ആള്‍ക്കൂട്ട മതിഭ്രമം കോടതിയലക്ഷ്യമാകുമ്പോള്‍ :- ഡോ. എം. കുര്യന്‍ തോമസ്

നേതാക്കളുടെ വാഗ്വിലാസംകൊണ്ടു അണികള്‍ ഉന്മാദാവസ്ഥയിലെുന്ന ആള്‍ക്കൂട്ടങ്ങളുണ്ട്. ആള്‍ക്കുട്ട മതിഭ്രമം പകര്‍ന്ന് അതില്‍ ആവേശംകൊണ്ട് ഉന്മാദാവസ്ഥയിലെത്തുന്ന നേതാക്കളുമുണ്ട്. ഇവയില്‍ ഏതാണ് പ്രവര്‍ത്തിച്ചതെങ്കിലും ലക്ഷ്യം നേടുന്നതില്‍ അമ്പേ പരാജയപ്പെട്ട ഒന്നായിരുന്നു 2018 ഫെബ്രുവരി 18-നു എറണാകുളത്തു മുന്‍ യാക്കോബായ വിഭാഗം നടത്തിയ പാത്രിയര്‍ക്കാ ദിനാഘോഷങ്ങള്‍. പരാജയപ്പെട്ടു എന്നു മാത്രമല്ല; അത് വിപരീതഫലം സൃഷ്ടിച്ചു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 
 
യോഗലക്ഷ്യം എന്തായിരുന്നാലും ആലുവാ തൃക്കുന്നത്തു സെമിനാരി അടക്കം അനേക ദേവാലയങ്ങള്‍ കോടതിവിധിയിലൂടെ സമീപകാലത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പൂര്‍ണ്ണ കൈവശത്തില്‍ ലഭിച്ചു എന്നതാണ് എറണാകുളം ശക്തിപ്രകടനം സംഘടിപ്പിക്കുവാന്‍ മുന്‍ യാക്കോബായ വിഭാഗത്തെ പ്രേരിപ്പിച്ചതെന്നതില്‍ രണ്ടഭിപ്രായമില്ല. ആള്‍ക്കൂട്ട മനഃശാസ്ത്രം ചൂഷണം ചെയ്യുന്നതില്‍ വിജയിച്ചെങ്കിലും അമിതാവേശം ആ പക്ഷത്തിനെ കൊണ്ടെത്തിച്ചത് രാഷ്ട്രീയ ദുരന്തത്തിലും കടുത്ത കോടതിയലക്ഷ്യത്തിലുമാണ്. 
 
ആള്‍ക്കൂട്ട മതിഭ്രമം സമ്മാനിച്ച ആവേശമൊന്നുമല്ല ഇത്തരം തികച്ചും നിരുത്തരവാദപരമായ ആഹ്വാനങ്ങള്‍ക്കുപിന്നില്‍ എന്ന് യോഗത്തിന്റെ മുന്നൊരുക്കങ്ങളായി പ്രത്യക്ഷപ്പെട്ട നേതാക്കന്മാരുടെ പ്രസ്താവനകളില്‍നിന്നും സുവ്യക്തമാണ്. അവയിലേയ്ക്കും അവയുടെ പ്രത്യാഘാതങ്ങളിലേയ്ക്കും കടക്കുംമുമ്പ് എറണാകുളം യോഗവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കവിധം പ്രചരിപ്പിച്ച ചില വ്യാജപ്രസ്ഥാവനകളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാം.
 
