…മ്മ്‌ടെ മലങ്കരസഭയെ വടക്കോട്ടെടുത്തു !!!

മലങ്കര സഭയില്‍ തെക്കും വടക്കും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തിന് മാര്‍ത്തോമ്മാശ്ലീഹായുടെ തുറമുഖനഗര സഭകള്‍ക്ക് പരിമിതമായെങ്കിലും കേന്ദ്രീകൃത സ്വഭാവം വന്ന കാലത്തോളം പഴക്കമുണ്ട്. റോമാ സാമ്രാജ്യത്തില്‍ നിഖ്യാ സുന്നഹദോസിനു ശേഷം നിലവില്‍ വന്ന പാത്രിയര്‍ക്കീസന്മാരില്‍ കേന്ദ്രീകൃതമായ പിരമിഡ് ഹൈരാര്‍ക്കിയും സഭാ സംവിധാനഘടനയുമൊന്നും അതുമായി ബന്ധമില്ലാത്ത നസ്രാണികളുടെ ഇടയില്‍ വ്യാപരിച്ചില്ല. പകരം അവരുടെ തൊഴിലായ വ്യാപാരവുമായി ബന്ധപ്പെട്ട കേന്ദ്രീകരണമാണ് മതപരമായും അവരെ ബന്ധിതരാക്കിയത്. അങ്ങിനെയാണ് ചങ്ങനാശ്ശേരിയിലുള്ള ളാപ്പാലത്തിന് വടക്കുള്ള നസ്രാണികള്‍ മഹോദയപുരത്ത് കുടിയിരിക്കും നസ്രാണികളും അതിനു തെക്കുള്ളവര്‍ കുരക്കേണിക്കൊല്ലത്ത് കുടിയിരിക്കും നസ്രാണികളുമായി മാറിയത്. കേരളത്തില്‍ നമ്പൂതിരി കേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥ നിലവില്‍വന്ന 8-10 നൂറ്റാണ്ടുകളില്‍ത്തന്നെ ഈ കേന്ദ്രീകരണവും നിലവില്‍വന്നു.

അന്നു മുതല്‍തന്നെ നസ്രാണികളുടെ തെക്ക്-വടക്ക് വൈജാത്യം നിലവിലുണ്ട്. 1809-ലെ കണ്ടനാട് പടിയോല സാമൂഹിക ആചാരങ്ങളില്‍പ്പോലും ഈ വൈജാത്യം നിലനില്‍ക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. പക്ഷേ അതൊരിക്കലും നസ്രാണിയുടെ ജാതീയമായ ഐകമത്യത്തിനു തടസമായിരുന്നില്ല. പകലോമറ്റം മാര്‍ത്തോമ്മാ മെത്രാന്മാരുടെ കാലത്ത് വടക്ക് മഹോദയപുരത്ത് കുടിയിരിക്കും നസ്രാണികളായ അവര്‍ പ്രധാനമായും തെക്കെ ദിക്കിലെ പള്ളികള്‍ ആസ്ഥാനമാക്കി ഭരിച്ചതും, പ്രശ്‌ന സന്ദര്‍ഭങ്ങളില്‍ തെക്കര്‍ അവരെ പൂര്‍ണ്ണമായും പിന്തുണച്ചതും ഇതിന്റെ തെളിവാണ്. അതിനു ശേഷം ദീവന്നാസ്യോസ് മെത്രാന്മാരാകട്ടെ, തെക്കുനിന്നും വടക്കുനിന്നും ഉണ്ടായി നടുക്കായ കോട്ടയം ആസ്ഥാനമാക്കി ഭരിച്ചു. അന്നൊക്കയും ഈ ദിക്-സംഘര്‍ഷം പല രീതിയില്‍ നിലവിലിരുന്നെങ്കിലും പരസ്യമായിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ തെക്ക് – വടക്ക് അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. പക്കാ വടക്കനായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ ഭരണകാലത്ത് വടക്കരെ അവഗണിക്കുന്നു എന്നൊരു പരാതിയും അതിനെ തുടര്‍ന്ന് അന്നത്തെ മലങ്കര സഭയുടെ ഔദ്യോഗിക മുഖപത്രമായ മലങ്കര ഇടവക പത്രികയില്‍ അതേപ്പറ്റി ദീര്‍ഘമായ വാദപ്രതിവാദങ്ങളും ഉണ്ടായി.

