ഇതു കാന്താരിയല്ല: കരണംപൊട്ടി

മലയാളികള്‍ വിവിധതരം മുളകുകള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍ എരിവിൻ്റെ കാര്യത്തില്‍ കെങ്കേമന്‍ കാന്താരിയാണന്നാണ് വയ്പ്പ്. എങ്കിലും അതിലും ഭീകരനായ ഒന്ന് അപൂര്‍വമായി ഉപയോഗത്തിലുണ്ട്. അവനാണ് സാക്ഷാല്‍ കരണംപൊട്ടി. Copyright ovsonline.in

1958 ഡിസംബര്‍ 16 രാത്രി. സ്ഥലം പഴയ സെമിനാരി. 1958-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് വിജയകരമായ പരിസമാപ്തി കുറിച്ചുകൊണ്ട് സമാധാന കല്പനകള്‍ കൈമാറാനൊരുങ്ങുന്നു. വലിയോരു കവറില്‍ അടക്കം ചെയ്ത അന്ത്യോഖ്യാ പാത്രിയര്‍ക്കീസിൻ്റെ ശീമമെത്രാന്‍ ഏലിയാസ് മാര്‍ യൂലിയോസ് ഉയര്‍ത്തിക്കാട്ടി. ഉദ്ദേശം മനസിലായ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തൻ്റെ കല്പന അടങ്ങിയ ചെറിയ ലക്കോട്ട് കാട്ടി പറഞ്ഞു; ചെറുതെങ്കിലും കാന്താരിയാണ്.

യഥാര്‍ത്ഥത്തില്‍ അതൊരു കാന്താരി തന്നെയായിരുന്നു. പൊടിപ്പും തൊങ്ങലും ആലങ്കാരിക ഭാഷയുമൊന്നുമില്ലാതെ തയാറാക്കിയ ആ കല്പനയില്‍ വ്യക്തമായി എഴുതിയിരുന്ന ഒരു വാചകമായിരുന്നു കാന്താരി. ഭരണഘടനയക്ക് വിധേയമായി പാത്രിയര്‍ക്കീസിനെ അംഗീകരിക്കുവാന്‍ നാം പ്രസാദിച്ചിരിക്കുന്നു. ആ ഒരൊറ്റ വാചകത്തിൻ്റെ ദീര്‍ഘകാല പ്രാഭവം മനസിലാക്കിത്തന്നെയാണ് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തൻ്റെ കല്പനയെ കാന്താരി എന്നു വിശേഷിപ്പിച്ചത്.

1958-ലെ സമാധാന കല്പന കാന്താരി ആണെങ്കില്‍ 2019 ഏപ്രില്‍ 8-ന് കണ്യാട്ടുനിരപ്പ് പള്ളിക്കേസില്‍ ഇന്ത്യന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കരണംപൊട്ടിയാണ്. ഒരു പേജു തികച്ചില്ലാത്ത വിധിയിലെ സുപ്രധാനമായ രണ്ടു വസ്തുതകളാണ് അതിനെ അതിപ്രധാനമാക്കുന്നത്.

1). 2017 ജൂലൈ 3-ലെ സുപ്രീകോടതി വിധി ഈ വിഷയത്തിലെ അന്തിമ വിധിയാണ്.
2). അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങള്‍ ഇന്ത്യയില്‍ ഒരു കോടതിയും പരിഗണിക്കാന്‍ പാടില്ല.

ഇതിനു മുമ്പ് 2018 ഏപ്രില്‍ 19-ന് പിറവം പള്ളിക്കേസില്‍ 2017 ജൂലൈ 3 വിധി, മലങ്കരയില്‍ 1064 പള്ളികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്ലാ പള്ളികള്‍ക്കും ബാധകമാണന്ന വിധികൂടി പരിഗണിക്കുമ്പോഴാണ് പുതിയ വിധിയുടെ ഗൗരവം വര്‍ദ്ധിക്കുന്നത്.Copyright ovsonline.in

കണ്യാട്ടുനിരപ്പ് വിധിയുടെ വ്യാപകഫലങ്ങള്‍ രണ്ടാണ്.

