മലങ്കര സഭ വളര്‍ച്ചയുടെ പാതയിലാണോ ?

പുറത്തു നിന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയെ വീക്ഷിക്കുന്ന ചില ആളുകളെങ്കിലും പ്രകടിപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭക്കുള്ളിലെ കക്ഷിവഴക്കുകളും അന്തച്ചിദ്രങ്ങളും കോടതി വ്യവഹാരങ്ങളും മലങ്കര സഭയെ പല കാര്യങ്ങളിലും പിന്നോട്ടടിക്കുന്നില്ലേ എന്ന് ?.. മലങ്കര ഓര്‍ത്തഡോക്സുകാര്‍ മറ്റു സഭകളെ വിമര്‍ശിക്കുന്നത് തങ്ങള്‍ താഴെ കിടക്കുമ്പോള്‍ മറ്റുള്ളവര്‍ വളരുന്നതില്‍ ഉള്ള അസൂയ കൊണ്ടല്ലേ എന്ന ചോദ്യം പലപ്പോളും ഉയര്‍ന്നു വന്നു കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് മലങ്കര കത്തോലിക്ക റീത്ത് സഭാംഗങ്ങള്‍ ആണ് ഈ ആക്ഷേപം പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. അവരുടെ ഈ ആക്ഷേപം ശരിയല്ലേ എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളില്‍ ചിലര്‍ പോലും വിശ്വസിച്ചു പോകുന്നു എന്ന സാഹചര്യത്തിലാണ് ഈ ലേഖനം.

ക്രൈസ്തവ സഭക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഒന്നാം നൂറ്റാണ്ടു മുതലുണ്ട്. ആദിമ സഭയുടെ ചരിത്രം വിവരിക്കുന്ന ബൈബിളിലെ അപോസ്തോല പ്രവര്‍ത്തനങ്ങള്‍ വായിച്ചു നോക്കിയാല്‍ അഭിപ്രായ വ്യത്യാസം ആദിമ സഭ മുതലേ ഉള്ളതായി കാണാം. അതുകൊണ്ട് ഒരു സഭക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ മറ്റുള്ളവര്‍ ആക്ഷേപിക്കും പോലെ അഭിപ്രായ വ്യത്യാസങ്ങള്‍ മലങ്കര സഭയെ തളര്‍ത്തിയോ. മലങ്കര കത്തോലിക്കരുടെ ഈ ആക്ഷേപം നമുക്കൊന്നു പരിശോധിക്കാം.

1930 -ല്‍ മലങ്കര കത്തോലിക്ക സഭ ആരംഭിച്ച സമയത്ത് മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് കേരളത്തിനു പുറത്ത് രണ്ട് ദൈവാലായങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തികച്ചും ഒന്നുമില്ലായ്കയില്‍ നിന്നു തന്നെയാണ് മലങ്കര സഭയുടെ കേരളത്തിനു പുറത്തേ സഭാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്യന്‍ സമ്പന്ന മതമായ റോമന്‍ കത്തോലിക്ക സഭയുടെ ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും സ്വധീനം കോണ്ടുമുള്ള സമ്പൂര്‍ണ പിന്തുണയോടെ മലങ്കര സഭ വിട്ട ഈവാനിയോസ് മെത്രാന്‍ മലങ്കര കത്തോലിക്ക സഭക്ക് തുടക്കം കുറിച്ചപ്പോള്‍ വെറും ശൂന്യതയില്‍ നിന്നും അര്‍ത്ഥമോ സ്വാധീനമോ ഒന്നുമില്ലാതെ കേരളത്തിനു പുറത്തുള്ള വിരലിലെണ്ണാവുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കായി പിറവിയെടുത്ത ബാഹ്യകേരള മിഷന്റെ ചുമതല മലങ്കര സഭ ഏല്‍പിച്ചത് ഈവാനിയോസ് മെത്രാന്റെ സതീര്‍ത്ഥ്യന്‍ കൂടിയായിരുന്ന അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാനെയായിരുന്നു എന്നത് ഒരു പക്ഷേ കാവ്യനീതിയാവാം.

അതിസമ്പന്നമായ റോമന്‍ കത്തോലിക്ക സഭയുടെ സമ്പൂര്‍ണ പിന്തുണയോടെ ഈവാനിയോസ് മെത്രാന്‍ തുടങ്ങിയ മലങ്കര റീത്തിനെയും അനന്ത ശൂന്യതയില്‍ നിന്നും അലക്സിയോസ് മെത്രാന്‍ നട്ടു വളര്‍ത്തിയ മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ വളര്‍ച്ചയെയും 80 വര്‍ഷങ്ങള്‍ക്കിപ്പുറം നമുക്കൊന്നു താരതമ്യം ചെയ്തു നോക്കാം.

