മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളോട് കുറച്ചു വാക്കുകൾ

ഈ മാസം മൂന്നാം തീയതി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ ഒരു യോഗം കൂടുന്ന വിവരം നിങ്ങളേവരും അറിഞ്ഞിരിക്കുമല്ലോ. മലങ്കര സഭ നേരിടുന്നതായ പ്രതിസന്ധിഘട്ടത്തിൽ മലങ്കര സഭ ഒന്നടങ്കം അണി നിരന്ന് സഭയുടെ സ്വത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളിൽ നിക്ഷിപ്തമാണ്. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ മലങ്കര സഭയുടെ ഭാവി തന്നെ നിർണയിക്കും. യാതൊരുവിധ രാഷ്ട്രീയ- സ്വാർത്ഥതാൽപര്യങ്ങൾക്കും അടിമപ്പെടാതെ മലങ്കര സഭയുടെ അഭിമാനവും, സ്വാതന്ത്ര്യവും, സ്വത്വവും കാത്തുസംരക്ഷിക്കുക എന്ന ഒരു ഭാരിച്ച ദൗത്യം നമുക്ക് ഒരുമിച്ച് ഏറ്റെടുക്കാം. നിങ്ങളുടെ തീരുമാനങ്ങളിൽ സത്യസന്ധതയും നിലപാടുകളിൽ വ്യക്തതയും ഉണ്ടായിരിക്കണം. എടുത്ത നിലപാടുകൾ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതുവരെ യാതൊരു കാരണവശാലും മാറ്റം വരുത്തുകയില്ല എന്ന ഉറച്ച തീരുമാനവും നമുക്കുണ്ടാകണം.
സഭയെ വഞ്ചിക്കുന്നവരെ തിരിച്ചറിയുവാനും സഭയെ സഹായിക്കുന്നവരെ കൂടെ നിർത്തുവാനും നമുക്ക് കഴിയണം.
നീതി-ന്യായ കോടതികളിൽനിന്ന് ദൈവത്തിൻറെ അളവറ്റ കരുണയാലും കൃപയാലും നമുക്ക് ലഭിച്ചിരിക്കുന്നതായ ഉത്തരവുകളും വിധിന്യായങ്ങളും അതേപടി നടപ്പിൽ  വരുത്തുവാൻ ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് പ്രേരകശക്തിയായി വർത്തിക്കുവാൻ അസോസിയേഷൻ അംഗങ്ങൾക്ക് സാധിക്കണം. നാം ആരുടെയും ഒരു ഔദാര്യമോ സൗജന്യമോ ആവശ്യപ്പെടുന്നില്ല. ഇന്ത്യാമഹാരാജ്യത്ത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും ഇന്ത്യൻ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥിതിയേയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സഭ എന്ന നിലയിലും നമുക്ക് അർഹമായ നീതിയും ന്യായവും നടത്തി തരേണ്ടത് ഈ രാജ്യത്തെ ഭരണഘടനാനുസൃതമായി ഭരണം നടത്തുന്ന സർക്കാരുകളുടെ കടമയും, ഉത്തരവാദിത്വവും, ബാധ്യതയുമാണ്.
എന്നാൽ ഭരണം നടത്തുന്ന സർക്കാരുകൾക്ക് നേതൃത്വംനൽകുന്ന ചില രാഷ്ട്രീയക്കാർ അവരവരുടെ രാഷ്ട്രീയ ഭാവിക്കും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി അവരുടെ കടമകളും കർത്തവ്യങ്ങളും മറന്നുപോകുന്നതായ അവസ്ഥ സംജാതമാക്കുന്നു. പലപ്പോഴും മലങ്കര സഭാംഗങ്ങൾക്കും വോട്ടുകൾ ഉണ്ട് എന്ന യാഥാർത്ഥ്യം നോട്ടുകൾക്കിടയിൽ പെട്ടുപോകുന്നുണ്ടോ എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്തുവാൻ കഴിയില്ല. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപെട്ട വിശ്വാസികൾ മലങ്കരസഭയിൽ ഉണ്ട്. ആയതുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ വിധേയത്വമോ ശത്രുതയോ പുലർത്തേണ്ട ആവശ്യമില്ല. എന്നാൽ മലങ്കര സഭയെ ദ്രോഹിക്കുന്നവർക്കെതിരെ ശബ്ദമുയർത്താനുള്ള ആർജ്ജവവും നിശ്ചയദാർഢ്യവും നമുക്കുണ്ട് എന്ന് ഓർമപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം നിങ്ങൾ (മലങ്കര അസോസിയേഷൻ അംഗങ്ങൾക്ക്) ക്കുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നു.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in