പരുമല കാൻസർ സെന്റർ വാർഡിന് ചിത്രയുടെ മകളുടെ പേര്

ചെന്നൈ∙ മകൾ നന്ദന ഇനി ഗായിക കെ.എസ്.ചിത്രയുടെ നോവുന്ന ഓർമ മാത്രമല്ല, അർബുദത്തിനെതിരെ പൊരുതാൻ പാവപ്പെട്ടവർക്കു കൈത്താങ്ങു നൽകുന്ന സ്നേഹ സ്പർശത്തിന്റെ പ്രതീകം കൂടിയാണ്.

പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ സെന്റർ പുതിയ വാർഡുകളിലൊന്നിനു നന്ദനയുടെ പേരിടുമെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. സ്നേഹസ്പർശത്തിനു നൽകിയ പിന്തുണയ്ക്കു നന്ദി അറിയിക്കാൻ ചിത്രയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. 

ചിത്രയുടെ ഏകമകൾ നന്ദന എട്ടാം വയസ്സിൽ അപകടത്തിലാണ് ഈ ലോകത്തോടു വിട പറഞ്ഞത്. ആശുപത്രിയെക്കുറിച്ചു ചിത്ര ഫെയ്സ്ബുക്കിൽ കുറിച്ചതു ശ്രദ്ധയിൽപ്പെട്ട ബെംഗളൂരുവിലെ ആരാധകരും ആവഡി സ്വദേശി ഗണേഷ് ബാബുവും സമാഹരിച്ച തുക കാതോലിക്കാ ബാവായ്ക്കു ചിത്ര കൈമാറി. 

 ഇന്റർനാഷനൽ കാൻസർ സെന്റർ 2016ൽ ആണ് ആരംഭിച്ചത്. പദ്ധതിയെക്കുറിച്ചറിഞ്ഞപ്പോൾ ചിത്ര കയ്യിലെ സ്വർണമോതിരം ഊരി നൽകുകയായിരുന്നു. ധനസമാഹരണത്തിനായി ഗാനമേളയും നടത്തി. പരിശുദ്ധ ബാവായ്ക്കൊപ്പം ഓർത്തഡോക്സ് സഭാ മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ.ജിജി മാത്യു വാകത്താനം, ചെറിയാൻ തോമസ് എന്നിവരും ചിത്രയുടെ വീട്ടിലെത്തി.

error: Thank you for visiting : www.ovsonline.in