മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനം കാതോലിക്കേറ്റിനു മുമ്പ്

കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളില്‍ മലങ്കര നസ്രാണികളുടെ ഏറ്റവും തീവ്രമായ വികാരമായിരുന്നു മാര്‍തോമ്മാ പൈതൃകം. പോര്‍ട്ടുഗീസ് കാലഘട്ടത്തിലെ റോമന്‍ കത്തോലിക്കാ കടന്നുകയറ്റത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധം മലങ്കര നസ്രാണികള്‍ തീര്‍ത്തത്, മാര്‍ത്തോമ്മായുടെ “മാര്‍ഗ്ഗവും വഴിപാടും” (വിശ്വാസവും ജാതിയും) എന്ന അടിസ്ഥാനത്തിലായിരുന്നു. ഈ പൈതൃകത്തിന്‍റെ ഭാഗമായാണ് 1912 മുതല്‍ തന്നെ മലങ്കരയിലെ പൗരസ്ത്യ കാതോലിക്കാമാര്‍ ‘മാര്‍തോമ്മാ ശ്ളീഹായുടെ‘ സിംഹാസനം എന്ന സംജ്ഞ ഉപയോഗിച്ചുവന്നത്. മലങ്കരയിലെ ഒന്നും രണ്ടും പൗരസ്ത്യ കാതോലിക്കാമാരുടെ തലവാചകത്തില്‍ “മാര്‍തോമ്മാ ശ്ളീഹായുടെ സിംഹാസനം” ഉപയോഗിച്ച രേഖകള്‍ ലഭ്യമാണ്.

എന്നാല്‍ അതിലും പിമ്പോട്ടു പോയാല്‍ മലങ്കര സഭയെ മൂന്നു നൂറ്റാണ്ടുകാലം ഭരിച്ച മലങ്കര മെത്രാന്മാരും അതിനും മുമ്പ് സഭാദ്ധ്യക്ഷന്‍മാരായി വന്ന പേര്‍ഷ്യന്‍ മെത്രാന്‍മാരും മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനം ഉപയോഗിച്ചിരുന്നു. അവയില്‍ ഏതാനും ചിലതുമാത്രമാണ് ഈ ലേഖനത്തിന്‍റെ പ്രതിവാദ്യവിഷയം.

മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം പ്രതിപാദിക്കുന്ന ആദ്യരേഖ എ.ഡി. 1301 -ല്‍ കൊടുങ്ങല്ലൂര്‍ വെച്ച് ഒരു സഖറിയ ശെമ്മാശന്‍ പകര്‍ത്തിയെഴുതിയ കല്‍ദായ സുറിയാനി വേദവായനക്കുറിപ്പു പുസ്തകമാണ്. വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിക്കുന്ന ടി. ഗ്രന്ഥത്തിന്‍റെ (Vat.Syr.22) കോലഫോണ്‍ (പകര്‍പ്പെഴുത്തു വിവരം)-ല്‍ അന്ന് ഭരിക്കുന്ന മെത്രാപ്പോലീത്തായെപ്പറ്റി ‘ഞങ്ങളുടെ തലവനായ മാര്‍ യാക്കോബ്, മാര്‍ തോമാശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്‍റെയും (The holy see of Apostle Mar Thomas) ഇന്ത്യന്‍ സഭ മുഴുവന്‍റെയും അദ്ധ്യക്ഷനും തലവനും’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് 2. (റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പാ “The Holy Roman See” എന്നുപയോഗിക്കുന്നതുമായി താരതമ്യം ചെയ്യുക).

1653 -ല്‍ കൂനന്‍ കുരിശു സത്യം മുതല്‍ 1815 വരെ മലങ്കര ഭരിച്ച ഒന്‍പതു മെത്രാന്‍മാരുടെയും സ്ഥാനനാമം മാര്‍ത്തോമ്മാ എന്നായിരുന്നു. ഇവരില്‍ മൂന്നു പേരുടെയെങ്കിലും സ്വന്തം പേര് വ്യത്യസ്തമായിരുന്നു. ഈ സ്ഥാനനാമം മാര്‍ത്തോമ്മാ സിംഹാസനത്തിന്‍റെ ബഹിര്‍സ്ഫുരണമായി വേണം കണക്കാക്കാന്‍.