1940 കളില്‍ അലക്സിയോസ് മെത്രാന്‍ ബാഹ്യകേരള ഭദ്രാസന ചുമതല ഏല്‍ക്കുമ്പോള്‍ കേവലം 5- ല്‍ താഴെ പള്ളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 70 വര്‍ഷത്തിനിപ്പുറം 10 ഭദ്രാസനങ്ങളും 500 ഓളം പള്ളികളും രാജ്യത്തിന്‍റെ വന്‍നഗരങ്ങളില്‍ കോളേജ് സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, ആതുരാലയങ്ങളും, മിഷന്‍ കേന്ദ്രങ്ങളും ആയി വളര്‍ന്നു പന്തലിച്ചത് അലക്സിയോസ് മാര്‍ തേവോദോസിയോസ് എന്ന പ്രതിഭാധനന്റെ ദീര്‍ഖവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്.

ഡല്‍ഹി ,കല്‍കട്ട, അഹമ്മദാബാദ്, ബോംബെ, ചെന്നൈ, ബാംഗ്ളൂര്‍, ബ്രഹ്മവാര്‍, U K -Europe , North East America , South West America എന്നീ പത്ത് ഭദ്രാസനങ്ങളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് കേരളത്തിനു പുറത്തുള്ളത്. എല്ലാ ഭദ്രാസനങ്ങളും ഉന്നത നിലവാരമുള്ള സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ വന്‍ നഗരങ്ങളിലെല്ലാം നടത്തുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വരെ ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാപനങ്ങള്‍ ആരംഭിച്ചു എന്നത് ബാഹ്യകേരള ഭദ്രാസനത്തിന്റെ വളര്‍ച്ചയുടെ ഒരു നേര്‍ക്കാഴ്ച വിവരണമാണ്. ഡല്‍ഹി ഭദ്രാസനത്തിനു കീഴില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 26 അന്താരാഷ്ട്ര സ്കൂളുകള്‍ ഇപ്പോളുണ്ട്. ഇതില്‍ 12 സ്കൂളുകളും രാജ്യ തലസ്ഥാനമായ ഡല്‍ഹി നഗരത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി ഭദ്രാസനത്തില്‍ പുതുതായി വരുന്ന 6 സ്കൂളുകളില്‍ 3 എണ്ണവും ഡല്‍ഹിയില്‍ തന്നെയാണെന്നുള്ളത് സഭയുടെ ഡല്‍ഹി പ്രദേശത്തെ ഭാവി വികസന കാര്യത്തിലും സന്ദേഹം വേണ്ട എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കല്‍കട്ട ഭദ്രാസനത്തിനു കീഴില്‍ എഞ്ചിനിയറിംഗ്, ആര്‍ട്സ് , ബിഎഡ് കോളേജുകളും 31 സ്കൂളുകളും ഉണ്ട്. പുതുതായി 2 സ്കൂളുകള്‍ കൂടി പണികള്‍ പൂര്‍ത്തിയായി വരുന്നു.

ബോംബെ ഭദ്രസനത്തിനു കീഴില്‍ ബോംബെ പൂനൈ നഗരങ്ങളിലായി 3 കോളേജുകളും 15 ഓളം സ്കൂളുകളും 10 -ല്‍ അധികം ആശുപത്രി ക്ളിനിക്കുകളും പ്രവര്‍ത്തിക്കുന്നു . വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി ബോംബെ പൂനൈ ദേശീയ പാതയോരങ്ങളിലും മറ്റുമായി 55 ഏക്കറോളം ഭൂമി വാങ്ങി ബോംബെ ഭദ്രാസനം പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുകയാണ്. അഹമ്മദാബാദ് ഭദ്രാസനത്തിനു കീഴില്‍ 1 കോളേജും 20 സ്കൂളുകളും നിലവിലുണ്ട്.

ഗുജറാത്തിലെ വന്‍ നഗരങ്ങളില്‍ കൂടുതല്‍ ഭൂമി അഭി.യൂലിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദ് ഭദ്രാസനം വാങ്ങുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. ബാംഗ്ളൂര്‍ ഭദ്രാസനം അഭി.സെറാഫിം തിരുമേനിയുടെ നേതൃത്വത്തില്‍ ബാംഗ്ളൂര്‍ നഗരത്തില്‍ 12 ഏക്കര്‍ ഭൂമി വാങ്ങി ഒരു ഓര്‍ത്തഡോക്സ് Education Centre തുടങ്ങുന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണ്. വളരെ ബൃഹത്തായ ഒരു പദ്ധതി ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം..

ചെന്നൈ ഭദ്രാസനത്തിനു കീഴില്‍ ചെന്നൈ നഗര ഹൃദയത്തില്‍ തന്നെ ഒരു കോളേജും , Madrass Medical Mission Hospital ഉം ഹോസ്പിറ്റലിനു കീഴില്‍ പോണ്ടിച്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള മെഡികല്‍ കോളേജ് ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴില്‍ പൂര്‍ണമായും സ്വതന്ത്രമായ ഒരു ഭരണസംവിധാനമാണ് മദ്രാസ് മെഡികല്‍ മിഷന്‍ ആശുപത്രിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഉള്ളത്. ചെന്നൈ ഭദ്രാസനത്തിന്റെ പ്രഥമ ഭ്രാസനാധിപനായിരുന്നു അഭി സക്കറിയ മാര്‍ ദീവന്നാസിയോസ് തിരുമേനിയാണ് ചെന്നൈ നഗര ഹൃദയത്തില്‍ ഈ മദ്രാസ് മെഡികല്‍ മിഷന്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ബ്രഹ്മവാര്‍ ഭദ്രാസനത്തിനു കീഴിലും കോളേജുകളും സ്കൂളുകളും പ്രവര്‍ത്തിക്കുന്നു .