‘ഓര്‍ത്തഡോക്‌സ് പക്ഷക്കാര്‍ കേസുകൊടുത്തു യാക്കോബായ വിശ്വാസികളെ പള്ളികളില്‍നിന്നും പുറത്താക്കി’ എന്നതാണ് ഇത്തരം പ്രചരണത്തിന്റെ കാതല്‍. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്. മുന്‍ യാക്കോബായ വിഭാഗം കോലഞ്ചേരി പോലുള്ള പള്ളികളെപ്പറ്റി കീഴ്‌കോടതിമുതല്‍ ഫയല്‍ചെയ്തു പരാജയപ്പെട്ട് അപ്പീല്‍ നല്‍കിയ കേസുകളിലാണ് 2017 ജൂലൈ 3-ലും തുടര്‍ന്നും ബഹു. സുപ്രീം കോടതി വിധികള്‍ പുറപ്പെടുവിച്ചത്. അതിന്റെ ചുവടുപിടിച്ച് കേരളത്തിലും സമാന വിധികളുണ്ടായി. അവയാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. 2017 ജൂലൈ 3-നു മുമ്പ് കോലഞ്ചേരിയിലടക്കം മാന്യമായ ഒത്തുതീര്‍പ്പിനു കളം ഒരുങ്ങിയതാണ്. അവയെല്ലാം അട്ടിമറിച്ചാണ് മുന്‍ യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. 
 
സുപ്രീംകോടതി വിധിയോടെ വിഭജനം നിരോധിക്കപ്പെട്ടു. അതിനാല്‍ അത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഇനി അസാദ്ധ്യമാണ്. ഇത് ‘ചോദിച്ചുവാങ്ങിയ വിധി’ എന്ന് ആരെങ്കിലും യാക്കോബായ നേതൃത്വത്തെ കുറ്റപ്പെടുത്തിയാല്‍ അതു അംഗീകരിക്കുക മാത്രമാണ് അവര്‍ക്കു കരണീയം.
 
കീഴ്‌കോടതി മുതല്‍ സുപ്രീംകോടതി വരെ കേസുകളും അപ്പീലുകളും നല്‍കി പരാജയപ്പെടുകയും റിവ്യൂ ഹര്‍ജി, ക്യൂറേറ്റീവ് പെറ്റീഷന്‍, ഭരണഘടനാ ബഞ്ച് മുതലായ നിയമപരമായ തുടര്‍സാദ്ധ്യതകള്‍ അന്വേഷിക്കുകയും ചെയ്തശേഷം ‘കോടതിവിധികള്‍ അനുസരിക്കില്ല’ എന്നു പരസ്യമായി പ്രഖ്യാപിക്കുന്നത് കടുത്ത കോടതിയലയക്ഷ്യം മാത്രമല്ല, തികഞ്ഞ വിരോധാഭാസവുമാണ്.  
 
‘യാക്കോബായ വിശ്വാസികളെ പള്ളികളില്‍നിന്നും പുറത്താക്കി’ എന്ന പ്രചരണവും തികച്ചും വാസ്തവവിരുദ്ധമാണ്. ആര്‍ക്കും വിശ്വാസികളെ പള്ളികളില്‍നിന്നും പുറത്താക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മലങ്കരസഭയിലെ എല്ലാ ഇടവകപ്പള്ളികള്‍ക്കും ബാധകമായ ഭരണക്രമം എന്നു സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള 1934-ലെ സഭാ ഭരണഘടന അനുസരിച്ചുള്ള ഭരണസംവിധാനം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ആ ഭരണഘടന അനുസരിച്ച് ഇടവകപ്പള്ളികള്‍ ഭരിക്കേണ്ടത് അതത് ഇടവകകളിലെ വിശ്വസികള്‍ തിരഞ്ഞെടുക്കുന്ന ഭരണസമതി മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയോ മനസിലാക്കാതെയോ പള്ളികളില്‍നിന്നും വിട്ടുനില്‍ക്കുന്ന മുന്‍ യാക്കോബായ വിശ്വാസികള്‍ തങ്ങളെ പുറത്താക്കി എന്നു വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല.
 
