10 മത് സ്മൃതി കലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാർത്ഥം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003 മുതല്‍ നടത്തിവരുന്ന “സ്മ്യതി” യുടെ 10-മത് കലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തൃശൂർ  ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത തിരുമനസ്‌ കൊണ്ട് മേളയ്ക്ക് തിരി തെളിച്ചു. തദവസരത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, റവ. ഫാദര്‍ സാജന്‍ പോള്‍, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ സന്നിഹിതരായിരുന്നു.
 ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളെയും പങ്കെടുപ്പിച്ച്കൊണ്ട് 2018 ഏപ്രില്‍ 2 മുതല്‍ മെയ് 4 വരെയുള്ള തീയതികളില്‍ അതിവിപുലമായിട്ടാണ്‌ ഈ മേള നടത്തുന്നത്. പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായപരിധി അനുസരിച്ച് ഗബ്രിയേൽ, മിഖായേൽ, റഗുവേൽ, റാഫേൽ, ഉറിയേൽ എന്നീ 5 ഗ്രൂപ്പുകളായി തരം തിരിച്ചാണ്  മത്സരങ്ങള്‍ നടത്തുന്നത്. കലാമേളയില്‍ ഓരോ ഗ്രൂപ്പിനും പതിനൊന്നോളം മത്സരഇനങ്ങൾ പള്ളിയിൽ വച്ചും, കായികമേളയില്‍ ഓരോ ഗ്രൂപ്പിനും പതിമൂന്നോളം മത്സരങ്ങള്‍ മെയ് 1ന്‌ സിഞ്ചിലുള്ള അല്‍ അഹലി ക്ലബില്‍ വച്ചും നടത്തുന്നതായിരിക്കും.
 മെയ് 4ന്‌ നടക്കുന്ന സമാപന സമ്മേളനത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് എത്തുന്ന വിജയികള്‍ക്ക് ഉള്ള സമ്മാനവും, ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന  വ്യക്തിക്ക്  കായിക/കലാ പ്രതിഭ, കായിക/കലാ തിലക പട്ടം എന്നിവ നൽകുന്നതായിരിക്കും. സമാപന ദിവസം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും എന്നും സ്മ്യതി യുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായും പ്രസ്ഥാനം  ലെ. വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍, ട്രഷറാര്‍ ജേക്കബ് ജോൺ സ്മ്യതി ജനറല്‍ കണ്‍വീനര്‍ ബോണി മുളപ്പാംപള്ളില്‍ പബ്ലിസിറ്റി കൺവീനർ ലിജോ തുരുത്തേൽ എന്നിവര്‍ അറിയിച്ചു.
 ചിത്രം അടിക്കുറിപ്പ്: ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന സ്മ്യതി കലാ കായിക മേളയുടെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, റവ. ഫാദര്‍ സാജന്‍ പോള്‍, കത്തീഡ്രലിന്റെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികള്‍ സമീപം.
Shares
error: Thank you for visiting : www.ovsonline.in