ശ്രീ. ജിജി തോംസണ്‍ മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്തിട്ടില്ല : ഫാ. ഡോ. ഒ. തോമസ്

പഴയസെമിനാരിയുടെ 200-ാം വാര്‍ഷികം പ്രമാണിച്ച് കൂടിയ വിശ്വാസികളുടെ സംഗമത്തില്‍ ജിജി തോംസണ്‍ നടത്തിയ പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായനിലയില്‍ വ്യാഖ്യാനിച്ചത് അത്യധികം ഖേദകരമായി. പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം യൂടൂബില്‍ ലഭ്യമാണ്. സെമിനാരിയുടെ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ഏകദേശം 2000 പേര്‍ പങ്കെടുക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരും, ഏതാനും ചില സുഹൃത്തുക്കളുമൊഴിച്ചാല്‍, അത് തികച്ചും മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെയും, വിശ്വാസികളുടെയും സംഗമമായിരുന്നു. ചീഫ് സെക്രട്ടറി എന്നനിലയിലല്ല, സഭാംഗം എന്നനിലയിലാണ് സംസാരിക്കുന്നത് എന്ന് ആമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീനാരായണ ഭക്തരുടെ ഒരുമീറ്റിംഗില്‍ ഗുരുസന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്നു പറഞ്ഞാല്‍ അത് വര്‍ഗ്ഗീയതയാണോ? ശ്രീരാമ, ശ്രീകൃഷ്ണ ഭക്തരുടെ യോഗത്തില്‍ രാമായണ, ഭാഗവത സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്നുപറഞ്ഞാല്‍ അത് മതപരിവര്‍ത്തനത്തിനുള്ള ആഹ്വാനമാണോ? മതപരിവര്‍ത്തനം എന്നുവേണ്ടാ മതപ്രചരണമെന്നുള്ള ഒരുവാക്കുപോലും അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഉണ്ടായില്ല എന്നത് സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയും. വാസ്തവം ഇതായിരിക്കെ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ അജണ്ടായില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങളെല്ലാം വീണുപോയി എന്നത് മാധ്യമ രംഗത്തെ അപചയത്തിന്‍റെ മറ്റൊരു ഉദാഹരണമായി. ആരെയും മതം മാറ്റാത്ത പുരാതന സഭയുടെ ഒരു വേദികൂടിയായിരുന്നു എന്നതും മാധ്യമങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു – പഴയ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ:ഒ.തോമസ്‌ പത്രക്കുറിപ്പിലൂടെ അറിയിച്ചു

 

കേരള ചീഫ്‌ സെക്രട്ടറി ശ്രീ . ജിജി തോംസണ്‍  ഐ.എ.എസ് നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം  കാണാം  :- https://www.youtube.com/watch?v=8EyuBviHX4A

 

error: Thank you for visiting : www.ovsonline.in