മൈലാപ്പൂരില്‍ മാർത്തോമാ ശ്ലീഹായുടെ സ്‌മൃതി മണ്ഡപം ഉയരുന്നു

ഭാരത സഭയ്‌ക്ക്‌ വിത്തും വെള്ളവും വെളിച്ചവുമായി തീർന്ന പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നിണം ചിതറിയ മദ്രാസിന്‍റെ മണ്ണിൽ മൈലാപ്പൂർ കബറിടത്തിൽ നിന്നും ഏതാനും മീറ്റർ അകലത്തിൽ മാർത്തോമാ ശ്ലീഹായുടെ സ്‌മൃതി മണ്ഡപം ഉയരുന്നു. പരിശുദ്ധ ശ്ലീഹ രക്ത സാക്ഷിത്വം പ്രാപിച്ച സെന്‍റ് തോമസ് മൗണ്ടിലും കബറടക്കിയ മൈലാപ്പൂരിലും ആ പിതാവിന് മലങ്കര സഭ ഉചിതമായ സ്മാരകവും ആരാധനാ കേന്ദ്രവും ഒരുക്കണമെന്ന മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ . യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയുടെ ഏറ്റവും വലിയ അഭിലാഷവും പ്രാർത്ഥനയുമാണ് ഇവിടെ നിറവേറുന്നത് .

ഉചിതമായ സ്ഥലത്തിന്‍റെ ദൗർലഭ്യതയും ഭീമമായ സാമ്പത്തിക ബാധ്യതയും പലപ്പോഴും തടസ്സം സൃഷ്ടിച്ച പദ്ധതി യാഥാർഥ്യമായത് ബ്രോഡ്‌വേ സെന്‍റ്  തോമസ് ഓർത്തഡോൿസ് കത്തീഡ്രലിന്‍റെ ശ്രമഫലമായാണ്. പരിശുദ്ധ തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന മൈലാപ്പൂർ സാന്തോം ബസിലിക്കയുടെ ദർശന വലയത്തിൽത്തന്നെയാണ് സ്ഥലം വാങ്ങിയിരിക്കുന്നത് .

2017 ഡിസംബർ 17-നു പുതുതായി വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന കെട്ടിടത്തിൽ താൽക്കാലികമായി ഒരുക്കിയ ചാപ്പലിൽ അഭിവന്ദ്യ തിരുമേനി വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് കബറിങ്കലേക്കു അനവധി വിശ്വാസികളുടെ നേതൃത്ത്വത്തിൽ തീർത്ഥയാത്ര നടത്തി അനുഗ്രഹം പ്രാപിച്ചതിനു ശേഷം മൈലാപ്പൂർ സെന്‍റ് തോമസ് ഓർത്തഡോൿസ് സെന്ററിന്‍റെ താൽക്കാലിക പ്രവർത്തനോൽഘാടനം അഭിവന്ദ്യ തിരുമേനി നിർവഹിച്ചു. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്‍റെ നിർദ്ദേശമനുസരിച്ചു ഉചിതമായ രീതിയിൽ ആരാധനാ കേന്ദ്രം പണികഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അഭിവന്ദ്യ തിരുമേനിയുടെ നേതൃത്ത്വത്തിൽ പുരോഗമിക്കുന്നു .

Shares