്‍ ആകട്ടെ വഴിയില്‍ ആകട്ടെ, വിനോദ കാലത്താകട്ടെ, ഈ അടയാളത്തെ അവഗണിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഇതുപോലുള്ള ഒരു സംരക്ഷണം വേറെ ഇല്ല. ഇത് നിനക്ക് ഒരു കോട്ടയും പരിചയും ആയിരിക്കും. നന്നായി ആചരിക്കാന്‍ ഇത് നിന്‍റെ മക്കളെ പഠിപ്പിക്കുകയും ചെയ്യുക.” (മോര്‍ അഫ്രേം, On Admonition and Repentance, AD 306-373)

6) ക്രൂശിക്കപ്പെട്ടവനെ ഏറ്റുപറയാന്‍ നാം ലജ്ജിക്കരുത്. നെറ്റിമേലും എല്ലാറ്റിന്‍മേലും; അതായത് ഭക്ഷിക്കുന്ന ആഹാരത്തിന്‍മേലും കുടിക്കുന്ന പാനപാത്രത്തിന്‍മേലും അകത്തേക്ക് കയറുമ്പോഴും പുറത്തേക്കു പോകുമ്പോഴും ഉറങ്ങുന്നതിനു മുന്‍പും കിടക്കുന്നതിനു മുന്‍പും എഴുന്നേറ്റ ശേഷവും യാത്രയില്‍ ആയിരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ധൈര്യത്തോടെ നമ്മുടെ വിരലുകള്‍ കൊണ്ട് നാം കുരിശുവരയ്ക്കണം. (യെരുശലെമിലെ സിറിള്‍, Catechetical Lecture, AD 315-386)

7) അതുകൊണ്ട് കര്‍ത്താവിന്‍റെ കുരിശിനെക്കുരിച്ചു നാം ലജ്ജിക്കരുത്. ചിലര്‍ അത് രഹസ്യമായി ചെയ്യുന്നു. എന്നാല്‍ നീ പരസ്യമായി നിന്‍റെ നെറ്റിയില്‍ കുരിശുവരയ്ക്കുക. അതുകൊണ്ട് പിശാചുക്കള്‍ ആ രാജമുദ്ര കണ്ടിട്ട് നിന്നില്‍ നിന്ന് ഭയന്ന് ഓടിക്കൊള്ളും. ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഓരോ വാക്കിലും ഓരോ പ്രവര്‍ത്തനത്തിലും കുരിശുവരയ്ക്കുക. (യെരുശലെമിലെ സിറിള്‍, Catechetical Lecture, AD 315-386)

8) ഈ സമയത്ത്, വിശ്വാസപ്രമാണം അവസാനിപ്പിക്കുമ്പോള്‍ ഞങ്ങള്‍ നെറ്റിമേല്‍ കുരിശുവരയ്ക്കുന്നു. (തൈറാന്നിയസ്, Apology BOOK 1 par 5 , AD 340-410)

9) നിങ്ങളുടെ ഹൃദയ വാതിലുകളെ അടച്ചു നെറ്റിമേല്‍ പതിവായി കുരിശിനാല്‍ മുദ്രവയ്ക്കുക. (ജെറോം, Letter 130, AD 347-420)

ഉപസംഹാരം

കുരിശുവരക്കുന്നത് ആദിമ സഭയുടെ പാരമ്പര്യം ആണെന്നും നാം കണ്ടു. കുരിശുവരയുടെ സാരാംശതെക്കുരിച്ചും പ്രാധാന്യത്തെക്കുറിച്ചും നാം പഠിച്ചു. കുരിശുവരക്കുന്നത് ഒരു പ്രാകൃത ആചാരമല്ല. രക്ഷാകരമായ സ്ലീബായുടെ മറവില്‍ നമ്മെത്തന്നെ മറക്കാന്‍ ദൈവം നമ്മെ ശക്തരാക്കട്ടെ!

Shares
error: Thank you for visiting : www.ovsonline.in