വ്യക്തമായും “മാര്‍ത്തോമാ ശ്ലീഹായുടെ സിംഹാസനം” എന്നു പരാമര്‍ശിക്കുന്ന ലഭ്യമായ ആദ്യരേഖ 1817 വൃശ്ചികം രണ്ടിന് കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ, പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മൂന്നാമന്‍ മെത്രാപ്പോലീത്തായെ ‘മലങ്കരയുടെ സിംഹാസനത്തിലേക്ക് മെത്രാപ്പോലീത്താ‘ ആയി നല്‍കിയ സ്താത്തിക്കോനാണ്. ഈ സ്താത്തിക്കോനില്‍ തന്‍റെ സ്ഥാനനാമമായി മാര്‍ പീലക്സീനോസ് ചേര്‍ത്തിരിക്കുന്നത് ‘തോമസ് അപ്പോസ്തോലന്‍റെ സിംഹാസനമാകുന്ന മലങ്കരയുടെയും ഇന്ത്യ മുഴുവന്‍റെയും സിംഹാസനത്തില്‍ ഗീവര്‍ഗീസ് എന്നു പേരുള്ള പീലക്സീനോസ് മെത്രാപ്പോലീത്താ’ എന്നാണ്. സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്താ 1816 നവംബര്‍ 24 -ന് കാലം ചെയ്തതിനെ തുടര്‍ന്ന് മാര്‍ പീലക്സീനോസ് മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനമേറ്റിരുന്നു.

എന്നാല്‍ ഇതിനു മുമ്പ് പകലോമറ്റം കുടുംബവാഴ്ച അവസാനിപ്പിക്കുന്നതിനും ഇട്ടൂപ്പ് റമ്പാനെ മലങ്കര മെത്രാപ്പോലീത്താ ആക്കണമെന്നുള്ള കേണല്‍ മണ്‍റോയുടെ ആവശ്യം പരിഗണിക്കുന്നതിനുമായി മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടാനുള്ള മാര്‍ പീലക്സീനോസിന്‍റെ കല്‍പനയില്‍ “തൊഴിയൂര്‍ ഇടവകയുടെ മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ” എന്നു മാത്രമായിരുന്നു തലവാചകം. രണ്ടു വര്‍ഷത്തിന്‍റെ ഇടവേളയിലുള്ള ഈ കല്‍പനകളിലെ തലവാചകത്തിലെ വ്യത്യാസത്തില്‍ നിന്ന് മനസിലാകുന്നത് ഇതിനിടയില്‍ അദ്ദേഹത്തിനു ലഭിച്ച ആക്ടിംഗ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമാണ് അദ്ദേഹത്തെ മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനാക്കിയത് എന്നാണ്.

അടുത്ത രേഖ മലങ്കര മെത്രാപ്പോലീത്താ ചേപ്പാട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ തൊഴിയൂര്‍ ഇടവകയുടെ കുത്തൂര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് കൊ.വ. 1005 (AD.1830) മീനം 15-നു നല്‍കിയ സ്താത്തിക്കോനാണ്. “ദൈവകൃപയാല്‍ ഇന്ത്യയുടെ അതൃത്തിയിലുള്ള മലയാളത്തില്‍ വസിക്കുന്ന ക്രിസ്തുവിന്‍റെ ആട്ടിന്‍ കുട്ടികളുടെയും പെണ്ണാടുകളുടെയും ഇടയനും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്‍റെ പിതാവും പരിശുദ്ധനും ഭാഗ്യവാനുമായ മാര്‍ തോമസ് അപ്പോസ്ഥോലന്‍റെ സിംഹാസനാരൂഢനുമായിരിക്കുന്ന ഫിലിപ്പോസെന്ന ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആയ നാം…” എന്നാണ് സ്താത്തിക്കോന്‍ ആരംഭിക്കുന്നത്.