1). 2017 ജൂലൈ 3 വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്ന 1934 ഭരണഘടന, ഇടവകകളുടെ സ്വതന്ത്ര നിലയപ്പറ്റിയുള്ള അവകാശവാദങ്ങള്‍, മനുഷ്യാവകാശ-മൗലികാവകാശ ലംഘനവാദം, ആരാധനാ സ്വതന്ത്ര്യം, പള്ളികളുടേയും സെമിത്തേരികളുടെയും അവകാശം, കര്‍മ്മം നടത്തുവാനുള്ള അധികാരം, സമാന്തര ഭരണശ്രമം ഇവയൊന്നും ഉന്നയിച്ച് ഒരു പള്ളിയുടെ പേരിലും പുതിയ കേസുകള്‍ – മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ – ഫയല്‍ ചെയ്യാന്‍ ആവില്ല.

2). വിവിധ കോടതികളില്‍ നിലവിലുള്ള സമാന സ്വഭാവമുള്ള എല്ലാ കേസുകളും 2017 ജൂലൈ 3 വിധിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കണം. അവയ്ക്ക് അപ്പീല്‍ നല്‍കുവാനും സാദ്ധ്യമല്ല. താല്‍ക്കാലിക നീക്കുപോക്കുകളും, ടി. വിധിക്ക് എതിരായ കീഴ്‌കോടതികളുടെ വിധികളും പരാമര്‍ശനങ്ങളും പ്രഥമദൃഷ്ട്യാ റദ്ദാക്കപ്പെടും.

കണ്യാട്ടുനിരപ്പ് വിധി കരണംപൊട്ടിയാകുന്നത് ഇതിനാലാണ്. ഉള്ളി പൊളിക്കുന്നതുപോലെയുള്ള നിസാര വിഷയങ്ങളില്‍ പുതിയപുതിയ കേസുകളും അവയ്ക്ക് അപ്പീലുകളും നല്‍കി വിധിനടത്തിപ്പും, തദ്വാരാ നീതി പരിപാലനവും അനന്തമായി നീട്ടിക്കൊണ്ടും പോകുന്ന അഭ്യാസം ഇനി നടപ്പില്ല. 2017 ജൂലൈ 3 വിധിയില്‍ പരാമര്‍ശനമുള്ള വിഷയങ്ങളുമായി ഇനി കോടതി കയറിയാല്‍ മിക്കവാറും കക്ഷിക്ക് കുറഞ്ഞത് ഒരു 50,000 സമര്‍പ്പയാമി ഉറപ്പാണ്. വക്കീലിന് ചിലപ്പോള്‍ ഒരു വര്‍ഷത്തെ വിശ്രമവും ലഭിച്ചേക്കും.

സുപ്രീം കോടതി വിധി രാജ്യത്തിൻ്റെ നിയമമാണ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം അവ നടപ്പിലാക്കാനുള്ള ബാദ്ധ്യത കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇതു വെറും സ്വത്തുതര്‍ക്കമാണ്: നടപ്പാക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനില്ല എന്ന കേരള സംസ്ഥാന സര്‍ക്കാര്‍ വാദത്തിന് ഇനി അധികം ആയുസില്ല. കാരണം, സമാനമായ ഒരു സംഭവം കേരള ചരിത്രത്തിലുണ്ട്. ശിവഗിരി ട്രസ്റ്റ് കേസ് ഇതേപോലെ കേരളത്തില ഒരു പ്രബല സമുദായവുമായി ബന്ധപ്പെട്ടതാണന്നും, നടപ്പാക്കിയാല്‍ രക്തപ്പുഴ ഒഴുകുമെന്നും ഉള്ള കേരള സര്‍ക്കാര്‍ വാദത്തിനു കേരളാ ഹൈക്കോടതി കോടുത്ത മറുപടിയും, അതിനെത്തുടര്‍ന്ന് അന്നു രാത്രിതന്നെ ആ വിധി നടപ്പാക്കിയതും ഓര്‍ത്താല്‍ മതി. ഒരു രക്തപ്പുഴയും ഒഴുകിയില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കേരളത്തിലെ ഒരു പ്രമുഖ മത നേതാവിനെ അറസ്റ്റു ചെയ്യുന്ന വിഷയത്തിലും സംഭവിച്ചത് ഇതുതന്നെയാണ്.Copyright ovsonline.in