1890-കളുടെ പ്രാരംഭത്തില്‍ കോട്ടയം എം. ഡി. സെമിനാരി സ്‌കൂളിന്റെ വികസനത്തിനായി സഭ വിജയകരമായി നടത്തിയ എം. ഡി. സെമിനാരി ഷോഡതിയെത്തുടര്‍ന്നാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതില്‍ നിന്നും ഒരു തുക ആലുവാ തൃക്കുന്നത്ത് സെമിനാരിക്കു നല്‍കണമെന്നു ചിലര്‍ ആവശ്യപ്പെടുകയും അത് നിരസിക്കപ്പെടുകയും ഉണ്ടായി. അതിനെത്തുടര്‍ന്ന് വടക്കരുടെ അവശതയെക്കുറിച്ചും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെപ്പറ്റിയും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ മലങ്കര ഇടവക പത്രികയില്‍ പ്രത്യക്ഷപ്പെട്ടു. വര്‍ഷങ്ങളോളം നീണ്ട ഈ ചര്‍ച്ചയില്‍ ഇലഞ്ഞിക്കല്‍ ഇ. ജെ. ജോണ്‍ വക്കീല്‍, മഴുവഞ്ചേരി പറമ്പത്ത് എം. എ. ചാക്കോ സൂപ്രണ്ട് മുതലായവര്‍ പങ്കെടുത്തു എന്നു പറയുമ്പോള്‍ത്തന്നെ അതിന്റെ ഗൗരവം മനസിലാക്കാം.

തീര്‍ച്ചയായും അക്കാലത്ത് വടക്കര്‍ക്ക് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഉണ്ടായിരുന്നു. അതിനു കാരണം അവര്‍ തന്നെയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇടവക തോറും, കര തോറും മുറി തോറും പള്ളിക്കൂടം വയ്ക്കാനുള്ള മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ ആഹ്വാനത്തോട് വടക്കന്‍ ഇടവകകള്‍ മുഖം തിരിച്ചു. അതോടെ വിദ്യാഭ്യാസപരമായി അവര്‍ വളരെ പിന്നോക്കം പോയി എന്നതാണ് സത്യം. 1906-ല്‍ സഭവകയായി ഉണ്ടായിരുന്ന പല നിലവാരത്തിലുള്ള 225 സ്‌കൂളുകളില്‍ കോവലം മൂന്നെണ്ണം മാത്രമാണ് – മുളന്തുരുത്തി, പിറവം, കുന്നംകുളം – കോട്ടയത്തിന് വടക്ക് ഉണ്ടായിരുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ നിരാകരണത്തെ ശരിവയ്ക്കുന്നു. കോട്ടയം എം.ഡി. സ്‌കൂള്‍ പോലെയുള്ള അപൂര്‍വം വിദ്യാലയങ്ങള്‍ മാത്രമാണ് സമുദായം വകയായി പണികഴിപ്പിച്ചതെന്നും, ബാക്കിയെല്ലം ആധുനിക മലങ്കര സഭയ്ക്ക് ആത്മീകമായും ലൗകീകമായും അടിസ്ഥാനമിട്ട മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ പ്രോല്‍സാഹനത്തില്‍ പ്രാദേശികമായി കെട്ടിപ്പെടുത്തതാണന്ന വസ്തുത പരിഗണിക്കുമ്പോഴാണ് വടക്കരുടെ നിസംഗതയുടെ ഗൗരവം മനസിലാവുക. ഏതായാലും തെക്കരേക്കാള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ രണ്ടു തലമുറ വടക്കര്‍ പിന്നിലായി എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം.

ഈ പിന്നോക്കാവസ്ഥ സഭാ സ്ഥാനങ്ങളിലും ബാധിച്ചു എന്നത് സത്യമാണ്. അപൂര്‍വമായി മാത്രമാണ് പില്‍ക്കാലത്ത് വടക്കുനിന്നും മേല്പട്ടക്കാരും സഭാ സ്ഥാനികളും ഉണ്ടായത്. യോഗ്യത ഉള്ളവര്‍ക്ക് സ്ഥാനം കിട്ടിയില്ല എന്ന് ആര്‍ക്കും പറയാനാവില്ല. മേല്പട്ടസ്ഥാനത്ത് എത്തിയവരെക്കൂടാതെ മണലില്‍ യാക്കോബു കത്തനാരും മലങ്കര മല്പാന്‍ കോനാട്ട് അബ്രഹാം കത്തനാരും നൂറനാല്‍ മത്തായി കത്തനാരും കോനാട്ട് ജോണ്‍സ് ഏബ്രഹാം കത്തനാരും വൈദീക ട്രസ്റ്റിമാരായി. എം. റ്റി. പോള്‍ അസോസിയേഷന്‍ സെക്രട്ടറിയായി. 1965-ല്‍ മലങ്കര സഭ, മേല്പട്ടസ്ഥാനത്തിനു നിശ്ചിതമായ വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ വെച്ചതുമൂലം വട്ടേന്നു വീണതും വാവലു ചപ്പിയതും ആയ പലര്‍ക്കും ചുമന്ന കുപ്പായ മോഹം ശാശ്വതമായി പൊലിഞ്ഞതാണ് 1970-കളില്‍ സഭയില്‍ പിളര്‍പ്പുണ്ടാകാന്‍ കാരണം എന്നൊരു വാദം നിലവിലുണ്ട്. വടക്കനായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ വരച്ച കളമാണ് അന്നു മലങ്കരസഭ പുനര്‍നിര്‍ണ്ണയിച്ചതെന്നും, അതുമൂലമാണ് അയോഗ്യരും, മുഖ്യമായും വടക്കരുമായ സ്ഥാനമോഹികള്‍ പുറത്തായതെന്നും പറയാന്‍ ആരും ആഗ്രഹിക്കുന്നില്ല. എങ്കിലും തെക്കന്‍ ആധിപത്യം ഒരു പ്രചരണോപകരണമാക്കുന്നതില്‍ തല്‍പ്പരകക്ഷികള്‍ വിജയിച്ചു. ഇന്നും അതിനു വളംവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വടക്കന്‍ ഭദ്രാസനങ്ങളിലെ ചില തെക്കന്‍ മെത്രാന്മാര്‍ പിമ്പിലല്ല എന്നതു പരസ്യമായ രഹസ്യവും.

