മെൽബണിൽ മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നല്കി മലയാളി സമൂഹം; സംസ്കാരം ഞായറാഴ്ച നാട്ടിൽ

മെൽബൺ (ഓസ്ട്രേലിയ): മെൽബണിലെ ട്രഗനൈനയിൽ ജൂലൈ ഏഴിന് രാത്രിയുണ്ടായ കാറപകടത്തിലാണ് കൊല്ലം സ്വദേശിയായ ജോർജ് പണിക്കരുടെയും മഞ്ജു വര്ഗീസിന്‍റെയും കുട്ടികളായ പത്തു വയസ്സുകാരി റുവാന ജോർജും നാല് വയസ്സുകാരനായ ഇമ്മാനുവൽ ജോർജും മരണമടഞ്ഞത്. അപകടം നടന്ന് മൂന്നാഴ്‌ചക്ക് ശേഷമാണ് കുട്ടികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ഞായറാഴ്ച പൊതുദർശനത്തിന് വച്ചത്. ആദരാഞ്ജലിയർപ്പിക്കാനായി നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. മെൽബണിലെ ഗ്ലെന്റോയിലുള്ള ടോബിൻ ബ്രദേഴ്‌സ് ഫ്യൂണറൽസിൽ ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെയായിരുന്നു പൊതുദർശനം. പൊതുദർശനം നടക്കുന്നതിനൊപ്പം പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു. മൂന്ന് മണിക്ക് ശേഷം മൃതദേഹങ്ങൾ ഹോളിൽ നിന്നും കോബർഗിലുള്ള സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെയും പൊതുദർശനവും ശുശ്രൂഷകളും നടന്നു. ശുശ്രൂഷകക്ക് വികാരി ഫാ. പ്രദീപ് പൊന്നച്ചനും സഹവികാരി ഫാ. സാജു ഉണ്ണുണ്ണിയും നേതൃത്വം നൽകി. സഹോദര സഭകളിലെയും, സമീപ ഇടവകകളിലെയും വൈദികരും ശുശ്രൂഷകളിൽ സംബന്ധിച്ചു 

കുട്ടികളുടെ പിതാവ് ജോർജ് ചടങ്ങിൽ പങ്കെടുത്തപ്പോഴും അമ്മ മഞ്ജു ആശുപത്രിയിൽ ചികിത്സയിലായതിനാൽ എത്താൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയായി. സംസ്‌കാരം ഓഗസ്റ്റ് 5 ഞായറാഴ്ച കൊല്ലം വരിഞ്ഞം സെന്‍റ്  ജോർജ് ഓർത്തഡോൿസ് പള്ളിയിൽ വെച്ച് നടത്തപ്പെടും.

 

 

error: Thank you for visiting : www.ovsonline.in