സുപ്രീം കോടതി ഒന്നുകൂടി കടുപ്പിച്ചാല്‍ ഇന്ന് അഴകൊഴമ്പന്‍ നയം സ്വീകരിക്കുന്ന കേരള സര്‍ക്കാര്‍ രായ്ക്കുരാമാനം വിധികള്‍ നടത്താന്‍ നിര്‍ബന്ധിതരാവും! ഇല്ലങ്കില്‍ സത്യപ്രതിജ്ഞാ ലംഘനത്തിനു ബന്ധപ്പെട്ട മന്ത്രിമാര്‍ ഉത്തരം പറയേണ്ടിവരും. മുഖ്യമന്ത്രിയായിരിക്കെ ജുഡീഷറിയെ വിമര്‍ശിച്ചതിന് ഇ.എം.എസ്. നമ്പൂതിരിപ്പാട് ശിക്ഷ വാങ്ങിയ വിവരം തീര്‍ച്ചയായും അവരില്‍ ചിലരെങ്കിലും ഓര്‍ക്കാതിരിക്കില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സ്ഥാപനത്തിലൂടെത്തന്നെ സ്വയം അപഹാസ്യരായ മന്ത്രിസഭാ ഉപസമതിയാണ് ഇതോടെ കൂടുതല്‍ പരുങ്ങലിലായത്. വിധി നടത്താന്‍ ബാദ്ധ്യസ്ഥരായ കേരള സര്‍ക്കാര്‍ അതില്‍ നിന്നും രക്ഷപെടാനും ചില വോട്ടു ബാങ്കുകളും ചിലരുടെ സ്ഥാപിത താത്പര്യങ്ങളും സംരക്ഷിക്കുവാനുമാണ് മന്ത്രിസഭാ ഉപസമതി രൂപീകരിച്ചതെന്നാണ് പൊതുജനസംസാരം. ഒരു വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് എന്താണ് ഇരുകക്ഷികളുമായി സര്‍ക്കാരിനു ചര്‍ച്ച ചെയ്യുവാനുള്ളത് എന്ന ചോദ്യം തികച്ചും പ്രസക്തമാണ്.

2019 മാര്‍ച്ച് 19-നു നടത്തിയതും മലങ്കര സഭ ബഹിഷ്‌ക്കരിച്ചതുമായ മന്ത്രിസഭാ ഉപസമതിയോഗത്തേപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ മുന്‍ യാക്കോബായ വിഭാഗത്തിൻ്റെ ഉള്ളിലിരിപ്പും, ഉപസമതി വെറും ഉപായസമതിയാണന്നും വ്യക്തമാക്കുന്നുണ്ട്. ചര്‍ച്ചയ്ക്കുശേഷം മുന്‍ യാക്കബായ വിഭാഗം നടത്തിയ പ്രസ്ഥാവനയിലെ പ്രസക്തമായ വസ്തുതകള്‍ താഴെ പറയുന്നവയാണ്.Copyright ovsonline.in

1). അനുരജ്ഞനത്തിനു തങ്ങള്‍ തയാറാണ്.
2). മലങ്കര സഭയുമായി ഐക്യത്തിനു തയാറല്ല.
3). തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷമുള്ളവര്‍ക്ക് പള്ളി വിട്ടുകൊടുക്കണം.

ചുരുക്കിപ്പറഞ്ഞാല്‍, മലങ്കര സഭയുടെ ഭാഗമായ പള്ളികള്‍ വിട്ടുകൊടുത്ത് ഒരു സമാന്തര സഭ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അവരെ സഹായിക്കണം; അതിനു മലങ്കരസഭ സഹകരിക്കണം! അവര്‍ കാണുന്ന അനുരജ്ഞനം അതാണന്നു വ്യക്തം.