കാലം മാറി. വടക്കര്‍ തെക്കര്‍ക്കൊപ്പം അടിസ്ഥാന വിദ്യാഭ്യാസത്തില്‍ തുല്യത നേടി. അത് സഭാ സ്ഥാനികളുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഇന്ന് മലങ്കര സഭയെ വടക്കോട്ടെടുത്തു എന്നു ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒന്നുമില്ല. കാരണം കാലാകാലങ്ങളില്‍ സഭ നിശ്ചയിച്ച അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കെല്പ്പുള്ള വടക്കര്‍ ധാരാളമായി ഉണ്ടായി എന്നതുതന്നെ കാരണം.

2006 ഒക്‌ടോബര്‍ 12-ന് കുന്നംകുളം സ്വദേശിയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായുമായ പൗലൂസ് മാര്‍ മിലിത്തിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്ത് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആക്കി രണ്ടു മാലയും സഭാദ്ധ്യക്ഷനാല്‍ ഇടുവിച്ചതോടെയാണ് മലങ്കര സഭയെ വടക്കോട്ടെടുക്കാന്‍ തുടങ്ങിയത്. അദ്ദേഹം 2010-ല്‍ ജാതിക്കു തലവനും സഭാദ്ധ്യക്ഷനുമായി പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ എന്ന പേരില്‍ സ്ഥാനമേറ്റു. തുടര്‍ന്ന് 2017 മാര്‍ച്ച് 1-ന് മലങ്കര അസോസിയേഷന്‍ നിസാര ഭൂരിപക്ഷത്തിലെങ്കിലും കടുത്ത മല്‍സരത്തിനൊടുവില്‍ കോലഞ്ചേരി സ്വദേശിയും എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗവും ആയ ജോര്‍ജ്ജ് പോള്‍ അത്മായ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. തെക്കര്‍ക്ക് ഭൂരിപക്ഷമുണ്ടന്നു പലരും ആരോപിക്കുന്ന സമതികളാണ് ഈ വടക്കരെ തിരഞ്ഞെടുത്തത് എന്ന് ഓര്‍ക്കണം.

അവിടെയും തീര്‍ന്നില്ല. 2017 മാര്‍ച്ചില്‍ കൂടിയ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, സഭവക കോളേജുകളുടെ മാനേജരായി തൊടുപുഴ പെരിയാമ്പ്ര സ്വദേശിയും കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. തോമസ് മാര്‍ അത്താനാസ്യോസിനേയും കാതോലിക്കേറ്റ് ആന്‍ഡ് എം.ഡി. സ്‌കൂളുകളുടെ മാനേജരായി പിറവം വെട്ടിത്തറ സ്വദേശിയും തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തായുമായ പൗലൂസ് മാര്‍ മിലിത്തോസിനെയും നിയമിച്ചു. അധികാരം പിന്നെയും വടക്കോട്ടുപോയി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

അവിടെയും അവസാനിച്ചില്ല. 2019 ഫെബ്രുവരിയില്‍ കൂടിയ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, പഴയ സെമിനാരി പ്രിന്‍സിപ്പാളായി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെയും നാഗ്പ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാളായി ഫാ. ഡോ. ജോസി ജേക്കബിനേയും നിയമിച്ചു. രണ്ടും ശുദ്ധ വടക്കര്‍!

