മുള്ളിൻമേൽ ഉതയ്ക്കരുത്

തീക്കൊള്ളികൊണ്ട് തല ചൊറിയുക എന്ന പ്രയോഗത്തെ അന്വർഥമാക്കുന്ന പ്രവൃത്തികൾ എന്നും മലങ്കരയിലെ യാക്കോബായ വിഭാഗത്തിൻ്റെ കൂടപ്പിറപ്പുകളായിരുന്നു. അതിനു തക്കതായ പ്രതിഫലം കാലാകാലങ്ങളിൽ കിട്ടുന്നുമുണ്ടായിരുന്നു. എന്നിട്ടും എന്തെങ്കിലും പഠിച്ചോ? ഒട്ടും ഇല്ല എന്നതാണ് മറുപടി.

കണ്ണൂർ ജില്ലയിലെ കേളകത്ത് നിന്നു പ. പരുമല തിരുമേനിയുടെ കബറിങ്കലേക്ക് 25 വർഷത്തിലധികമായി ഒരു കൂട്ടം തീർഥാടകർ വരാറുണ്ട്. മാർഗമദ്ധ്യേ അവർ എല്ലാ വർഷവും കോതമംഗലം, മണർക്കാട്, പുതുപ്പള്ളി തുടങ്ങിയ നിരവധി ദേവാലയങ്ങൾ സന്ദർശിക്കാറുണ്ട്. എന്നാൽ ഇത്തവണ അവരെ കോതമംഗലം ചെറിയ പള്ളിയിൽ പ്രവേശിക്കുവാൻ സമ്മതിച്ചില്ല. വികാരിയെന്നു സ്വയം അവകാശപ്പെട്ട ഒരു കുപ്പായധാരിയും മറ്റ് ചിലരും ചേർന്നു പരിശുദ്ധൻ്റെ കബറിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. പ്രാർഥനകൾ കൽക്കുരിശിൽ അർപ്പിച്ച് അവർ യാത്ര തുടരുന്നു.

ഒരു പഴയ സംഭവത്തിൽ നിന്നു തുടങ്ങാം.

1958-ല്‍ പ. ഗീവറുഗീസ് രണ്ടാമന്‍ ബാവായെ സമാധാനമുണ്ടായതിനെ തുടർന്ന് മുന്‍ പാത്രിയര്‍ക്കീസു വിഭാഗത്തിനു ഭൂരിപക്ഷമുള്ളതുമായ കല്ലുങ്കത്ര വലിയപള്ളിയിലേക്കു ക്ഷണിക്കപ്പെട്ടു.  ആഘോഷപൂര്‍വ്വം കല്ലുങ്കത്ര പള്ളിയില്‍ ചെന്ന ബാവായെ കറുത്ത കൊടികള്‍ പിടിച്ചും വൃദ്ധൻ പുന്നൂസ് തുടങ്ങി നിരവധി വാക്കുകള്‍ വിളിച്ചുപറഞ്ഞും സംസ്കാരശൂന്യരായ ഏതാനുംപേര്‍ തടഞ്ഞു കലഹാന്തരീക്ഷം സൃഷ്ടിച്ചു. പലരെയും പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം തെക്കേക്കരയില്‍ ജോണ്‍ ജേക്കബ് ഉണ്ടായിരുന്നു. അധികം താമസിയാതെ ജോണ്‍ ജേക്കബ് ഒരു കൊലക്കേസില്‍ പ്രതിയായി. വധശിക്ഷ ലഭിച്ച അദ്ദേഹം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്താപം ഉണ്ടായപ്പോള്‍ ജേക്കബ് പ. ബാവായ്ക്ക് താഴെപ്പറയുന്ന കത്തയച്ചു. കത്തിലെ പ്രധാന ഭാഗങ്ങൾ മാത്രം താഴെ പറയുന്നു.

ജോണ്‍ ജേക്കബ്, ഏകാന്തം നമ്പര്‍ 9148,
സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം-12,
2-9-1963

പരിശുദ്ധ ബാവാ തിരുമനസ്സിലെ തൃക്കൈ മുത്തി ഉണര്‍ത്തിക്കുന്നത്,

ഈ എഴുത്ത് എഴുതുന്നത് അയ്മനത്ത് തെക്കേക്കരിയില്‍ മരിച്ചുപോയ കൊച്ചിന്‍റെ മകന്‍ ജേക്കബ് എന്ന തിരുമനസ്സിലെ ആത്മീയ പുത്രനാണ്.

….. അടിയന്‍ അറിവോടും അറിവുകൂടാതെയും ദൈവത്തെയും ദൈവപ്രതിപുരുഷനായ തിരുമേനിയെയും മറ്റും പല പ്രകാരത്തില്‍ പീഡിപ്പിച്ചിട്ടുള്ളവനാണ്. അങ്ങനെ അടിയന്‍റെ പാപങ്ങളെപ്പറ്റി ഓര്‍ക്കാനും മാപ്പ് ഇരക്കാനുമുള്ള സന്ദര്‍ഭമാണ് ഈ ശിക്ഷകൊണ്ട് അടിയനു ലഭിച്ചിരിക്കുന്നതെന്ന് അടിയന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.

