വിടവാങ്ങിയത് സേവന മേഖലയില്‍ ഇടപെടല്‍ നടത്തിയ മെത്രാപ്പോലീത്ത; അനുശോചന പ്രവാഹം

നിശ്ചയമായും മലങ്കരയുടെ ചരിത്രത്തിലെ  കരുണയുടെ വഴികളിലൊന്നിന്റെ പേര് സഖറിയാ മാർ തെയോഫിലോസ് എന്നുതന്നെയാവും അടയാളപ്പെടുത്തുക!

കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30- നു  ശേഷം ശേഷം ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ബുധനാഴ്ച 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക് വിലാപയാത്ര ആരംഭിക്കും.വ്യാഴാഴ്ച 10 മണിക്ക് കബറടക്ക ശുശ്രൂഷ തടാക ആശ്രമത്തിൽ ആരംഭിക്കും.

ഭദ്രാസനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതുയുഗം കുറിച്ചത് മാര്‍ തെയോഫിലോസിന്റെ കാലത്താണ്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) ജനറല്‍ സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ കണ്‍വീനര്‍, സെന്റിനറി പ്രോജക്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മാര്‍ ഗ്രിഗോറിയോസ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ബ്ലൈന്‍ഡ് വൈസ് പ്രസിഡന്റ്, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മേഴ്‌സി ഫെലോഷിപ്പ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുശോചിച്ചു

മലങ്കര ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ നിര്യാണത്തിൽ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് അനുശോചിച്ചു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കായി തന്റെ ജീവിതം മാറ്റിവച്ച നല്ല ഇടയനായിരുന്നു വന്ദ്യ പിതാവെന്ന് അദ്ദേഹം പറഞ്ഞു

ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ മന്ത്രി മാത്യു ടി. തോമസ്, കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി. കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി എന്നിവര്‍ അനുശോചിച്ചു. വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പാവങ്ങളുടെ ആശ്രയമായിരുന്നു തിരുമേനിയെന്നും എം.പി. ജോസ് കെ.മാണി എം.പി പറഞ്ഞു

മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്ത,ഡോ. തോമസ് മാർ ഡോ. തോമസ് മാർ തീത്തോസ് . മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, യൂയാക്കിം മാർ കൂറിലോസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഓർത്തഡോക്സ് വൈദിക സംഘം ഭാരവാഹികളായ ഫാ. സജി അമയിൽ, ഫാ. ചെറിയാൻ സാമുവൽ എന്നിവർ മലബാര്‍ ഭദ്രാസാനാധിപന്‍ മാര്‍ സഖറിയാസ് തെയോഫിലോസ് മെത്രോപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ പരിശുദ്ധ കാതോലിക്ക ബാവ, ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍, ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം, ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം അനുശോചിച്ചു.

കാലം ചെയ്ത മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ ആത്മീയ പ്രഭാഷകനുമായ എഴുത്തുകാരനുമായ സഖേർ‌ അനുസ്മരിക്കുന്നു.

മാർ തെയോഫിലോസ് തിരുമേനി, കരുണ കരകവിയുന്നതാണ് അധ്യാത്മികത എന്നോർമിപ്പിച്ച് നമുക്കിടയിലൂടെ കടന്നുപോയ മഹിതാചാര്യൻ. പ്രജ്ഞയിൽനിന്ന് കരുണയിലേക്കുള്ള സനാതനമായ തിരളൽ സംഭവിച്ച മുക്തമാനസൻ. അദ്ദേഹം താണ്ടിയ സഹനദൂരം വലുതാണ്. എന്നിരിക്കിലും എത്രമേൽ നിർമമനായി നിലകൊണ്ടു. വല്ലാത്ത കുറുമ്പുകളെന്നു തെറ്റിദ്ധരിപ്പിക്കുംവിധമുള്ള mystical arrogance ജീവിതാന്ത്യത്തോളം ഇദ്ദേഹത്തെയും ചൂഴ്ന്നു നിൽപ്പുണ്ടായിരുന്നുവെന്ന് പലവട്ടം തോന്നിയിട്ടുണ്ട്.

ശാരീരികാസ്വാസ്ഥ്യങ്ങൾ ഏറിയപ്പോഴും പുലർത്തിയ ആന്തരിക സൗഖ്യം മാത്രം മതിയാവും വന്ദ്യപിതാവിന്‍റെ ആത്മീയപക്വതയുടെ ആഴമറിയാൻ !

ദിനംതോറും അനുഷ്ഠിച്ചുപോന്ന തിരുബലിയുടെ നൈരന്തര്യം തന്നെയാവും തന്റെ ഹൃദയത്തെ ആതുരതകളിൽനിന്നും കാത്തിട്ടുണ്ടാവുക.

വന്ദ്യ പിതാവേ, അങ്ങയുടേത് പെട്ടെന്നുള്ള മരണമല്ല! പെട്ടെന്നുള്ള മരണത്തിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് ശയനപ്രാർഥനകളിൽ അങ്ങ് എന്നും ചൊല്ലിയരുന്ന പ്രാർഥന ദൈവം കേട്ടിരിക്കുന്നു. സത്യഅനുതാപത്തിന് നേരം ലഭിക്കാതെ ദൈവമേ ഞാൻ മരിക്കരുതേ എന്നാണ് ആ പ്രാർഥനാവരിയുടെ അർഥമെന്ന പിതൃപാഠങ്ങളെ അവിടുന്ന് അന്വർഥമാക്കിയിരിക്കുന്നു.

നിശ്ചയമായും മലങ്കരയുടെ ചരിത്രത്തിലെ  കരുണയുടെ വഴികളിലൊന്നിന്‍റെ പേര് സഖറിയാ മാർ തെയോഫിലോസ് എന്നുതന്നെയാവും അടയാളപ്പെടുത്തുക!

 

Shares