മുന്‍യാക്കോബായ നേതൃത്വം സൗകര്യപ്രദമായി മറക്കുകയോ അണികളില്‍നിന്നും മറച്ചു വയ്ക്കുകയോ ചെയ്യുന്ന ഒരു അടിസ്ഥാന വസ്തുത ഉണ്ട്. അത് ഓര്‍ത്തഡോക്‌സ് സഭയില്‍ രണ്ടുതരം പൗരത്വം ഇല്ല എന്നതാണ്. സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടപ്രകാരം എല്ലാ ഇടവകാംഗങ്ങള്‍ക്കും തുല്യ അവകാശമാണ്. ഇടവകഭരണ പ്രക്രിയയില്‍ അവരുടെ അധികാരവും തുല്യമാണ്. നിയമാനുസൃത ഇടവകാംഗങ്ങളെ മാറ്റിനിര്‍ത്തി 1934 ഭരണഘടനപ്രകാരം ഇടവകപ്പള്ളികള്‍ ഭരിക്കാന്‍ ആര്‍ക്കുമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറച്ചുവെക്കുന്നതും ഇതാണ്. 
  
അധിനിവേശ കാഷ്മീരിനെ ഉദാഹരണമാക്കാം. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണങ്കിലും 1947 മുതല്‍ അവിടെ പാകിസ്താന്റെ സമാന്തരഭരണമാണ് നിലനില്‍ക്കുന്നത്. നാളെ അധിനിവേശ കാശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ യൂണിയന്റെ നിയന്ത്രണത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക അവിടെ ഇന്ത്യന്‍ ഭരണഘടന നടപ്പാക്കുക എന്നതാണ്. അതോടെ അവിടെ അധിവസിക്കുന്നവര്‍ ഇന്ത്യന്‍ പൗരന്മാരാകും. അവിടെ ഗവര്‍ണര്‍, കളക്ടര്‍, തിരഞ്ഞെടുപ്പു കമ്മീഷണര്‍ മുതലായ അധികാരികളെ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിക്കും. അതേ സമയംതന്നെ ‘ഇന്ത്യന്‍ പൗരന്മാര്‍’ എന്ന പൂര്‍ണ്ണ അവകാശം ലഭിച്ച അവിടുത്തെ നിവാസികള്‍ തിരഞ്ഞെടുക്കുന്നവരാകും മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള അവരുടെ യഥാര്‍ത്ഥ ഭരണാധികാരികള്‍. എന്നാല്‍ നിയമാനുസൃതമാര്‍ഗ്ഗത്തിലുടെയല്ലാതെ ഗവര്‍ണര്‍, കളക്ടര്‍ മുതലായവരെ നിയമിക്കുവാന്‍ അവിടുത്തെ പൗരന്മാര്‍ക്ക് അധികാരവുമില്ല.  ഈ പ്രക്രിയകളിലൊന്നും പങ്കെടുക്കാതെ സ്വയം നാടുവിടുകയോ പൗരാവകാശപ്രക്രിയകള്‍ ബഹിഷ്‌ക്കരിക്കുകയോ ചെയ്യുന്നവര്‍ തങ്ങളെ പുറത്താക്കി എന്നു ആരോപിക്കുന്നതിനു സമാനമാണ് മുന്‍ യാക്കോബായ പക്ഷത്തിന്റെ ഈ വാദം.
 
മറുവശത്ത് സുപ്രീംകോടതി നിര്‍ദ്ദേശിച്ച സഭാഭരണഘടനയും ഭരണസംവിധാനവും അംഗീകരിച്ചവര്‍ക്ക് ‘ഇടവകാംഗം’ എന്ന നിലയിലുള്ള അവകാശങ്ങള്‍ നിഷേധിച്ചാല്‍ തീര്‍ച്ചയായും ഓര്‍ത്തഡോക്‌സ് സഭ പ്രതിക്കൂട്ടിലാകും. അത്തരമൊരു ശ്രമം മുന്‍ യാക്കോബായ പക്ഷത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
 
