ഭാഗ്യവാനായ വി.തോമാശ്ലീഹാ- മലങ്കരയുടെ മാണിക്യം

ഭാരതത്തിന്‍റെ അപ്പോസ്തോലനും കാവൽ പിതാവുമായ വി. തോമാ ശ്ലീഹ രക്തസാക്ഷി മരണം വരിച്ചതിന്‍റെ ഓര്‍മ്മ  വി. സഭ   ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.

“മാർത്തോമാ വാനോർ നിൻ പ്രഭ കണ്ടഞ്ചി
മാനവർ നിൻ മഹിതം നാമം കീർത്തിക്കുന്നു.
സൽക്രിയ കണ്ടുടയോൻ നിൻ സ്മൃതി വലുതാക്കി
ഞങ്ങളോടൊപ്പം നിൻ പ്രാർത്ഥനയുണ്ടാകട്ടെ”

മോർ തോമാശ്ലീഹാ– മലങ്കരയിലെ ഓരോ വിശ്വാസിയുടെയും സിരകളെ ഉദ്ദീപിപ്പിക്കുന്ന നാമം. വി. സഭ പ്രധാനമായി പരിശുദ്ധ പിതാവിന്‍റെ ദുഖ്റോനോ കൊണ്ടാടുന്നത് ജൂലൈ 3, ഡിസംബർ 18, ഡിസംബർ 21 എന്നി തീയതികളിലായിട്ടാണ്. എന്നാൽ മലങ്കരക്കു ദിവ്യപ്രഭ പകർന്നു തന്ന ഈ വിശുദ്ധനെ എത്രമാത്രം ഓർത്താലും അത് അധികമാവില്ല. ചരിത്രം പരിശോധിച്ചാൽ സഹശിഷ്യന്മാരെക്കാൾ ഏറ്റവും കൂടുതൽ യാത്രകൾ നടത്തി ക്രൈസ്തവ സഭക്കുവേണ്ടി കഷ്ടം സഹിച്ച ഒരു പിതാവാണ് മോർ തോമാശ്ലീഹാ.

ഒരു തച്ചുശാസ്ത്ര വിദഗ്ധനായി ഭാരതത്തിലേക്ക് വരികയും ഗോണ്ടഫോറസ് എന്ന രാജാവിൽ നിന്ന് ഒരു കൊട്ടാരം പണിയാൻ പണം  സ്വീകരിക്കുകയും ചെയ്തു എന്ന ഒരു ഐതിഹ്യം മലങ്കരയിൽ പ്രചാരത്തിലുണ്ട്. താൻ നൽകിയ പണം മുഴുവൻ ശ്ലീഹാ സാധുകൾക്ക് നൽകിയതിൽ കോപിഷ്ഠനായ രാജാവ്‌ അദ്ദേഹത്തെ വധിക്കാൻ തുനിഞ്ഞപ്പോൾ പരലോകം പൂകിയിരുന്ന രാജാവിന്‍റെ സഹോദരൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ശ്ലീഹാ സ്വർഗത്തിൽ രാജാവിന്‌ വേണ്ടി കൊട്ടാരം പണിഞ്ഞത് കാണിച്ചു കൊടുത്തു എന്നും രാജാവ് മാനസാന്തരപ്പെട്ട് ശ്ലീഹായിൽ നിന്നും സ്നാനമേറ്റു എന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും, ലോകമൊക്കെയും പോയി എന്‍റെ സാക്ഷികൾ ആകുവിൻ എന്ന ഗുരുവിന്‍റെ വാക്ക് ശിരസാ വഹിച്ചു മലങ്കരയിലേക്ക് ദിവ്യദൂതുമായി ദൈവനിയോഗ പ്രകാരം എ.ഡി 52-ൽ കടന്നുവന്ന പിതാവാണ് മോർ തോമാശ്ലീഹാ എന്നത് ഭാരതത്തിലെ ഓരോ ക്രൈസ്തവനും വിശ്വസിക്കുന്നു.

