ആ വാതിലുകൾ തുറന്നു; എല്ലാർക്കുമായി, എന്നേക്കുമായി

മലങ്കര നസ്രാണികളുടെ രാജകുമാരൻ തൃക്കുന്നത്ത് സെമിനാരിയുടെ പടിവാതിലുകൾ കടക്കുമ്പോൾ സ്വർഗ്ഗവും ഭൂമിയും ഒരുപോലെ സന്തോഷിച്ചിട്ടുണ്ടാവും. തന്‍റെ മുൻഗാമികളുടെയും വിശ്വാസവീരന്മാരുടെയും വലിയ പ്രാർത്ഥനയും ആഗ്രവുമായിരുന്ന തൃക്കുന്നത്ത് സെമിനാരിയിലേക്കുള്ള പ്രവേശനം സാധ്യമായത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയിലൂടെയാണ്. ഏറെ ചരിത്രം പറയാനുള്ള ആ മണ്ണും മരങ്ങളും ചുവരുകളും പോലും ആ നിമിഷം മലയാങ്കരയോടൊപ്പം ആവേശത്തിൽ അണിചേർന്നിട്ടുണ്ടാവും.

മലങ്കര സഭയുടെ അവകാശത്തെ അംഗീകരിച്ച കോടതി ഉത്തരവുമായി എത്തി അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമേനി ആ പൂട്ട് തുറന്നപ്പോൾ കാലം കാത്തുവെച്ച നീതി നടപ്പാക്കപ്പെട്ടു. അന്ധകാരത്തിനും ചിതലിനും പാത്രമായി കിടന്ന ദേവാലയം പൂർവ്വസ്ഥിതിയിൽ ദൈവീക ചൈതന്യം നിറഞ്ഞതാക്കാൻ വിയർപ്പൊഴുക്കിയത് വൈദീകസ്ഥാനികളും വിശ്വാസി സമൂഹവും ഒന്നായി ചേർന്നാണ്. വിജയത്തിന്‍റെയും സന്തോഷത്തിന്‍റെയും തീവ്രതയിൽ നിൽക്കുമ്പോഴും മാർത്തോമ്മായുടെ മക്കൾ പ്രാർത്ഥനകളും ധൂപവും ഉയർത്തി വിനയത്തോടെ ദൈവത്തെ സ്‌തുതിച്ചു. നൂറ് വയസുള്ള മൈലപ്രയിലെ റമ്പാച്ചൻ മുതൽ കൈകുഞ്ഞുങ്ങൾ വരെയുള്ള പത്തനായിരങ്ങൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായെങ്കിൽ അത് കാണിക്കുന്നത് ഞങ്ങൾക്ക് ആ മണ്ണിനോടുള്ള ബന്ധത്തിന്‍റെ ആഴമാണ്.

”നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു’‘ എന്ന സങ്കീർത്തനക്കാരന്‍റെ വർണന യാഥാർഥ്യമായി ദിനം കൂടിയായിരുന്നു 2018 ജനുവരി 26. നീതി നടപ്പായപ്പോൾ സമാധാനവും ഉണ്ടായി. സഭാ വിത്യാസമില്ലാതെ വിശ്വാസികൾ എല്ലാവരും ഒന്നായി ആ ദേവാലയത്തിലേക്കും പിതാക്കന്മാരുടെ കബറിങ്കലേക്കും എത്തി പ്രാർത്ഥിച്ചു മടങ്ങി. ഇതാണ് മലങ്കര സഭയും പരിശുദ്ധ പിതാവും ആഗ്രഹിച്ച സമാധാനം. ഇനിയും മലങ്കരയിൽ സമാധാനത്തിന്‍റെ കാലമാണ് പക്ഷേ അത് ചിലരുടെ വർണന പോലെ കുറച്ചു കാലത്തേക്ക് തട്ടിക്കൂട്ടി ഉണ്ടാക്കുന്നതോ നാട്ടുകാരുടെ കൈയടി വാങ്ങിക്കാൻ ചെയ്യുന്നതോ ആയിരിക്കില്ല മറിച്ച് മലങ്കര സഭ ഈ ഭൂമിയിൽ നിലനിൽക്കുന്ന കാലത്തേക്ക് മുഴുവൻ വേണ്ടിയുള്ളതാണ്. ഈ വാതിൽ തുറന്ന പോലെ നീതിയും ന്യായവും ആകുന്ന താക്കോലിട്ട് അടഞ്ഞുകിടക്കുന്ന എല്ലാ ദേവാലയങ്ങളുടെയും വാതിൽ മലങ്കര സഭ തുറക്കും. എല്ലാവർക്കുമായി, എന്നേക്കുമായി.

അബി എബ്രഹാം കോശി

error: Thank you for visiting : www.ovsonline.in
%d bloggers like this: