അത് വ്യാജ വാർത്ത ; സമാധാന ശ്രമങ്ങളോട് ഓർത്തഡോക്സ് സഭ നിസഹകരിച്ചിട്ടില്ല

മലങ്കര സഭയിൽ ശാശ്വത സമാധാനം ഉണ്ടാക്കുവാനുള്ള പരിശ്രമങ്ങളിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് വ്യക്തമാക്കി. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തിൽ ശാശ്വത സമാധാനത്തിനുള്ള ക്രിയാത്മകമായ തുടർ നടപടികളാണ് ആവശ്യമായിരിക്കുന്നത്. ഇന്ത്യയിലെ അധികാരമുള്ള ഉന്നതമദ്ധ്യസ്ഥനായ സുപ്രീംകോടതിയാണ് സഭാ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന വ്യക്തമായ നിർദ്ദേശം നൽകിയിരിക്കുന്നത്. അത് നടപ്പാക്കുക എന്നത് മാത്രമാണ് അവശേഷിക്കുന്നത്. ഇനിയെങ്കിലും അക്രമം വെടിഞ്ഞ് സമാധാനപാത സ്വീകരിക്കുന്നതാണ് അഭികാമ്യം എന്ന് പാത്രിയർക്കീസ് വിഭാഗം മനസ്സിലാക്കണം. ശാശ്വതമായ സമാധാനം മലങ്കരസഭയിൽ ഉണ്ടാകുന്നതിനുള്ള നിർദ്ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള അന്തിമവിധി 2017 ജൂലൈ 3-ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കെ, അതിന് വിരുദ്ധമായി മറ്റ് അന്താരാഷ്ട്ര സഭാ വേദികളിൽ സമാധാനത്തിനെന്ന വ്യാജേന ചർച്ചകൾക്കായി ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം വ്യക്തമായ വിധി പ്രസ്താവിച്ചിരിക്കെ ചർച്ചകൾ എത്രമാത്രം പ്രസക്തമാണ് എന്ന് സന്ദേഹിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. ഭാരതത്തിന്റെ ദേശീയതയ്ക്ക് ഊന്നൽ നൽകുന്നതും ജനാധിപത്യ തത്വങ്ങളും സഭയുടെ സ്വതന്ത്ര വ്യക്തിത്വം ഉറപ്പിക്കുന്നതുമായ സുപ്രീംകോടതിവിധിയുടെ അന്തസത്ത കാത്തുസൂക്ഷിക്കുവാനും പരിപൂർണ്ണ സമാധാനത്തിനുവേണ്ടിയുള്ള തുടർ നടപടികൾ കൈക്കൊള്ളുവാനുമുള്ള സമയമാണിത്. ഓറിയന്റൽ ഓരത്തഡോക്സ് സഭകളുടെ ഏതെങ്കിലും ഒരു പൊതുവേദിയിൽ അതിൽ അംഗത്വമുള്ള സഭകളുടെ ആഭ്യന്തര പ്രശ്നങ്ങള് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുക എന്ന ഒരു നടപടിക്രമം നിലവിലില്ലാത്തതിനാൽ ഓർത്തഡോക്സ് സഭ സമാധാന ചർച്ചകളോട് നിസഹകരിച്ചു എന്ന വാർത്ത പൊള്ളയാണെന്ന് മാർ ദീയസ്കോറോസ് വ്യക്തമാക്കി. മലങ്കര സഭയുടെ സ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടുളള ശാശ്വത സമാധാനമാണ് മലങ്കര സഭ ലക്ഷ്യം വെയ്ക്കുന്നത്. മലങ്കരയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പൂർണ്ണമായ ചിത്രം ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരെ നേരത്തെ തന്നെ രേഖാമൂലം അറിയിച്ചിരുന്നു.

കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി, വെട്ടിത്തറ മാർ മിഖായേൽ എന്നീ പള്ളികൾകൂടി ഓർത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടത് എന്ന് പെരുമ്പാവൂർ കോടതി വിധിച്ചിരിക്കുന്നു.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in