ഓര്‍ത്തഡോക്‌സ് സഭ അനുകൂലവിധി ‘വിലയ്ക്കുവാങ്ങി’ എന്ന ആരോപണവും ‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്ന പ്രസ്താവനയും അതീവ ഗൗരവമായ കോടതിയലക്ഷ്യമാണ്. ഇപ്പോള്‍ മുന്‍ യാക്കോബായ പക്ഷത്തെ പ്രകോപതിരാക്കിയത് 2017 ജൂലൈ 3-ന്  ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് അമിതാവ റോയ് എന്നിവരുടെ ബഞ്ച് കോലഞ്ചേരി പള്ളിയെപ്പറ്റി പുറപ്പെടുവിച്ച ഒരു വിധിമാത്രമല്ല, വിധിന്യായങ്ങളുടെ ഒരു പരമ്പരയാണ്. ഇവരെ കൂടാതെ ജസ്റ്റീസ് ശാന്തനഗൗഡര്‍, ജസ്റ്റീസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റീസ് പ്രഭുല്ല സി. പന്ത് എന്നിവരടങ്ങുന്ന വിവിധ ബഞ്ചുകളും ഈ തീയതിയ്ക്കു ശേഷം സമാനവിധികള്‍ പറപ്പെടുവിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, കൈയ്യടി നേടാന്‍ എറണാകുളത്ത് നടത്തിയ ഈ ഒരൊറ്റ പ്രസ്താവനയിലൂടെ ഇന്ത്യന്‍ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരെയാണ് ഒറ്റയടിക്ക് അഴിമതിക്കാരാക്കിയത്! 
 
സ്വതന്ത്ര അസ്തിത്വം ഉള്ള ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിതിയുടെ കെട്ടുറപ്പിനെ ചോദ്യംചെയ്യുന്ന ഈ പ്രസ്ഥാവന കോടതികള്‍ കണ്ടില്ലന്നു നടിക്കുമെന്നു കരുതുന്നത് മൗഡ്യമാണ്. കോടതിക്കെതിരെ വിവാദ പരാമര്‍ശനം നടത്തിയ ഒരു ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവിന്റെ പേരില്‍ സ്വമേധയാ കേസെടുത്തു ശിക്ഷിച്ച സമകാലിക ചരിത്രമുണ്ട് കേരളാ ഹൈക്കോടതിക്ക്. കേരളാ മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ കോടതിവിരുദ്ധ പരാമര്‍ശനത്തിനു ഇ.എം.എസ് നമ്പൂതിരിപ്പാടും മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ കൂടുതല്‍ ആനുകൂല്യമൊന്നും കോടതിയില്‍നിന്നും ഇപ്പോഴത്തെ പ്രസ്താവന നടത്തിയവര്‍ക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ട.
 
എറണാകുളം യോഗത്തില്‍ ഉയര്‍ത്തിയ മറ്റൊരു വിചിത്രവാദം മതപരമായ വിഷയങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ ഉണ്ടാക്കണം എന്നതാണ്. ഇത്തരമൊരു ട്രിബ്യൂണലിലൂടെ സുപ്രീം കോടതിയെ മറികടക്കാമെന്നോ നീതിനിര്‍വഹണം അനന്തമായി നീട്ടിക്കൊണ്ടുപോകാമന്നോ ഉള്ള വ്യാമോഹമാണ് ഈ ആവശ്യത്തിന്റെ പശ്ചാത്തലം. ഇന്ത്യന്‍ ഭരണഘടനയേയും നീതിന്യായവ്യവസ്ഥിതിയെപ്പറ്റിയുമുള്ള തികഞ്ഞ അജ്ഞതയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലുള്ളതെന്നു വ്യക്തം. ഇന്ത്യയില്‍ ഏതു ട്രിബ്യൂണല്‍ രൂപീകരിച്ചാലും അവയൊക്കയും സുപ്രീം കോടതിക്കു വിധേയമായിരിക്കും. ഉദാഹരണത്തിന് കാവേരി, ഹരിത ട്രിബ്യൂണലുകള്‍ മാത്രം എടുത്താല്‍ മതി. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചു മതപരമായ വിഷയങ്ങള്‍ക്ക് ട്രിബ്യൂണല്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്നതുതന്നെ സംശയമാണ്. പ്രത്യേകിച്ചും ഏറെ വിവാദമായ അയോദ്ധ്യാ കേസുപോലും വെറും സ്വത്തു തര്‍ക്കമായി മാത്രമേ പരിഗണിക്കൂ എന്നു സുപ്രീം കോടതി സമീപകാലത്ത് വ്യക്തമാക്കിയ സാഹചര്യത്തില്‍.
 
