മാര്‍ ബര്‍ണബാസ് ; വ്യത്യസ്തമായ വിശേഷഗുണങ്ങളുടെ വിളനിലം  

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 10-ന് ഞായറാഴ്ച മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ അഞ്ചാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ തിരുമേനിയുടെ ഓര്‍മ്മയെ മുന്‍നിര്‍ത്തി ആരംഭിച്ച “മാര്‍ ബര്‍ണബാസ് ന്യൂസ് ലെറ്റര്‍) പ്രകാശനം ചെയ്തു. 2012 ഡിസംബര്‍
ഒമ്പതിനായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ബര്‍ണബാസ് കാലംചെയ്തത്.

ഡിസംബര്‍ 10-നു ഞായറാഴ്ച ഫാ. കെ.എം. ഇമ്മാനുവേലിന്റെ (ചെങ്ങന്നൂര്‍) കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഓര്‍മ്മ പ്രാര്‍ത്ഥനയും നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇടവകയുടെ മുന്‍ വികാരിയും സഭയിലെ സീനിയര്‍ വൈദീകനുമായ വെരി റവ.ഡോ. പി.എസ് സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. കെ.എം. ഇമ്മാനുവേല്‍, സണ്‍ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് മെറിന്‍ മാത്യു, സുനാന ഏബ്രഹാം, അധ്യാപകന്‍ ജോര്‍ജ് എം. വര്‍ഗീസ്, യുവാക്കളെ പ്രതിനിധീകരിച്ച് ജിജോ കോശി, തുടര്‍ന്ന് വര്‍ഗീസ് പോത്താനിക്കാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് മാര്‍ ബര്‍ണബാസുമായി തനിക്ക് സുഹൃദ് ബന്ധം ഉണ്ടായതെന്നും ആ നല്ല ബന്ധം ഇടര്‍ച്ചയില്ലാതെ തുടര്‍ന്നുവെന്നും വന്ദ്യ പിതാവ് പി.എസ്. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ തന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. തിരുമേനി ഒരു പരിശുദ്ധനായിരുന്നുവെന്നും ആ പുണ്യവാളന്റെ ജീവിതം തലമുറകള്‍ക്ക് മാതൃകയായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തമായ വിശേഷഗുണങ്ങളുടെ വിളനിലമായ മാര്‍ ബര്‍ണബാസ് എല്ലാവരോടും പ്രത്യേകിച്ച്കുട്ടികളോടും ചെറുപ്പക്കാരോടും സൗമ്യതയോടും കരുതലോടും കൂടി ഇടപെട്ടിരുന്നുവെന്നും തിരുമേനിയുടെ നിര്‍മ്മലവും ലളിതവുമായ ജീവിതശൈലിയും, അടിയുറച്ച ദൈവ വിശ്വാസവും, സുതാര്യമായ പ്രവര്‍ത്തനശൈലിയുമെല്ലാം അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവാക്കളെ പൗരോഹിത്യ വഴിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയായി. അതിനുള്ള മകുടോദാഹരണമാണ് താനെന്നും അധ്യക്ഷ പ്രസംഗത്തില്‍ ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് സാക്ഷ്യപ്പെടുത്തി.പുണ്യവാനായ തിരുമേനി ഈ തലമുറയുടെ അനുഗ്രഹമാണെന്നും പിതാവിന്റെ ഓര്‍മ്മ എന്നും നിലനില്‍ക്കുമെന്നും ഫാ. ഗ്രിഗറി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ വച്ചു “മാര്‍ ബര്‍ണബാസ് ന്യൂസ് ലെറ്റര്‍’ എന്ന പേരില്‍ ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ പ്രകാശനം ഡോ. പി.എസ്. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ ഫാ. കെ.എം. ഇമ്മാനുവേലിനു ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു.

ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികളും അധ്യാപകരും നേതൃത്വം കൊടുത്ത് ആരംഭിച്ച ഈ പ്രസിദ്ധീകരണം ബര്‍ണബാസ് തിരുമേനിക്ക് കുട്ടികളോടുണ്ടായിരുന്ന വാത്സല്യത്തിന്റേയും കരുതലിന്റേയും ഓര്‍മ്മ നിലനിര്‍ത്തുന്നതായിരിക്കുമെന്നു പ്രസാധക സമിതി അഭിപ്രായപ്പെട്ടു. മാര്‍ ബര്‍ണബാസിന്റെ ജീവിത ദര്‍ശനം ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളും, തിരുമേനിയില്‍ നിന്നു ശ്രവിച്ച മൊഴിമുത്തുകളും, സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തിയുള്ള ലേഖനങ്ങളും പഠനങ്ങളുമാണ് ഈ പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കം. റോണി ആന്റണി (ചീഫ് എഡിറ്റര്‍),
ഷോണ്‍ ഏബ്രഹാം (അസോസിയേറ്റ് എഡിറ്റര്‍), മെല്‍വിന്‍ ചാക്കോ (ട്രഷറര്‍) എന്നിവരെ കൂടാതെ 14 എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നുള്ള പ്രസാധക സമിതി പ്രസിദ്ധീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മിനി ജോര്‍ജ് കുട്ടികള്‍ക്കുവേണ്ട നിര്‍ദേശങ്ങളും നേതൃത്വവും നല്‍കുന്നു. പേപ്പര്‍ പ്രസിദ്ധീകരണത്തോടൊപ്പം കോപ്പികള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. വിവിധ ഇടവകകളില്‍ നിന്നായി ധാരാളം വിശ്വാസികള്‍ ദുക്‌റോനോ ശുശ്രൂഷയിലും പങ്കെടുത്തു. നേര്‍ച്ച വിളമ്പോളും പെരുന്നാള്‍ സദ്യയോടുംകൂടി പരിപാടികള്‍ പര്യവസാനിച്ചു.

error: Thank you for visiting : www.ovsonline.in