മാര്‍ ദിവന്യാസ്യോസ് നാലാമന് 1840 കന്നി 1-നു അന്ത്യോഖ്യായുടെ പ. ഏലിയാസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് അയച്ച കല്‍പ്പനയില്‍ മലങ്കരസഭയെ വിശേഷിപ്പിച്ചിരിക്കുന്നത്. “പരിശുദ്ധ അപ്പോസ്തോലനായ മാര്‍ത്തോമ്മായുടെ സിംഹാസന ഇടവക” എന്നാണ്. 1848 -ലെ കൊച്ചി പഞ്ചായത്തു വിധിപ്രകാരം മലങ്കര മെത്രാന്‍ സ്ഥാനം പ്രാപിച്ച പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് “പരിശുദ്ധ മാര്‍ ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം” എന്ന സ്ഥാനം ഉപയോഗിച്ചിരുന്നു. തോമസ് അത്താനസ്യോസിനെ തന്‍റെ പിന്‍ഗാമിയായി വാഴിച്ചപ്പോള്‍ നല്‍കിയ സ്ഥാത്തിക്കോനില്‍ അദ്ദേഹം മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനാരൂഡനാണെന്നും പിന്‍ഗാമിയെ വാഴിക്കുന്നത് ആ സിംഹാസനത്തിലേയ്ക്കാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.  കൊല്ലവര്‍ഷം 1048 (1873) -നു മുമ്പു തന്നെ അദ്ദേഹം കല്പനകളില്‍ മലങ്കര സിംഹാസനം എന്നെഴുതുക പതിവായിരുന്നു എന്ന് തോമസ് അത്താനാസ്യോസ് സെമിനാരിക്കേസില്‍ മൊഴികൊടുത്തിട്ടുണ്ട്. നവീകരണ സുറിയാനിക്കാര്‍ (മാര്‍ത്തോമ്മ സഭ) അവരുടെ സഭാതലവനെ സംബോധന ചെയ്യുന്നത് “മലങ്കര ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്താ” എന്നാണ്. ഇപ്പോള്‍ അവരുടെ കല്പനകളുടെ തലവാചകം “മലങ്കര ശ്ലീഹായുടെ സിംഹാസനത്തിന്‍റെ ……….. മാര്‍തോമ്മാ മെത്രാപ്പോലീത്താ” എന്നാണ്.

1846-ല്‍ മലങ്കരെ എത്തി, മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിനു അവകാശവാദം ഉന്നയിക്കുകയും 1848 -ലെ കൊച്ചി പഞ്ചായത്തു വിധിമൂലം ആസ്ഥാനം ലഭിക്കാതെ പോവുകയും ചെയ്ത അന്ത്യോഖ്യന്‍ മേല്‍പ്പട്ടക്കാരനായിരുന്നു യുയാക്കിം മാര്‍ കൂറീലോസ്. 1874-ല്‍ കാലം ചെയ്യുന്നതു വരെയും അദ്ദേഹം അധികാരമില്ലെങ്കിലും “മലങ്കര മെത്രാപ്പോലീത്ത” എന്നു ഭാവിച്ചിരുന്നു. അദ്ദേഹം സ്ഥാപിച്ച ഫോര്‍ട്ടുകൊച്ചി പള്ളിയില്‍ ഉപയോഗിച്ചിരുന്ന തബ്ലൈത്തയില്‍ “ഇന്ത്യയിലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ യുയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായുടെ കൈകളാല്‍…………..” എന്നു സുറിയാനിയില്‍ എഴുതിയിട്ടുണ്ട്.

1857 -ല്‍ മലങ്കര സന്ദര്‍ശിച്ച യറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസായ മാര്‍ ഗ്രീഗോറിയോസ് അബ്ദേദുനുഹറോ 1857 മീനം 13-നു റാക്കാട്ടുപള്ളി സന്ദര്‍ശിച്ചു. അതിന്‍റെ സ്മാരകമായി അദ്ദേഹം അവിടുത്തെ വി. മദ്ബഹായില്‍ സ്ഥാപിച്ച ശിലാരേഖയില്‍ യുയാക്കിം കൂറിലോസിനെ “മലങ്കരയുള്ള മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ വാഴുന്ന” എന്നാണ് വിശേഷിപ്പിക്കുന്നത്.

പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദിവന്നാസിയോസ് അഞ്ചാമനെ (1865-1909) പറ്റി കടുത്ത അന്ത്യോഖ്യാ ഭക്തനായ ഇ.എം. ഫിലിപ്പ് “മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍ മാര്‍തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ വാഴ്ച ഉറപ്പിക്കുകയും ചെയ്തു” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1889-ലെ റോയല്‍ കോടതി വിധിയില്‍ അവസാനിച്ച നവീകരണക്കാരുമായുള്ള കേസിന്‍റെ പ്രധാന നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കാന്‍ അവസരം ലഭിച്ച കൂര്‍മബുദ്ധിയായ ഇ.എം. ഫിലിപ്പ് കേവലം ആലങ്കാരികമായി ഈ പദപ്രയോഗം നടത്തിയെന്ന് വിശ്വസിക്കാന്‍ സാദ്ധ്യമല്ല.

ഇതുപോലെ തന്നെ വി. പത്രോസ് ശ്ലീഹായ്ക്കു മാത്രമേ സിംഹാസനമുള്ളൂ എന്ന വാദം നിരര്‍ത്ഥകമാണ്. മലങ്കരയില്‍ മാത്രമല്ല ക്രൈസ്തവ ലോകത്തെ പല സഭകളും അവരുടെ തലവന്മാരുടെ സ്ഥാനപ്പേരില്‍ ‘സിംഹാസനം’ ഉപയോഗിക്കുന്നുണ്ട്. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തില്‍ പെടുന്ന കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവന്‍ “അലക്സന്ത്ര്യായുടെ പോപ്പും വിശുദ്ധ മര്‍ക്കോസിന്‍റെ സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസും”(Pope of Alexandria and Patriarch of the See of St. Mark) എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴത്തെ സഭാതലവന്‍ പോപ്പ് ഷെനൗഡാ III, വി. മര്‍ക്കോസ് മുതലുള്ള 117-ാമത്തെ പാത്രിയര്‍ക്കീസാണ്. സമന്മാരായ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ ഇടയില്‍ അദ്ദേഹത്തിന് ഒന്നാം സ്ഥാനമാണുള്ളത്. വി. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായ പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് രണ്ടാം സ്ഥാനവും. നാലാം നൂറ്റാണ്ടിലെ സ്ഥാനക്രമമനുസരിച്ചാണിത്.

അര്‍മേനിയന്‍ സഭയില്‍ “വിശുദ്ധ എച്ച്മിയാഡ്സിനിലെ മാതൃസിംഹാസനത്തിലെ” സുപ്രിം കാതോലിക്കായുടെ കീഴ്സ്ഥാനി മാത്രമായ ജറുസലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കീസ് “വിശുദ്ധ യാക്കോബിന്‍റെ ശ്ലൈഹിക സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസ്” (Patriarch of the Apostolic Throne of St. James) എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. നമ്മുടെ കര്‍ത്താവിന്‍റെ സഹോദരനും ഊര്‍ശ്ലേമിലെ ഒന്നാമത്തെ എപ്പിസ്ക്കോപ്പായുമായ മാര്‍ യാക്കോബിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ശ്ലീഹന്മാരായ വി. ബര്‍ത്തലോമിയായുടെയും വി. തദ്ദായിയുടെയും പിന്‍ഗാമിയായ സുപ്രിം കാതോലിക്കായ്ക്ക് തന്‍റെ കീഴ്സ്ഥാനിയായ ജറുസലേം പാത്രിയര്‍ക്കീസ് ഈ സ്ഥാനപ്പേര് ഉപയോഗിക്കുന്നതില്‍ യാതൊരെതിര്‍പ്പുമില്ല. ഒരേ സഭയില്‍ തന്നെ ഒന്നിലധികം ശ്ലൈഹിക സിംഹാസനമാകാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണിത്. അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ് ജറുസലേമിലെ അര്‍മേനിയന്‍ മെത്രാന്‍ “പാത്രിയര്‍ക്കീസ്” എന്ന സ്ഥാനപ്പേരു സ്വീകരിക്കുന്നത്.