യഥാര്‍ത്ഥത്തില്‍ 2002 മുതലെങ്കിലും മലങ്കരസഭയില്‍ നിലവിലിരിക്കുന്നതും 2017 ജൂലൈ 3 വിധിയിലൂടെ സുപ്രീം കോടതി അവസാനിപ്പിച്ചതും കേവലം സ്വത്തുതര്‍ക്കമാണ്. ഇടവകപ്പള്ളികള്‍ ഏതു നിയമപ്രകാരം ആരു ഭരിക്കണമെന്നതായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ കേസിലും ഇക്കാലത്ത് കോടതിയുടെ മുമ്പില്‍ ഉയര്‍ന്ന ചോദ്യം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ഏതു നിയമപ്രകാരം ഇടവകക്കാര്‍ ഇടവകപ്പള്ളി ഭരിക്കണം എന്നതായിരുന്നു 2002-നു ശേഷം കോടതി പരിഗണിച്ചത്. ഇതിനുള്ള മറുപടിയാണ് ‘1934-ലെ മലങ്കരസഭാ ഭരണഘടന’ എന്നു 2017 ജൂലെ 3-ലെ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. ഇനി എന്തു ട്രിബ്യൂണല്‍ ഉണ്ടാക്കിയാലും ഈ വിധി നിലനില്‍ക്കും. കാരണം വര്‍ത്തമാനകാല വ്യവഹാരത്തില്‍ വിശ്വാസ-സഭാവിജ്ഞാനീയ വിഷയങ്ങള്‍ ഒന്നും നിലവിലില്ല. ഉണ്ടായിരുന്നെങ്കില്‍ അവയൊക്കെ 2002-നു മുമ്പ് കോടതി തീര്‍പ്പാക്കിയതാണ്. ഇനി അവ ഉന്നയിക്കുന്നതിന് ‘റെസ്ജുഡിക്കേറ്റ’ – വാദ തടസ്സം – എന്ന നിയമപ്രശ്‌നം നിലവിലുണ്ട്. 
    
ആരാധനാ സ്വാതന്ത്ര്യം, മൗലികാവകാശം മുതലായവ അനുവദിച്ചു കിട്ടണമെന്നതാണ് എറണാകുളത്ത് ഉയര്‍ത്തിയ മറ്റ് രണ്ട് ആവശ്യങ്ങള്‍. ഈ രണ്ടു വിഷയങ്ങളും 2017 ജൂലൈ 3-ലെ വിധിയില്‍ വ്യക്തമായും വിശദമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. നിഷേധിക്കപ്പെടാത്ത ആരാധനാ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നു തങ്ങള്‍ക്കു വിശ്വാസമില്ലാ എന്നു പ്രഖ്യാപിച്ച കോടതിയോടു ആവശ്യപ്പെടുന്നതുതന്നെ വിരോധാഭാസമാണ്.
 
2002 മുതല്‍ മുന്‍ യാക്കോബായ പക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന മുഖ്യവാദമാണ് മലങ്കരസഭ വിഭജിച്ചു രണ്ടായി  പിരിയുക എന്നത്. വിഭജനവാദം എറണകുളം സമ്മേളനത്തിലും ആവര്‍ത്തിച്ച് ഉന്നയിച്ചു. 140 വര്‍ഷം നീണ്ട സഭാ വ്യവഹാര പരമ്പരയില്‍ ഇതിനുമുമ്പ് ഒരിക്കല്‍പോലും ഇരുകക്ഷിയിലേയും ആരും ഉന്നയിക്കാതിരുന്ന ഒരു ആവശ്യമാണിത്. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം സ്വപ്‌നേനി ചിന്തിക്കാത്ത ഈ വാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത് മുന്‍ യാക്കോബായ വിഭാഗം നേതാക്കള്‍ക്ക് സ്വന്തം കസേര ഇളകാതിരിക്കാനും മലങ്കരസഭയില്‍ നിയമവാഴ്ച ഉണ്ടാകുന്നത് തടയുവാനുമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്.
 