പാമ്പാക്കുട കോനാട്ട് മല്‍പ്പാന്മാര്‍ പണ്ടു മുതലെ വൈദിക അഭ്യസനം നടത്തുന്നവരാണ്. 1815-ല്‍ കോട്ടയം പഴയ സെമിനാരി ആരംഭിച്ചപ്പോള്‍ മുതല്‍ അവിടെ മല്പാനായിരുന്ന കോനാട്ട് അബ്രഹാം മല്പാന്‍ ഒന്നാമനെ ... മറിയാം സംശയംകൂടാതെ ദൈവമാതാവെന്ന് എല്ലായ്‌പ്പോഴും പഠിപ്പിച്ചതിന്... ബ്രിട്ടീഷ് സാമ്രാജ്യ അധികാരത്തിന്റെ മുഷ്‌ക്കില്‍ പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ നാടുകടത്തി. അതിനു ശേഷം 1888-ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ പഴയ സെമിനാരിയില്‍ വൈദീക വിദ്യാഭ്യാസം പുനരാരംഭിച്ചതുമുതല്‍ കോനാട്ട് മാത്തന്‍ മല്പാന്‍ അവിടെ അദ്ധ്യാപനം ആരംഭിച്ചു. അദ്ദേഹത്തിന്റെ പുത്രന്‍ കോനാട്ട് അബ്രഹാം മല്പാനും അവിടെ അദ്ധ്യാപകനായിരുന്നെങ്കിലും റീശ് മല്പാന്റെ – പ്രിന്‍സിപ്പാളിന്റെ – കസേര ആദ്യമായി കോനാട്ടു കുടുംബത്തില്‍ എത്തുന്നത് അബ്രഹാം മല്പാനുംന്റെ പുത്രനായ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിലൂടെയാണ്.

1876-ല്‍ മുളന്തുരുത്തി സുന്നഹദോസിന്റെ കാലത്ത്, മുളന്തുരുത്തി മാര്‍ത്തൊമ്മന്‍ പള്ളി വികാരിയായിരുന്ന തോപ്പില്‍ ചെറിയതു ചെറിയ കത്തനാരുടെ പൗത്രനാണ് പൊനോടത്ത് മത്തായി കത്തനാര്‍. പ. പരുമല തിരുമേനിക്ക് ജന്മനാട്ടില്‍ ഉണ്ടയിരുന്ന ഏക ശിഷ്യനും, മലങ്കരസഭാ തര്‍ക്കത്തിലെ രക്തസാക്ഷിയായ ഏക പട്ടക്കാരനുമായ പൊനോടത്ത് മത്തായി കത്തനാരുടെ പൗത്രന്റെ പുത്രനും, മുളന്തുരുത്തി മാര്‍ത്തൊമ്മന്‍ പള്ളി ഇടവകാംഗവുമായ ഫാ. ഡോ. ജോസി ജേക്കബ്, നാഗ്പ്പൂര്‍ സെമിനാരിയുടെ ആദ്യത്തെ വടക്കന്‍ പ്രിന്‍സിപ്പാളാണ്.

മലങ്കര സഭയുടെ പുരാതന കീഴ്‌വഴക്കം അനുസരിച്ച് പട്ടം കിട്ടണമെങ്കില്‍ റീശ് മല്പാന്റെ – ഇന്നത്തെ കണക്കില്‍ സെമിനാരി പ്രിന്‍സിപ്പാളിന്റെ – പട്ടക്കടലാസ് അനിവാര്യമാണ്. 1934-ലെ മലങ്കരസഭാ ഭരണഘടനയും ഇത് ശരിവയ്ക്കുന്നു. ഈ അധികാരം പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോളാണ് 1836-ല്‍ മാവേലിക്കര പടിയോലയിലൂടെ അവരെ മലങ്കര സഭ പുറംതള്ളിയത്. അതായത്, മലങ്കര സഭയില്‍ ഇനി കുറേക്കാലത്തേയ്ക്ക് – തെക്കനായാലും വടക്കനായാലും – പട്ടത്വത്തിനുള്ള യോഗ്യതാ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് രണ്ട് വടക്കരാണ്! നിലവിലുള്ള നടപടിച്ചട്ടം അനുസരിച്ച് മെത്രാന്‍ സ്ഥാനത്തിനും ഇവരുടെ സമ്മതപത്രം ഇന്ന് അനിവാര്യമാണ്.

ചുരുക്കത്തില്‍, വടക്കരെ അവഗണിക്കുന്നു എന്ന ആരോപണത്തിനു ഇനി പ്രസക്തിയില്ല. യോഗ്യതയുള്ള വടക്കര്‍ ഇന്ന് അര്‍ഹമായ സ്ഥാനങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു. അതില്‍ സഭയെ മാത്രം സ്‌നേഹിക്കുന്ന തെക്കര്‍ക്ക് പരാതിയുമില്ല.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 15 March 2019)

Shares
error: Thank you for visiting : www.ovsonline.in