അന്ധമായ അന്ത്യോഖ്യാ ഭക്തികൊണ്ട് അറിവില്ലാത്ത അടിയങ്ങള്‍ നേതാക്കന്മാരെന്നു വിശ്വസിച്ചിരുന്ന ആളുകളുടെ ദുരാലോചനയില്‍പെട്ട് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തിരുമനസ്സിനെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അറിവില്ലാതെ പലതും പ്രവര്‍ത്തിച്ച കൂട്ടത്തില്‍ തിരുമനസ്സുകൊണ്ട് കല്ലുങ്കത്ര പള്ളിയില്‍ എഴുന്നെള്ളിയ അവസരത്തില്‍ അടിയങ്ങള്‍ തിരുമനസ്സിലെ നേര്‍ക്കു കാണിച്ച ബഹുമാനക്കുറവില്‍ അടിയന്‍ യഥാര്‍ത്ഥമായി ദുഃഖിക്കുകയും, തിരുമനസ്സിലെ തൃക്കൈ മുത്തി പാപിയായ അടിയനോടു ക്ഷമിക്കണമേ എന്ന് യാചിക്കുകയും അടിയന്‍റെ ബലഹീനതയെയും ആലംബം ഒന്നുമില്ലാത്ത അടിയന്‍റെ കുടുംബത്തെയും നിര്‍ദ്ദോഷികളായ അഞ്ചാറു കുഞ്ഞുങ്ങളെയും ഓര്‍ത്ത് അടിയന്‍റെ തെറ്റുകള്‍ ക്ഷമിക്കണമെന്നും ഇനിയും ഒരു സത്യക്രിസ്ത്യാനി ആയിത്തീര്‍ന്ന് തെറ്റുകള്‍ക്കു തക്ക പ്രായശ്ചിത്തം ചെയ്യുന്നതിന് ഒരവസരം ഉണ്ടാക്കിത്തരുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിന് അവിടുത്തെ മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. കുരിശില്‍വച്ച് യേശുതമ്പുരാന്‍ തന്‍റെ ശത്രുക്കള്‍ക്കുവേണ്ടിപ്പോലും അവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കയാല്‍ അവരോടു ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിച്ചതുപോലെ പാപികളായ അടിയങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നതിന് തിരുമനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്നും അവിടുത്തെ തൃപ്പാദത്തില്‍ പിടിച്ചുകൊണ്ട് നടത്തുന്ന യാചന സ്നേഹനിധിയായ തിരുമനസ്സുകൊണ്ട് തള്ളിക്കളയുകയില്ലെന്നും വിശ്വസിക്കുന്നു.    ………

എന്ന് അവിടുത്തെ ആത്മീയ പുത്രന്‍,

റ്റി. ജെ. ജേക്കബ്

പ. ബാവാ ഇതിനു മറുപടി അയക്കുകയും തെറ്റുകൾ ക്ഷമിച്ചതായി അറിയിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യൻ പ്രസിഡന്റ് ദയാഹർജി പരിഗണിച്ച് വധശിക്ഷയിൽ നിന്നു ഒഴിവാക്കുകയും ചെയ്തു.

പറഞ്ഞു വന്നത് ഈ തടസപ്പെടുത്തൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നു ബോദ്ധ്യപ്പെടുത്താനാണ്. വേറെയും ഉണ്ട് ഉദാഹരണങ്ങൾ. 1950-കളിൽ പ. ഗീവറുഗീസ് ദ്വിതിയൻ ബാവായെ ബാവാ കക്ഷി കുറുപ്പംപടി പള്ളിയിൽ കയറുന്നതിൽ നിന്നു തടഞ്ഞു. വൃദ്ധൻ പുന്നൂസ് ഗോ ബാക്ക് എന്നു വിളിച്ചു. എന്ത് നേടി? 10 വർഷം കഴിഞ്ഞപ്പോൾ ഹംസരഥത്തിൽ കുറുപ്പംപടിയിലേക്ക് പ. ബാവായെ ആനയിക്കേണ്ടി വന്നു. ഈയടുത്ത് എത്രയിടങ്ങളിൽ ഈ തടയൽ പ്രക്രിയ നിങ്ങൾ നടത്തി? വരിക്കോലിയിൽ പ. ബാവായെ തടഞ്ഞു വച്ചു. എന്ത് പ്രയോജനമുണ്ടായി? നിയമാനുസൃത വികാരിയുടെ നേതൃത്വത്തിൽ അനുസ്യൂതം ശുശ്രൂഷകൾ നടക്കുന്നു. മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തിൽ പെരുന്നാളുകൾ നടക്കുന്നു. കോടതി വിധിയുമായി ചേലക്കര പള്ളിയിൽ കയറാൻ വന്ന വിശ്വാസികളെ തടഞ്ഞത് മൂന്നു തവണ. എന്തു നേട്ടമുണ്ടായി? കഴിഞ്ഞ ദിവസം പ. ബാവാ തിരുമേനി പ്രവേശിച്ച് ധൂപം വച്ചു. ബഹു, ഐസക്ക് അച്ചൻ്റെ നേതൃത്വത്തിൽ പള്ളിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നു.

