പൗലോസ് മാർ സേവേറിയോസ് – ദാർശനികനായിരുന്ന കർമ്മയോഗി

1910 ൽ ചെറായി മുളയിരിക്കൽ കുടുംബത്തിൽ ജനിച്ചു, 16-ആം വയസ്സിൽ ശെമ്മാശൻ. പിന്നീട് ആലുവയിലെ വലിയ തിരുമേനിയുടെ പ്രിയശിഷ്യനായി വൈദീകപഠനം, ആരാധനസൗന്ദര്യം കൊണ്ടും സുറിയാനി വ്യുല്പത്തികൊണ്ടും ശ്രെദ്ധേയനായി, 23-ആം വയസ്സിൽ റമ്പാൻസ്ഥാനതേക്ക് ഉയർത്തപ്പെട്ടു. 29-ആം വയസ്സിൽ കൊരട്ടിക്ക് അടുത്ത് മാമ്പ്രയിൽ സീനായ് ആശ്രമവും പള്ളിയും സ്ഥാപിച്ചു. 36-ആം വയസ്സിൽ 1946-ഇൽ അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവയിൽ നിന്നും കൊച്ചിഭദ്രാസനാധിപനായി മെത്രാപ്പോലീത്താ സ്ഥാനാഭിഷിക്തനായി.

1876 ലെ മുളന്തുരുത്തി സുന്നഹദോസിനു ശേഷം നടന്ന ഭദ്രാസന വിഭജനത്തിൽ തീരുമാനിക്കപ്പെട്ടിരുന്നെങ്കിലും, 60 വർഷത്തോളം പ്രത്യേക മെത്രാപോലിത്ത ഇല്ലാതിരുന്ന, അവിഭക്ത കൊച്ചി ഭദ്രാസനത്തിനു ഊടും പാവും നെയ്തത് സേവേറിയോസ് തിരുമേനി ആയിരുന്നു. 1950-ൽ കൊരട്ടി സീയോൻ സെമിനാരി സ്ഥാപിച്ചു. ഇന്നത്തെ തൃശൂർ, കുന്നംകുളം, മലബാർ, ബത്തേരി ഭദ്രാസനങ്ങളുടെ മാതാവായ അവിഭക്ത കൊച്ചി ഭദ്രാസനത്തിൽ നാൽപ്പതിൽ പരം പള്ളികളും കോൺവെന്റുകളും പള്ളിക്കൂടങ്ങളും 16 വർഷങ്ങൾക്കുള്ളിൽ സ്ഥാപിച്ചു. തികഞ്ഞ പ്രകൃതിസ്നേഹിയായിരുന്ന തിരുമേനി മലബാറിലെ പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് എഴുതിയ പഠനത്തിന് 1958ലെ ഐക്യകേരള സർക്കാർ, കോഴിക്കോട് കളക്ടർ മുഖേന പുരസ്‌കാരം നൽകുകഉണ്ടായി. മഹാത്മാ ഗാന്ധിയെയും ശ്രീനാരായണഗുരുവിനെയും പോലുള്ള മഹത് വ്യക്തിതങ്ങളെ ചെന്ന് കാണുകയും അവരെപോലുള്ള പ്രമുഖരുടെ സൗഹൃദം വിലപ്പെട്ടതായി കാത്തുസൂക്ഷിക്കുകയും അത് സഭക്ക് ഗുണകരമാക്കുകയും ചെയ്ത ഉത്തമഭരണാധികാരി ആയിരുന്നു തിരുമേനി.

1958ലെ സഭാസമാധാനം ഏറെ സന്തോഷത്തോടെ സ്വീകരിച്ചു എന്ന് മാത്രമല്ല സമാധാനപാലനത്തിനു വേണ്ടി അചഞ്ചലനായി നിലകൊള്ളുകയും ചെയ്തു. പാറ പോലെ സ്ഥിരതനായ സേവേറിയോസ് എന്നാണ് ഗീവര്ഗീസ് ദ്വിതീയൻ ബാവ സേവേറിയോസ് തിരുമേനിയെ ഇക്കാര്യത്തിൽ വിശേഷിപ്പിച്ചത്. 1962 മാർച്ച്‌ മാസം 17 ന് കുന്നംകുളം ആർത്താറ്റ്‌ പുത്തെൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന സ്ലീബാ മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാളിന് കാർമ്മികനായി പോയ സേവേറിയോസ് തിരുമേനി, അവിടെ വച്ച് ആകസ്മികമായി കാലംചെയ്‌യുക ആയിരുന്നു. അന്നത്തെ ചില പ്രാദേശികവാദങ്ങൾമൂലം ആ കർമയോഗിയുടെ ഭൗതീകശരീരം അവിടെതന്നെ കബർഅടക്കുകയാണ് ഉണ്ടായത്. നിലപാടുകളിൽ സ്ഥിരതനായ,സമാധാനപാലകനായിരുന്നപൗലോസ് മാർ സേവേറിയോസ് തിരുമേനിയുടെ ഇഹലോകവാസം കേവലം 52 വർഷങ്ങളിൽ ചുരുക്കപെട്ടില്ലായിരുന്നുവെങ്കിൽ 1970 കളിൽ ഈ സഭയിൽ ഒരു പിളർപ്പ് ഉണ്ടാക്കാൻ ആർക്കും കഴിയില്ലായിരുന്നു.

ഇന്ന് 16-03-19ശനിയാഴ്ച തിരുമേനിയുടെ മാതൃദേവാലയമായ ചെറായി പള്ളിയിൽ ഓർമ്മപെരുനാൾ ആചരിച്ചു. കൂടാതെ കൊരട്ടി മാമ്പ്ര ദേശത്തുനിന്നുള്ളവർ തീർഥാടകരായി കുന്നംകുളം കബറിങ്കൽ എത്തിച്ചേർന്ന് പ്രാർത്ഥനകൾ നടത്തി. നാളെ 17 ഞായറാഴ്ച കൊരട്ടി സീയോൻ സെമിനാരിയിൽ ഓർമ്മപെരുന്നാൾ ആചരിക്കുന്നു, കുന്നംകുളം ദേശത്തെ പള്ളികളുടെ കൂട്ടായ്മയിൽ അടുത്ത ഞായറാഴ്ച 24/03/19 ന് കുന്നംകുളം ആർത്താറ്റ്‌ പുത്തെൻപള്ളിയിലേക്ക് കാൽനട തീർഥയാത്രയും അനുസ്മരണ സമ്മേളവും നടത്തുന്നു.

error: Thank you for visiting : www.ovsonline.in