കേരളത്തിനു പുറത്ത് ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളിലായി 150-ഓളം സ്കൂളുകള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതായി ഇന്നുണ്ട്. കേരളത്തിനു പുറത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ 20 ല്‍ അധികം ഇടവകകളും ഏകദേശം 25-ഓളം വൈദീകരും സേവനം ചെയ്യുന്നു. യൂറോപ്പ് ഭദ്രാസനത്തില്‍ സൂര്യനസ്ഥമിക്കാത്ത നഗരമെന്നു ഖ്യാതി കേട്ട ലണ്ടന്‍ നഗരത്തില്‍ 10-ഓളം പള്ളികള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വന്തം ഉടമസ്ഥതയിലുണ്ട്.. യൂറോപ്പ് ഭദ്രാസന ആസ്ഥാനവും ലണ്ടന്‍ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. യൂറോപ്പ് ഭദ്രാസനത്തിനു കീഴില്‍ 35-ഓളം ഇടവകകള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും നൈജീരിയ സൗത്താഫ്രിക്ക തുടങ്ങിയ ആഫ്രികന്‍ രാജ്യങ്ങളിലുമായി ഉണ്ട്.

അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളിലുമായി ഏകദേശം 115 ഇടവകകളാണുള്ളത്. ഇതില്‍ 100 -ലധികം ഇടവകകള്‍ക്കും സ്വന്തമായി ആരാധനാ കേന്ദ്രങ്ങള്‍ ഉണ്ട് എന്നത് തന്നെ മലങ്കര സഭയുടെ അമേരിക്കന്‍ ഐക്യനാടുകളിലെ വളര്‍ച്ചയെ വരച്ചു കാട്ടുന്നു. സൗത്ത് ഈസ്റ്റ് ഭദ്രാസനം ഹൂസ്റ്റണ്‍ നഗരത്തില്‍ വാങ്ങിയ 100 ഏക്കര്‍ ഭൂമി ഒരു കണ്‍വെന്‍ഷന്‍ സെന്ര്‍ അടക്കമുള്ള സൗകര്യങ്ങളോടെ ഒരു വലിയ ഓര്‍ത്തഡോക്സ് സെന്റര്‍ ആയി വികസിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ അമേരിക്കയിലെ മറ്റൊരു ഭദ്രാസനമായ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം കഴിഞ്ഞ ദിവസങ്ങളില്‍ 300 ഏക്കറോളം വരുന്ന ഒരു റിട്രീറ്റ് സെന്ററും സ്വന്തമാക്കി ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാക്കി. അങ്ങനെ ഒന്നുമില്ലായ്മയില്‍ അലക്സിയോസ് തിരുമേനി അടിത്തറ പാകിയ മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രാസനം ഇന്ന് 10 ഭദ്രാസനങ്ങളായി പ്രാഗല്‍ഭ്യത്തോടെ ഭാരതത്തിലെ 25 -ലധികം സംസ്ഥാനങ്ങളിലും ഭാരതത്തിനു പുറത്ത് 20 ഓളം രാജ്യങ്ങളിലും ഭാരതത്തിലെ മലങ്കര നസ്രാണികളുടെ അഭിമാനബോധത്തെയും വളര്‍ച്ചയെയും പ്രതിനിധാനം ചെയ്തു നില്‍ക്കുന്നു.

മലങ്കര കത്തോലിക്കരൊക്കെ മലങ്കര നസ്രാണികളോടൊപ്പമെത്താന്‍ നല്ലവണ്ണം കിതക്കേണ്ടി വരും.. അതിസമ്പന്ന യൂറോപ്യന്‍ മതത്തിന്റെ തോളിലേറി വളര്‍ന്നു എന്നഭിമാനിക്കുന്നവര്‍ അതിനു തുടക്കമിട്ട മാര്‍ ഈവാനിയോസ് മെത്രാനെ നെഞ്ചേറ്റുന്നവര്‍ വെറും ശൂന്യതയില്‍ നിന്നും ഒരു കൊട്ടാരം തന്നെ കെട്ടിപ്പൊക്കിയ അലക്സിയോസ് തിരുമേനിയുടെ പാദങ്ങള്‍ മുത്തേണ്ടിയിരിക്കുന്നു. തല കുനിക്കാതെയും സ്വന്തം കഠിനാദ്ധ്വാനത്തിലൂടെയും കൂട്ടായ്മയിലൂടെയും വളര്‍ച്ച പ്രാപിക്കാം എന്നു കാണിച്ചു തന്ന അദ്ദേഹത്തിന്റെ സംഘാടന മികവിന്റെയും ആത്മിയതയുടെയും മുന്നില്‍ മലങ്കര നസ്രാണികളുടെ പ്രണാമം

നിര്‍മല്‍ സാം

error: Thank you for visiting : www.ovsonline.in