യാക്കോബായ ഗ്രൂപ്പ്‌ നീക്കം തകർത്തു ; സമാധാനം പുനഃസ്ഥാപിക്കാൻ കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: 1934 ലെ സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ സുപ്രീംകോടതിയുടെ വിധിയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്ന് മലങ്കര സഭ (അസോസിയേഷന്‍) സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ . തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല. തര്‍ക്കപരിഹാരത്തിന് നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുകയാണ് ചെയ്തിട്ടുളളത്.

1958 ലും 1995 ലും കോടതി വിധികള്‍ അനുകൂലമായപ്പോഴും അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചത് ഓര്‍ത്തഡോക്‌സ് സഭയാണ്.ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളിലും സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ശ്രമങ്ങളിലും ഏകപക്ഷീയമായി നിഷേധാത്മക നിലപാട് സ്വീകരിച്ചത് യാക്കോബായ വിഭാഗമാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം ഇരു വിഭാഗംവും സമ്മതിച്ചപ്രകാരം സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മളീമഠിന്റെ സാന്നിദ്ധ്യത്തില്‍ 2002 ല്‍ പരുമലയില്‍ സഭാ ഭരണം നിശ്ചയിക്കാനായി പള്ളി പ്രതിനിധികൾ ചേർന്ന് വിളിച്ചു കൂട്ടിയ മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായി ബഹിഷ്‌ക്കരിച്ച് പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന് സൊസൈറ്റി രൂപീകരിച്ച യാക്കോബായ വിഭാഗമാണ് സമാധാന നീക്കങ്ങള്‍ തകര്‍ത്തത്.

വിശദമായ വാദത്തിനുശേഷം സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുളള വിധി നടപ്പാക്കുന്നതിലൂടെ ശാശ്വത സമാധാനം സഭയില്‍ സ്ഥാപിതമാവുകയുളളൂ.സുപ്രീം കോടതിയുടെ സുവ്യക്തമായ വിധിയും വിധി നടത്തിപ്പ് സംബന്ധിച്ചുളള ശക്തമായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് ആവശ്യമായ സമയബന്ധിതനീക്കങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ബിജൂ ഉമ്മന്‍ പ്രസ്താവനയില്‍ അറിയിച്ചു

Shares
error: Thank you for visiting : www.ovsonline.in