മതങ്ങൾ നന്മയുടെ  വഴികാട്ടികളാണ് : ഫാ.അലക്സാണ്ടർ

കൊല്ലം : മനുഷ്യന്റെ നന്മയാണ് മതങ്ങളുടെ ലക്ഷ്യമെന്നും മതങ്ങൾ വഴികാട്ടികളാണെന്നും ഫാ.അലക്സാണ്ടർ വട്ടയ്ക്കാട്ട് പറഞ്ഞു. മർത്തമറിയം ഓർത്തഡോക്സ് പള്ളി ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ മാർ ആബോ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്നേഹിക്കുക, സഹവർത്തിത്വം പുലർത്തുക എന്നിവ മതത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളാണ്. അവ പിന്തുടരാൻ പുതിയ തലമുറയ്ക്കു കഴിയണം. ഇഹലോകത്തെ ത്യജിച്ച് പരലോകത്തെ സ്നേഹിച്ചവരാണ് വിശുദ്ധൻമാരെന്നും ഫാ.അലക്സാണ്ടർ വട്ടയ്ക്കാട്ട് പറഞ്ഞു.

മുള്ളിക്കാല ജുമാമസ്ജിദ് ഇമാം നിസാറുദ്ദീൻ മന്നാനി കല്ലായി, യജ്ഞാചാര്യൻ വള്ളിക്കാവ് സേനൻ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ധ്യ അജയൻ, ഫാ.വൈ.അലക്സ്, ഇടവക സെക്രട്ടറി സിജി ഫിലിപ്പ് വൈദ്യൻ, ട്രസ്റ്റി ടി.ജെ.കോശി വൈദ്യൻ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ.ജയിംസ് നല്ലില അധ്യക്ഷനായിരുന്നു.

ഇന്ന് ഏഴിനു പ്രഭാതനമസ്കാരം, 7.30ന് അലക്സാണ്ടർ വൈദ്യൻ കോറെപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ കുർബാന, 10ന് അഖണ്ഡപ്രാർഥന, നാലിനു പദയാത്രകൾക്കു സ്വീകരണം, തീർഥാടകസംഗമം. കോവൂർ, പടിഞ്ഞാറ്റക്കര, തൈവിളമുക്ക്, മൈനാഗപ്പള്ളി പദയാത്ര സംഘങ്ങളെയും കല്ലട, കടമറ്റം, ചെറുവക്കൽ, കൂത്താട്ടുകുളം തീർഥാടക സംഘങ്ങളെയും മറ്റു തീർഥാടകരെയും സ്വീകരിക്കും. 5.30നു സഖറിയാസ് മാർ അന്തോണിയോസിന്റെ മുഖ്യകാർമികത്വത്തിൽ സന്ധ്യനമസ്കാരം, 6.30നു റാസ, ഒൻപതിനു ശ്ലൈഹികവാഴ്‌വ്, തുടർന്നു സ്നേഹവിരുന്ന്.

Shares
error: Thank you for visiting : www.ovsonline.in