ദേവലോകത്ത് ബാവാമാരുടെ ഓർമപ്പെരുന്നാൾ സമാപിച്ചു

കോട്ടയം ∙ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെയും പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായുടെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെയും സംയുക്ത ഓർമപ്പെരുന്നാൾ സമാപിച്ചു.

സമാപന ദിനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും നടന്നു. സഭയിലെ മെത്രാപ്പൊലീത്താമാർ സഹകാർമികരായിരുന്നു. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുസ്‌മരണ പ്രസംഗം നടത്തി.

അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ ചുമതലയിൽ പ്രസിദ്ധീകരിക്കുന്ന ‘ഓർത്തഡോക്സ് ന്യൂസ് ലെറ്റർ’ ആദ്യപ്രതി കുര്യാക്കോസ് മാർ ക്ലിമ്മീസിനു നൽകി കാതോലിക്കാ ബാവാ പ്രകാശനം ചെയ്‌തു. ഇസഡ്. എം. പാറേട്ട് രചിച്ച കൂനൻ കുരിശ് സത്യം, കെ.വി. മാമ്മൻ രചിച്ച മലങ്കരയിലെ കാതോലിക്കാമാർ എന്നീ ഗ്രന്ഥങ്ങളുടെ പുനഃപ്രസിദ്ധീകരണം അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനു കോപ്പികൾ നൽകി കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് നിർവഹിച്ചു. അരമന മാനേജർ ഫാ. എം.കെ. കുര്യൻ, ഫാ. അലക്സ് ജോൺ എന്നിവർ പ്രസംഗിച്ചു. പ്രദക്ഷിണത്തിലും മറ്റു ചടങ്ങുകളിലും ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in