പരുമല തിരുമേനിയുടെ ഫോട്ടോകൾ എടുത്തിട്ടുള്ള കാലഘട്ടവും സന്ദർഭവും

നിലവിൽ പരിശുദ്ധ പരുമല തിരുമേനിയുടെതായി 5 യതാർഥ ഫോട്ടോകൾ മാത്രമേ ലഭ്യമായിട്ടുള്ളു. അടുത്ത കാലത്തായി മറ്റു പല മെത്രാന്മാരുടെയും ചിത്രങ്ങൾ അനാവശ്യമായ പഴക്കം കൂട്ടിച്ചേർത്ത്, പരുമല തിരുമേനിയുടെതെന്ന പേരിൽ ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ ഉദ്ദേശം കുറെ ലൈക്ക് വാങ്ങി കൂട്ടുക എന്നതിനപ്പുറം മറ്റൊന്നുമില്ല. കുറിച്ചി ബാവയുടെയും, മക്കാറിയോസ് തിരുമെനിയുടെയുമൊക്കെ പഴയ ചിത്രങ്ങൾ പരുമല തിരുമേനിയുടെതെന്ന പേരിൽ പോസ്റ്റ്‌ ചെയ്ത് തെറ്റായ പ്രചരണം നടത്തുന്നവർക്ക് സ്വയം തിരുത്താൻ ഈ പോസ്റ്റ്‌ ഉപകരിക്കും എന്ന് കരുതുന്നു.

പരുമല തിരുമേനിയുടെ ഫോട്ടോകൾ എടുത്തിട്ടുള്ള കാലഘട്ടവും സന്ദർഭവും ചുവടെ വിശദീകരിക്കുന്നു.

1. 1902ൽ ഡിക്രൂസ് എടുത്ത ചിത്രം:

പരുമല തിരുമേനിയുടെ നിലവിലുള്ള ചിത്രങ്ങളിൽ, ഏറ്റവും വ്യെക്തമായ ചിത്രമാണ് ട്രാവൻകൂർ ഗവർണ്‍മെന്റിന്‍റെ ഔദ്യോകിക പ്രസദ്ധീകരണമായ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിന് വേണ്ടി 1902- ൽ ഡിക്രൂസ് സായിപ്പ് എടുത്ത ചിത്രം. അന്നത്തെ ദിവാൻ ആയിരുന്ന ബഹുദൂർ നാഗം അയ്യായുടെ നിർദേശപ്രകാരം എടുത്ത ഈ ചിത്രമാണ് പിന്നീട് രാജ രവി വർമ്മയെ പോലുള്ള ചിത്രകാരന്മാർ പകർത്തി വരച്ചിട്ടുള്ളത്. പരുമല തിരുമെനിയുടെതായി ഇന്ന് പ്രചാരത്തിലുള്ള എണ്ണശ്ചായ ചിത്രങ്ങൾ എല്ലാം ഇതിന്‍റെ പകർപ്പാണ്.

2. എ. ഡി 1882 ൽ എടുത്ത ഒരു ഗ്രൂപ്പ്‌ ഫോട്ടോ:

പരുമല തിരുമേനിയുടെ നിലവിൽ ലഭ്യമായ രണ്ടാമത്തെ ചിത്രം ഒരു ഗ്രൂപ്പ്‌ ഫോട്ടോയിൽ നിന്നുള്ളതാണ്. മദ്രാസ്‌ ഗവർണറുടെ കൊച്ചി സന്ദർശനത്തോട് അനുബന്ധിച്ച്, കൊച്ചിയിലെ ബ്രിട്ടീഷ്‌ ഭരണാധികാരി 1882 ചിങ്ങം 19നു കേരളത്തിലെ ക്രിസ്ത്യൻ ബിഷപ്പുമാരുടെ ഒരു യോഗം കൊച്ചിയിലെ ബ്രിട്ടീഷ്‌ ആസ്ഥാനത്ത് വിളിച്ചു കൂട്ടുകയുണ്ടായി. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ എക്യുമിനികൽ മീറ്റിംഗ് എന്ന് കരുതപ്പെടുന്ന ഈ യോഗത്തിൽ മലങ്കര മെത്രാൻ പുലിക്കോട്ടിൽ തിരുമേനിക്കൊപ്പം പരിശുദ്ധ പരുമല കൊച്ചുതിരുമേനി എത്തിച്ചേരുകയും മുറിമറ്റത്തിൽ തിരുമേനി, ശമവൂൻ മാർ ദിവന്ന്യാസിയോസ് എന്നിവർക്കൊപ്പം ഇതര സഭകളുടെ മെത്രന്മാരുമായും, റമ്പാൻമാർ, വൈദീകർ, ശേമ്മാശന്മാർ എന്നിവരുമായി ചേർന്ന് കൊച്ചി പോഞ്ഞിക്കരയിലെ ബ്രിട്ടീഷ്‌ ആസ്ഥാനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുകയുണ്ടായി. ഈ ചിത്രത്തിൽ വലത്ത് നിന്ന് രണ്ടാമത് ഇരിക്കുന്നത് പരുമല തിരുമേനിയാണ്. (ചിത്രം ചേർത്തിട്ടുണ്ട്). തിരുമേനിയുടെ 34 -ആം വയസ്സിൽ എടുത്ത ചിത്രമാണിത്.

3. എ. ഡി1899 ൽ എടുത്ത ഒരു ഗ്രൂപ്പ്‌ ഫോട്ടോ:

ഈ ഫോട്ടോയെടുക്കപ്പെട്ട സന്ദർഭം വ്യെക്തമല്ലെങ്കിലും, പുലിക്കോട്ടിൽ തിരുമേനി, മുറിമറ്റത്തിൽ തിരുമേനി, കടവിൽ തിരുമേനി, വട്ടശേരിൽ ഗീവർഗീസ് കത്തനാർ മുതലായവർക്കൊപ്പം ചിത്രത്തിൽ ഉള്ളത് പരുമല തിരുമേനിയാണെന്ന് വ്യെക്തമാണ്. (ചിത്രം  ചേർത്തിട്ടുണ്ട്)

4. 1902 നവംബർ 3 ഖബറടക്ക ദിവസം പൂർണ്ണ അംശവസ്ത്രത്തിൽ എടുത്ത ചിത്രം:

5. എ. ഡി 1877 ൽ തിരുമേനിയുടെ 29 ആം വയസ്സിൽ എടുത്ത ചിത്രം:

ചിത്രം പ്രസദ്ധീകരിച്ചത് തിരുമേനിയുടെ തറവാടായ ചത്തുരുത്തി കുടുംബക്കാരാണ്. 2000 -ൽ പരുമല പള്ളിയുടെ കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുണ്യസ്മൃതി എന്ന സുവനീറിലാണ് ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

Shares
error: Thank you for visiting : www.ovsonline.in