എത്ര കിട്ടിയാലും കണ്ടാലും പഠിക്കാത്ത കൂട്ടമായി വി. വേദപുസ്തകത്തിൽ നാം കാണുന്ന വ്യക്തിയാണ് ഈജിപ്തിലെ ഫറവോൻ; അതിൻ്റെ തനി പകർപ്പാണ്  മലങ്കരയിലെ യാക്കോബായ വിഭാഗം. യാക്കോബായ വിഭാഗത്തിനു പഠിക്കണമായിരുന്നു എങ്കിൽ 1926-ൽ വട്ടിപ്പണക്കേസിൻ്റെ വിധി വന്നപ്പോൾ പഠിക്കാമായിരുന്നു. പഠിച്ചില്ല; 58 – ൽ പഠിച്ചോ? 95-ൽ പഠിച്ചോ? 2002-ൽ പഠിച്ചോ? ഇല്ല. അതിൻ്റെ പരിണിതഫലമാണ് 2018- ൽ കയറിപ്പിടിക്കാൻ ഒരു കച്ചിത്തുമ്പ് പോലുമില്ലാതെയുള്ള ഈ ആധി. ഒരു സ്ഥലജലവിഭ്രാന്തി. കഴിഞ്ഞ വർഷങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഈ പേടി അതു കൊണ്ടു സംഭവിച്ചതാണ്. OCYM എന്ന ഷർട്ട് കണ്ട് ഇത്രയും പേടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. OCYM കേഫാ പോലൊരു ഭീകര പ്രസ്ഥാനമൊന്നുമല്ല. അതിൻ്റെ ലക്ഷ്യം ആരാധന, പഠനം, സേവനം എന്നിവയാണ്. യാതൊരു അധികാര ഭാവവും അതിനില്ല. അവരൊന്നും പിടിച്ചടക്കാൻ വന്നതല്ല. മഞ്ഞനിക്കരയിലേക്ക് പോകുന്ന എത്രയോ തീർഥാടകർ കോലഞ്ചേരി പള്ളിയിൽ കയറി പ്രാർഥിച്ചിട്ടാണ് പോകുന്നത്. അവരോടാരും ഇട്ടിരിക്കുന്ന ടീ ഷർട്ട് ഊരിയിട്ട് വരാൻ പറയാറില്ല. എത്രയോ യാക്കോബായ മെത്രാൻമാർ പരുമലയിലെ കബറിങ്കൽ വന്ന് പ്രാർഥിച്ചിട്ട് പോകുന്നു. ആരും തടഞ്ഞിട്ടില്ല. തടയുകയുമില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

നിങ്ങൾ ആരെയാണ് തടഞ്ഞത്? ഒരു വിശുദ്ധൻ്റെ കബറിലേക്ക് തീർഥയാത്ര പോയവരെ; മറ്റൊരു വിശുദ്ധൻ്റെ കബറു കണ്ട് അനുഗ്രഹം പ്രാപിക്കുവാൻ വന്നവരെ. മലങ്കരയുടെ മനസാക്ഷി ഉറങ്ങുന്ന പരുമലയിലെ മണ്ണിനോടും മലങ്കരയുടെ സൗഭാഗ്യമായ കോതമംഗലത്തുറങ്ങുന്ന പുണ്യ പിതാവിനോടും അല്പമെങ്കിലും പ്രതിപത്തി നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഈ പണിക്കു മുതിരില്ലായിരുന്നു. അതാണ് ആദ്യമേ പറഞ്ഞത് നിങ്ങൾ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നു. 9 ബാധകൾ നേരിട്ട ഫറവോനു ബോധം വീണത് സംഹാരകൻ സർവ്വവും സംഹരിച്ചിട്ട് പോയപ്പോഴാണ്. ഇനിയും നിങ്ങൾ എന്നു പഠിക്കാനാണ്? ഇനിയും നിങ്ങൾക്ക് എന്നു ബോദ്ധ്യം വരാനാണ്. ചെയ്തതും ചെയ്യുന്നതുമായ സകല കൊള്ളരുതായ്മകളുടെയും ഫലമാണ് ഇന്ന് നിങ്ങളെ ഈ നിലയില്ലാകയത്തിൽ ആക്കിയിരിക്കുന്നതെന്ന തിരിച്ചറിവ് ഇനി എന്നു ഉണ്ടാകാനാണ്?

ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക. (ഏശയ്യാ 6 : 10)

error: Thank you for visiting : www.ovsonline.in