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ അധികാരം മലങ്കരസഭയുടെമേല്‍ നിലനിര്‍ത്തുവാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് മുന്‍ യാക്കോബായ വിഭാഗം അവകാശപ്പെടുന്നത്. അതിനായി എറണാകുളം സമ്മേളനത്തില്‍ കോടതികളെ വെല്ലുവിളിക്കുകയും അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്‌തെങ്കിലും അതിനു നേരെ വിപരീതമായ സന്ദേശമാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ അവിടെ നല്‍കിയത്. ‘അനുരജ്ഞന സാദ്ധ്യതയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. ശ്രമങ്ങള്‍ ഫലവത്താകുംവരെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും വേരൂന്നി, ക്രിസ്തീയതയില്‍ അടിയുറച്ച ശ്രമങ്ങള്‍ തുടരണം. വിദ്വേഷവും അക്രമവും വെടിഞ്ഞ് നിയമം അനുശാസിക്കുന്ന സമാധാന മാര്‍ഗ്ഗം അവലംബിക്കണം’ എന്നാണ് എറണാകുളം സമ്മേളനത്തിനു പാത്രിയര്‍ക്കീസ് നല്‍കിയ സന്ദശം. ഈ സമാധാന സന്ദേശത്തിന്റെ പ്രതിദ്ധ്വനി അവസാനിക്കും മുമ്പാണ് വാരിക്കോലി പള്ളി അടിച്ചുതകര്‍ത്തത്!
 
കോടതി വിധി നടപ്പാക്കുന്നതു സര്‍ക്കാരിന്റ ഉത്തരവാദിത്വവും ബാദ്ധ്യതയും ആണെന്നു വിവിധകേസുകളില്‍ കോടതികള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനും പോലീസിനും കോടതി വിധികള്‍ മാനിച്ചേതീരൂ. ആള്‍ക്കൂട്ട മതിഭ്രാന്തൊന്നും അവിടെ വിലപ്പോകില്ല. രണ്ടു ദശാബ്ദം മുമ്പ് ശിവഗിരി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിച്ചതും കോടതി ശാസിച്ചപ്പോള്‍ ബലമായിത്തന്നെ വിധി നടത്താന്‍ നിര്‍ബന്ധിതമായതും മറക്കാനുള്ള കാലമായിട്ടില്ല. എന്തിന്? അഞ്ചു സംസ്ഥാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തിയിട്ടും ഒരു ഉത്തരേന്ത്യന്‍ ആള്‍ദൈവത്തെ തുറുങ്കിലടച്ചത് സമീപകാലത്താണ്. അതു തടയാന്‍ കുറെ അനുയായികള്‍ ജീവന്‍വെടിഞ്ഞതു മിച്ചം! 
 
ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണ്. കേന്ദ്രസര്‍ക്കാരിന് അതില്‍ ഇടപെടാനാവില്ല. തന്നെയുമല്ല, മുന്‍ യാക്കോബായ വിഭാഗം പുതുതായി ഏര്‍പ്പെട്ടു എന്നവകാശപ്പെടുന്ന രാഷ്ട്രീയ സഖ്യത്തില്‍നിന്നും ഒരു സഹായവും അവര്‍ക്ക് പ്രതീഷിച്ചുകൂടാ. കാരണം ‘തീവൃദേശീയത’ ലക്ഷ്യവും മാര്‍ഗ്ഗവുമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിദേശാധിപത്യം മടക്കികൊണ്ടുവരാനും ഇന്ത്യയുടെ നിയമവാഴ്ചയെ വെല്ലുവിളിക്കാനും ആശയപരമായി കൂട്ടുനില്‍ക്കാനാവില്ല. ചുരുക്കത്തില്‍ പുതിയ രാഷ്ട്രീയ സഖ്യംകൊണ്ട് മുന്‍യാക്കോബായ വിഭാഗം കേരളഭരണം നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സൗഹൃദവും പിന്തുണയും നഷ്ടപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം.
 
പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ കല്പനയ്ക്കുപോലും വിരുദ്ധമായി ‘പാത്രിയര്‍ക്കാ ഭക്തന്മാര്‍’ എന്നവകാശപ്പെടുന്ന നേതാക്കള്‍ കോടതിയെ വെല്ലുവിളിക്കുകയും ക്രമസമാധാനലംഘനത്തിനു ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് വ്യക്തിതാല്പര്യങ്ങള്‍ക്കു മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ആള്‍ക്കൂട്ടമതിഭ്രാന്തിനടിമകളായി എടുത്തുചാടുന്ന വിശ്വാസികളെ കാത്തിരിക്കുന്നത് പോലീസ്-കോടതി നടപടികളുടെ പരമ്പരയാണ്. അപ്പോള്‍ അവരെ രക്ഷിക്കാന്‍ ഈ നേതാക്കളാരും കാണില്ല. പാത്രിയര്‍ക്കീസിനും രക്ഷിക്കാനാവില്ല. കാരണം, നിയമം നിയമത്തിന്റെ വഴിക്കുപോകും.
  
വിവിധ ദിനപ്പത്രങ്ങളിലെ വാര്‍ത്തകളെ അധിഷ്ഠിതമാക്കി ഈ കുറിപ്പു തയാറാക്കുമ്പോള്‍ ഏറ്റവും ഹാസ്യാത്മകമായി ഉയര്‍ന്നു വന്നത് എറണാകുളം സമ്മേളനത്തെ ‘രണ്ടാം കുനന്‍കുരിശു സത്യം’ എന്നു വിശേഷിപ്പിച്ചതാണ്. 1653-ല്‍ വിദേശാധിപത്യത്തിനെതിരെ മലങ്കര നസ്രാണികള്‍ നടത്തിയ ഐതിഹാസിക വിപ്ലവമായ കൂനന്‍കുരിശു സത്യത്തെ ഇന്ത്യന്‍ സുപ്രീംകോടതി കടലിലൊഴുക്കിയ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ വിദേശാധിപത്യത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ നടത്തിയ സമ്മേളനവുമായി താരതമ്യപ്പെടുത്തിയത് ചരിത്രത്തിലുള്ള അജ്ഞത മൂലമാണോ?
 
വാല്‍ക്കഷണം – ‘കോടതി പണിത പള്ളി വേണമെങ്കില്‍ കോടതി കൊടുത്തോട്ടെ, സര്‍ക്കാരു പണിത പള്ളിയുണ്ടെങ്കില്‍ സര്‍ക്കാരു കൊടുത്തോട്ടെ. വിശ്വാസികള്‍ പണിത പള്ളി വിശ്വാസികള്‍ക്കിരിക്കും.’ ഏറെ കയ്യടി നേടിയ പ്രസ്ഥാവനയായിരുന്നു ഇത്. അവകാശത്തര്‍ക്കങ്ങളില്‍ ഇടപെടാനുള്ള കോടതിയുടെ അധികാരം ചോദ്യംചെയ്തതിന്റെ നിയമപ്രത്യാഘാതങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഇതിനെപ്പറ്റി ഒരു സരസന്റെ ഫേസ്ബുക്ക് കമന്റ്: ഒരു വിവാഹമോചനക്കേസ് അനുവദിച്ച കോടതി കുട്ടിയുടെ കൈവശം മാതാവിനു നല്‍കി. ഇതില്‍ രോഷാകുലനായ പിതാവ്; ‘അതെങ്ങിനെ ശരിയാകും? കോടതിക്കു കുട്ടിയുണ്ടേല്‍ അവള്‍ക്ക് കൊടുത്തോട്ടെ. എന്റെ കുട്ടിയെ ഞാന്‍ വളര്‍ത്തും’ എന്നു പറഞ്ഞത്ര!
 
 
 
Shares
error: Thank you for visiting : www.ovsonline.in