അകാലത്തില്‍ പൊലിഞ്ഞ സിനി ചാക്കോയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോര്‍ക്കിലെ മലയാളി സമൂഹം

കോര്‍ക്ക്, അയര്‍ലണ്ട് : അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളി നഴ്‌സ് സിനി ചാക്കോയുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലിയര്‍പ്പിച്ച് കോര്‍ക്കിലെ മലയാളി സമൂഹം. ഇന്നലെ വൈകിട്ട് വില്‍ട്ടന്‍ ചര്‍ച്ചില്‍ നടത്തപ്പെട്ട അനുസ്മരണ ബലിയില്‍ പങ്കെടുക്കാന്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സിനിയുടെ സഹപ്രവര്‍ത്തകരും, നാനാ ജാതി മതസ്ഥരായ നിരവധി മലയാളികളും പങ്കെടുക്കാനെത്തി.

കോര്‍ക്കിലെ യുണിവേസ്സിറ്റി ആശുപത്രിയില്‍ നേഴ്സ് ആയിരുന്നു സിനി. മാര്‍ച്ച്‌ 14 രാത്രി ജോലി കഴിഞ്ഞു സമീപത്തെ താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടയില്‍ ആണ് അപകടം. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ആയിരുന്ന സിനി കഴിഞ്ഞ വ്യാഴായ്ച്ചയാണ് മരിച്ചത്.

അകാലത്തില്‍ പൊലിഞ്ഞ  സിനി ചാക്കോയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോര്‍ക്കിലെ മലയാളി സമൂഹംഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പ്രകൃതമായിരുന്നു സിനിയുടേത്. പഠിച്ച സ്ഥാപനങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തോടെ തന്നെ മുന്നേറിയ സിനി ജോലി സ്ഥലത്തും ഏവര്‍ക്കും മാതൃകയായിരുന്നു. ജോലി ചെയ്ത ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏവര്‍ക്കും പ്രീയങ്കരിയായിരുന്ന സിനിയുടെ വേര്‍പ്പാട് ഇനിയും വിശ്വസിക്കാന്‍ ആയിട്ടില്ല സഹപ്രവര്‍ത്തകര്‍ക്ക്. കോര്‍ക്കില്‍ എത്തിയ ആഴ്ച മുതല്‍ തന്നെ ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സിനി ചാക്കോ. അത് കൊണ്ട് തന്നെ കോര്‍ക്കിലെ നിരവധി കുടുംബങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും സിനിയ്ക്കായിരുന്നു.

സിനിയുടെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളൂം വിശുദ്ധ കുര്‍ബാനയും ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കോര്‍ക്ക് ബ്‌ളാക്ക് റോക്ക് സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ നടന്നു. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ ക്രമ പ്രകാരമുള്ള സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടം നടത്തി. നാല് മണിയ്ക്ക് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടവും നടത്തി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിരുന്നു.

ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് നാല് മണിയ്ക്ക് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് പുറപ്പെടും. 5 മണിയ്ക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അയര്‍ലണ്ടിലെ വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള വൈദീകര്‍ പങ്കെടുക്കും. കുര്‍ബാനയ്ക്ക് ശേഷം കുക്കിലിയോന്‍ പ്രാര്‍ത്ഥിച്ചു ധൂപപ്രാര്‍ത്ഥനയോടെ സിനിയ്ക്ക് കോര്‍ക്കിലെ ജന സമൂഹം വിട നല്‍കും.

നാളെ എംബസി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വ്യാഴായ്ച്ച സിനിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാമെന്ന പ്രതീക്ഷയില്‍ ആണ് ബന്ധുക്കള്‍. സംസ്കാരം കുറിച്ചി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയില്‍ ആണ് നടക്കുക .

error: Thank you for visiting : www.ovsonline.in