ഇക്കാര്യത്തില്‍ മലങ്കരസഭ നിയഹായമാണന്നുതന്നെ പറയാം. കാരണം 2017 ജൂലൈ 3 വിധിയും അനുബന്ധ വിധികളും മലങ്കര സഭയ്ക്കും ബാധകമാണ്. സമാന്തരഭരണം അനുവദിക്കുന്നതും വിധി നടപ്പാക്കാതിരിക്കുന്നതും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ അവഹേളിക്കുന്നതിനു തുല്യമാണ്. അതു ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയും തദ്വാരാ രാജ്യദ്രോഹവുമാണ്. അതു ചെയ്യാന്‍ ഒരിക്കലും മലങ്കരസഭ തയാറല്ല.

രണ്ടാമതായി, ഭൂരിപക്ഷത്തിൻ്റെ പേരില്‍ ഇടവകകള്‍ വീതം വെച്ചു നല്‍കാനോ വിട്ടുകൊടുക്കാനോ സുപ്രീംകോടതി വിധിപ്രകാരം സാദ്ധ്യമല്ല. ഇടവകാംഗങ്ങളുടെ അവകാശത്തിലുള്ള ട്രസ്റ്റില്‍പ്പെട്ട പള്ളിയും സെമിത്തേരിയും ഇതര വസ്തുവകകളും ആര്‍ക്കും വിട്ടുകൊടുക്കാന്‍ മലങ്കരസഭയ്ക്ക് അധികാരമില്ല എന്നതാണ് സത്യം.

മൂന്നാമതായി ഹിതപരിശോധന നടത്തണമെന്ന ആവശ്യം. ഒരിക്കല്‍ മുന്‍ യാക്കോബായ വിഭാഗത്തിൻ്റെ ഈ ആവശ്യം കോടതി അംഗീകരിച്ചതാണ്. അങ്ങിനെയാണ് ആ ആവശ്യം ഉന്നയിച്ചവരില്‍ ഒരുവിഭാഗം ബഹിഷ്‌ക്കരിച്ചിട്ടും 2002 മാര്‍ച്ച് 21-ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ പരുമല അസോസിയേഷന്‍ കൂടിയതും മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ മലങ്കര മെത്രാപ്പോലീത്താ ആണെന്ന് അംഗീകരിച്ചതും. അതനുസരിച്ച് സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചു. തുടര്‍ന്നു സൃഷ്ടിച്ച വ്യവഹാര പരമ്പരയ്ക്കാണ് 2017 ജൂലൈ 3-ന് അന്ത്യം കുറിച്ചത്.

ഒരിക്കല്‍ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ച വിഷയത്തില്‍ തുടര്‍ ചര്‍ച്ചയോ ഒത്തുതീര്‍പ്പോ സാദ്ധ്യമല്ല എന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. അതൊരു പൊതു നിയമമാണ്. അതിനാലാണ് അയോദ്ധ്യാക്കേസ് അന്തിമവാദം കേള്‍ക്കുന്നതിനു മുമ്പ് ഒത്തുതീര്‍പ്പ് സാദ്ധ്യതകള്‍ ആരായാന്‍ ഇപ്പോള്‍ സുപ്രീകോടതി മുന്‍കൈ എടുക്കുന്നത്. മുന്‍പ് അത്തരമൊരു സാദ്ധ്യത സഭാക്കേസില്‍ ആരാഞ്ഞപ്പോള്‍ ഒത്തുതീര്‍പ്പു വേണ്ട, കോടതി വിധി മതി എന്നു പ്രതികരിച്ചത് മുന്‍ യാക്കോബായ വിഭാഗമാണ്. അന്തിമ വിധിക്കു മുമ്പ് ഒത്തുതീര്‍പ്പ് സാദ്ധ്യമാ യിരുന്നു. ഇനി തികച്ചും അസാദ്ധ്യം.

ഹിതപരിശോധന വേണം എന്നവശ്യപ്പെട്ടവര്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരാണ്. ഒന്നാമതായി, മലങ്കരസഭയിലെ അനേകം ഇടവകപ്പള്ളികളിലെ ഒരോ വിഭാഗത്തിനെയാണെങ്കിലും പ്രതിനിധീകരിയ്ക്കുവാന്‍ അവര്‍ക്ക് എന്ത് അധികാരം? ആരു ചുമതലപ്പെടുത്തി? രണ്ടാമതായി ഹിതപരിശോധന ആവശ്യപ്പെടുന്നവര്‍ ഏതെങ്കിലും ഹിതപരിശോധന സ്വന്തമെന്ന് അവകാശപ്പെടുന്ന വിഭാഗത്തില്‍ നടത്തിയിട്ടാണോ അപ്രകാരം ആവശ്യപ്പെട്ടത്?

