പൗരസ്ത്യ ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള “ജ്വാലാ 2019” ജനുവരി 12-ന്

പത്തനംതിട്ട: പൗരസ്ത്യ ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള “ജ്വാലാ 2019” ദേശീയ യുവജന ദിനമായ ജനുവരി 12 -ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രാവിലെ 9 മണി മുതൽ അരങ്ങേറും. പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മലങ്കര സഭായിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി ആയിരത്തോളം കലാപ്രതിഭകൾ പതിമൂന്ന് വേദികളിലായി പതിനേഴ് ഇനങ്ങളിൽ മാറ്റുരക്കും.

മലങ്കര സഭായിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കം ആയ യുവജന കലാമേള യുവജനപ്രസ്ഥാനത്തിനു ജന്മം നൽകിയ തുമ്പമണ്ണിൻ്റെ മണ്ണിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ തവണ ഉണ്ട്. ഭാഗ്യസ്മരണാർഹരായ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെയും, ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയുടെയും സ്മരണാർത്ഥം കലാമേള നടക്കുന്ന കാതോലിക്കേറ്റ് കോളേജ് അങ്കണത്തിനു മാർ പീലക്സിനോസ് നഗർ എന്ന് നാമകരണം നൽകി. വിവിധ വേദികൾക്കും സഭാ കവി സി.പി ചാണ്ടി, മൈലപ്ര മാത്യൂസ് റമ്പാൻ, സാമുവേൽ ചന്ദനപ്പള്ളി തുടങ്ങിയ വ്യക്തിത്വങ്ങളുടെ നാമങ്ങൾ നൽകി.

കലാമേളയോടനുബന്ധിച്ചു ഉച്ചക്ക് 2 മണിക്ക് യുവജനപ്രസ്ഥാനം പ്രസിഡണ്ട് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം നിർവഹിക്കും. തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ളീമീസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. നിലക്കൽ ഭദ്രാസനാധിപൻ അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലീത്ത, അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപോലീത്ത എന്നീ പിതാക്കന്മാർ മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് റ്റി. വർഗീസ്, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു പി. ജോസഫ്, കേന്ദ്ര ട്രഷറാർ ശ്രീ.ജോജി പി. തോമസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കും.

കലാമേളയുടെ മുഴുവൻ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി ഫാ.അജി കെ.തോമസ്, കലാമേള സംഘാടക സമിതി ജനറൽ കൺവീനർ സോഹിൽ വി. സൈമൺ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

error: Thank you for visiting : www.ovsonline.in