പിറവം പള്ളിക്കേസ്‌: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പുതിയ ഹർജി ഫയൽ ചെയ്യാൻ തീരുമാനം

കൊച്ചി: പിറവം സെന്റ്‌ മേരീസ്‌ പള്ളിയിൽ ആരാധന നടത്താൻ പൊലീസ്‌ സംരക്ഷണം വേണമെന്ന ഓർത്തഡോക്‌സ്‌ സഭയുടെ ഹർജി പിൻവലിക്കുന്നുണ്ടോയെന്ന്‌ ഹൈക്കോടതി. കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപോലീത്ത വികാരിമാരെ നിയമിച്ച്‌ പുറപ്പെടുവിച്ച കൽപ്പനകൾ ഉൾപ്പെടെയുള്ള രേഖകൾ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടയിൽ ഓർത്തഡോക്‌സ്‌ സഭ ഹാജരാക്കിയതിനെ തുടർന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ ഹർജി പിൻവലിച്ച്‌ പുതിയ ഹർജി ഫയൽ ചെയ്യുന്നതാണ്‌ ഉചിതമെന്ന്‌ വ്യക്തമാക്കിയത്‌. ഇക്കാര്യം ഇന്ന് (വ്യാഴാഴ്‌ച) രാവിലെ കോടതിയെ അറിയിക്കണം എന്ന് കോടതി പറഞ്ഞിരുന്നു. അതെ തുടർന്ന് സാങ്കേതിക കാരണങ്ങൾ പരിഹരിച്ചുകൊണ്ടു ഇന്ന് തന്നെ  പുതിയ ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചു. കട്ടച്ചിറ, വരിക്കോലി പള്ളികളുടെ വാദം ഇന്ന് ഹൈ കോടതിയിൽ തുടരും.

1934-ലെ സഭാ ഭരണഘടന അനുസരിച്ചു മാത്രമേ പള്ളിയുടെ ഭരണം നടക്കുകയുള്ളു എന്ന് കോടതി പറഞ്ഞപ്പോൾ 1934-ലെ സഭാ ഭരണഘടന തങ്കൾ  അംഗീകരിച്ചതാണെന്നു  യാക്കോബായപക്ഷം ചൊവ്വാഴ്‌ച കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് ചില സാങ്കേതിക പ്രശ്നങ്ങൾ കോടതി ചൂണ്ടിക്കാട്ടിയത്. ബന്ധപ്പെട്ട രേഖകൾ വാദത്തിനിടയിൽ ഓർത്തഡോക്‌സ്‌ സഭ ഹാജരാക്കിയെങ്കിലും അത് സ്വീകരിക്കാൻ കോടതി തയ്യാറായില്ല. രേഖകൾ സ്വീകരിക്കുന്നില്ലെങ്കിൽ അവ തള്ളിക്കളയുകയാണ്‌ വേണ്ടതെന്ന്‌ ഓർത്തഡോക്‌സ്‌ സഭയുടെ വക്കീൽ ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കേസ്‌ പിൻവലിച്ച്‌ പുതിയ ഹർജി ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന‌് വ്യക്തമാക്കണമെന്ന്‌ കോടതി ആവശ്യപ്പെടുകയായിരുന്നു, അതേ തുടർന്നാണ് പുതിയ ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചത്.

പിറവം, കട്ടച്ചിറ, വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളികളിൽ ആരാധന നടത്താൻ പൊലീസ്‌ സംരക്ഷണം വേണമെന്നാണ്‌ ഹർജികളിലെ ആവശ്യം. 1934ലെ ഭരണഘടനപ്രകാരം ഭരിക്കേണ്ടവയാണ്‌ പള്ളികളെന്നും സമാന്തരഭരണം അനുവദിക്കാനാകില്ലെന്നും കോലഞ്ചേരി പള്ളിക്കേസിൽ സുപ്രീംകോടതി വിധി പ്രസ്‌താവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹർജികൾ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in