അഡലൈഡിലെ ആദ്യ ദേവാലയത്തിന്‍റെ കൂദാശ ജൂണ്‍ 15,16 തീയതികളില്‍.

അഡലൈഡ്, ഓസ്ട്രേലിയ : അഡലൈഡ് മലയാളികളുടെ സ്വന്തമായ ആദ്യ ദേവാലയത്തിന്‍റെ കൂദാശക്കായി ദേശം പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നു. സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ വിശുദ്ധ മൂറോന്‍ കൂദാശാകര്‍മ്മം ജൂണ്‍ 15, 16 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടും. ഇടവക മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലാണ് കൂദാശാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.

ഓസ്ട്രേലിയയിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വന്ദ്യവൈദികര്‍ സഹകാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.45-ന് അഭിവന്ദ്യ തിരുമേനിയെയും വൈദികരേയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്‍റെ നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് സ്വീകരിക്കും. 6 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ദേവാലയകൂദാശയുടെ ഒന്നാം ശുശ്രൂഷയും നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരവും തുടര്‍ന്ന് ദേവാലയകൂദാശയുടെ രണ്ടാം ശുശ്രൂഷയും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം, ആശീര്‍വ്വാദം, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും. 

2007-ല്‍ ആരാധന ആരംഭിച്ച ദേവാലയത്തിന്‍റെ ദശവര്‍ഷ ജൂബിലി നിറവില്‍ ദൈവം നല്‍കിയ സമ്മാനമാണ് ഈ പുതിയ ദേവാലയം. അഡലൈഡ് പട്ടണത്തിന്‍റെ തിലകക്കുറിയായി പ്രശോഭിക്കത്തക്ക വിധത്തില്‍ 1.23 ഏക്കര്‍ സ്ഥലത്താണ് (2B, Tolmer Road, Elizabeth Park, Adelaide 5113) ദേവാലയം ഒരുങ്ങിയിരിക്കുന്നത്. പാഴ്സണേജും മറ്റ് അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. കൂദാശാ ശുശ്രൂഷയില്‍ അഡലൈഡിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും അതോടൊപ്പം മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബെയ്ന്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും പങ്കെടുക്കും. ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ദേവാലയ കൂദാശയിലേക്ക് സ്വാഗതം ചെയ്യുന്നു. 

വാര്‍ത്ത : ഫാ. അനീഷ്‌. കെ. സാം

Shares
error: Thank you for visiting : www.ovsonline.in