എത്യോപ്യയുടെ പാത്രിയര്‍ക്കീസും വി. തക്ലേഹൈമനോത്തിന്‍റെ സിംഹാസനത്തിന്‍റെ എസ്ചെഗ്വേയും” (Patriarch of Ethiopia and Echegue of the See of St.Teklehaymanot) എന്നാണ് എത്യോപ്യന്‍ സഭാദ്ധ്യക്ഷന്‍റെ സ്ഥാനനാമം. ഇപ്പോഴത്തെ ആബുനാ പൗലോസ്, അഞ്ചാമത്തെ പാത്രിയര്‍ക്കീസും 62-ാമത്തെ എസ്ചെഗ്വേയുമാണ്. 13-ാം ശതകത്തിലെ വി. തക്ലേഹൈമനോത്തിനെയാണ് ഒന്നാമത്തെ എസ്ചെഗ്വേയായി പരിഗണിക്കുന്നത്. 16-ാം നൂറ്റാണ്ടിനു മുമ്പ് മലങ്കര സഭയിലുണ്ടായിരുന്ന അര്‍ക്കദ്യാക്കോന്‍ (Archdeacon) പദവിക്കു സമാനമാണ് കോപ്റ്റിക് ബിഷപ്പിനു കീഴിലുണ്ടായിരുന്ന എസ്ചേഗ്വേ പദവി.

മലങ്കര സഭാ ചരിത്രം മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന് അനുകൂലമായും ഇന്നത്തെ ക്രൈസ്തവലോകം ഏകസിംഹാസന വാദത്തിന് പ്രതികൂലമായും തെളിവുകള്‍ നിരത്തുമ്പോള്‍ മറിച്ചു വാദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാകുകയാണന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.

അടിക്കുറിപ്പുകള്‍

(1) സ്കറിയ സക്കറിയ, ഡോ., ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍, ഇടമറ്റം, 1994 പേജ് 10; (2) Van Der Ploeg, O.P., J.P.M, The Syriac Manuscripts of St. Thomas Christians, Bangalore, 1983, p.4 (3) 1889-ല്‍ റോയല്‍ കോര്‍ട്ട് വിധിയില്‍ അവസാനിച്ച നവീകരണക്കാരുമായുള്ള സെമിനാരിക്കേസില്‍ 29 അക്കപ്രമാണം. (4) ടി. കേസില്‍ 39 അക്കപ്രമാണം. (5) ഉമ്മന്‍, പി.എ., ചേപ്പാട്ട് മാര്‍ ദിവന്നാസ്യോസ്, ചേപ്പാട്, 1956, പേജ്.x-xi (6) 1889ലെ സെമിനാരിക്കേസില്‍ T. T. അക്കപ്രമാണം. (7) ജോര്‍ജ് വര്‍ഗീസ് മദ്രാസ്, മലങ്കര ഓര്‍ഡോക്സ് സുറിയാനി സഭാ ചരിത്രം, ഭാഗം 2, കോട്ടയം, 1993, പേജ് 351. (8) ചാക്കോ, റ്റി.സി., മലങ്കര മാര്‍ത്തോമ്മാ സഭാ ചരിത്ര സംഗ്രഹം, തിരുവല്ല, 2000 പേജ് 210. (9) വര്‍ഗീസ് കത്തനാര്‍ നെടുന്തള്ളില്‍, മാര്‍ത്തോമ്മാ ശ്ലീഹായും മലങ്കര സഭയും, കൊച്ചി, 1975, പേജ് 70. (10) അബ്രഹാം മല്പാന്‍ കോനാട്ട്, മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം, കടമറ്റം, പേജ് 16. (11) ഫിലിപ്പ് ഇ.എം., മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യന്‍ സഭ, ചിങ്ങവനം, 1977, പേജ് 229.

എം. കുര്യന്‍ തോമസ് & വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

error: Thank you for visiting : www.ovsonline.in