യേശുവിന്‍റെ ശിഷ്യന്മാരിൽ ഏറ്റവും കൂടുതൽ ആത്മാർഥതയും, ധൈര്യവും, വ്യക്തിത്വവുമുള്ള പിതാവായിരുന്നു വി. ശ്ലീഹാ എന്ന് തിരുവചനം സാക്ഷിക്കുന്നു (വി. യോഹന്നാൻ 11. 16). തന്‍റെ പ്രിയപ്പെട്ടവനായ ലാസറിനെ കാണുവാൻ പോകുന്നതിൽ നിന്ന്  യഹൂദപ്രമാണിമാരെ പേടിച്ചു യേശുവിനെ സഹശിഷ്യന്മാർ വിലക്കുമ്പോൾ “അവനോടു കൂടെ മരിക്കേണ്ടതിനു നമുക്കും പോകാം” എന്ന് പറഞ്ഞു അവരെ ധൈര്യപെടുത്തുന്ന ദിദിമോസ് എന്ന തോമസിനെ തിരുവചനം നമുക്ക് കാണിച്ചു തരുന്നു . വിപതിധൈര്യത്തോട്‌ കൂടെ ഗുരുവിനോപ്പം നിന്ന് തന്‍റെ കടമ നിറവേറ്റിയ വിശുദ്ധൻ, സ്വജീവൻ കൊടുത്തും കർത്തവ്യനിരതനായ ശിഷ്യൻ ഇതായിരുന്നു കർത്താവിന്‍റെ പരസ്യശുശ്രൂഷാസമയത്ത് മറ്റു ശിഷ്യന്മാരിൽ നിന്ന് വി. തോമാശ്ലീഹായെ വ്യത്യസ്തനാക്കിയത്.

ആദ്യ മൂന്നു സുവിശേഷങ്ങളിലും നാമമാത്രമായ പരാമർശമേ വി. തോമാശ്ലീഹായെപ്പറ്റി ഉള്ളൂ എങ്കിൽ വി. യോഹന്നാൻ അദ്ദേഹത്തിന് അർഹമായ പരിഗണന നല്കുന്നു. സ്ഥാനമാനങ്ങളും പേരും ആഗ്രഹിച്ചു മാത്രം മനുഷ്യൻ പ്രവര്ത്തിക്കുന്ന ഈ കാലത്ത് വി. പിതാവിന്‍റെ ജീവിതം വളരെ പ്രസക്തമാണ്. യേശുവിന്‍റെ സംഭവബഹുലമായ ജീവിതയാത്രയിൽ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടാണ് വി. പിതാവ് ഗുരുവിനെ പിന്തുടരുന്നത്. വി. യോഹന്നാന്‍റെ സുവിശേഷത്തിൽ മൂന്ന് പ്രാവശ്യം അത് നമുക്ക് കാണുവാൻ സാധിക്കുന്നു. യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ ഉദ്ദേശ്യം ലോകത്തിനു മുന്നിൽ വിളിച്ചുപറയുന്നതിന് കാരണക്കാരൻ ആയതു വി.തോമാശ്ലീഹയാണ് (വി. യോഹന്നാൻ 14:6).

വീണ്ടും വി. യോഹന്നാൻ 20:28 ൽ ” എന്‍റെ കർത്താവും, എന്‍റെ ദൈവവുമായുള്ളോവേ” എന്ന് ഗുരുവിന്‍റെ പാദത്തിൽ വീണു സ്വയം സമർപ്പിക്കുന്ന ഒരു ശിഷ്യനായി  മോർ തോമാശ്ലീഹായെ കാണാം. മലങ്കരസുറിയാനി സഭയുടെ മുദ്രയും, ഭാരതസഭയുടെ ഉരകല്ലുമായി ഈ വിശ്വാസ പ്രഖ്യാപനത്തെ മലങ്കര മക്കൾ കാണുന്നു. ഉയർത്തെഴുന്നെൽപ്പിന് ശേഷം ആദ്യമായി യേശുമശിഹാ  മർക്കോസിന്‍റെ മാളികയിൽ അപ്പോസ്തോലന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് അവിടെ ഇല്ലായിരുന്നു എന്ന് കാണുന്നു. ഇതുകൊണ്ട് ആ സമയത്ത് മറ്റു ശിഷ്യന്മാര്ക്ക് ലഭിച്ച ദൈവകൃപയും നൽവരവും അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് പഠിപ്പിക്കുന്നവർ അന്ധൻ ആനയെ കണ്ടപോലെയാണു ഈ ഭാഗം വായിച്ചിട്ടുള്ളത് എന്ന് പറയാതിരിക്കാൻ തരമില്ല . അവിടെ രണ്ടാം പ്രാവശ്യം ക്രിസ്തു വരുന്നത് തന്‍റെ പ്രിയ ശിഷ്യനെ പ്രത്യേകം കാണുവാനും അവന്‍റെ വിശ്വാസത്തെ ഉറപ്പിക്കാനുമാണ്. കൂടാതെ വി. തോമാ ശ്ലീഹയെ “അവിശ്വാസിയായ തോമാ” എന്ന് പാഷാണ്ഢർ  പറഞ്ഞു പഠിപ്പിക്കുന്നു . സഹശിഷ്യന്മാർ കണ്ട ക്രിസ്തുവിനെപ്പറ്റി അല്ല വി. തോമാ ശ്ലീഹാ ലോകത്തോട്‌ പ്രസംഗിക്കാൻ ആഗ്രഹിച്ചത് മറിച്ചു തന്‍റെ കണ്ണുകൊണ്ട് കണ്ടു “മരണത്തെ ജയിച്ച ക്രിസ്തുവിനെ ഞാൻ കണ്ടു” എന്ന് പറയുവാനാണ് ആഗ്രഹിച്ചത്. കൂടാതെ, മരണത്തെ ജയിച്ചു വന്ന ഗുരുവിന്‍റെ വിലാപ്പുറത്തു സ്പർശിക്കുന്നതിനു ഭാഗ്യം ലഭിച്ചത് വി. തോമാ ശ്ലീഹായ്ക്ക് മാത്രമാണ് എന്നും കാണാം.

വി.തോമാശ്ലീഹായ്ക്ക് പട്ടമില്ല എന്ന ഒരു യുക്തിക്ക് നിരക്കാത്ത ഒരു ഇണ്ടാസ് 1970-ൽ അന്ത്യോക്യയുടെ യാക്കൂബ്  തൃതീയൻ പാത്രിയർക്കീസ് ബാവാ മലങ്കരയിലേക്കു അയച്ചത് ഇവിടെ സ്മരണീയമാണ്. അദ്ദേഹത്തിന്‍റെ മുൻഗാമികൾ “മലങ്കരയിലെ മോർ തോമാ ശ്ലീഹയുടെ ഇടവകയിലെ” എന്ന തലവാചകത്തിൽ അയച്ച കല്പനകളെ ബോധപൂർവ്വം വിസ്മരിച്ചു. പരി. ഔഗേൻ ബാവയുടെ ധീരമായ നേതൃത്വത്തിൽ മലങ്കര മക്കൾ ഒന്നാകെ ആ വിവരക്കേടിനു മറുപിടി കൊടുത്തു. ഇതൊന്നും ആ പിതാവിന്‍റെ നാമത്തിനോ, വിശുദ്ധിക്കോ ഒരു കുറവും വരുത്തിയില്ല. തന്നെയുമല്ല, പരി. ഔഗേൻ ബാവയുടെ പിൻഗാമിയും, മലങ്കരയുടെ ഉരുക്കുമനുഷ്യനും , ഭാഗ്യ സ്മരണാർഹനുമായ പ.ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ പ്രഥമൻ ബാവ തിരുമേനി തന്‍റെ പേരിനൊപ്പം താൻ ആരുടെ സിംഹാസനത്തിലാണോ അരൂഢനായിരിക്കുന്നത് ആ മാർ തോമായുടെ നാമവും തന്‍റെ പേരിനൊപ്പം ചേര്ക്കണം എന്ന് മലങ്കരയുടെ പരി.സുന്നഹദോസിനോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കപ്പെടുകയും നാളിതുവരെ തുടർന്ന് വരികയും ചെയ്യുന്നു. കൂടാതെ മാർത്തോമായുടെ പേര് എല്ലാ വി.കുർബാനകളിലും ഓർക്കുന്നതിനും കുക്കിലിയോനിൽ വി.പിതാവിന്‍റെ നാമം പ്രത്യേകം ചൊല്ലുന്നതിനും കല്പന മലങ്കരയിലെ എല്ലാ പള്ളികൾക്കും അയക്കുകയും ചെയ്തു.

വള്ളത്തോളിന്‍റെ കവിതയ്ക്ക് ഒരു പാഠഭേദം വരുത്തിയാൽ ഇങ്ങനെ പാടാം:
“മാർത്തോമായെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
മലങ്കരയെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ”

ആ വികാരമാണ് മാർത്തോമ്മാ നസ്രാണി തലമുറകൾ പകർന്നു നല്കുന്ന പരിപാവനമായ വിശ്വാസം. ആ വി. പിതാവിന്‍റെ പ്രാര്ത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

കടപ്പാട് :– എബി മാത്യു, കൊഴുവല്ലൂർ

Shares