മന്ത്രിസഭാ ഉപസമതിയും മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട്. സുപ്രീംകോടതി ഇല്ലാതാക്കിയ ഒരു പ്രസ്ഥാനത്തെ ഏതു നിയമപ്രകാരമാണ് ഔദ്യോഗികമായി നിയമിക്കപ്പെട്ട ഒരു മന്ത്രിസഭാ ഉപസമതി ചര്‍ച്ചയ്ക്ക് വിളിച്ചത്? അത് സത്യപ്രതിജ്ഞാ ലംഘനമല്ലേ?

കണ്യാട്ടുനിരപ്പ് വിധിയെത്തുടര്‍ന്ന് മുന്‍ യാക്കോബായ വിഭാഗം നടത്തിയ ഒരു പ്രസ്ഥാവന തികച്ചും രസകരമാണ്. ടി വിധി, തങ്ങള്‍ക്കു ബാധകമല്ല! അതില്‍ കക്ഷികളായിരിക്കുന്ന അഞ്ചോ ആറോ പേര്‍ക്കുമാത്രമാണ് അതു ബാധകമാകുന്നത്! അതായത് കേരളാ നിയമസഭ പാസാക്കുന്ന ഒരു നിയമം 141 എം.എല്‍എ.മാര്‍ക്കു മാത്രം ബാധകം എന്നു പറയുന്നതുപോലെ! പാവം കുഞ്ഞാടുകളെ കുറച്ചുകാലം വിഡ്ഡികളാക്കാന്‍ ഇതു മതിയാകുമെങ്കിലും മന്ത്രിസഭാ ഉപസമതിക്ക് അപ്രകാരം തമാശ പറയാന്‍ പറ്റില്ല.

ഇപ്പോഴത്തെ വിഷയം വിശ്വസപരമോ സ്വത്തുതര്‍ക്കമോ ഒന്നുമല്ല. അത് സുപ്രീം കോടതി വിധി നടത്തുകയും, 1934 ഭരണഘടന നടപ്പാക്കുകയും ചെയ്യുമ്പോള്‍ തൊഴിലില്ലായ്മ നേരിടുന്ന മുന്‍ യാക്കോബായ വിഭാഗത്തിലെ മേല്പട്ടക്കാരും പട്ടക്കാരും അടങ്ങുന്ന വൈദീകശ്രേണിയാണ്. തങ്ങളുടെ അതിജീവനത്തിനായി അവര്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ കുറെ സാധാരണക്കാര്‍ അതു കേട്ട് തെരുവിലിറങ്ങുന്നു.

അനുരജ്ഞന ശ്രമം തുടരുമെന്നാണ് മന്ത്രിസഭാ ഉപസമതി പ്രസ്ഥാവിച്ചത്. അപ്രായോഗികവും നിഷ്ഫലവുമായ ഈ യജ്ഞം തുടരുന്നതിനു പകരം അവര്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനപ്രകാരം വിധി നടപ്പാക്കുക എന്നത് അനിവാര്യമാണന്നും, 1934-ലെ സഭാ ഭരണഘടനപ്രകാരം ഇടവകക്കാരുടെ അവകാശ-അധികാരങ്ങള്‍ നഷ്ടപ്പെടില്ലെന്നും അവരെ ബോദ്ധ്യപ്പെടുത്തുക. വിധ നടത്താനുള്ള തങ്ങളുടെ ബാദ്ധ്യതയോട് സമാധാനപൂര്‍വം സഹകരിക്കുവാന്‍ ആവശ്യപ്പെടുക. കൂട്ടത്തില്‍ വൈദീകശ്രേണിയെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളും വേണമെങ്കില്‍ ആരായാം.Copyright ovsonline.in

