റുവാനക്ക് പിന്നാലെ മനുവും വിടപറഞ്ഞു.

മെൽബൺ (ഓസ്ട്രേലിയ)∙ മലയാളി സമൂഹത്തെ മുഴുവന്‍ തീവ്ര ദുഖത്തിലഴ്ത്തിക്കൊണ്ട് മനുവും വിടപറഞ്ഞു. ശനിയാഴ്ച രാത്രി മെല്‍ബണ് സമീപം ട്രൂഗനീനയിൽ ഉണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയും മരിച്ചു. കൊല്ലം ചാത്തന്നൂര്‍ പണിക്കര്‍ വീട്ടില്‍ ജോര്‍ജ് പണിക്കരുടെ ഇളയമകന്‍ ഇമ്മാനുവേല്‍ (മനു- നാല്) ആണ് സഹോദരി റുവാനക്ക് പിന്നാലെ യാത്രയായത്. അപകടത്തില്‍ മൂത്ത മകള്‍ റുവാന (പത്തു വയസ്സ്) ശനിയാഴ്ച രാത്രി തന്നെ മരിച്ചിരുന്നു.

ജോര്‍ജും ഭാര്യ മഞ്ജുവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം സുഹൃത്തിന്‍റെ വീട്ടില്‍ ജന്മദിനാഘോഷചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. മഞ്ജുവാണ് കാര്‍ ഓടിച്ചിരുന്നത്. എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ ഇവരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോര്‍ജിനെയും മഞ്ജുവിനെയും റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റലിലും മനുവിനെ റോയല്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലും ആണു പ്രവേശിപ്പിച്ചിരുന്നത്.

അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന മനുവിനെ വെന്റിലേറ്ററില്‍ ആക്കിയിരിക്കുകയായിരുന്നു. മനുവിന് മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഉറപ്പായതിനെ തുടര്‍ന്ന് പിതാവ് ജോര്‍ജിനെ ആശുപത്രിയിലെത്തിച്ച് കുട്ടിയെ കാണിച്ച ശേഷം ആണ് വെന്റിലേറ്റര്‍ നീക്കം ചെയ്തത്. 12 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് മഞ്ജു. ജോര്‍ജുംകുടുംബവും മെൽബൺ സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ഇടവക അംഗങ്ങള്‍ ആണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഇന്നലെ കത്തീഡ്രലില്‍ നടത്തി. സംസ്കാരം പിന്നീട് 

Shares