എം.ജി.ഓ.സി.എസ്.എം രാജ്യാന്തര സമ്മേളനം 26 മുതല്‍ കോട്ടയത്ത്

എം.ജി.ഓ.സി.എസ്.എം പുരസ്കാരം ഇ.ശ്രീധരന്

കോട്ടയം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം (എം.ജി.ഓ.സി .എസ്.എം) 108 – മത് രാജ്യാന്തര വാര്‍ഷിക ത്രിദിന സമ്മേളനം ഡിസംബര്‍  26 മുതൽ 29 വരെ കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. ‘ എന്റെ ദൈവത്താൽ എനിക്ക് സകലവും അഭിമുഖീകരിക്കാം ‘ എന്നതാണ് ചിന്താവിഷയം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

26 ന് വൈകിട്ട് 5 ന് പ്രസ്ഥാനം പ്രസിഡന്‍റ് ഗീവർഗീസ് മാർ കൂറിലോസ് പതാക ഉയർത്തും. ഓർത്തഡോക്‌സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ. ഡോ ജേക്കബ് കുര്യൻ വിഷയം അവതരിപ്പിക്കും. 27 ന് രാവിലെ 7.30 ന് സോപാന അക്കാഡമി ഡയറക്‌ടർ ഫാ.ഡോ.കെ.എം. ജോർജിന്റെ നേതൃത്വത്തിൽ വേദശാസ്‌ത്രപരിശീലനം.1.45 ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനം ബസേലിയോസ് പൗലൂസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.

28 ന് രാവിലെ 10 ന് ഗാനപരിശീലനം. തുടർന്ന് ഓർത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫ. ഫാ.എബ്രഹാം തോമസിന്റെ വേദശാസ്‌ത്ര ക്ലാസ്. ഉച്ചകഴിഞ്ഞ് വിവിധ വിഷയങ്ങളിൽ ശില്‌പശാല നടത്തും.ചലച്ചിത്ര സംവിധായകൻ ഡോ .മധു ഇറവങ്കര, അഡ്വ.ടി.കെ. തങ്കച്ചൻ, ഡോ.സിബി തരകൻ, വർഗീസ് തുടങ്ങിയവർ വിഷയം അവതരിപ്പിക്കും. ഫാ.ടി.ജെ. ജോഷ്വാ മുഖ്യാതിഥിയാകും. വൈകിട്ട് കലാസന്ധ്യ.

29 ന് രാവിലെ 7.30 ന് ഫാ.ഡോ.ജേക്കബ് മാത്യുവിന്റെ ബൈബിൾ പഠനക്ലാസ്.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗീവ‌ർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എം.ജി.ഓ.സി.എസ്.എം പുരസ്കാരം ഇ.ശ്രീധരന് സമ്മാനിക്കും.യുഹാനോൻ മാർ ദീയസ്കോറസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്,ഫാ.ഫിലന്‍ മാത്യു,ഫാ.മോഹന്‍ ജോസഫ്‌,പ്രൊഫ. അലക്‌സാണ്ടർ വി.ജോർജ്, നിമേഷ് തോമസ് കോവിലകം തുടങ്ങിയവർ പങ്കെടുത്തു.

 

error: Thank you for visiting : www.ovsonline.in