മന്ത്രിസഭയ്‌ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ കോടതിവിധിക്കു വിപരീതമായി ഒന്നും പ്രവര്‍ത്തിക്കാനാവില്ല. അത് ഭരണഘടനാ ലംഘനവും ഭവിഷത്ത് കഠിനവുമായിരിക്കും എന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ട്. രാഷ്ട്രീയ നേതാക്കളുടേയും മേലുദ്യോഗസ്ഥരുടേയും രേഖകളില്ലാത്ത വാക്കല്‍ ഉത്തരവനുസരിച്ച് സുപ്രീംകോടതി വിധിക്കെതിരായി പ്രവര്‍ത്തിക്കുന്ന പോലീസ് – റവന്യു ഉദ്യോഗസ്ഥര്‍ കുടുങ്ങും. ജോലിയും പെന്‍ഷനും നഷ്ടമാകുന്ന അത്തരം പ്രവ്ര്‍ത്തനം തിരിച്ചടി നേരിട്ടു തുടങ്ങിയാല്‍ അവര്‍ അവസാനിപ്പിക്കും. ഈദൃശ്യ പ്രവര്‍ത്തനങ്ങള്‍ ഇനി അധികകാലം തുടരാനാവുമെന്നു കരുതേണ്ട.

സെമിത്തേരി-ശവസംസ്‌ക്കാര വിഷയത്തില്‍ താല്‍ക്കാലികമായി സ്ഥാപിച്ചെടുത്ത ചില അവകാശങ്ങളുടെ പേരില്‍ ഊറ്റംകൊള്ളുന്നവര്‍ അതിന്റെ വിശദാംശങ്ങളിലേയ്ക്കു കടന്നു നോക്കിയാല്‍ മതി; എത്ര ദുര്‍ബലമാണ് തങ്ങളുടെ സ്ഥിതി എന്നു മനസിലാക്കാന്‍. 2017 ജൂലൈ 3 വിധിയിലെ താഴെ പറയുന്ന പരാമര്‍ശനത്തിനെ ദുര്‍വ്യഖ്യാനം ചെയ്താണ് ഇന്നു ചില സെമിത്തേരി അവകാശങ്ങള്‍ മുന്‍ യാക്കോബായ വിഭാഗം സംഘടിപ്പിച്ചത്. ആ ഭാഗം ഇതാണ്.

“17. പളളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇവിടെ അന്തസ്സോടെ സംസ്‌ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുളള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പളളികളുടെയും വസ്തുവകകള്‍ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്ന് കരുതി അവ ആര്‍ക്കും കയ്യേറാനുളളതല്ല.”

സുപ്രീം കോടതിയുടെ ഈ നിരീക്ഷണത്തില്‍ ആര്‍ക്കും രണ്ടു പക്ഷമില്ല. പക്ഷേ അടിസ്ഥാന പ്രശ്‌നം ആരാണ് ഇടവകാംഗം, അതു തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖ എന്താണ് എന്നുള്ളതാണ്. മലങ്കര സഭയിലെ ഇടവക പള്ളികളുടെ ഭരണക്രമം ആയി സുപ്രീംകോടതി അസന്നിഗ്ദമായി ഉറപ്പിച്ച 1934-ലെ ഭരണഘടനപ്രകാരം ഇടവക വികാരി കാലാകാലങ്ങളില്‍ പുതുക്കി സൂക്ഷിക്കുന്ന ഇടവക രജിസ്റ്ററാണ് ഇടവകാംഗത്വത്തിന്റെ അടിസ്ഥാന രേഖ. ഭരണഘടനയുടെ താഴെ പറയുന്ന ആറാം വകുപ്പാണ് ഇതിനാസ്പദം:Copyright ovsonline.in

“ഓരോ പള്ളി ഇടവകയ്ക്കും ഓരോ ഇടവക രജിസ്റ്റര്‍ ഉണ്ടായിരിക്കേണ്ടതാകുന്നു. ഇടവകയിലെ ഓരോ അംഗത്തിൻ്റെയും പേര് ഇടവക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ടതാകുന്നു. ഇടവകയിലെ ഏതെങ്കിലും അംഗം സഭയില്‍നിന്നു മാറ്റപ്പെടുകയോ, മറ്റുസഭയിലേക്ക് വിവാഹം ചെയ്ത് അയയ്ക്കപ്പെടുകയോ, സ്ഥിരമായി മറ്റൊരു ഇടവകാംഗത്വം സ്വീകരിക്കുകയോ ചെയ്താല്‍ ഇടവകയിലെ അംഗത്വം നഷ്ടമാകുന്നതാണ്.”

