ബന്യാമിനു ഓർത്തഡോക്സ് സഭയുടെ ആദരവ്.

JCB പുരസ്കാരം നേടിയ സാഹിത്യകാരൻ ബന്യാമിനു ഓർത്തഡോക്സ് സഭയുടെ ആദരവ്. പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ 22-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ദേവലോകം അരമന ചാപ്പലിൽ നടന്ന വി. കുർബാനയെത്തുടർന്നു പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവാ സഭയുടെ ആദരവ് ബന്യാമിനു സമർപ്പിച്ചു.

വേഷത്തിലും ഭാവത്തിലും സാധാരണക്കാരനായി കാണപ്പെടുന്ന ബന്യാമിൻ്റെ രചനകൾ തീപ്പൊരി ചിതറുന്നവയാണെന്നു ആദരവിൻ്റെ ചിഹ്നമായി പ. പരുമല തിരുമേനിയുടെ മുദ്ര സമ്മാനിച്ചു കൊണ്ട് പ. കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. വേദപുസ്തകത്തിലെ ആദ്യ ചോദ്യങ്ങളിൽ ഒന്നായ നിൻ്റെ സഹോദരൻ എവിടെ? എന്ന വാക്യം ഉദ്ധരിച്ചു കൊണ്ടാണ് ശ്രീ. ബന്യാമിൻ തൻ്റെ മറുപടി പ്രസംഗം ആരംഭിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട സഹോദരനെ കണ്ടെത്തുവാനും ഉദ്ധരിക്കുവാനുമുള്ള എളിയ ശ്രമങ്ങളാണ് തൻ്റെ രചനകളെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഉൾപ്പെട്ട മാന്തളിർ സെൻറ്‌ തോമസ് ഇടവകയാണ്‌ ബന്യാമിൻ്റെ മാതൃ ഇടവക. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്കാരങ്ങളിൽ ഒന്നായ JCB പുരസ്കാരം ബന്യാമിൻ്റെ ‘മുല്ലപ്പു നിറമുള്ള പകലുകൾ‘ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് ലഭിച്ചത്.

error: Thank you for visiting : www.ovsonline.in