അതായത്, ഇടവക രജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്കു ഇടവകാംഗം എന്ന അവകാശവാദം ഉന്നയിക്കാനാവില്ല. തെളിയിക്കാനുമാവില്ല. മറ്റൊരു രേഖയും സ്വീകാര്യവുമല്ല. സഭാ ഭരണഘടന ഒമ്പതാം വകുപ്പനുസരിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ മറ്റ് ഇടവകകളില്‍ താല്‍ക്കാലികമായി പോലും ഇടവക ചേരുന്നവരെ വേണമെങ്കില്‍ വികാരിക്ക് പുറത്താക്കാം. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, മാമോദീസാ, വിവാഹം മുതലായവ സ്വന്തം ഇടവകയുടെ അറിവോ സമ്മതമോ കൂടാതെ മറ്റെവിടെയെങ്കിലും നടത്തുന്നവര്‍ ഇടവകയില്‍നിന്നും പുറത്താവും. കാരണം അത് മറ്റൊരു ഇടവകയില്‍ സ്ഥിരാംഗത്വം നേടുന്നതിനോ, ഇതരസഭയില്‍ ചേരുന്നതിനോ തുല്യമാണ്. സമാന്തര ഭരണം പാടില്ലന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മലങ്കര മുഴുവന്‍ നിലനില്‍ക്കുന്നതിനാല്‍ ബദല്‍ വികാരിയുടെ കാര്‍മികത്വം സ്വീകരിക്കുന്നതും ഇടവയ്ക്കു പുറത്താകുന്നതിനു കാരണമാകാം.

കണ്യാട്ടുനിരപ്പു വിധി, 2017 ജൂലൈ 3 വിധി ഈ വിഷയത്തിലെ അന്തിമ വിധിയെന്നു തീര്‍ച്ചപ്പെടുത്തിയത് സെമിത്തേരി അവകാശ വാദികളുടേയും മുനയൊടിച്ചു എന്ന വസ്തുത പലരുടേയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മുകളില്‍ പരാമര്‍ശിച്ച 17-ാം ഖണ്ഡിക പ്രകാരം മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍ മാത്രമാണ് ശവസംസ്‌ക്കാര അവകാശം ഇടവകാംഗത്തിൻ്റെ അവകാശമാകുന്നത്. മലങ്കര സഭ, 1934 ഭരണഘടനപ്രകാരം നിയമിച്ച വികാരിയെ നിരാകരിക്കുന്നവര്‍ എപ്രകാരം മലങ്കരസഭയില്‍ വിശ്വസിക്കുന്നവരാകും? സഭാനിയമത്തിന് അനുസൃതമായി ഇടവകയില്‍ വ്യപരിക്കാത്തവര്‍ എപ്രകാരം ഇടവകാംഗമായി തുടരും? അതായത് ഇനി നിയമാനുസൃതമല്ലാത്ത ശവസംസ്‌ക്കാരങ്ങള്‍ അസാദ്ധ്യമാണ്. അതിനു കൂട്ടു നില്‍ക്കുന്നത് കോടതിയലക്ഷ്യവും.

മന്ത്രിസഭയ്ക്കും ഉപസമതിക്കും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനാപരമായ ബാദ്ധ്യതയാണ്. സമാധാനപരമായ മാര്‍ഗ്ഗത്തിലും കാലവിളംബം കൂടാതെയും നടപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. അല്ലാതെ വെറുതെ ചര്‍ച്ച ചെയ്ത് സമയം മിനക്കെടുത്തിയിട്ട് കാര്യമില്ല.Copyright ovsonline.in

ഡോ. എം. കുര്യന്‍ തോമസ്
(‘OVS Online’ 13 മാര്‍ച്ച് 2019)

error: Thank you for visiting : www.ovsonline.in